അതിരുകളില്ലാതെ അതിരപ്പള്ളി

അതിരുകളില്ലാതെ അതിരപ്പള്ളി
April 04 04:46 2017

സി സുശാന്ത്‌
ഒരിടവേളയ്ക്ക്‌ ശേഷം വീണ്ടും വാഴച്ചാൽ- അതിരപ്പള്ളി വനാന്തരങ്ങൾ ചൂടേറിയ ചർച്ചകൾക്ക്‌ വേദിയാകുന്നു. അതിരപ്പള്ളി-വാഴച്ചാൽ വനമേഖല ജലസമാധിയിൽ മുങ്ങിത്താഴുമോ എന്ന ആശങ്കയിലാണ്‌ നാമിന്ന്‌. നിർദിഷ്ട അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഈ വനാന്തരങ്ങളെ എന്നന്നേയ്ക്കുമായി വിസ്മൃതിയാകുമെന്നതിൽ സംശയമില്ല. എത്ര വട്ടം പറഞ്ഞാലും പദ്ധതിപ്രദേശത്ത്‌ മുങ്ങിത്താഴുന്ന ഈ വനമേഖലയിലെ ജൈവവൈവിധ്യത്തെ നമുക്കൊരിക്കലും പുനഃസൃഷ്ടിക്കുവാൻ കഴിയുകയില്ല എന്ന യാഥാർഥ്യം മനസിലാക്കിയേ മതിയാകൂ.
അതിരപ്പള്ളി-വാഴച്ചാൽ വനമേഖലയിലൂടെ, ഈ ജൈവവൈവിധ്യത്തിലൂടെ വീണ്ടുമൊരു ഓട്ടപ്രദക്ഷിണം നടത്താം. ചാലക്കുടിപ്പുഴയോരത്തുകൂടി സഞ്ചരിച്ചാൽ നമ്മെ മാടിവിളിക്കുക അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വർണിക്കുവാനാകാത്ത മനോഹാരിതയാണ്‌. സഞ്ചാരികളുടെ മനംകവരുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം എന്നെന്നും നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കാത്ത ഒരു കേരളീയനും ഉണ്ടാകില്ല. അതിരപ്പള്ളി വെള്ളച്ചാട്ടം നാം മലയാളികളുടെ സ്വകാര്യസ്വത്തായി തീർന്നിരിക്കുന്നു.
വേനൽക്കാലത്ത്‌ അതിരപ്പള്ളി-വാഴച്ചാൽ വനമേഖലയിലൂടെ ഒഴുകുന്ന ചാലക്കുടിപ്പുഴയോരത്തെ നനഞ്ഞ മണ്ണിൽ നിന്നും ഈർപ്പം വലിച്ചെടുക്കുവാൻ ആയിരക്കണക്കിന്‌ മഞ്ഞ/വെളുമ്പി ശലഭ വർഗക്കാരായ കണിക്കൊന്ന ശലഭം, മഞ്ഞപാപ്പാത്തി, മഞ്ഞപ്പുള്ളി ശലഭം, നാട്ടുവെളുമ്പി, കാട്ടുവെളുമ്പി, നീർമാതള ശലഭം എന്നിവ കൂട്ടംകൂട്ടമായി ഒത്തുചേരുന്നു.
ഈ മഞ്ഞപ്പടയ്ക്ക്‌ വർണവൈവിധ്യം നൽകുവാൻ തിളങ്ങുന്ന നീലവർണമുള്ള നീലക്കുടുക്കകളും നാട്ടുകുടുക്കകളും കാർവർണമണിഞ്ഞ കൃഷ്ണശലഭവും ഇളം മഞ്ഞ നിറത്തിൽ കറുപ്പും വെളുപ്പും പുള്ളികളള്ള നാരകശലഭവവും നീണ്ട വാൾവാലും ഇളം പച്ചനിറവുമുള്ള അഞ്ച്‌ വരയൻ വാൾവാലൻ ശലഭങ്ങളുമുണ്ടാകും. വാഴച്ചാൽ-അതിരപ്പള്ളി വനമേഖലയിൽ 223 ഇനം ചിത്രശലഭങ്ങളെ ചിത്രശലഭ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്‌.
