അറ്റ്ലസ്‌ രാമചന്ദ്രൻ മോചിതനാകും

അറ്റ്ലസ്‌ രാമചന്ദ്രൻ മോചിതനാകും
March 18 04:45 2017

കെ രംഗനാഥ്‌
ദുബായ്‌: ആയിരം കോടിരൂപയുടെ ബാങ്ക്‌ വായ്പാതട്ടിപ്പിൽ മൂന്ന്‌ വർഷത്തെ തടവുശിക്ഷയനുഭവിക്കുന്ന ഗൾഫിലേയും ഇന്ത്യയിലെ പ്രമുഖ സ്വർണാഭരണ വ്യവസായി അറ്റ്ലസ്‌ രാമചന്ദ്രൻ ഈ മാസം ജയിൽ വിമോചിതനാകും. ഇതിനകം ഒന്നേകാൽ വർഷത്തിലധികം ദുബായ്‌ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞാണ്‌ മോചനം.
‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന്‌ പ്രഖ്യാപിച്ച്‌ സ്വയം മോഡലായി പരസ്യപ്രളയം തന്നെ സൃഷ്ടിച്ച്‌ സ്വർണാഭരണ വിപണി കീഴടക്കിയ രാമചന്ദ്രൻ അറസ്റ്റിലായതിന്‌ തൊട്ടടുത്ത ദിവസം ഇൻഷുറൻസ്‌ വണ്ടിച്ചെക്കുകേസിൽ ജയിലിലായ മകൾ ഡോ. മഞ്ജുവിന്റെ മോചനം ഒപ്പമുണ്ടാകുമോ എന്ന്‌ വ്യക്തമല്ല. അറ്റ്ലസ്‌ രാമചന്ദ്രന്റെ ബാങ്ക്‌ തട്ടിപ്പുവാർത്തയും ശിക്ഷയും ജീവിതത്തിലെ ആരോഹണാവരോഹണങ്ങളും റിപ്പോർട്ട്‌ ചെയ്ത ഏകപത്രം ‘ജനയുഗ’മായിരുന്നു. 15 ഇന്ത്യൻ ബാങ്കുകളിൽ നിന്നും ആയിരം കോടി രൂപയുടെ വായ്പയെടുത്ത്‌ ഇന്ത്യയിലേയ്ക്ക്‌ കടത്തിയ രാമചന്ദ്രൻ അറ്റ്ലസ്‌ ഇന്ത്യ ജൂവലറി എന്ന സ്ഥാപനമുണ്ടാക്കുകയും തിരുവനന്തപുരം, ബംഗളൂരു, മുംബൈ, കൊച്ചി, തൃശൂർ, ചെന്നൈ എന്നിവിടങ്ങളിൽ വൻതോതിൽ നഗരഭൂമികൾ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നായിരുന്നു ആരോപണം.
യുഎഇയിലെ 19 സ്വർണാഭരണശാലകളടക്കം സൗദി അറേബ്യ, കുവൈറ്റ്‌, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലായി 52 ശാഖകളാണ്‌ അറ്റ്ലസിനുണ്ടായിരുന്നത്‌. വായ്പാതട്ടിപ്പിന്‌ പിന്നാലെ ഈ ജൂവലറികളിലെ ടൺ കണക്കിന്‌ സ്വർണം ഇന്ത്യയിലേയ്ക്ക്‌ കടത്തിയെന്നും ദുബായ്‌ പൊലീസ്‌ കണ്ടെത്തി. ഹാൾമാർക്ക്‌ ചെയ്യാൻ സ്വർണം കൊണ്ടുപോയി എന്നായിരുന്നു ശൂന്യമായ ആഭരണശാലയിലെ ജീവനക്കാർ നൽകിയ വിശദീകരണം. ഈ ജൂവലറി ശാഖകളെല്ലാം ഇപ്പോൾ അടഞ്ഞുകിടപ്പാണ്‌. ഈ വായ്പാ ഇടപാടിൽ സൂത്രധാരനായിരുന്ന മഹാപാത്രയാണ്‌ ഇപ്പോൾ അറ്റ്ലസ്‌ ഇന്ത്യ ജൂവലറി ലിമിറ്റഡിന്റെ സിഇഒ. വായ്പാതട്ടിപ്പിനിരയായതെല്ലാം ഇന്ത്യൻ ബാങ്കുകളുടെ ഗൾഫ്‌ ശാഖകളായതിനാൽ തുക ഗൾഫിൽ നിന്ന്‌ ഈടാക്കാനേ കഴിയൂ.
