അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട സംഭവം; അന്വേഷണം ഊർജ്ജിതമാക്കി

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
April 21 04:45 2017

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിരുവാഭരണത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ പതക്കങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ദേവസ്വം വിജിലൻസ്‌ അന്വേഷണം ഊർജ്ജിതമാക്കി.
വിഷുദിനത്തിലാണ്‌ ചുമതലക്കാരനായ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസർ ക്ഷേത്രം മേൽശാന്തിയെ പതക്കം ഏൽപ്പിച്ചത്‌. വിഷുവിന്‌ തിരുവാഭരണം ചാർത്താനായി നവരത്നങ്ങൾ പതിച്ച മുഖം, മാറ്‌, മാല എന്നിവ മേൽശാന്തിയെ ഏൽപ്പിച്ചിരുന്നു.
പതക്കം നഷ്ടപ്പെട്ട വിവരം അറിഞ്ഞതിനെ തുടർന്ന്‌ ക്ഷേത്രത്തിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇവ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്‌ ഇന്നലെ ദേവസ്വം ബോർഡ്‌ അധികൃതർക്ക്‌ ഭക്തർ പരാതി നൽകി.
പരാതിയെ തുടർന്ന്‌ ദേവസ്വം കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പതക്കം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്‌, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളിൽ മാത്രമാണ്‌ തിരുവാഭരണം പുറത്തെടുക്കുന്നത്‌. തിരുവാഭരണത്തിലെ മൂന്ന്‌ മാലകളിൽ രണ്ടാംനില മാലയും പതക്കവുമാണ്‌ നഷ്ടപ്പെട്ടത്‌. ചെമ്പകശ്ശേരി രാജാവിന്റെ കാലത്താണ്‌ ഈ അമൂല്യമായ ആഭരണം ക്ഷേത്രത്തിന്‌ സമർപ്പിച്ചത്‌. ഏകദേശം 12 പവനോളം തൂക്കമുണ്ട്‌. അമ്പലത്തിലെ സ്ട്രോങ്ങ്‌ റൂമിലാണ്‌ തിരുവാഭരണം സൂക്ഷിക്കുന്നത്‌.
അതേസമയം, പതക്കം നഷ്ടമായ സംഭവം ക്രൈം ബ്രാഞ്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്ത്‌ നൽകുമെന്ന്‌ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്‌ പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു.

  Categories:
view more articles

About Article Author