അമിത്‌ ഷായുടെ നീക്കംപാളി; ശിവസേന ഇടഞ്ഞുതന്നെ

അമിത്‌ ഷായുടെ നീക്കംപാളി; ശിവസേന ഇടഞ്ഞുതന്നെ
June 19 04:45 2017

സ്വന്തം ലേഖകൻ
മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്കു ശിവസേനയുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത്‌ ഷാ നടത്തിയ നീക്കം പാളി.
രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ സമ്പൂർണ അധികാരം നൽകണമെന്ന ആവശ്യമാണ്‌ അമിത്‌ ഷാ ശിവസേനാ തലവൻ ഉദ്ദവ്‌ താക്കറെയ്ക്കു മുന്നിൽ ഉന്നയിച്ചത്‌. ഈ ആവശ്യം രണ്ടാമതൊന്ന്‌ ആലോചിക്കാതെ ഉദ്ധവ്‌ തള്ളിക്കളയുകയായിരുന്നു.സംസ്ഥാന പ്രസിഡന്റ്‌ റാവുസഹേബ്‌ ദാൻവെയെ ചർച്ചയിൽ പങ്കെടുക്കാൻ ശിവസേന അനുവദിക്കാത്തതും ബിജെപിക്ക്‌ തിരിച്ചടിയായി.
ശിവസേന ആരെയും പിന്തുണയ്ക്കില്ലെന്നും സ്വതന്ത്രമായി വോട്ടു രേഖപ്പെടുത്തുമെന്നുമാണ്‌ ഉദ്ദവിന്റെ നിലപാട്‌. 2019 പാർലമെന്ര്‌ തെരഞ്ഞെടുപ്പിൽ എൻഡിഎയെ മോഡി നയിക്കുന്നതിനോടും ശിവസേന വിയോജിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. രാം വിലാസ്‌ പാസ്വാനാണ്‌ മോഡി നയിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്‌.
മുംബൈയിലെ ബാന്ദ്രയിൽ ഉദ്ദവ്‌ താക്കറെയുടെ വസതിയായ മാതോശ്രീയിലായിരുന്നു അമിത്‌ ഷായുമായി കൂടിക്കാഴ്ച നടത്തിയത്‌. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അമിത്‌ ഷായ്ക്കൊപ്പമുണ്ടായിരുന്നു. ആദിത്യ താക്കറെയും ചർച്ചയിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക്‌ അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ച ഏതാണ്ട്‌ ഒന്നര മണിക്കൂറോളം നീണ്ടു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ദാൻവെ ഒപ്പമുണ്ടായിരുന്നുവെങ്കിലും അകത്തേക്ക്‌ കടക്കാൻ ശിവസേന അനുവദിച്ചില്ല. കർഷകപ്രക്ഷോഭത്തിലടക്കം ശിവസേന ബിജെപിയ്ക്കെതിരെ ശക്തമായ എതിർപ്പാണ്‌ ഉയർത്തിക്കൊണ്ടിരിക്കുന്നത്‌.
അതേസമയം ആർഎസ്‌എസിനെ തുണയ്ക്കുന്നതാണ്‌ ശിവസേനയുടെ നീക്കമെന്നാണ്‌ വിലയിരുത്തൽ. മോഹൻ ഭാഗവതിനെയാണ്‌ ആദ്യം ശിവസേന ഉയർത്തിക്കാട്ടിയിരുന്നത്‌. കഴിഞ്ഞയാഴ്ച എംഎസ്‌ സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും ശിവസേന കോൺഗ്രസ്‌ സ്ഥാനാർഥിയെയാണ്‌ പിന്തുണച്ചിട്ടുള്ളത്‌. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ്‌ സൂചന. തിങ്കളാഴ്ച വൈകീട്ടോ ചൊവ്വാഴ്ചയോ ചേരുന്ന പാർലമെന്ററി ബോർഡ്‌ യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകും. 23 നോ 24 നോ എൻഡിഎ സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. ഇതിനുമുമ്പ്‌ സ്ഥാനാർഥി ആരാണെന്നകാര്യം പ്രതിപക്ഷ പാർട്ടികളെ അറിയിക്കുമെന്നും സൂചനയുണ്ട്‌.
പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശ സന്ദർശനത്തിന്‌ പുറപ്പെടുംമുമ്പ്‌ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ്‌ നീക്കം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി മുതിർന്ന ബിജെപി നേതാക്കൾ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളുമായും എൻഡിഎ ഘടകകക്ഷികളുമായും അശയവിനിമയം നടത്തിയിരുന്നു. എൻഡിഎയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന്‌ ശേഷമായിരിക്കും പ്രതിപക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.

  Categories:
view more articles

About Article Author