അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കുക

അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കുക
January 08 05:00 2017

പി വിജയമ്മ
ആൾ ഇന്ത്യാ അങ്കണവാടി വർക്കേഴ്സ്‌ ഫെഡറേഷന്റെ ആറാമത്‌ ദേശീയ സമ്മേളനം 2016 ഡിസംബർ 10 മുതൽ 12 വരെ തീയതികളിൽ ബിഹാർ തലസ്ഥാനമായ പട്നയിൽ നടന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത അത്യുജ്ജ്വല സമ്മേളനമാണ്‌ നടന്നത്‌.
എഐടിയുസി അഖിലേന്ത്യാ സെക്രട്ടറി അമർജിത്കൗർ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ രാഷ്ട്രീയസ്ഥിതിയേക്കുറിച്ചും അങ്കണവാടി, ആശ, ഉച്ചഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ഉദ്ഘാടന പ്രസംഗത്തിൽ അവർ അവതരിപ്പിച്ചു. രാജ്യത്ത്‌ തൊഴിലാളികളും സ്ത്രീകളും നേരിടുന്ന സ്ഥിതിയെക്കുറിച്ചും വിശദീകരിച്ചു.
സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ പോഷകഹാരക്കുറവ്‌ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ 1975 ഒക്ടോബർ 2 ന്‌ ആരംഭിച്ചതാണ്‌ സംയോജിത ശിശുക്ഷേമ പദ്ധതി (ഐസിഡിഎസ്‌). ആറു വയസുവരെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ്‌ പരിഹരിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും കൗമാരദശയിലെ പെൺകുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിന്‌ വേണ്ട അടിസ്ഥാന സേവനങ്ങൾ ചെയ്യുന്നതിലും അങ്കണവാടികളുടെ പങ്ക്‌ വളരെ വലുതാണ്‌.
ഇന്ത്യയിൽ ശിശുക്കളുടെയും ഗർഭിണികളുടെയും മരണനിരക്ക്‌ കൂടിവരുന്നു. അതിന്റെ കാരണം പോഷകാഹാരക്കുറവുമൂലം രക്തം കുറയുകയും അതുവഴി വിളർച്ച (അനീമിയ) ബാധിക്കുകയും ചെയ്യുന്നു. 20 ശതമാനം മരണങ്ങളും അനീമിയ കാരണമാണ്‌. ആറു വയസിനുതാഴെയുള്ള ശിശുക്കളിൽ 47 ശതമാനത്തിനും ഗർഭിണികളിൽ 42 ശതമാനത്തിനും അനീമിയ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. ഇന്ത്യയിൽ 57 ശതമാനം സ്ത്രീകൾക്കും വിളർച്ചരോഗം ബാധിക്കുന്നു. നന്നേ ചെറുപ്പത്തിൽ പോഷകാഹാരക്കുറവുമൂലം വിളർച്ചരോഗം ബാധിക്കുന്നതു കാരണം കൗമാരപ്രായത്തിൽ പെൺകുട്ടികളുടെ ആരോഗ്യം ക്ഷയിക്കുകയും പിന്നീടു ഗർഭിണികളാകുമ്പോൾ അനീമിയ വർധിച്ച്‌ മരണത്തിനിടയാകുകയും ചെയ്യുന്നു. അതുകൊണ്ട്‌ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ വരുന്ന കൗമാരപ്രായത്തിൽ പെൺകുട്ടികൾക്ക്‌ പ്രത്യേക പരിഗണന നൽകണം.
പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കാനെന്ന വ്യാജേന നിലവിലുള്ള തൊഴിൽ സംരക്ഷണനിയമങ്ങളാകെ ഭേദഗതി വരുത്താൻ തൊഴിലാളി വിരുദ്ധ നടപടികൾ ഉൾപ്പെടുത്തിക്കൊണ്ട്‌ ബിജെപി സർക്കാർ തൊഴിൽമേഖലയിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നു.
1948-ലെ ഫാക്ടറീസ്‌ ആക്ട്‌, 1988-ലെ തൊഴിൽ പരിഷ്കരണ നിയമങ്ങൾ, 1986-ലെ ബാലവേല നിരോധന നിയമം ഇവയിലൊക്കെ ഭേദഗതി വരുത്താൻ മോഡി സർക്കാരിനു കഴിഞ്ഞു. ചെറുകിട വ്യവസായങ്ങളെ ബാധിക്കുന്ന ബില്ലു പാസായാൽ 40 തൊഴിലാളികൾ വരെ പണിയെടുക്കുന്ന ഇടങ്ങളിൽ നിയമങ്ങൾ ബാധകമല്ലാതായിത്തീരും. ആ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക്‌ ഇന്നനുഭവിക്കുന്ന തൊഴിലവസരങ്ങൾ ഇല്ലാതാകും. തൊഴിൽ സമയം 8 മണിക്കൂർ എന്നതിനു പകരം 12 മണിക്കൂറായി വർധിപ്പിക്കാനും മുതലാളിമാർക്ക്‌ കഴിയും.
