അമിതവില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി: മന്ത്രി പി തിലോത്തമൻ

അമിതവില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി: മന്ത്രി പി തിലോത്തമൻ
March 21 04:45 2017

സ്വന്തം ലേഖകൻ
പത്തനംതിട്ട: അരിവിലയുടെ പേരിൽ അമിതവില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്‌ ഭക്ഷ്യ – സിവിൽ വകുപ്പ്‌ മന്ത്രി പി തിലോത്തമൻ പറഞ്ഞു. പത്തനംതിട്ട സപ്ലൈകോ പിപ്പീൾസ്‌ ബസാറിൽ ആരംഭിച്ച അരിക്കടയുടെ ഉദ്ഘാടനം നിർവ്വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണം കഴിക്കാനെത്തുന്ന സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന ഏർപ്പാടിൽ നിന്നും ഹോട്ടലുടമകൾ പിന്തിരിയണം. ഇത്‌ സംബന്ധിച്ചുയരുന്ന വ്യാപക പരാതികൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. മാനദണ്ഡങ്ങൾ പാലിക്കാതെ അനിയന്ത്രിതമായി വിലക്കയറ്റമുണ്ടാക്കുന്നവരെ നിയമപരമായി നേരിടും. വേണമെങ്കിൽ അനുയോജ്യമായ നിയമത്തിന്‌ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി അരിക്കടകൾ തുറന്നതിന്‌ ശേഷം അരിവില ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌.
കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും അരിക്കടകൾ തുറക്കാനാണ്‌ തീരുമാനം. സിവിൽ സപ്ലൈസിന്റെ ഔട്ട്ലെറ്റുകളില്ലാത്ത 32 പഞ്ചായത്തുകളിലും അരിക്കടകൾ തുറക്കും. ആകെ 1500 ഔട്ട്ലെറ്റുകൾ ആരംഭിക്കും. ആന്ധ്രയിൽ നിന്നുമുള്ള ജയ അരിക്ക്‌ മാത്രമാണ്‌ വില വർധിച്ചിരിക്കുന്നത്‌. രാജ്യത്തൊരിടത്തും ജയ അരിക്ക്‌ കേരളത്തിലുള്ളതുപോലെ ഡിമാൻഡില്ല. കേരളത്തിലാണെങ്കിൽ മധ്യതിരുവിതാംകൂറുകാർക്ക്‌ മാത്രമാണ്‌ ഇത്ര പ്രിയം. അധികവേവുള്ളതാകാം ഒരു കാരണം. ഇത്‌ പരിശോധിക്കാൻ അരി ലാബിലയച്ചിരിക്കുകയാണ്‌. ഇപ്പോൾ ജയ അരിക്ക്‌ 25ഉം മട്ടക്ക്‌ 24 ഉം രൂപയാണുള്ളത്‌. ഇതിനോടൊപ്പം എഫ്സിഐ, കുട്ടനാടൻ റൈസും ഇതേ വിലക്ക്‌ ലഭിക്കുന്നുണ്ട്‌. നാണ്യവിളകളിലൂടെ മികച്ച വരുമാനം നൽകുന്ന കേരളത്തോട്‌ കേന്ദ്രസർക്കാർ വിവേചനം കാട്ടുകയാണ്‌. 16 മെട്രിക്‌ ടൺ അരി ലഭിക്കേണ്ട സ്ഥാനത്ത്‌ പതിനാലേകാൽ മെട്രിക്‌ ടൺ അരി മാത്രമാണ്‌ ഇപ്പോൾ ലഭിക്കുന്നത്‌. ഇതുകൊണ്ടാണ്‌ സംസ്ഥാനത്ത്‌ റേഷൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടായത്‌. ഭക്ഷ്യഭദ്രത നിയമം നടപ്പാക്കാത്തതിനാലാണ്‌ അരിവിഹിതം വെട്ടികുറച്ചതെന്നാണ്‌ കേന്ദ്രം നൽകുന്ന മറുപടി. അരി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമല്ലാത്ത കേരളത്തിന്‌ പ്രത്യേക പരിഗണന നൽകാൻ ഭക്ഷ്യഭദ്രത നിയമം പാർലമെന്റിൽ അവതരിപ്പിച്ച അന്നത്തെ കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ്‌ തയ്യാറാകാതിരുന്നതാണ്‌ ഈ പ്രതിസന്ധിക്കെല്ലാം കാരണം. മുഖ്യമന്ത്രി ഇടപെട്ടിട്ടും കേന്ദ്രത്തിന്റെ നിലപാടിൽ മാറ്റം വന്നിട്ടില്ല. അധികമായി അരിതരില്ലെന്ന കർശന നിലപാടാണ്‌ കേന്ദ്ര സർക്കാരിനുള്ളത്‌. വരുംമാസത്തെ വിഹിതം കടമെടുത്താണ്‌ സംസ്ഥാനത്ത്‌ റേഷൻ സംവിധാനം നിലനിർത്തുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഭക്ഷ്യസിവിൽ സപ്ലൈസിലൂടെ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന 13 ഉൽപന്നങ്ങൾക്ക്‌ വില കൂട്ടില്ല. ഇത്‌ എൽഡിഎഫ്‌ നൽകിയ വാഗ്ദാനമാണ്‌. ഭരണകാലാവധി കഴിയും വരെ ഈ സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നപൂർണ്ണാദേവി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ രജനി പ്രദീപ്‌ ആദ്യവിൽപ്പന നടത്തി. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജ്ജ്‌, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം വി വിദ്യാധരൻ, കേരള കോൺഗ്രസ്സ്‌ (എം) ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി തോമസ്‌, ബിജെപി ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനട, ഷാഹുൽ ഹമീദ്‌, എന്നിവർ പ്രസംഗിച്ചു. സപ്ലൈകോ ജനറൽ മാനേജർ കെ വേണുഗോപാൽ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ എം എ അലിക്കുട്ടി നന്ദിയും പറഞ്ഞു.

  Categories:
view more articles

About Article Author