വാഴച്ചാലിലെ ചാർപ്പ മുതൽ വാഴച്ചാൽ ഇരുമ്പു പാലം (നിർദിഷ്ട അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി പ്രദേശം) വരെയുള്ള പുഴയോരക്കാടുകളിലെ അടിക്കാടുകൾ അപൂർവശലഭങ്ങളായ ശിശിരശലഭം, ബ്ലുനവാബ്‌, കാനനറോസ്‌ എന്നിവയുടെ ആഹാരച്ചെടികളാൽ സമ്പന്നമാണ്‌. കൂടാതെ പശ്ചിമഘട്ടത്തിലെ തനത്‌ ശലഭങ്ങളായ ബൂദ്ധമയൂരി, വനദേവത, പുള്ളിവാലൻ, തമിഴ്‌ ഓക്കില ശലഭം, പൂച്ചക്കണ്ണൻ സന്ധ്യാശലഭം എന്നിവയും ഇവിടെ അധിവസിക്കുന്നു. മറ്റൊരു വനപ്രദേശത്തും ഇത്രയും ചെറിയൊരു പുഴയോര വനപ്രദേശത്ത്‌ ഇത്രയധികം അപൂർവ ചിത്രശലഭങ്ങളുടെ ആഹാരച്ചെടികൾ വളരുന്നതായി കണ്ടെത്തിയിട്ടില്ല. നാം ഈ പുഴയോര വനങ്ങളെ ജലസമാധിയിലാഴ്ത്തിയാൽ ഈ അത്യപൂർവ ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥ നമുക്കെങ്ങനെയാണ്‌ പുനഃസൃഷ്ടിക്കുവാൻ കഴിയുക?
പുഴയോര വനത്തിലൂടെ നടന്നാൽ അപൂർവ തുമ്പികളും നമുക്ക്‌ ദർശനം നൽകുന്നു. ചെറിയ പാറക്കല്ലുകളിൽ വിശ്രമിക്കുന്ന പശ്ചിമഘട്ടത്തിന്‌ മാത്രം സ്വന്തമായ നീർച്ചോലത്തുമ്പി, കാട്ടുചോലത്തുമ്പി, അക്ഷീണരായി പറന്നുനടക്കുന്ന നീർക്കടുവത്തുമ്പി, പച്ചപെരുന്തലയൻ തുമ്പി, ത്രിവർണചോരവാലൻ നിഴലിടങ്ങളിൽ ഇരതേടുന്ന രത്നനീലി, കാർത്തുമ്പി, അടിക്കാടുകളിലെ നനവിടങ്ങളിൽ വിശ്രമിക്കുന്ന ചെങ്കറുമ്പൻ മുളവാലൻ, പവിഴത്തുമ്പി, ഒപ്പം ഒഴുക്കുവെള്ളത്തിൽ ഇരതേടുന്ന കരിമ്പൻ ചോലത്തുമ്പി എന്നിവയുൾപ്പെടെ 110 ഇനം തുമ്പികൾ ഈ വനമേഖലയിൽ കാണുന്നു. ഇവയും നഷ്ടമായാൽ നമുക്ക്‌ പുനഃസൃഷ്ടിക്കുവാനാകുമോ?
അതിരപ്പള്ളി-വാഴച്ചാൽ വനമേഖലയിലെ മറ്റൊരു ജൈവവൈവിധ്യമെന്നത്‌ ഇവിടെ കാണുന്ന പക്ഷികളാണ്‌. കേരളത്തിൽ കാണുന്ന നാലിനം വേഴാമ്പലുകളും കാണുന്ന ഏക വനമേഖലയാണിത്‌. അതിൽത്തന്നെ അപൂർവവും നിലനിൽപ്പ്‌ ഭീഷണി നേരിടുന്നതുമായ പാണ്ടൻ വേഴാമ്പലുകളുടെ പ്രജനനം അതിരപ്പിള്ളി വനമേഖലയിലാണ്‌ കേരളത്തിൽ ഇതുവരെയായി കണ്ടെത്തിയിട്ടുള്ളത്‌. കൂടാതെ കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ സജീവ സാന്നിധ്യം അതിരപ്പള്ളി-വാഴച്ചാൽ വനമേഖലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിരപ്പള്ളി-വാഴച്ചാൽ വനമേഖലയിൽ 242 ഇനം പക്ഷികളെ പക്ഷിഗവേഷകർ കണ്ടെത്തിയിട്ടുണ്ട്‌. ഒരു വന്യജീവി സങ്കേതമല്ലാതിരുന്നിട്ടു കൂടി ഏറ്റവും കൂടുതൽ പക്ഷി വൈവിധ്യമുള്ള സംരക്ഷിത വനമേഖലയാണ്‌ അതിരപ്പള്ളി-വാഴച്ചാൽ വനാന്തരങ്ങൾ. അപൂർവരായ കാക്കമരങ്കൊത്തി, കാട്ടു പനങ്കാക്ക, മഞ്ഞവരയൻ പ്രാവ്‌, ചെവിയൻ രാച്ചുക്കു, കാട്ടുമൂങ്ങ, കാട്ടുരാച്ചുക്കു എന്നീ പക്ഷികൾ ഈ വനാന്തരങ്ങളിൽ കാണുന്നു. ഈ വനമേഖലയെ നാം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു നിലനിർത്തേണ്ടതല്ലേ?
