അഞ്ച്‌ അസംബ്ലി തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ

March 19 05:00 2017

രാജ്യത്തെ ജനാധിപത്യ മതേതര സംവിധാനം സംരക്ഷിക്കണമെന്ന്‌ താൽപര്യപ്പെടുന്നവർക്ക്‌ ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ്‌ ഫലം ഗുരുതരമായൊരു മൂന്നാര്റിയിപ്പാണ്‌ നൽകുന്നത്‌. കഴിഞ്ഞ അര നൂറ്റാണ്ടായി നാം നേടിയെടുത്ത ജനാധിപത്യ സംവിധാനങ്ങളാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലങ്ങളോടെ ഇല്ലാതായത്‌. വലതുപക്ഷ വർഗീയ ഫാസിസ്റ്റ്‌ ആശയങ്ങളും കോർപറേറ്റ്‌ കുത്തകകളും ഉയർത്തുന്ന ഭീഷണി സംബന്ധിച്ച്‌ ജനങ്ങൾ ബോധവാന്മാരാണ്‌. അവയെ പ്രതിനിധാനം ചെയ്യുന്നത്‌ പ്രധാനമന്ത്രി നരന്ദ്രമോഡിയാണ്‌. ഇതിനെതിരെ പ്രതികരിക്കാൻ തുനിയുന്നവരെ ഗൂഢാലോചനകളിലൂടെയും വാചകകസർത്തുകളിലൂടെയും പരാജയപ്പെടുത്തുന്ന തന്ത്രമാണ്‌ ഭരണപക്ഷം സ്വീകരിക്കുന്നത്‌. ഇതിനായി അവരുടെ ഫാസിസ്റ്റ്‌ തനിനിറം പുറത്തെടുക്കാനും അവർ മടിക്കില്ല.
ഒരുമാസത്തിലധികം നീണ്ടുനിന്ന പ്രചാരണവേളയിൽ ഗൂഢാലോചനകളും ജാതീയവും വർഗീയവുമായ പൊട്ടിത്തെറികളുമാണ്‌ ഉണ്ടായത്‌. യഥാർഥ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടു. ബിജെപി ഇതര, വർഗീയേതര പാർട്ടികൾപോലും ഇവയുടെ മുന്നിൽ കീഴടങ്ങി. അമിത്ഷായും നരേന്ദ്രമോഡിയും നടത്തിയ വർഗീയ വാഗ്ധോരണികളോട്‌ അതേനാണയത്തിൽ തിരിച്ചടിക്കാനാണ്‌ അവർ ശ്രമിച്ചത്‌.
വർഗീയ ഫാസിസ്റ്റ്‌ ആശയങ്ങൾക്കെതിരെ ജനങ്ങൾ അവരുടെ എതിർപ്പ്‌ പ്രകടിപ്പിച്ചു. ഗോവയിലും പഞ്ചാബിലും ബിജെപി സഖ്യകക്ഷിയാണ്‌ ഭരണത്തിലിരുന്നത്‌. അവരെ ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. കഴിഞ്ഞ 10 വർഷം പഞ്ചാബിൽ തുടർച്ചയായി അധികാരത്തിലിരുന്ന അകാലിദൾ-ബിജെപി സഖ്യത്തിന്‌ ദയനീയമായ തോൽവിയാണ്‌ ഉണ്ടായത്‌. പ്രതിപക്ഷ പാർട്ടിയാകാൻ പോലും അവർക്ക്‌ കഴിഞ്ഞില്ല. 117 അംഗങ്ങളുള്ള സഭയിൽ കോൺഗ്രസിന്‌ 76 സീറ്റ്‌ കിട്ടി. ആം ആദ്മി പാർട്ടിക്ക്‌ 20 സീറ്റ്‌. ഗോവയിലും ഭരണകക്ഷിയായ ബിജെപിക്ക്‌ ശക്തമായ തിരിച്ചടിയുണ്ടായി. കോൺഗ്രസിന്‌ 17 സീറ്റ്‌ ലഭിച്ചപ്പോൾ ബിജെപിക്ക്‌ ലഭിച്ചത്‌ 13 സീറ്റുകൾ മാത്രം. വലതുപക്ഷ തീവ്ര ആശയങ്ങൾ പിൻതുടരുന്ന കക്ഷികളുമായി മണിപ്പൂരിൽ ബിജെപി സഖ്യമുണ്ടാക്കി. 