കുത്തകമുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ്‌ ഓവർടൈം ആഴ്ചയിൽ 100 ദിനമായി വർധിപ്പിക്കാനും വൈദ്യുതി ലഭ്യതയ്ക്കനുസരിച്ച്‌ വീക്കിലി ഓഫ്‌ നിശ്ചയിക്കാനുള്ള അവകാശം തൊഴിലുടമയ്ക്ക്‌ നൽകാനുള്ള നിയമങ്ങൾ വരാനിരിക്കുന്നു. അതുവഴി തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാകുന്ന അവസ്ഥ സംജാതമാകും.
ലോകമുതലാളിത്തത്തെ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധി തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണങ്ങൾ, കുതിച്ചുയരുന്ന വിലക്കയറ്റം, ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും പേരിലുള്ള വിവേചനങ്ങൾ എന്നിവയെല്ലാം തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു.
രാജ്യത്തെ അങ്കണവാടികളെ സംരക്ഷിക്കുവാനും അങ്കണവാടി പ്രവർത്തകരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും മുഴുവൻ അങ്കണവാടി പ്രവർത്തകരുടെയും ഐക്യം ഊട്ടിയുറപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.
നമ്മുടെ രാജ്യത്തിന്റെ പൊതുസ്ഥിതി, നവജാത ശിശുക്കൾ, കുട്ടികൾ, സ്ത്രീകൾ, പ്രത്യേകിച്ച്‌ അമ്മമാരും ഗർഭിണികളും-കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യസംരക്ഷണം, അങ്കണവാടികളുടെ പ്രസക്തിയും ഇന്നത്തെ ദയനീയാവസ്ഥയും അങ്കണവാടി പ്രവർത്തകരുടെ സേവന-വേതന വ്യവസ്ഥകളുടെ പരിഷ്ക്കരണം എന്നിവയെല്ലാമടങ്ങിയ സമഗ്രമായ ഒരു റിപ്പോർട്ടാണ്‌ ജനറൽ സെക്രട്ടറി അവതരിപ്പിച്ചത്‌.
അടിസ്ഥാനപരമായ സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടപ്പിലാക്കുന്ന അങ്കണവാടികളെയും അവിടത്തെ പ്രവർത്തകരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണ്‌. മാതൃ-ശിശു പരിപോഷണത്തിന്‌ ജനസംഖ്യാനുപാതികമായി നിക്ഷേപം ആവശ്യമാണെന്ന്‌ 2016-17 ലെ ഇക്കണോമോക്ക്‌ സർവേ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയ്ക്കായി കൂടുതൽ പണം നീക്കിവച്ചിട്ടുണ്ടെന്ന്‌ ധനകാര്യവകുപ്പ്‌ മന്ത്രി അരുൺ ജെയ്റ്റ്ലി പറയുന്നുണ്ടെങ്കിലും ഓരോ വർഷവും വകയിരുത്തുന്ന തുക കുറയുന്നതായാണ്‌ യാഥാർത്ഥ്യം. മൂന്നുവർഷത്തിനു മുമ്പ്‌ 36,000 കോടി രൂപ വകയിരുത്താൻ പ്ലാനിങ്‌ കമ്മിഷൻ ശുപാർശ ചെയ്തിരുന്നുവെങ്കിലും 18,000 കോടി രൂപയാണ്‌ വകയിരുത്തിയത്‌. ഇന്നത്തെ നിലയിൽ ചുരുങ്ങിയത്‌ 50,000 കോടി രൂപയെങ്കിലും വകയിരുത്തിയെങ്കിലേ മതിയാകൂ. ഐസിഡിഎസിനെ സംരക്ഷിക്കു, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ്‌ സമ്മേളനം മുന്നോട്ടുവച്ചത്‌.
