അങ്കണവാടികളുടെ മുഖച്ഛായ മാറുന്നു:  ഇനി പ്രീ പ്രൈമറി സ്കൂളുകൾ

അങ്കണവാടികളുടെ മുഖച്ഛായ മാറുന്നു:  ഇനി പ്രീ പ്രൈമറി സ്കൂളുകൾ
June 19 03:10 2017

പി ആർ റിസിയ
കൊച്ചി: കേരളത്തിലെ അങ്കണവാടികളുടെ മുഖച്ഛായ മാറുന്നു. പ്രീ പ്രൈമറി വിദ്യാഭ്യാസരംഗത്ത്‌ ഏകീകൃത രീതി കൊണ്ടുവരുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടികൾ ഇനി പ്രീ പ്രൈമറി സ്ക്കൂളുകളായി മാറും. കുട്ടികൾ മികവാർന്നവരാകാൻ ചിട്ടയായ ശിശു വിദ്യാഭ്യാസം അനിവാര്യമാണെന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഇതിനുള്ള നടപടികൾക്ക്‌ ഉടൻ തുടക്കമാകും. ഇതിനായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ അങ്കണവാടികളുടെ നിലവാരം മെച്ചപ്പെടുത്തും.
ആകെയുള്ള 36,000ത്തോളം അങ്കണവാടികളിൽ 27,500 ഓളം എണ്ണം മെച്ചപ്പെട്ട രീതിയിലാണ്‌ പ്രവർത്തിക്കുന്നത്‌. 8,600 അങ്കണവാടികൾ സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വാടക കെട്ടിടത്തിലും മറ്റുമാണ്‌ പ്രവർത്തിക്കുന്നത്‌. ഇത്‌ പരിഹരിക്കുന്നതിന്‌ ആദ്യഘട്ടത്തിൽ 2000 അങ്കണവാടികളെ പുനരധിവസിപ്പിക്കും. ഇവയിൽ 760 ഓളം അങ്കണവാടികൾക്ക്‌ സ്വന്തമായി സ്ഥലമുണ്ട്‌. ഇവയ്ക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട്‌ ലഭ്യമാക്കും.
അങ്കണവാടികൾ, സ്കൂളുകളോടു ചേർന്നുള്ള നഴ്സറികൾ, സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന പ്ലേ സ്കൂളുകൾ എന്നിങ്ങനെ ചിതറിക്കിടക്കുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്തിന്‌ ഒരു ഏകീകൃത രൂപമുണ്ടാക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യം. കുട്ടികൾക്ക്‌ കൂട്ടുകൂടാനും കളിച്ചുവളരാനുമുള്ള അവസരമാണ്‌ പ്രീപ്രൈമറി സ്ക്കൂളുകൾ വഴി ഒരുക്കുന്നത്‌. ഇതിന്റെ ഭാഗമായി അങ്കണവാടിയിലെ കുരുന്നുകൾക്കായി വർണ്ണാഭമായ യൂണിഫോമുകൾ ഏർപ്പെടുത്തുകയും അങ്കണവാടികൾ മുഖേന കുട്ടികൾക്ക്‌ നൽകിവരുന്ന പോഷകാഹാരം മെച്ചപ്പെടുത്തുകയും ചെയ്യും.
സ്ഥലപരിമിതി, ടോയ്‌ലറ്റ്‌ സംവിധാനം ഇല്ലാത്തത്‌, കളിസ്ഥലം ഇല്ലാത്തത്‌, അടച്ചുറപ്പുള്ള കെട്ടിടങ്ങൾ എന്നിവയാണ്‌ അങ്കണവാടികൾ നേരിടുന്ന പ്രധാന പ്രശ്നം. ഇവ പരിഹരിക്കപ്പെടേണ്ടതുണ്ട്‌. എന്നാൽ, ആരോഗ്യ മേഖലയിൽ ഒട്ടേറെ സഹായങ്ങളും പ്രതിരോധ ചികിൽസകളും ലഭിക്കുന്ന അങ്കണവാടികളെ അവഗണിച്ച്‌ സാധാരണക്കാർ പോലും വലിയ തുക ഡൊണേഷൻ വാങ്ങുന്ന ഇംഗ്ലിഷ്‌ മീഡിയം പ്ലേ സ്കൂളുകളിലേക്ക്‌ ആകർഷിക്കപ്പെടുന്ന പ്രവണത അവസാനിപ്പിക്കാൻ ഈ പുതിയ നീക്കം ഏറെ സഹായകമാകും.

  Categories:
view more articles

About Article Author