15 വർഷമായി അധികാരത്തിലിരുന്ന കോൺഗ്രസ്‌ പരാജയപ്പെട്ടു. 60 സീറ്റുള്ള മണിപ്പൂർ നിയമസഭയിൽ 28 സീറ്റാണ്‌ കോൺഗ്രസിന്‌ നേടാനായത്‌. ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലമാണ്‌ അമ്പരിപ്പിക്കുന്നത്‌. ഈ രണ്ട്‌ സംസ്ഥാനങ്ങളിലും ബിജെപിക്ക്‌ ശക്തമായ മേൽക്കൈ ലഭിച്ചു. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ഉത്തരാഖണ്ഡ്‌ ഭരിച്ചിരുന്ന കോൺഗ്രസും ദയനീയമായി പരാജയപ്പെട്ടു. 403 സീറ്റുള്ള ഉത്തർപ്രദേശ്‌ നിയമസഭയിൽ ബഹുജൻ സമാജ്‌ പാർട്ടിക്ക്‌ നേടാനായത്‌ കേവലം 19 സീറ്റുകൾ മാത്രവും.
ഉത്തർപ്രദേശ്‌ കേന്ദ്രീകരിച്ചാണ്‌ ബിജെപി ശക്തമായ പ്രചാരണം നടത്തിയത്‌. ഈ സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ്‌ ഫലം രാജ്യത്തെ ഭാവിരാഷ്ട്രീയഗതിയെ നിയന്ത്രിക്കുന്നുമെന്നുള്ളതുകൊണ്ട്‌ മാത്രമല്ല സമീപ ഭാവിയുമായി ബന്ധപ്പെട്ടുകൂടി ഉള്ളതാണത്‌. ഈ രണ്ട്‌ സംസ്ഥാനങ്ങളിലും വിജയം നേടിയില്ലെങ്കിൽ രാഷ്ട്രപതി ഭവനിലേക്ക്‌ തങ്ങളുടെ ആളെ അയയ്ക്കാൻ ബിജെപിക്ക്‌ കഴിയില്ല. രാജ്യസഭയിൽ ഇനിയുള്ള കാലവും ന്യൂനപക്ഷമായി കഴിയേണ്ട അവസ്ഥയും ബിജെപിക്കുണ്ടാകും. ഇത്‌ രണ്ടും തരണം ചെയ്യാൻ ഉത്തർപ്രദേശിലെ വിജയത്തിലൂടെ കഴിഞ്ഞു. ഈ രണ്ട്‌ ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിനാണ്‌ നരേന്ദ്രമോഡി നേരിട്ട്‌ പ്രചാരണം നയിച്ചത്‌. തന്റെ പാർലമെന്റ്‌ മണ്ഡലമായ വാരണാസിയിൽ മൂന്നു ദിവസങ്ങളിലായി 22 യോഗങ്ങളിൽ മോഡി പങ്കെടുത്തു. യഥാർഥ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കുന്നതിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിയില്ലെന്ന്‌ പ്രചാരണത്തിന്റെ ആദ്യനാൾ തന്നെ ബിജെപി മനസിലാക്കിയിരുന്നു. നോട്ടുകൾ പിൻവലിച്ച നടപടിപോലും ഇവിടെ ചർച്ചയായില്ല. പ്രചാരണത്തിന്റെ ആദ്യത്തെ കുറച്ചുദിവസങ്ങളിൽ മത്രമാണ്‌ കള്ളപ്പണത്തിന്മേലുള്ള