അമ്മ.. നന്മ..

അമ്മ.. നന്മ..
May 12 04:45 2017

ലോക മാതൃദിനം 14ന്‌

അമ്മമാരെ ഓർമിക്കാനും സ്നേഹിക്കാനും പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. ആവശ്യം ഉണ്ടാകുകയുമരുത്‌. അമ്മമാരോടുള്ള ഇഷ്ടവും ബഹുമാനവും എല്ലാ ദിവസവും അവരെ അറിയിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. ഒരു ദിവസം മുഴുവനായി അമ്മയ്ക്കുവേണ്ടി മാറ്റിവയ്ക്കാമെന്ന ആശയത്തിൽ നിന്നാണ്‌ മാതൃദിനത്തിന്റെ പിറവി

ജോസ്‌ ചന്ദനപ്പള്ളി
ഈ ലോകത്തെ കോടാനുകോടി മനുഷ്യർ. . . അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ദുഃഖങ്ങൾ, പ്രതിസന്ധികൾ . . ഓരോരുത്തരെയും ഏറെ ശ്രദ്ധയോടെ നോക്കാൻ സ്രഷ്ടാവ്‌ ഒരു ഉപാധി കണ്ടുപിടിച്ചു. അമ്മമാരെ സൃഷ്ടിച്ചു. അങ്ങനെ ഭൂമിയിലെ ഓരോ വീടുകളിലും അമ്മമരങ്ങൾ വളർന്നു. ആ തണലിൽ മനുഷ്യർ ഈശ്വരനെ കണ്ടു. അമ്മ മനുഷ്യ ചേതനയെ പ്രപഞ്ച യാഥാർഥ്യവുമായി ബന്ധിപ്പിക്കുന്ന മഹോന്നത ശക്തിയാണ്‌. അമ്മയും കുഞ്ഞും എന്നത്‌ സമൂഹത്തിന്റെ ശ്രേഷ്ഠമായ സങ്കൽപമാണ്‌. അമ്മിഞ്ഞപ്പാൽ നൽകി പിച്ചവച്ച്‌ നടത്തിച്ച്‌ താരാട്ടുപാടി ഉറക്കിയ അമ്മമാരോട്‌ മക്കളുടെ സമീപനം ഓർമ്മിപ്പിക്കുവാൻ കൂടിയാണ്‌ മാതൃദിനം നാം ആഘോഷിക്കുന്നത്‌. നമ്മുടെ ഇതിഹാസ പുരാണങ്ങളിലും മാതൃഭാവത്തിന്‌ സുപ്രധാന സ്ഥാനമുണ്ട്‌. കൈകേയിയും കൗസല്യയും സീതയും ഗാന്ധാരിയും മറ്റും മാതൃഭാവത്തിന്റെ മൂർത്തീകരണങ്ങളാണ്‌. മഹാഭാരതത്തിൽ ഖാണ്ഡവ വനത്തിന്‌ തീപിടിച്ചപ്പോൾ ജരിത എന്ന അമ്മപ്പക്ഷി നാലുമക്കളെയും കൊണ്ട്‌ കാട്ടുതീയിൽ വെന്തുമരിക്കാൻ തീരുമാനിക്കുന്ന കഥയുണ്ട്‌. അമ്മയും മക്കളും തമ്മിലുള്ള ഉദാത്ത ഭാവത്തിന്‌ എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ സാധിക്കും. മഹാന്മാരുടെ ജീവിതത്തിലെല്ലാം അമ്മ ശക്തിയും ചൈതന്യവുമായി നിലകൊണ്ടിരുന്നു. ഗോർക്കിയുടെ പ്രസിദ്ധമായ നോവലിന്റെ പേരുതന്നെ അമ്മയെന്നാണ്‌.