25 ലക്ഷം അങ്കണവാടി പ്രവർത്തകർ രാജ്യമെമ്പാടും പണിയെടുക്കുന്നു. എന്നാൽ ഇവരെ തൊഴിലാളികളായി അംഗീകരിക്കാൻ പോലും സർക്കാർ തയാറാകുന്നില്ല. ഹോണറേറിയം എന്ന പേരിൽ നിസാരതുക നൽകി സ്ത്രീകളെകൊണ്ട്‌ കഠിനാധ്വാനം ചെയ്യിക്കുന്നു. അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കുവാനും അവർക്ക്‌ മാന്യമായ വേതനം ലഭ്യമാക്കാനും എഐടിയുസി വളരെക്കാലമായി പ്രയത്നിക്കുന്നു. 2013 ലെ 45-ാ‍ം ഇന്ത്യൻ ലേബർ കോൺഫറൻസ്‌ അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന്‌ ശുപാർശ ചെയ്തിരുന്നുവെങ്കിലും ഗവൺമെന്റ്‌ അതിനിയും അംഗീകരിച്ചിട്ടില്ല. 1975 ൽ കേവലം 150 രൂപ ലഭിച്ചിരുന്ന അങ്കണവാടി വർക്കർക്ക്‌ 3000 രൂപയും ഹെൽപ്പർക്ക്‌ 1500 രൂപയുമാണ്‌ കേന്ദ്രം നൽകുന്നത്‌. അതുതന്നെ എഐടിയുസിയുടെ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമാണ്‌. ഇനിയും ഒട്ടേറെ നേടിയെടുക്കേണ്ടതായിട്ടുണ്ട്‌. അങ്കണവാടി തൊഴിലാളിക്ക്‌ മിനിമം 18000 രൂപ പ്രതിമാസ വേതനമായും വിരമിക്കുന്ന തൊഴിലാളികൾക്ക്‌ മിനിമം 3000 രൂപ പെൻഷനും അർഹതയുണ്ട്‌. അതാണ്‌ എഐടിയുസിയുടെ അഭിപ്രായം.
എഐടിയുസി നേതൃത്വത്തിലുളള ഓൾ ഇന്ത്യ അങ്കണവാടി വർക്കേഴ്സ്‌ ഫെഡറേഷന്‌ എല്ലാ സംസ്ഥാനങ്ങളിലും യൂണിയനുകളുണ്ട്‌. ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ പാർലമെന്റ്‌ മാർച്ചുകൾ, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, ബിഹാർ, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ പ്രക്ഷോഭ സമരങ്ങളും എടുത്തുപറയേണ്ടവയാണ്‌. 2015-16 ലേയും അഖിലേന്ത്യാ പണിമുടക്ക്‌ വിജയിപ്പിക്കുവാൻ ഫെഡറേഷൻ പ്രവർത്തകർ മുൻപന്തിയിലുണ്ടായിരുന്നു.
45-ാ‍ം ഇന്ത്യൻ ലേബർ കോൺഫറൻസിൽ അങ്കണവാടി വർക്കർമാരേയും ഹെൽപ്പർമാരേയും തൊഴിലാളികളായി അംഗീകരിക്കണമെന്ന നിർദ്ദേശം സർക്കാർ അംഗീകരിക്കുക, അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം കൂലി 18000 രൂപയും ഡിഎയും നൽകുക, മിനിമം പെൻഷൻ 3000 രൂപയും കൂടാതെ മറ്റു സാമൂഹ്യ സുരക്ഷ ബെനിഫിറ്റായി ഇഎസ്‌ഐയും ഗ്രാറ്റുവിറ്റിയും അനുവദിക്കുക, ഐസിഡിഎസ്‌ ക്വാളിറ്റി ഉള്ളതാക്കുക, ഐസിഡിഎസ്‌ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, ഐസിഡിഎസിനെ സംരക്ഷിക്കുക, അങ്കണവാടി ജീവനക്കാരെ അവരുടെ വിദ്യാഭ്യാസമാനദണ്ഡം അനുസരിച്ച്‌ ഗ്രേഡ്‌ 3, ഗ്രേഡ്‌ 4 തസ്തികയിലേക്കും പ്രൈമറി സ്കൂൾ ടീച്ചറായും നിയമിക്കുക, ഐസിഡിഎസിന്റെ സുഗമമായ പ്രവർത്തനത്തിന്‌ കൂടുതൽ തുക ബജറ്റിൽ ഉൾപ്പെടുത്തുക, അങ്കണവാടി വർക്കേഴ്സ്‌, ഹെൽപ്പേഴ്സ്‌, സൂപ്പർ വൈസേഴ്സ്‌ തുടങ്ങിയവരുടെ ഒഴിവുള്ള തസ്തികകളിലേക്ക്‌ പ്രൊമോഷനും നിയമനവും നടത്തുക, ഇൻഷ്വറൻസ്‌ സ്കീം നടപ്പിലാക്കുക, ഒരുനേരത്തെ ഉച്ചഭക്ഷണവും രണ്ട്‌ നേരത്തെ ഇടഭക്ഷണവും സാധാരണ ഭക്ഷണത്തോടൊപ്പം മുട്ടയും പാലും കൂടി നൽകുക, അടുക്കള, സ്റ്റോർ റൂം, ടോയ്‌ലറ്റ്‌ സൗകര്യം, വെള്ളം എല്ലാ സൗകര്യങ്ങളോടുകൂടിയ അങ്കണവാടി കെട്ടിടങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ ബൃഹത്തായ ഒരു റിപ്പോർട്ടാണ്‌ ജനറൽ സെക്രട്ടറി ഡോ. ബി വി വിജയലക്ഷ്മി അവതരിപ്പിച്ചത്‌.