അറ്റ്ലസ്‌ രാമചന്ദ്രന്‌ ഏറ്റവുമധികം വായ്പ വാരിക്കോരി നൽകിയത്‌ ബാങ്ക്‌ ഓഫ്‌ ബറോഡയുടെ യുഎഇ മേഖലാ മേധാവി രാമമൂർത്തിയായിരുന്നു. പിന്നീട്‌ ബാങ്കിന്റെ ഡയറക്ടറായ ഇയാൾ ഈ ഇടപാടിന്റെ പേരിൽ തരംതാഴ്ത്തപ്പെട്ടു. രാമചന്ദ്രൻ തടവിലായി ഒന്നര വർഷത്തോളമായിട്ടും ഇതുവരെ വായ്പ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. പുറത്തിറങ്ങിയാൽ എല്ലാ സ്വത്തും വിറ്റായാലും മുഴുവൻ വായ്പയും തിരിച്ചടയ്ക്കാമെന്ന്‌ ‘എമിറേറ്റ്സ്‌ 24ത7’ മാധ്യമത്തിന്‌ ജയിലിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ഇന്റർനാഷണൽ ബിസിനസ്‌ ടൈംസി’ലൂടെയും ഈ വാഗ്ദാനം നൽകിയതിനെത്തുടർന്നാണ്‌ ബാങ്കുകൾ അറ്റ്ലസ്‌ രാമചന്ദ്രനുമായി ഒരു ധാരണയിലെത്താൻ തീരുമാനിച്ചത്‌. 15 ബാങ്കുകളിൽ കുതറിമാറി നിൽക്കുന്ന രണ്ട്‌ ബാങ്കുകൾ കൂടി ഈ വഴിക്കുവരും. ഇതോടെയാണ്‌ ജയിൽമോചന സാധ്യത തെളിഞ്ഞത്‌.
യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ എൻഎംസിയുടെ ഉടമ ഡോ. ബി ആർ ഷെട്ടി അറ്റ്ലസ്ഗ്രൂപ്പിന്റെ ഒമാനിലെ രണ്ട്‌ പഞ്ചനക്ഷത്ര ആശുപത്രികൾ ഏറ്റെടുത്ത്‌ വായ്പ തിരിച്ചടയ്ക്കാൻ ധാരണയായിട്ടുണ്ടെന്ന വാർത്തകളുണ്ട്‌. ഇതിനുപുറമേ കേരളത്തിലെ ഒരു പ്രമുഖ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സാരഥിയും മെഡിക്കൽ കോളജ്‌-ആശുപത്രി ഉടമയും സ്വകാര്യ ധനകാര്യ സ്ഥാപനം മേധാവിയുമായ വ്യക്തിയും അറ്റ്ലസിന്റെ കടംവീട്ടാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നറിയുന്നു. ഒപ്പം അറ്റ്ലസ്‌ രാമചന്ദ്രൻ സ്ഥാപകനായിരുന്ന ദുബായ്‌ ഗോൾഡ്‌ ആൻഡ്‌ ജൂവലറി സംഘടനയും അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്‌. പുറത്തിറങ്ങിയാൽ ഇന്ത്യയിൽ അറ്റ്ലസ്‌ വാങ്ങിക്കൂട്ടിയതും ഇപ്പോൾ പലമടങ്ങു വില വർധിച്ചതുമായ ചില നഗരഭൂമികൾ വിറ്റാൽ മാത്രം തീർക്കാവുന്നതേയുള്ളൂ ഇപ്പോഴത്തെ കടബാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

view more articles

About Article Author