അതിരപ്പള്ളി പദ്ധതി അജൻഡയിലുണ്ടെങ്കിലും അടിച്ചേൽപ്പിക്കില്ലെന്ന്‌ വൈദ്യുതി മന്ത്രി

അതിരപ്പള്ളി പദ്ധതി അജൻഡയിലുണ്ടെങ്കിലും അടിച്ചേൽപ്പിക്കില്ലെന്ന്‌ വൈദ്യുതി മന്ത്രി
March 21 04:45 2017

തൃശൂർ: അതിരപ്പള്ളി പദ്ധതി അജൻഡയിലുണ്ടെങ്കിലും അടിച്ചേൽപ്പിക്കില്ലെന്ന്‌ വൈദ്യുതി മന്ത്രി എം എം മണി. നിർബന്ധബുദ്ധിയോടെ പദ്ധതി നടപ്പിലാക്കില്ല. സമവായമാകുമ്പോൾ നടപ്പാക്കും. പദ്ധതി വരുമ്പോൾ വനം നശീകരണം, പരിസ്ഥിതി ദോഷം എന്നിവയുണ്ടാകില്ലേയെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോൾ വനം നഷ്ടപ്പെടുന്നത്‌ വലിയ കാര്യമൊന്നുമല്ലെന്ന്‌ മന്ത്രി മറുപടി നൽകി.
വനം നശിക്കും, അപൂർവ്വ മൽസ്യസമ്പത്ത്‌ നഷ്ടമാകും എന്നതുൾപ്പെടെയുള്ള വാദങ്ങളിൽ കഴമ്പില്ല. വൈദ്യുതിയാണ്‌ പ്രധാനം. ഇടുക്കി ഡാം നിൽക്കുന്നത്‌ വനമേഖലയിൽ തന്നെയാണ്‌. ഇവിടെ വനങ്ങൾ സംരക്ഷിക്കപ്പെടുകയാണ്‌. പരിസ്ഥിതിയുടെ പേരിൽ വികസനത്തെ തടയുകയാണ്‌ ഇക്കൂട്ടർ നടത്തുന്നത്‌. ഇതിനോട്‌ യോജിക്കാനാവില്ല.
ആനക്ക്‌ വെള്ളമില്ല, കുരങ്ങിന്‌ വെള്ളമില്ല എന്ന്‌ പറയുന്നവർ മനുഷ്യൻ ജീവിക്കുന്നതിനെ കുറിച്ചും പറയണം. അതിരപ്പള്ളി പദ്ധതിക്ക്‌ കേന്ദ്രാനുമതിയുണ്ട്‌. നടപ്പിലാക്കിയാൽ കൊള്ളാം; നടപ്പിലാക്കണമെന്നാണ്‌ സിപിഐഎമ്മിന്റെയും തന്റെയും അഭിപ്രായം. വൈദ്യുതി ഉപയോഗം കേരളത്തിൽ എല്ലാവരും നിയന്ത്രിക്കണമെന്നും ഒരു മണിക്കൂർ ഉപയോഗിക്കാതിരുന്നാൽ അത്‌ ഭാവിക്ക്‌ ഗുണം ചെയ്യുമെന്നും ഇതും കൂടി പ്രചരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഉൽപ്പാദിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി പുറത്ത്‌ നിന്ന്‌ വാങ്ങിയാണ്‌ കേരളം ഉപയോഗിക്കുന്നത്‌. അതിരപ്പള്ളി പദ്ധതി തുടങ്ങുകയാണെങ്കിൽ കുറച്ചുകൂടി വൈദ്യുതി ഉണ്ടാക്കാമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ തൃശൂർ, മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിൽ സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപന പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

  Categories:
view more articles

About Article Author