2013-ലെ 45-ാ‍ം ഇന്ത്യൻ ലേബർ കോൺഫറൻസ്‌ മുന്നോട്ടുവച്ച അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ശുപാർശ നടപ്പിലാക്കുന്നതിന്‌ കേന്ദ്ര സർക്കാർ തയാറാകണമെന്നും മിനിമം കൂലി 18,000 രൂപയായി വർധിപ്പിക്കണമെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം എല്ലാ മേഖലയിലും നടപ്പിലാക്കുക, നോട്ട്‌ നിരോധനം മൂലമുണ്ടായ പ്രതിസന്ധി എത്രയും പെട്ടെന്ന്‌ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഈ മേഖലയിലെ പ്രശ്നങ്ങളുന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭപരിപാടികളുടെ മുന്നോടിയായി 2017 ജൂലൈ 20 അവകാശദിനമായി ആചരിക്കാനും പ്രധാനമന്ത്രിക്ക്‌ അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഡിമാൻഡുകൾ ജീവനക്കാരുടെ ഒപ്പുശേഖരണം നടത്തി സമർപ്പിക്കാനും തീരുമാനിച്ചു.
ഉഷാസഹിനി (ബിഹാർ), പ്രസിഡന്റ്‌ നേത്രഹോബ്ലി (ഗോവ), കുമാർ ബിന്ദേശ്വർ സിങ്‌ (ബിഹാർ), ചിന്താമണി മണ്ഡൽ (ഝാർഖണ്ഡ്‌), പി വിജയമ്മ (കേരളം), ദേവേശ്വരി ബാലു (അസം) വൈസ്‌ പ്രസിഡന്റുമാർ ഡോ. വി ബി വിജയലക്ഷ്മി ജനറൽ സെക്രട്ടറി (ആന്ധ്രാ) വഹിദാ നിസാം (തമിഴ്‌നാട്‌), മാദുരി (മഹാരാഷ്ട്ര), ജയമ്മ (തെലങ്കാന), ഹരിപ്രിയ (ഒഡിഷ) സരോജാറാണി (പഞ്ചാബ്‌) സെക്രട്ടറിമാർ എസ്‌ കെ രാമചന്ദ്രപ്പ (കർണാടക), ഖാജൻജിയായി 15 അംഗ ഭാരവാഹികളേയും 27 അംഗ വർക്കിങ്‌ കമ്മിറ്റിയേയും 75 അംഗ ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്തു. ഉഷാസാഹിനി അധ്യക്ഷയായ പ്രസീഡിയമാണ്‌ സമ്മേളന പരിപാടികൾ നിയന്ത്രിച്ചത്‌. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോ അംഗങ്ങൾ വേദിയിൽ അണിനിരന്നിട്ടുണ്ടായിരുന്നു. കേരളത്തിൽ നിന്നും പി വിജയമ്മ പ്രമേയകമ്മിറ്റിയിലും എ കെ സുജാത (കോഴിക്കോട്‌) അങ്കണവാടി വർക്കർ ചർച്ചയിലും പങ്കെടുത്ത്‌ കേരളത്തിലെ അങ്കണവാടി മേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
(ലേഖിക അഖിലേന്ത്യ അങ്കണവാടി വർക്കേഴ്സ്‌ ഫെഡറേഷന്റെ വൈസ്‌ പ്രസിഡന്റാണ്‌)

  Categories:
view more articles

About Article Author