ചർച്ച നടന്നത്‌. എന്നാൽ തെരഞ്ഞെടുപ്പ്‌ ഫലം വന്നശേഷം മറ്റൊരു വ്യാഖ്യാനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. നോട്ടുകൾ പിൻവലിച്ച നടപടിയുടെ നല്ല വശം ജനങ്ങൾ മനസിലാക്കി എന്നാണ്‌ ആ ഭാഷ്യം. കേവലം ജാതീയവും വർഗീയവുമായ വിഷയങ്ങൾ മാത്രമാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയിൽ അമിത്ഷായും കൂട്ടരും ഉയർത്തിയത്‌. ഇതിനായി എല്ലാ നെറികെട്ട മാർഗങ്ങളും ഇവർ അവലംബിച്ചു. വർഗീയ കാർഡ്‌ കളിക്കുന്നതിന്‌ യോഗി ആദിത്യനാഥിനെയും സംഗീത്‌ സോമിനെയും കയറൂരി വിട്ടു. പിന്നീട്‌ നരേന്ദ്രമോഡി തന്നെ ഈ ദൗത്യം ഏറ്റെടുത്തു. ഖബറിസ്ഥാൻ, ശ്മശാനം എന്നിങ്ങനെ വർഗീയത ഉയർത്തുന്ന പ്രസ്താവനകളുമായി നരേന്ദ്രമോഡി രംഗത്തെത്തി. യാദവരെയും പിന്നാക്ക വിഭാഗങ്ങളെയും പട്ടികജാതിക്കാരെയും കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ്‌ ബിജെപി നയിച്ചത്‌.
ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വർഗീയ പരാമർശങ്ങളും പ്രചാരണങ്ങളും തടയുന്നതിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷൻ പുർണമായും പരാജയപ്പെട്ടു. മറ്റ്‌ ഭരണഘടനാ സ്ഥാപനങ്ങളെപ്പോലെ തെരഞ്ഞെടുപ്പ്‌ കമ്മിഷനെയും മോഡി വരുതിയിലാക്കി. തങ്ങൾക്ക്‌ അനുകൂലമാകുന്ന വിധത്തിൽ എല്ലാ ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന്‌ അറിയപ്പെടുന്ന മാധ്യമങ്ങൾപോലും കോർപറേറ്റുകൾക്ക്‌ മുമ്പിലും ഭരണാധികാരികൾക്ക്‌ മുമ്പിലും അടിയറവ്‌ പറഞ്ഞു. ഏറ്റവും മ്ലേച്ഛമായ നിലപാടുകളാണ്‌ തെരഞ്ഞെടുപ്പ്‌ വേളയിൽ അവർ സ്വീകരിച്ചത്‌. ഉത്തർപ്രദേശിൽ അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ തലേന്ന്‌ ഭോപ്പാലിൽ നടന്ന ട്രെയിൻ സ്ഫോടനത്തിനും ലഖ്നൗവിൽ നടന്ന ഭീകര ഏറ്റുമുട്ടലിനും പ്രാധാന്യം നൽകിയുള്ള വാർത്ത നൽകി ബിജെപിയെ സഹായിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട തീവ്രവാദികൾ രാജ്യത്തിന്‌ ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന്‌ വരുത്തിത്തീർക്കാനും ഇവർക്ക്‌ കഴിഞ്ഞു.
