Monday
23 Oct 2017

അമ്മയ്ക്കു വേണ്ടി മകളാകാം

By: Web Desk | Friday 21 July 2017 4:45 AM IST

അരുന്ധതി
അമ്മയ്ക്കുവേണ്ടി മരിച്ചുപോയ മകളെയും മകനെയുംപോലെ ജീവിക്കുന്ന കഥാപാത്രങ്ങളെ നിരവധി നാം സിനിമകളിൽ കണ്ടിട്ടുണ്ട്‌. ആ കഥാപാത്രങ്ങളെ നാം ആരാധിച്ചിട്ടുമുണ്ട്‌. ജീവിതത്തിൽ അങ്ങനെയൊക്കെ ആളുകളുണ്ടാകുമോ എന്നു നാം വിചാരിച്ചിട്ടുമുണ്ട്‌. എന്നാൽ അങ്ങനെയും സ്നേഹ സമ്പന്നരായ മക്കളുണ്ടെന്ന്‌ തെളിയിക്കുകയാണ്‌ ഒരു ചൈനക്കാരൻ. ചൈനയിലെ ഗുവാങ്ങ്സിയിൽ നിന്നുള്ള ഈ മനുഷ്യൻ കഴിഞ്ഞ ഇരുപതു വർഷമായി സ്ത്രീകളെ പോലെയാണ്‌ വസ്ത്രം ധരിക്കുന്നത്‌. അതിന്‌ ഒരു കാരണമുണ്ട്‌.
ഇരുപത്‌ വർഷം മുമ്പാണ്‌ ഇദ്ദേഹത്തിന്റെ സഹോദരി മരിക്കുന്നത്‌. മകളുടെ മരണം ഉൾക്കൊള്ളാൻ സാധിക്കാതെ ഇദ്ദേഹത്തിന്റെ അമ്മയുടെ മാനസികനില തകരാറിലായി.
അമ്മയുടെ മനസ്സ്‌ നോവാതിരിക്കാൻ അദ്ദേഹം കണ്ടുപിടിച്ച മാർഗമായിരുന്നു സഹോദരിയെ പോലെ വസ്ത്രം ധരിച്ച്‌ അമ്മയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുക എന്നത്‌.
മകളെ നഷ്ടപ്പെട്ടില്ലെന്ന വിശ്വാസം അമ്മയിൽ സൃഷ്ടിക്കുക എന്നതായിരുന്നു ഈ വേഷം മാറലിലൂടെ അദ്ദേഹം ലക്ഷ്യം വച്ചത്‌.
സഹോദരിയെ പോലെ വേഷം ധരിച്ച്‌ അമ്മയ്ക്കു മുന്നിലെത്തിയപ്പോൾ മകൾ തിരിച്ചു വന്നതായി അമ്മ വിശ്വസിക്കാൻ ആരംഭിച്ചതായും ഇദ്ദേഹം പറയുന്നു. അമ്മയ്ക്കു വേണ്ടി രൂപം മാറി ജീവിക്കുന്ന ഇദ്ദേഹത്തിന്റെ കഥ യൂ ട്യൂബ്‌ ചാനലായ പിയർ വീഡിയോയിലൂടെയാണ്‌ പുറത്തെത്തിയത്‌. ഇദ്ദേഹത്തിന്റെ പേര്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തെത്തിയിട്ടില്ല. വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഫ്ലൂട്ട്‌ വാദനത്തിലൂടെയാണ്‌ ജീവിക്കാനുള്ള വരുമാനം ഇദ്ദേഹം കണ്ടെത്തുന്നത്‌. ആളുകൾ തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നത്‌ ബാധിക്കാറെയില്ലെന്നും ഇദ്ദേഹം പറയുന്നു.
അവിവാഹിതനാണ്‌ ഇദ്ദേഹം. പുരുഷന്മാരുടെ വസ്ത്രങ്ങളൊന്നും തന്റെ പക്കലിൽ ഇല്ലെന്നും ഇദ്ദേഹം പറയുന്നു. നിരവധി ആളുകളാണ്‌ ഇദ്ദേഹത്തിന്റെ നല്ല മനസ്സിന്‌ അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുള്ളത്‌.
പെറ്റമ്മയെ ഓർക്കാൻ ഒരു പ്രത്യേകദിനവും നേരവും കാലവും ഒക്കെ നോക്കിയിരിക്കുന്ന സമൂഹത്തിന്‌ ഇതൊരു മാതൃകയാണ്‌. അനേകം അമ്മമാരെ കയ്യിൽ കൂച്ചുവിലങ്ങണിയിച്ച്‌ പട്ടിയെപ്പോലെ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ മക്കളുണ്ട്‌ ഈ സമൂഹത്തിൽ. ഒരു നേരത്തെ ആഹാരത്തിന്‌ യാചിക്കുന്ന ഈ അമ്മമാർ തങ്ങളെ താഴത്തും തലയിലും വയ്ക്കാതെ കൊണ്ടുനടന്നവരാണെന്ന്‌ ഒരിക്കൽപോലും ഈ മക്കൾ ചിന്തിക്കാത്തതെന്തേ? സംസ്കാരത്തിന്റെ അതിപ്രസരമാകും കാരണം. എന്തായാലും ഇത്തരത്തിലുള്ള വാർത്തകൾക്കെങ്കിലും സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനാകട്ടെയെന്ന്‌ പ്രാർഥിക്കാം. വലിയ ത്യാഗങ്ങൾ സഹിക്കണമെന്നില്ല, അവരെ സ്നേഹിക്കാനെങ്കിലും ശ്രമിക്കാം.