Monday
16 Jul 2018

അകത്തും അടുക്കളയിലും അങ്ങാടിയിലും തീ!

By: Web Desk | Sunday 13 August 2017 10:50 AM IST

 

ഒറ്റയടിപ്പാതകള്‍

സി രാധാകൃഷ്ണന്‍

പൊതുമുതല്‍ അതിവേഗം സ്വകാര്യമുതലായി മാറിക്കൊണ്ടിരിക്കുന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ അഴിമതി. ഇന്ത്യാരാജ്യത്ത് പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. ഇപ്പോഴിതിന് വേഗം വര്‍ദ്ധിച്ചിരിക്കുന്നു.
അടുക്കളയില്‍ തീയിലേറെ പുകയാണുള്ളത്. ഭക്ഷണസാധനങ്ങള്‍ക്ക് തീപിടിച്ച വിലയാണ്. അതിന്റെ ആധിയാണ് അടുക്കളയില്‍ പുകയുന്നത്. വിലകളില്‍ ഇക്കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളിലെ ശരാശരി വര്‍ദ്ധന ഏതാണ്ട് നൂറു ശതമാനമാണ്. ഇത് വളര്‍ച്ചയുടെ ലക്ഷണമാണെന്നത്രെ കൊട്ടാരനിയമിതരായ സാമ്പത്തികവിദഗ്ധരുടെ സിദ്ധാന്തം!
പക്ഷേ, ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടാകുന്ന ഈ കുതിച്ചുകയറ്റം കര്‍ഷകരെ ഒട്ടും സഹായിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. കൃഷിക്കാരുടെ ആത്മഹത്യ വര്‍ധിച്ചാണ് വരുന്നത്. കാര്‍ഷികകടം എഴുതിത്തള്ളുന്നത് വന്‍കിട കാര്‍ഷികവ്യവസായികളെയാണ് കാര്യമായി സഹായിക്കുന്നത്. ഈ മേഖലയിലും ഇടനിലക്കാര്‍ കൊള്ളലാഭം അടിച്ചുമാറ്റുന്നു. അതുപയോഗിച്ച് പൊതുമുതല്‍ സ്വകാര്യസ്വത്താക്കുകയും ചെയ്യുന്നു.
ഇടത്തരക്കാര്‍ ഷെയറുകളില്‍ നിക്ഷേപിക്കുന്ന പണവും തിരുമാലികളുടെ പോക്കറ്റില്‍ പോകുന്നു. ഷെയറിന്റെ അങ്ങാടിവില ഇഷ്ടപ്പടി നിയന്ത്രിച്ച് വന്‍കിടക്കാര്‍ ലാഭം കൊയ്യുന്നു. പാവപ്പെട്ടവന്റെ കഞ്ഞിക്കാശ് നിത്യേന മൂല്യശോഷണം വന്ന് തേഞ്ഞില്ലാതെയും ആകുന്നു.
അടുക്കളയിലേക്കല്ലാതെ വാങ്ങാനുള്ളതിനും ഇതുതന്നെയാണ് വിലനിരക്കുവര്‍ധന. കഴിഞ്ഞ ഒരാണ്ടുകൊണ്ടു മാത്രം ഇന്ധനവില പത്തു ശതമാനം കൂടി. ചരക്കുനീക്കത്തിന് ഇന്ധനം കൂടാതെ കഴിയില്ലെന്നതിനാല്‍ ഇന്ധനവിലയിലെ വര്‍ദ്ധനവ് മറ്റെല്ലാ ഉല്‍പന്നങ്ങളെയും ബാധിക്കുന്നു.
ദേശീയോല്‍പാദനം കുറയുകയാണ്. അത്രത്തോളം വിലക്കയറ്റവും ക്ഷാമവും വരുന്നു. രണ്ടും വന്‍കച്ചവടക്കാര്‍ക്ക് പറുദീസ പണിയാന്‍ മതിയായ കാര്യങ്ങളാണ്. പൂഴ്ത്തിവെച്ചതിന് വില കൂടുന്നു, വിദേശതാല്‍പര്യങ്ങള്‍ക്ക് സന്തോഷമുണ്ടാകുന്നു. ഉറുപ്പികയുടെ വില കുറയുമ്പോള്‍ കുറച്ചു വിദേശകറന്‍സിക്ക് കൂടുതല്‍ മൂല്യം കൈവരുമല്ലൊ.