ഈ അഞ്ച്‌ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങൾ ശക്തമായ മൂന്നാര്റിയിപ്പാണ്‌ നൽകുന്നത്‌. വോട്ടുകൾ നേടാൻ എല്ലാ തരത്തിലുള്ള ജാതി മത ധ്രുവീകരണത്തിനും ബിജെപി നേതൃത്വം നൽകി. സുപ്രിം കോടതിയും മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷനും നിഷ്കർഷിച്ച എല്ലാ നിർദേശങ്ങളും കാറ്റിൽ പറത്തി. അതുവഴി വരുംദിവസങ്ങളിൽ സംഘപരിവാറിന്റെ ഫാസിസ്റ്റ്‌ അജൻഡകൾക്ക്‌ മേൽക്കോയ്മ ലഭിക്കുമെന്ന്‌ ഉറപ്പാക്കി. മറുവശത്ത്‌ ബിജെപി ഇതര പാർട്ടികളായ സമാജ്‌വാദി പാർട്ടി- കോൺഗ്രസ്‌ സഖ്യവും, ബിഎസ്പിയും ഇതേ ജാതി കാർഡുകൾ തന്നെയാണ്‌ ഉപയോഗിച്ചത്‌. യാദവരുടെയും മുസ്ലിങ്ങളുടെയും വോട്ടുകൾ നേടി ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ്‌ സമാജ്‌വാദി പാർട്ടി ധരിച്ചത്‌. മുസ്ലിം, പട്ടികജാതി വിഭാഗങ്ങളുടെ വോട്ടുകൾ നേടാൻ കഴിയുമെന്ന്‌ മായാവതിയും കണക്കുകൂട്ടി. എന്നാൽ ആ കണക്കുകൂട്ടലുകൾ തെറ്റിച്ച്‌ വർഗീയ ധ്രുവീകരണം നടത്താൻ ബിജെപിക്കായി.
അഖിലേഷ്‌ യാദവിന്റെയും മായാവതിയുടെയും ജാതിയിലും വർഗീയതയിലും അധിഷ്ഠിതമായ കണക്കുകൾ തെറ്റി. വർഗീയ അജൻഡകളെ യഥാർഥ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ ഉയർത്തി പ്രതിരോധിക്കുന്നതിനു പകരം അവരും വർഗീയ കാർഡ്‌ കളിച്ചു. ബിജെപിയുടെയും സംഘപരിവാറിന്റെയും യഥാർഥ മുഖം പുറത്തുകൊണ്ടുവരാനുള്ള ഒരു നടപടിയും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. നോട്ടുകൾ പിൻവലിച്ചതിന്റെ ഭാഗമായുള്ള കർഷക പ്രതിസന്ധി, തൊഴിലുകൾ നഷ്ടപ്പെട്ട്‌ ഗ്രാമങ്ങളിലേക്കുള്ള ജനങ്ങളുടെ കൂട്ടതിരിച്ചുവരവ്‌ ഇതിനൊന്നും തെരഞ്ഞെടുപ്പ്‌ ചർച്ചയിൽ പ്രാധാന്യം ലഭിച്ചില്ല. നവ ഉദാരവൽക്കരണത്തിന്റെ ഭാഗമാണ്‌ നോട്ടുകൾ പിൻവലിച്ച നടപടി. ദൗർഭാഗ്യവശാൽ ഭൂരിഭാഗം ദേശീയ- പ്രാദേശിക ബൂർഷ്വ പാർട്ടികളും അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്‌ എന്നിവയുടെ വാക്കുകളെ അപ്പടി വിഴുങ്ങി. നോട്ടുകൾ പിൻവലിച്ച നടപടിയുടെ ഭാഗമായുള്ള പ്രതിസന്ധി ഇനിയും തുടരും. നവഉദാരവൽക്കരണത്തിന്റെ നാശോന്മുഖമായ വശങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ഭരണാധികാരികൾ ഇതിനെ ഉപയോഗിക്കും.
ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രം ഉപയോഗിച്ചതിൽ ഗുരുതരമായ ക്രമക്കേട്‌ നടന്നതായി ബിഎസ്പിനേതാവായ മായാവതി ആരോപിച്ചു. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും ബിജെപിക്ക്‌ ശക്തമായ വിജയം നേടാനായത്‌ വോട്ടിങ്‌ യന്ത്രങ്ങളിൽ നടത്തിയ തിരിമറി കൊണ്ടാണെന്നു അവർ ആരോപിച്ചു. മഹാരാഷ്ട്രയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇതേ പരാതി ഉയർന്നിരുന്നു. ഇത്‌ സംബന്ധിച്ച കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, സുബ്രഹ്മണ്യം സ്വാമി. ജിവിഎൽ നരസിംഹം എന്നിവരൊക്കെതന്നെ ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.