മെയ്‌ 14 ലോക മാതൃദിനം. അമ്മമാരെ ഓർമിക്കാനും സ്നേഹിക്കാനും പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. ആവശ്യം ഉണ്ടാകുകയുമരുത്‌. അമ്മമാരോടുള്ള ഇഷ്ടവും ബഹുമാനവും എല്ലാ ദിവസവും അവരെ അറിയിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. ഒരു ദിവസം മുഴുവനായി അമ്മയ്ക്കുവേണ്ടി മാറ്റിവയ്ക്കാമെന്ന ആശയത്തിൽ നിന്നാണ്‌ മാതൃദിനത്തിന്റെ പിറവി. അതുകൊണ്ടാണ്‌ നാം പ്രത്യേകമായി ആഘോഷിക്കുന്നത്‌. വിവിധ രാജ്യങ്ങളിൽ പല രീതികളിലാണ്‌ മാതൃദിനാചരണം. മെയ്‌ മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്ന യുഎസിലെ പതിവാണ്‌ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾ പിന്തുടരുന്നത്‌. നമ്മുടെ രാജ്യം അമ്മമാരുടെ പ്രത്യേക ദിവസത്തെ വരവേറ്റിട്ടു കുറച്ചു കാലമേ ആയിട്ടുള്ളു. അമ്മമാരുടെ പ്രസക്തി തിരിച്ചറിയുകയും കുടുംബത്തിലും സമൂഹത്തിലും അവർക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ്‌ ദിനാചരണത്തിന്റെ ഉദ്ദേശ്യം. മാതൃദിനം ആദ്യമായി ആചരിച്ചത്‌ ഗ്രീസിലത്രേ. ഇംഗ്ലണ്ടിലും മദർ സൺഡേ ആചരിച്ചിരുന്നു. അക്കാലത്ത്‌ വീട്‌ വിട്ട്‌ വിദൂരസ്ഥലങ്ങളിൽ ജോലിചെയ്തിരുന്നവർക്ക്്‌ ഞായറാഴ്ചകളിൽ അമ്മമാരെ കാണാൻ അവധി അനുവദിച്ചിരുന്നു. അന്ന്‌ അവർ ആഹ്ലാദത്തോടെ വീട്ടിലെത്തുകയും അമ്മയുടെ സ്നേഹ വാത്സല്യങ്ങൾ നുകരുകയും ചെയ്തു. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മബലം മാതൃസാമീപ്യം പകർന്നു തരുമെന്നതിൽ ആർക്കും സംശയമില്ല.
അമേരിക്കയിലെ അന്ന ജാർവിസ്‌ എന്ന യുവതിയാണ്‌ മാതൃദിനം എന്ന ആശയത്തിനു പിന്നിൽ. മുറിവേറ്റ പട്ടാളക്കാരെ പരിചരിച്ചിരുന്ന സമാധാന പ്രവർത്തകയായ അമ്മ ആൻ റിവ്സ്‌ ജാർവിസിന്റെ ഓർമ്മയ്ക്കായും മറ്റുള്ള അമ്മമാർക്കുമായും 1908 മെയ്‌ മാസം 10-ാ‍ം തീയതി അവർ വിർജീനിയയിലെ സെന്റ്‌ ആൻഡ്രൂസ്‌ മെതഡിസ്റ്റ്‌ എപ്പിസ്കോപ്പൽ പള്ളിയിൽ പ്രാർഥനാ അനുസ്മരണം സംഘടിപ്പിച്ചു. നാന്നൂറിലേറെ കുട്ടികളും അവരുടെ അമ്മമാരുമെത്തിയ പരിപാടി ജനശ്രദ്ധയാകർഷിച്ചു. മെയിലെ രണ്ടാം ഞായർ മാതൃദിനമായി ആഘോഷിക്കാമെന്നു തീരുമാനിച്ച അന്ന, അതിനു സർക്കാരിന്റെ അംഗീകാരം കിട്ടാനുള്ള ശ്രമത്തിലായി. പിന്നീട്‌ മാതൃദിനം പൊതു അവധിയാക്കണമെന്ന ആവശ്യം യു എസ്‌ കോൺഗ്രസ്‌ ആദ്യം തിരസ്കരിച്ചു. 