അഭിഭാഷകർക്ക്‌ ചേരാത്ത വിക്രിയകൾ വേണ്ട

March 18 04:55 2017

ഉന്നതശീർഷരായ ഏറെപ്പേരെ ഉൾക്കൊള്ളുന്ന ഒരു വിഭാഗമാണ്‌ അഭിഭാഷക സമൂഹം. കുറ്റവാളികൾക്ക്‌ ന്യായമായ നിയമസഹായം നൽകുക എന്നത്‌ അഭിഭാഷകരുടെ പ്രാഥമികമായ കർത്തവ്യമാണ്‌. അഭിഭാഷകന്റെ കർത്തവ്യബോധം വഴിവിട്ട്‌ കുറ്റവാളികളുടെ കുത്സിതവൃത്തികൾക്ക്‌ കടുപിടിക്കുന്നതും കാവലാളാവുകയും ചെയ്യുന്നത്‌ അവർക്ക്‌ ഭൂഷണമാവില്ല. സമൂഹം നൽകുന്ന ആദരവും അംഗീകാരവും അടുത്തകാലത്തായി അഭിഭാഷകർക്കു തെറ്റായ മാർഗങ്ങളിലൂടെ സഞ്ചരിക്കാൻ കരുത്തു നൽകുന്നതായി കാണുന്നു. ഒരഭിഭാഷകൻ പൊതുവഴിയിൽ യുവതിയോടു അപമര്യാദയായി പെരുമാറിയ വാർത്ത മാധ്യമപ്രവർത്തകരെ കോടതികളുടെ പരിസരത്തുപോലും എത്താൻ അനുവദിക്കാത്ത ഉപരോധമാണ്‌ അഭിഭാഷകർ സ്വീകരിച്ചത്‌. സർക്കാരിന്റെയും കോടതിയുടെയും നിർദേശങ്ങൾപോലും അവർ ചെവിക്കൊണ്ടില്ല. ഇതു തികച്ചും അപലപനീയമായ ധാർഷ്ട്യമായിട്ടുതന്നെയാണ്‌ ജനം ധരിച്ചത്‌.
സിനിമയിലെ ഒരു യുവനടിയെ ഒരു മാനുഷിക പരിഗണനയും നൽകാതെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ പൾസർ സുനി എന്ന ഗുണ്ടയേയും കൂട്ടാളിയേയും എറണാകുളം കോടതിയിൽ നിന്നു പൊലീസ്‌ ബലപ്രയോഗത്തിലൂടെ കീഴ്പ്പടുത്തി കസ്റ്റഡിയിലെടുത്തു. കോടതി ലഞ്ചിനു പിരിഞ്ഞ സമയത്തായിരുന്നു ഇതു സംഭവിച്ചത്‌. ഈ സംഭവത്തെ കേരള സമൂഹം സഹർഷമാണ്‌ സ്വീകരിച്ചത്‌. യുവനടി നേരിട്ട അതിദാരുണായ പീഡാനുഭവങ്ങളിൽ കഠിനമായി തപിച്ചിരുന്ന കേരളീയർ പൊലീസ്‌ കോടതിയിൽ കയറി ഒരു കൊടും കുറ്റവാളിയെ പിടികൂടിയതിലെ ധർമാധർമങ്ങളെപ്പറ്റി ചിന്തിക്കാൻ തുനിഞ്ഞതേയില്ല. (ഈ അറസ്റ്റിൽ നിയമപരമായി തെറ്റൊന്നുമില്ലെന്നാണ്‌ നിയമജ്ഞരുടെ വിദഗ്ധാഭിപ്രായം).
അപകടകാരിയായ ഒരു ഹിംസ്രജീവിയെ ബന്ധിക്കാൻ ശ്രമിക്കുമ്പോൾ ആ പോത്തിനോടും വേദമോദണമെന്ന്‌ ശഠിക്കാൻ ഈ അഭിഭാഷകർക്കു നാണമില്ലേ? അഭിഭാഷകർ അവരുടെ കോടതിയിലെ അധികാര സീമകൾ അതിലംഘിക്കുന്നുവെന്ന്‌ സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു. ക്രൂരനും നിന്ദ്യനുമായ ഒരു മനുഷ്യമൃഗത്തെ പൊലീസിൽ നിന്നു രക്ഷിക്കാൻ ശ്രമിക്കുന്നതു അഭിഭാഷകരുെ‍#ട ധാർമിക പരിവേഷത്തിനു കളങ്കം ചാർത്തുമെന്നുറപ്പാണ്‌. കറുത്ത കോട്ടിനുള്ളിൽ കാരുണ്യവും നീതിബോധവും നിറഞ്ഞുനിൽക്കുന്ന ഒരു ഹൃദയം പേറുന്നവനേ യഥാർഥ അഭിഭാഷകനാകാൻ സാധിക്കു.
എ കെ ശിവരാജൻ, കിളികൊല്ലൂർ

view more articles

About Article Author