മതേതരത്വത്തിലും ജനാധിപത്യത്തിലും ഒരിക്കൽപോലും വിശ്വാസമർപ്പിക്കാത്തവരാണ്‌ ബിജെപിയും സംഘപരിവാറും. വലതുപക്ഷ വർഗീയ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും അതിൽ വിജയം കണ്ടെത്തുന്നതിലും വളരെ വലിയ അളവ്‌ അവർ വിജയിച്ചു. എതിർ പാർട്ടികളും ന്യൂനപക്ഷ വർഗീയ പാർട്ടികളും ഈ വിജയത്തിന്‌ ബിജെപിക്ക്‌ തുണയായി. സംഘപരിവാറുമായി ജസ്റ്റിസ്‌ പാർട്ടി സഖ്യത്തിലായി. ആർഎസ്‌എസ്‌ അനുകൂല ജാഗരൻ എന്ന ഉറുദു പത്രത്തെ ബിജെപിയുടെ വിജയത്തിനായി ഉപയോഗിച്ചു. ഹൈദരാബാദിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പാർട്ടിയും ബിജെപിയുടെ കയ്യിലെ ഉപകരണമായി. അതുകൊണ്ടുതന്നെയാണ്‌ ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകൾ പരസ്പരം സഹായിക്കുന്നു എന്ന നിലപാട്‌ സിപിഐ എപ്പോഴും സ്വീകരിച്ചുപോന്നിട്ടുള്ളത്‌. ഒരുതരത്തിലുള്ള വർഗീയതയെ മറ്റൊരു തരത്തിലൂള്ള വർഗീയത ഉപയോഗിച്ച്‌ എതിർക്കാൻ കഴിയില്ല. ജാതിവർഗീയ ധ്രുവീകരണം, ഭരണത്തിന്റെ ദുരുപയോഗം, ചട്ടലംഘനങ്ങൾ ഇവയൊക്കെ ഉപയോഗിച്ചാണ്‌ ഈ സംസ്ഥാനങ്ങളിൽ ബിജെപി വിജയം നേടിയത്‌. ഈ വിജയത്തിലൂടെ അവർ വർഗീയ നയങ്ങൾ നടപ്പാക്കുമെന്ന്‌ മാത്രമല്ല നവഉദാരീകരണ നയങ്ങളും നിർബാധം തുടരും. തൊഴിൽ നിയമങ്ങളിലെ ഭേദഗതിയും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക്‌ കൈമാറുന്നതും നവഉദാരീകരണത്തിന്റെ ഭാഗമാണ്‌. ജനാധിപത്യ ചട്ടങ്ങളെയും നിയമങ്ങളെയും എന്നും അവഗണിക്കുന്ന നിലപാടുകളാണ്‌ മോഡി സർക്കാർ സ്വീകരിക്കുന്നത്‌. മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ച ബിജെപിയുടെ തന്ത്രങ്ങൾ ഇതിനുള്ള തെളിവാണ്‌. തെരഞ്ഞെടുപ്പിൽ ഗോവയിൽ ബിജെപിയെ അധികാരത്തിൽ നിന്ന്‌ പുറത്താക്കി. നിയമസഭയിൽ അവർക്ക്‌ രണ്ടാം സ്ഥാനമാണുള്ളത്‌. അധികാരത്തിലിരിക്കുന്ന പാർട്ടി പരാജയപ്പെട്ടാൽ ഭൂരിപക്ഷമുള്ള പാർട്ടിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുക എന്നതാണ്‌ കീഴ്‌വഴക്കം. അതിന്റെ അടിസ്ഥാനത്തിലാണ്‌ 1996 ൽ വാജ്പേയി സർക്കാർ 13 ദിവസം അധികാരത്തിലിരുന്നത്‌. എന്നാൽ അമിത്ഷാ-മോഡി ദ്വയം ജനാധിപത്യത്തെ കശാപ്പ്‌ ചെയ്ത്‌ ഈ രണ്ട്‌ സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുത്തു. കുതിരക്കച്ചവടത്തിലൂടെയും ബ്ലാക്ക്മെയിലിങ്ങിലൂടെയുമാണ്‌ ഇത്‌ സാധിച്ചത്‌. ഇതെല്ലാം ഭരണകക്ഷിയുടെ ലക്ഷ്യങ്ങൾ സംബന്ധിച്ച മൂന്നാര്റിയിപ്പാണ്‌. ജനാധിപത്യം ഗുരുതരമായ ഭീഷണിയിലും.
കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ പോലെ ഈ അഞ്ച്‌ സംസ്ഥാനങ്ങളിലും ഇടതു പാർട്ടികൾ യോജിച്ച്‌ മുന്നണിയായി മത്സരിച്ചു. മണിപ്പൂരിൽ ഇടത്‌ പാർട്ടികളുടെ ഐക്യമുന്നണിക്കായി അവസാനം വരെ സിപിഐ ശ്രമിച്ചെങ്കിലും അത്‌ ഫലവത്തായില്ല. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഇടതു പാർട്ടികൾ വ്യക്തമായ തെരഞ്ഞെടുപ്പ്‌ ധാരണയോടെ പ്രചാരണം നടത്തി. എന്നാൽ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളല്ല വർഗീയ ധ്രുവീകരണമാണ്‌ തെരഞ്ഞെടുപ്പിന്റെ പ്രധാന വിഷയമെന്ന കാര്യം ബോധ്യപ്പെടുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ അഞ്ച്‌ സംസ്ഥാനങ്ങളിലുമായി ഒരു സീറ്റ്‌ പോലും ഇടതു പാർട്ടികൾക്ക്‌ നേടാൻ കഴിഞ്ഞില്ല. ഇടത്‌ പാർട്ടികളുടെ ഐക്യം സംരക്ഷിക്കുന്നതിനായി മറ്റ്‌ പാർട്ടികൾ മുന്നോട്ടുവച്ച സഖ്യനിർദ്ദേശങ്ങൾ പഞ്ചാബിൽ തിരസ്കരിക്കപ്പെട്ടു. ഗോവയിൽ ഇടതുപാർട്ടികൾ മത്സരിച്ചില്ല. അഞ്ച്‌ സംസ്ഥാനങ്ങളിലായി നൂറോളം സ്ഥാനാർഥികളെയാണ്‌ സിപിഐ മത്സരിപ്പിച്ചത്‌. ഒരു സീറ്റിൽപോലും വിജയിക്കാനായില്ല. പാർട്ടിനേതൃത്വം ആത്മപരിശോധന നടത്തണം. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്തി വേണം ദേശീയതലത്തിൽ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾ മെനയേണ്ടതെന്ന്‌ തിരിച്ചറിയുന്നതിൽ തെറ്റ്‌ പറ്റുന്നു. ഹൈദരാബാദ്‌ പാർട്ടി കോൺഗ്രസും പുതുച്ചേരി, പറ്റ്ന കോൺഗ്രസുകളും അംഗീകരിച്ച രാഷ്ട്രീയ പ്രമേയങ്ങൾ രാഷ്ട്രീയ തന്ത്രങ്ങളും തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളും രണ്ടാണ്‌ എന്ന്‌ വ്യക്തമാക്കിയിരിക്കുന്നു. അത്‌ വേണ്ടവിധം ഉൾക്കൊള്ളാൻ പാർട്ടിക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ കാണിക്കുന്നത്‌.

  Categories:
view more articles

About Article Author