1911ൽ യുഎസിലെ വിവിധ സ്റ്റേറ്റുകൾ മാതൃദിനം ഔദ്യോഗികമായി ആചരിച്ചു. ഒടുവിൽ 1914ൽ പ്രസിഡന്റ്‌ വുഡ്രോ വിൽസൺ മാതൃദിനത്തെ പൊതു അവധിയായി പ്രഖ്യാപിച്ചു. അമ്മമാരുടെ ത്യാഗവും വാത്സല്യവും തിരിച്ചറിയാനും അവരോടുള്ള സ്നേഹവും ആദരവും കടപ്പാടും പ്രകടിപ്പിക്കാനും ഉദ്ദേശിച്ചു തുടക്കം കുറിച്ച മാതൃദിനാചരണം പിന്നീട്‌ കച്ചവടവൽക്കരിക്കപ്പെട്ടെന്ന പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയതും അന്ന ജാർവിസ്‌ തന്നെ.
ഗാന്ധിജിയുടെയും എബ്രഹാം ലിങ്കന്റെയും ജീവിതത്തിൽ മാതൃഭാവം തുടിച്ചുനിന്നു. ലോകത്തെ വിറപ്പിച്ച രണ്ട്‌ ഏകാധിപതികൾ ഹിറ്റ്ലറും മുസ്സോളിനിയും – പെറ്റമ്മയോട്‌ അളവറ്റ സ്നേഹം കാത്തു സൂക്ഷിച്ചവരായിരുന്നു. അമ്മയുടെ വേർപാട്‌ ഇരുവർക്കും താങ്ങാവുന്നതിലപ്പുറം വേദനയുണ്ടാക്കിയതായി അവരുടെ ആത്മകഥകൾ വ്യക്തമാക്കുന്നു. ഒരു പക്ഷേ ഹിറ്റ്ലർ ആത്മാർഥമായി ആരെയെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ അത്‌ അമ്മയെ മാത്രമായിരുന്നു. അദ്ദേഹം എപ്പോഴും അമ്മയുടെ ചിത്രം കൂടെ കൊണ്ടു നടന്നിരുന്നു. മരിച്ചു കിടന്ന ബങ്കറിൽപോലും ആ ചിത്രം ഹിറ്റ്ലർക്കൊപ്പമുണ്ടായിരുന്നത്രെ. ആ അമ്മയെയും മകനെയുംക്കുറിച്ച്‌ കുടുംബ ഡോക്ടർ പറഞ്ഞത്‌ അതിലും ഗാഢമായ മറ്റൊരു ബന്ധം താൻ കണ്ടിട്ടില്ലെന്നാണ്‌. മുസ്സോളിനിയും ഇത്തരത്തിൽ തന്നെയായിരുന്നു തന്റെ അമ്മയെ സ്നേഹിച്ചിരുന്നത്‌. എ കെ ആന്റണിക്കും, എകെജിയ്ക്കും, ഇഎംഎസിനുമെല്ലാം അമ്മയുടെ സ്നേഹം ഉണർവും ഉത്സാഹവും പകർന്നിരുന്നു.
മറ്റാരെക്കാളും മേറ്റ്ന്തിനെക്കാളും ഓരോ വ്യക്തിയും കടപ്പെട്ടിരിക്കുന്നത്‌ അമ്മയോടാണ്‌. വർഷത്തിൽ 365 ദിവസവും വിസ്മരിക്കാൻ പാടില്ലാത്ത നാമമാണ്‌ മാതാപിതാക്കളുടേത്‌. പക്ഷേ, ജീവിതത്തിരക്കുകളാലും സ്വാർത്ഥ മനസ്ഥിതിയും കൊണ്ട്‌ മനുഷ്യർ ഇന്ന്‌ ഇവരുടെ പേരുകളും മറക്കുകയാണ്‌. സ്നേഹമല്ലാതെ അമ്മ മക്കൾക്ക്‌ ഒന്നും തരുന്നില്ല. തിരികെ അവർ ആഗ്രഹിക്കുന്നതും ഒരിറ്റു സ്നേഹമാണ്‌. അതു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ജന്മത്തിന്റെ കടപ്പാട്‌ മറന്നവരായി നമ്മൾ മാറും. നാളെ നമ്മളും വൃദ്ധമാതാവോ വൃദ്ധപിതാവോ ആകുമെന്ന്‌ മറക്കാതിരിക്കുക. വൃദ്ധമാതാപിതാക്കൾക്കായി ഇന്നു തന്നെ നല്ല ദിനം ഒരുക്കിത്തുടങ്ങുക.

view more articles

About Article Author