Monday
23 Jul 2018

അഗ്നിജ്വാലയായി ഒരു സ്ത്രീ സംഘടന

By: Web Desk | Friday 21 July 2017 4:45 AM IST

രമ്യ മേനോൻ
സാധാരണ ഗതിയിൽ ഒരു ബലാത്സംഗ വാർത്ത എത്ര ദിവസം നമ്മെ അലോസരപ്പെടുത്തിയേക്കാം. മണിക്കൂറുകൽക്കപ്പുറം ഇത്തരം വാർത്തകൾക്ക്‌ ആയുസ്സില്ല എന്നുള്ളതാണ്‌ വാസ്തവം. ദേശസ്നേഹം കൊണ്ട്‌ ഊറ്റംകൊള്ളുക എന്നതിനപ്പുറം തങ്ങളുടെ രാജ്യത്തിനായി മറ്റൊന്നും ചെയ്യാനാകാത്ത സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ബലാത്സംഗ വാർത്ത മണിക്കൂറുകൾ പോലും ആയുസ്സില്ലാത്ത ഈയാം പാറ്റകളെപ്പോലെയാണ്‌.
പക്ഷെ അതിനിരയായിട്ടുള്ളവളെ സംബന്ധിച്ചിടത്തോളം ബലാത്സംഗം എന്നത്‌ ആയുഷ്കാലത്തെ വേദനയും ദുഖവും പ്രദാനം ചെയ്യുന്നതും നരകതുല്യമായ ജീവിതത്തിലേയ്ക്ക്‌ വഴിവെക്കുന്നതുമാണ്‌. ചിലർ, എണ്ണപ്പെട്ട ചിലർ മാത്രം ഫിനീക്സ്‌ പക്ഷിയെപ്പോലെ ഓർമ്മകളുടെ ചാരത്തിൽ നിന്നും കരുത്തോടെ പറന്നുയരാറുണ്ട്‌. എത്രതന്നെ പിന്തുണ ഒരു സമൂഹത്തിൽ നിന്ന്‌ കിട്ടാനാകുമോ അതിനനുസുരിച്ച്‌ തന്റെ വിധി മാറ്റിയെഴുതാനും ചിലർക്ക്‌ സാധിക്കും. സവർണജാതി അടിച്ചേൽപ്പിച്ച ഏറ്റവും ഹീനമായ ഒരു ആചാരത്തിന്‌ വിധേയയാകേണ്ടിവന്ന മുക്താർ മായി എന്ന പെൺകുട്ടി, തന്റെ അവസ്ഥയോടാണ്‌ പോരാടേണ്ടതെന്നും നഷ്ടപ്പെട്ടതിനെ ഓർത്ത്‌ ദുഖിച്ചിരിക്കേണ്ട കാര്യമില്ലെന്നും തിരിച്ചറിഞ്ഞ അവൾ പിന്നെ നേതൃത്വം നൽകിയത്‌ വിദ്യാലയങ്ങൾക്കാണ്‌. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ ലോകത്തോട്‌ വിളിച്ച്‌ പറഞ്ഞ്‌ അവൾ അക്ഷീണം യാത്ര തുടരുകയാണ്‌.
സമൂഹത്തിന്റെ ഉന്നമനത്തിനും ചൂഷണവിധേയർക്ക്‌ താങ്ങായും ഇന്ത്യയിലും നിരവധി സംഘടനകൾ ഇന്നുണ്ട്‌. ആത്മാർഥതയിൽ ഒരു വിട്ടുവീഴ്ചയും കാട്ടാതെ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഇത്തരം സംഘടനകൾ ഇരകൾക്ക്‌ നൽകുന്ന മാനസിക പിന്തുണ അനിർവചനീയമാണ്‌.
വർധിച്ചു വരുന്ന ലൈംഗിക ചൂഷണങ്ങളിൽ അസ്വസ്ഥയായ അസം സ്വദേശി ദിവ്യ എന്ന ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘടന ഇന്ത്യൻ സമൂഹത്തിന്‌ നൽകുന്നത്‌ ഇതുപോലൊരു തണലാണ്‌. ജ്വാല ഫോർ ജസ്റ്റിസ്‌ എന്ന്‌ പേരിട്ടിരിക്കുന്ന ഈ സംഘടനയുണ്ടാക്കിയത്‌ തന്നെ വർധിച്ച്‌ വരുന്ന ചൂഷണങ്ങൾക്കെതിരെയാണ്‌. ദിവ്യ ഗുപ്ത എന്ന ഗൈനക്കോളജി ഡോക്ടർ ഇരകൾക്ക്‌ നിയമപരമായി പിന്തുണ നൽകുന്നതോടൊപ്പം അവർക്ക്‌ അവശ്യം വേണ്ട മറ്റു സൗകര്യങ്ങളും ഉറപ്പ്‌ നൽകുന്നു. ഈ സംഘടനയിലെ പലരും ഇന്ന്‌ സ്വയം പര്യാപ്തരാണ്‌ എന്നുള്ളതാണ്‌ ജ്വാലയുടെ വിജയം. പേപ്പർ ബാഗുകൾ നിർമ്മിക്കുന്നതിലും മറ്റ്‌ ചെറിയ ചെറിയ ജോലികളിൽ ഏർപ്പെട്ടും വിഷമങ്ങൾ മറക്കുന്നതിനൊപ്പം ജീവിക്കാൻ അവർ സ്വയം പര്യാപ്തരാണ്‌.