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സമ്പന്നരുടെ സമ്പത്തെത്ര കൂടി എന്നും ദാരിദ്ര്യരേഖയുടെ ഉയരം എത്രവരെ ഉയര്‍ന്നു എന്നും ആരെങ്കിലും ഒരു കണക്കെടുപ്പും നടത്തിയതായി അറിവില്ല. ലക്ഷക്കണക്കിന് കോടികളുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് വലിയവര്‍ക്കു വേണ്ടിയാണ്. ഹോംലോണെടുത്ത് തിരിച്ചടവു മുട്ടിയാല്‍ കിടപ്പാടം ബാങ്ക് കൊണ്ടുപോകും. പക്ഷേ, ആയിരം കോടി കടമെടുത്ത വ്യവസായിയുടെ കടം ബാങ്ക് എഴുതിത്തള്ളും. അത് വ്യവസായപുരോഗതിക്ക് അനിവാര്യമാണുപോലും!
കാര്യമായി ഒന്നും മുടക്കാതെയാണ് വലിയവര്‍ തങ്ങളുടെ സാമ്രാജ്യത്തിലെ വലിയ കമ്പനികള്‍ പടുത്തുകെട്ടുന്നത്. ജനജീവിതത്തിന് അനുപേക്ഷണീയമായ എന്തെങ്കിലുമൊന്നിന്റെ കുത്തകവിതരണാവകാശമൊ നിര്‍മ്മാണാവകാശംതന്നെയൊ കൈക്കലാക്കുകയാണ് ആദ്യപടി. അതിനൊരു കമ്പനി ഉണ്ടാക്കും. ഇതിനുള്ള മുടക്കുമുതലായ വന്‍തുക ബാങ്കില്‍നിന്നു നേടാന്‍ പിടിപാടൊ കൈക്കൂലിയൊ മതി. ഈ കമ്പനിയുടെ ലാഭമത്രയും വൗച്ചറെഴുതി ചോര്‍ത്തി കള്ളപ്പണമാക്കും. ആ പണംതന്നെ അതേ കമ്പനിയില്‍ ബിനാമി ഷെയറാക്കും.
പിന്നെ, രണ്ടാമത്തെ കമ്പനി. ആദ്യകമ്പനിയില്‍നിന്നു ചോര്‍ത്തിയ കള്ളപ്പണം ബിനാമികളിലൂടെ വെളുത്ത് അതിനു ഷെയര്‍മൂലധനമാവും. ചങ്ങലയിലെ തുടര്‍ന്നുള്ള കണ്ണികള്‍ ഉണ്ടാക്കുന്നത് കൂടുതല്‍ക്കൂടുതല്‍ എളുപ്പമാണ്. ഓരോ കണ്ണിയും ജനത്തിന്റെ അടിസ്ഥാനപരമായ ഓരോ മൗലികാവകാശം പരോക്ഷമായി കവര്‍ന്നെടുക്കും.
പണം ചെലവാക്കി രാഷ്ട്രീയകക്ഷികളെ വിലയ്‌ക്കെടുക്കാന്‍ മതിയായ വളര്‍ച്ച ഈ മഹാന്‍മാര്‍ക്ക് ഉണ്ടാകുന്നതോടെ പിന്നെ അവര്‍ക്ക് തിരിഞ്ഞൊന്നു നോക്കാനില്ല. ചോദിക്കാനും പറയാനുമുള്ളവര്‍ ആജ്ഞാനുവര്‍ത്തികളായിക്കഴിഞ്ഞില്ലെ!
എല്ലാ അവകാശങ്ങളും ജനങ്ങള്‍ക്കു നല്‍കുന്ന ഭരണഘടനയുടെ സംരക്ഷണയില്‍ കഴിയുന്ന നമുക്ക് ഉപ്പുതൊട്ട് കര്‍പ്പൂരംവരെ എന്തിന്റെയെങ്കിലും വിലയൊ ലഭ്യതയൊ നിശ്ചയിക്കാന്‍ കഴിയുമൊ? ഏതെങ്കിലും ഒരു കമ്പനിയുടെ ഷെയറിന്റെ വില തരിമ്പെങ്കിലും നിയന്ത്രിക്കാന്‍ കഴിയുമൊ? നാം നിത്യജീവിതത്തിലുപയോഗിക്കുന്ന ഏതെങ്കിലും ഉല്‍പന്നത്തിന്റെയൊ സേവനത്തിന്റെയൊ ഗുണമൊ തരമൊ നിശ്ചയിക്കാനാവുമൊ? നമ്മെ ആര്‍ ഭരിക്കണമെന്ന് ബുദ്ധിപൂര്‍വം നിശ്ചയിക്കാനാവുമൊ? എങ്ങനെ ഭരിക്കണമെന്ന് ഫലപ്രദമായി നിര്‍ദ്ദേശിക്കാന്‍ ആവുമൊ? വെറുതെ എന്തെങ്കിലും പറഞ്ഞും തര്‍ക്കിച്ചും കഴിയാനുള്ള പൂര്‍ണസ്വാതന്ത്ര്യം മാത്രമെ നമുക്കുള്ളൂ. വലിയവര്‍തന്നെ നടത്തുന്ന മാധ്യമങ്ങള്‍, ഒന്നിനു പുറകെ മറ്റൊരു കുന്ത്രാണ്ടവിഷയം കുത്തിപ്പൊക്കി, അതിനുള്ള കോപ്പുണ്ടാക്കിത്തരും. ഒരു സിനിമാതാരത്തിന്റെ മാസമുറക്കാര്യം മുതല്‍ ഒരു പന്തുകളിക്കാരന്റെ പ്രണയകഥവരെ എന്തുമാകാം അത്.
