അക്കൗണ്ടിൽ ബാലൻസ്‌ ഇല്ലെങ്കിൽ എസ്ബിഐ വൻതുക പിഴ ഈടാക്കും

അക്കൗണ്ടിൽ ബാലൻസ്‌ ഇല്ലെങ്കിൽ എസ്ബിഐ വൻതുക പിഴ ഈടാക്കും
March 05 04:00 2017

ന്യൂഡൽഹി: നിശ്ചിത തുക ബാങ്ക്‌ അക്കൗണ്ടിൽ അവശേഷിക്കുന്നില്ലെങ്കിൽ അക്കൗണ്ട്‌ ഉടമകൾ ഭീമമായ പിഴയായി ഈടാക്കാൻ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (എസ്ബിഐ) തീരുമാനം. ഏപ്രിൽ ഒന്നു മുതൽ പിഴയീടാക്കി തുടങ്ങും. വിവിധ മേഖലകളിൽ ബാങ്ക്‌ നിശ്ചയിക്കുന്ന കുറഞ്ഞ തുക ബാങ്ക്‌ അക്കൗണ്ടിൽ ഇല്ലെങ്കിൽ 20 രൂപ മുതൽ 100 രൂപ വരെ പിഴയായി ഈടാക്കാനാണ്‌ തീരുമാനം. ഏപ്രിൽ മാസത്തോടെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂർ (എസ്ബിടി) എസ്ബിഐയിൽ ലയിപ്പിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ലക്ഷക്കണക്കിന്‌ സാധാരണക്കാരും പിഴ നൽകേണ്ടവരുടെ പട്ടികയിലെത്തും. ഗ്രാമ പ്രദേശങ്ങളിൽ അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട കുറഞ്ഞ തുക 1000 രൂപയാണ്‌. അർധ നഗരങ്ങളിൽ 2000, നഗരങ്ങളിൽ 3000, മെട്രോ നഗരങ്ങളിൽ 5000 രൂപ എന്നിങ്ങനെയാണ്‌ കുറഞ്ഞ തുകയായി നിശ്ചയിച്ചിരിക്കുന്നത്‌.
മിനിമം ബാലൻസ്‌ തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കാക്കിയാണ്‌ പിഴ നിശ്ചയിക്കുന്നത്‌. 75 ശതമാനത്തിൽ കുറവ്‌ തുകയാണ്‌ അക്കൗണ്ടിലുള്ളതെങ്കിൽ 100 രൂപയും നികുതിയും പിഴയായി ബാങ്ക്‌ ഈടാക്കും. 50 മുതൽ 75 ശതമാനത്തിന്‌ 75 രൂപ, 50 ശതമാനത്തിൽ താഴെ 50 രൂപ. എന്നിങ്ങനെയും പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളിലെ പിഴ 20 രൂപ മുതൽ 50 രൂപ വരെയാണ്‌. കൂടാതെ സേവന നികുതിയും ഈടാക്കും.
നേരത്തേ ഈ രീതിയിൽ പിഴ ഈടാക്കുന്ന രീതിയുണ്ടായിരുന്നുവെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന്‌ 2012 ൽ പിൻവലിക്കുകയായിരുന്നു. അന്നാകട്ടെ കുറഞ്ഞ തുകയായി നിശ്ചയിച്ചിരുന്നത്‌ 500 രൂപയായിരുന്നു.
ബാങ്കിന്റെ ശാഖകളിൽ 3 തവണയിൽ കൂടുതൽ പണമിടമാട്‌ നടത്തിയാൽ ഓരോ ഇടപാടിനും 50രൂപ വീതം ഈടാക്കുന്ന രീതി തുടരുമെന്നും ബാങ്ക്‌ അറിയിച്ചു.
25 കോടി സേവിങ്‌ അക്കൗണ്ടുകളാണ്‌ എസ്ബിഐക്കു മാത്രമായുള്ളത്‌. ഏപ്രിൽ മാസം അഞ്ച്‌ അസോസിയേറ്റ്‌ ബാങ്കുകളുടെ ലയനം പൂർത്തിയാകുന്നതോടെ അക്കൗണ്ടുകളുടെ എണ്ണം 50 കോടിയെങ്കിലുമായി ഉയരും.

  Categories:
view more articles

About Article Author