അതിരപ്പള്ളിയില്ലാത്ത ദുബായിൽ സൂര്യനിൽ നിന്ന്‌ 5000 മെഗാവാട്ട്‌

അതിരപ്പള്ളിയില്ലാത്ത ദുബായിൽ സൂര്യനിൽ നിന്ന്‌ 5000 മെഗാവാട്ട്‌
March 21 04:00 2017
  • യൂണിറ്റിന്‌ വെറും 2.5 രൂപ
  • ലോകത്തെ ഏറ്റവും വലിയ സോളാർ പാർക്കിന്‌ ചെലവ്‌ 95,000 കോടി
  • 262 മെഗാവാട്ടിന്റെ അതിരപ്പള്ളിക്ക്‌ ചെലവ്‌ 5000 കോടി

കെ രംഗനാഥ്‌
ദുബായ്‌: പ്രകൃതിയെ വീണ്ടെടുക്കാനാവാത്തവിധം തച്ചുടച്ച്‌ ജലവൈദ്യുത പദ്ധതികൾക്കുവേണ്ടി ശാഠ്യം പിടിക്കുന്നവർക്കുള്ള പാഠമായി ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ പാർക്കിൽ ഇന്നലെ വൈദ്യതോൽപാദനം തുടങ്ങി. ആദ്യ പരീക്ഷണ ഘട്ടമായി 13 മെഗാവാട്ട്‌ സൗരോർജ്ജം ഉൽപാദിപ്പിച്ച പാർക്കിൽ ഇന്നലെ ആരംഭിച്ച രണ്ടാംഘട്ടത്തിലെ ഉൽപാദനം 2000 മെഗാവാട്ട്‌.
അതിരപ്പളളിയിൽ 262 മെഗാവാട്ട്‌ വൈദ്യുതി ഉൽപാദിപ്പിക്കാൻ 5000 കോടി രൂപ വേണമെന്നാണ്‌ കണക്ക്‌. പക്ഷേ ദുബായിലെ മുഹമ്മദ്‌ ബിൻ റഷീദ്‌ അൽ മക്തും സോളാർ പാർക്കിൽ 5000 മെഗാവാട്ട്‌ ഹരിതോർജ ഉൽപാദനത്തിന്‌ മൊത്തം ചെലവ്‌ 90,000 കോടി രൂപ. ലോകത്ത്‌ ഏറ്റവും വിലക്കുറവുള്ള ഊർജമാണ്‌ ഇവിടെ സൂര്യനിൽ നിന്നു ചുരത്തിയെടുക്കുന്നത്‌. യുഎഇയിലെ വൈദ്യുതോൽപാദനം പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നായതിനാൽ ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക്‌ പ്രതിവർഷം 65 ലക്ഷം ടൺ കാർബൺഡയോക്സൈഡ്‌ പുറന്തള്ളുന്നതും ഒഴിവാക്കാം. ലോകത്ത്‌ ഏറ്റവും വിലകുറഞ്ഞ വൈദ്യുതിയുമാകും അൽമക്തും സോളാർ പാർക്കിലേത്‌. യൂണിററിന്‌ വെറും രണ്ടരരൂപ. കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾക്ക്‌ നൽകുന്ന കറണ്ടിന്റെ വിലയുടെ പകുതിപോലുമില്ല ഇത്‌.ഇന്നലെ ഉൽപാദനമാരംഭിച്ച വൈദ്യുതി അരലക്ഷം ദുബായ്‌ കുടുംബങ്ങൾക്ക്‌ ധാരാളം. നാലര ചതുരശ്ര കിലോമീറ്റർ മരുഭൂമിയിൽ 23 ലക്ഷം ഫോട്ടോ വോൾട്ടയിക്‌ പാനലുകളാണ്‌ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഉപയോഗിക്കുന്നത്‌ വൈദ്യുതോൽപാദനത്തിന്‌ ചെലവ്‌ 2600 കോടിക്കുതാഴെ. മൂന്നാംഘട്ടമായി 800 മെഗാവാട്ടും നാലാംഘട്ടത്തിൽ 1000 മെഗാവാട്ടും അഞ്ചാംഘട്ടത്തിൽ 3000 മെഗാവാട്ടുമാണ്‌ ഇവിടെ ഉൽപാദിപ്പിക്കുക.
പൂർണതോതിൽ ഉൽപാദനമാരംഭിക്കുമ്പോൾ 77 ചതുരശ്രകിലോമീറ്ററിലാകും ഈ പാർക്ക്‌ നിറഞ്ഞുനിൽക്കുക, ന്യൂയോർക്കിലെ മൻഹാട്ടൻ ദ്വീപിന്റെ വിസ്തൃതിക്കു തുല്യം. പാർക്കിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ ദുബായ്‌ വൈദ്യുതിയിൽ മിച്ചം ഉണ്ടാക്കും. ഭാവിയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുപുറമേ അയലത്തെ അബുദാബിക്കും ഷാർജയ്ക്കും റാസൽഖൈമയ്ക്കും ഈ സൗരോർജം പങ്കുവയ്ക്കാനും കഴിയുമെന്ന്‌ യുഎഇ മന്ത്രിസഭയുടെ ഊർജകാര്യവിഭാഗം ഉപമേധാവി സയേദ്‌ മുഹമ്മദ്‌ അൽ തയേർ വെളിപ്പെടുത്തി.
ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ വൈദ്യുതോൽപാദനത്തിന്‌ കഴിഞ്ഞവർഷം ദുബായും അബുദാബിയും ആഗോള അവാർഡുകൾ നേടിയിരുന്നു. ഈ വർഷം അതു രണ്ടര രൂപയോളം പിന്നെയും കുറയുമെന്നാണ്‌ ദുബായ്‌ കാർബൺ മേധാവി ഇവാനോ ഇവാനെല്ലി ഒരു ടെലിഫോൺ അഭിമുഖത്തിൽ ജനയുഗത്തോട്‌ പറഞ്ഞത്‌. സൂര്യനിൽ നിന്നും കാറ്റിൽ നിന്നും പാരമ്പര്യേതര ഊർജനിർമാണത്തിന്‌ എത്രലക്ഷം കോടി രൂപ വേണമെങ്കിലും ലഭിക്കുമെന്ന്‌ ആഗോള ഹരിത സമ്പദ്‌വ്യവസ്ഥാ സംഘടനയുടെ വാഗ്ദാനം ഉദ്ധരിച്ച്‌ അദ്ദേഹം കൂട്ടിച്ചേർത്തു.

  Categories:
view more articles

About Article Author