കേരളത്തിലെ വനാന്തരങ്ങളിൽ ഏറ്റവും കൂടുതൽ കാട്ടാനകളെ കാണുന്ന ഒരു വനമേഖലയാണ്‌ വാഴച്ചാൽ വനമേഖല. വാഴച്ചാൽ വനമേഖലയിലൂടെ സഞ്ചരിച്ചാൽ ഇത്‌ നമുക്ക്‌ ബോധ്യമാകും. വേനൽക്കാലത്താകട്ടെ ആനക്കൂട്ടങ്ങളെ കണ്ടുകണ്ടുള്ള ഒരു യാത്രയാകും അനുഭവവേദ്യമാകുന്നത്‌. വാഴച്ചാൽ ഇരുമ്പുപാലത്തിന്‌ താഴെ പുഴയിൽ നീന്തിത്തുടിക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം മറക്കുവാൻ കഴിയുന്നതല്ല. ഇവയൊക്കെ നഷ്ടമാകുമോ എന്ന ആകുലപ്പെടുത്തുന്ന ചിന്തകൾ….
കേരളം ഇന്ന്‌ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത വേനലിലും വരൾച്ചയിലൂടെയുമാണ്‌ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌. ഇടവപ്പാതിയും തുലാവർഷവും നമുക്ക്‌ അന്യമായപ്പോൾ കുടിവെള്ളത്തിനായി നാം പരക്കം പായുന്നു. നാട്‌ വേനൽച്ചൂടിൽ വെന്തുരുകുന്നു. പ്രകൃതി നമ്മെ ഇത്തരം കാഴ്ചകളിലൂടെ നമുക്ക്‌ മൂന്നാര്റിയിപ്പുകൾ നൽകിയിട്ടും നാം പ്രകൃതിധ്വംസനത്തിന്റെ പാതയിലാണ്‌ തുടരുന്നത്‌. സുഖശീതളമായ കാലാവസ്ഥ ഒരുക്കുന്ന കാടുകളെ ഇല്ലായ്മ ചെയ്യുവാനാണ്‌ നാം ശ്രമിക്കുന്നത്‌. നമുക്ക്‌ നനവേകുന്ന, തണലേകുന്ന, കുളിരേകുന്ന കാടുകൾ വെള്ളത്തിൽ മുക്കിക്കൊന്നും വെട്ടിവീഴ്ത്തിയും കുന്നിടിച്ചും നാം മുന്നേറുകയാണ്‌. ഈ മുന്നേറ്റം ഇനി എത്രനാൾ? ഒരു വലിയ ചോദ്യം നമുക്ക്‌ മുന്നിലുയരുമ്പോൾ അതിരപ്പള്ളി അതിരുകളില്ലാതെ ഒഴുകുവാനും ആ വനാന്തരങ്ങൾ എന്നന്നേയ്ക്കുമായി നിലനിർത്തുവാനുമാണ്‌ ശ്രമിക്കേണ്ടത്‌. അല്ലാത്തപക്ഷം നമുക്ക്‌ നഷ്ടമാകുന്നത്‌ അമൂല്യമായ വനാന്തരങ്ങളാണ്‌. ഒപ്പം നമ്മെ കാത്തിരിക്കുന്നത്‌ ഊഷരഭൂമികളും മരുഭൂമികളുമാണ്‌ എന്ന സത്യം ഉൾക്കൊള്ളുക.

  Categories:
view more articles

About Article Author