ഈ ഇടപാട് ഇത്രയും നിരുപദ്രവം മാത്രമായിരുന്നെങ്കിലും സഹിക്കാമായിരുന്നു. പക്ഷേ, ചര്‍ച്ചാവിഷയങ്ങള്‍ ജാതിമതവിദ്വേഷത്തെ ഊതിക്കത്തിക്കുന്ന കോപ്പുകളായി ഭവിക്കുമ്പോള്‍ സാധാരണക്കാരന്റെ അന്തക്കരണം വിഷലിപ്തമാവുന്നു. മറ്റെല്ലാം വിസ്മരിപ്പിക്കാനുള്ള എളുപ്പവഴി ഇതാണ്. ഇതാകട്ടെ, ആകാശത്ത് വന്നുപോകുന്ന മേഘങ്ങള്‍പോലെ ഒരു കറയും ബാക്കിവയ്ക്കാത്ത ഗുലുമാലുകളല്ല. ഓരോ എപ്പിസോഡും അതിന്റെ വിഷം മനസ്സുകളില്‍ ശേഷിപ്പിക്കുന്നു. വന്നുവന്ന്, ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് അതീവകലുഷമായിരിക്കുന്നു. ഈ അഗ്‌നിപര്‍വതത്തെപ്പറ്റി ഒരു ചര്‍ച്ചയും നടക്കുന്നുമില്ല!
പരസ്പരമുള്ള ഈ അവിശ്വാസവും ഭയവും മതിയാകാഞ്ഞ് അതിര്‍ത്തികള്‍ കടന്നു വരുന്ന ആപത്തുകള്‍ വന്‍ ഭീതികളും ചര്‍ച്ചകളുമാവുന്നു. ആയുധം വാങ്ങുന്നതിന് ചെലവാകുന്ന ധനത്തെ ന്യായീകരിക്കാന്‍ ആവശ്യമായ വൈകാരികാവസ്ഥ സൃഷ്ടിക്കാനാണിത്. അങ്ങനെ ലക്ഷംകോടിക്കണക്കിന് ഉറുപ്പിക നാടിന്റെ ഖജനാവില്‍നിന്ന് പോക്കറ്റടിച്ചു പോകുന്നു.
അടുക്കളയില്‍നിന്നു പടരുന്ന തീ കത്തിപ്പിടിക്കെ നാം പൂമുഖത്തിരുന്ന് അമ്മായിയുടെ പാല്‍ക്കഞ്ഞിയില്‍ ഉപ്പിടാന്‍ എന്തു വഴി എന്നും അയല്‍ക്കാരി അവരുടെ സംബന്ധക്കാരനെ പറഞ്ഞുവിട്ടത് ന്യായമൊ എന്നും ആര്‍ത്തുവിളിച്ച് ചര്‍ച്ച ചെയ്യുന്നു, ഇടവേളകളില്‍ വാണിഭത്തില്‍നിന്നു വാങ്ങിയ വലിച്ചാല്‍ നീളുന്ന മിഠായി കടിച്ചു പറിച്ചു നുണയുകയും!
ഭൂമിയിലെ മഹാഭൂരിപക്ഷം മനുഷ്യരും ശുദ്ധമണ്ടന്‍മാരാണെന്ന ചര്‍ച്ചിലിന്റെ വേദവാക്യം ഈ ശാസ്ത്രയുഗത്തിലും ശരിയായി വരുന്നു എന്നാണൊ കരുതേണ്ടത്? അതൊ, ഒരു ഭരണാധികാരിയാകാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനവിശ്വാസം പണ്ടൊരു നാടുവാഴി തന്റെ മന്ത്രിയോട് പറഞ്ഞതുതന്നെയൊ ഇപ്പോഴും? കരം കൊടുക്കുന്നവരുടെ കഷ്ടപ്പാടുകള്‍ തിരുമനസറിയിക്കുകയായിരുന്നു മന്ത്രി. എടോ മണ്ടശ്ശിരോമണി, നാട്ടില്‍ എല്ലാവര്‍ക്കും കഷ്ടപ്പാടുകള്‍ എന്തെങ്കിലുമില്ലെങ്കില്‍ പിന്നെ എന്തിനാ ഒരു നാടുവാഴി എന്ന ചോദ്യമാവില്ലെ അവരെ വിഷമിപ്പിക്കുക? – എന്നായിരുന്നു തിരുമനസില്‍നിന്നു പുറപ്പെട്ട തിരുവായ്‌മൊഴി!