jawala1-copy
2012ൽ 30ലധികം ആളുകൾ ചേർന്ന്‌ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മനംനൊന്താണ്‌ എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായത്‌. ലൈംഗിക ചൂഷണത്തിനിരയായ പെൺകുട്ടികളെ ഏറെ വേദനിപ്പിച്ചേക്കാവുന്നത്‌ സമൂഹത്തിൽ നിന്നുള്ള അവഗണന തന്നെയാണ്‌. ഈ അവസരത്തിൽ താങ്ങാകേണ്ട വീട്ടുകാർ പോലും പിന്തള്ളുന്ന അവസരത്തിൽ ഡോ. ദിവ്യ വിദ്യാഭ്യാസവും ജോലിയും പെൺകുട്ടികൾക്ക്‌ ഉറപ്പ്‌ നൽകുന്നു.
ഓരോ അവസരങ്ങളിലും എങ്ങനെ പ്രതികരിക്കണമെന്നും സ്വയം സംരക്ഷണത്തിനായുള്ള അഭ്യാസമുറകളുമുൾപ്പെടെയുള്ള കാര്യങ്ങളിലും ദിവ്യയുടെ സംഘടന നേതൃത്വം നൽകി വരുന്നു. ഒപ്പം കൗൺസിലിങ്‌ പരിപാടികൾ നടത്തുകയും മാനസിക പിന്തുണയ്ക്കാവശ്യമായ കാര്യങ്ങൾ ഇരകൾക്ക്‌ നൽകി വരുന്നു. ലൈംഗിക ചൂഷണത്തിൽ നിന്ന്‌ മാത്രമല്ല, ഗാർഹിക പീഡനങ്ങൾ ഏറ്റുവാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തിലും ഇന്ത്യ മുന്നിൽത്തന്നെയാണ്‌. ഇത്‌ മനസ്സിലാക്കി, അവരെയും ഉൾപ്പെടുത്തി തന്നെയാണ്‌ ഈ സംഘടന മുന്നോട്ട്‌ പോകുന്നത്‌. ഇന്ത്യയെ ഒട്ടാകെ ഞെട്ടിയ നിർഭയ കേസ്‌ മുൻനിർത്തി നിരവധി ഇടങ്ങളിൽ ദിവ്യ ബോധവൽക്കരണ ക്ലാസുകളും നടത്തി. സ്ത്രീ പീഡന വിഷയങ്ങളിൽ നമ്മുടെ സമീപനം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ ഡോ. ദിവ്യ പറയുന്നു. പുരുഷരുടെ ഭാഗത്ത്‌ നിന്ന്‌ ഏൽക്കുന്ന പീഡനങ്ങളിലും ബോധവൽക്കരണം നടത്തുന്നത്‌ സ്ത്രീകളെയാണ്‌. ചിന്താഗതിയിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും ഡോ. ദിവ്യ പറയുന്നു.
എണ്ണിത്തിട്ടപ്പെടുത്താനാവത്ത അത്ര സ്ത്രീപീഡനങ്ങൾ നടത്തുന്ന നാട്ടിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനും പരിമിതികളുണ്ട്‌. അതിനാൽ ഇത്തരം അവസരങ്ങളിൽ പ്രതികരിക്കുക, ഒരു ജ്വാലയായി പടരുക എന്നതാണ്‌ ഡോ. ദിവ്യ ഉയർത്തുന്ന മുദ്രാവാക്യം.