Saturday
26 May 2018

അലങ്കാരമത്സ്യങ്ങളും നിരോധനവും

By: Web Desk | Thursday 15 June 2017 4:55 AM IST

ഗീതാ നസീർ
അലങ്കാരമത്സ്യങ്ങളും വളർത്തു നായകളും അനുബന്ധ പക്ഷിമൃഗാദികളും വിൽപ്പന നടത്തുന്ന ചെറുകിട കച്ചവടക്കാർ ധാരാളമുള്ള നാടാണ്‌ നമ്മുടേത്‌. സർക്കാർതലത്തിൽ തന്നെ ഈ വ്യാപാരത്തിന്‌ സബ്സിഡി നൽകുന്ന നിരവധി പദ്ധതികൾ നിലവിലുണ്ട്‌. തൃത്താല പഞ്ചായത്തുതലത്തിൽ നടത്തപ്പെടുന്ന ഈ സ്വയംതൊഴിൽ പദ്ധതി ഒരുവിഭാഗം ജനങ്ങളുടെ വരുമാനമാർഗമാണ്‌.
ഈ ചെറുകിട വ്യാപാരമേഖലയെയാണ്‌ ഒരു അസാധാരണ ഗസറ്റ്‌ വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ തകർത്തിരിക്കുന്നത്‌. സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ്‌ ക്രൂവൽറ്റി എഗയ്ൻസ്റ്റ്‌ ആനിമൽസ്‌ (എസ്പിസിഎ) എന്ന സംഘടനയുടെ 1960-ലെ നിയമമനുസരിച്ചുള്ള 38-ാ‍ം വകുപ്പ്‌ ഉപയോഗിച്ചാണ്‌ കേന്ദ്രസർക്കാർ ഇതിന്‌ തുനിഞ്ഞിരിക്കുന്നത്‌. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന 2016-ലെ വനാവകാശ ചട്ടങ്ങളും ഉപയോഗിച്ചിട്ടുണ്ട്‌. എന്നാൽ ഈ നിയമങ്ങൾ സംസ്ഥാനങ്ങളുടെ വിവേചനപരിധിയിൽപ്പെടുന്നവയാണ്‌. ഒരു ഫെഡറൽ രാജ്യത്ത്‌ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ മറികടന്ന്‌ കേന്ദ്രസർക്കാർ നിയമങ്ങൾ നടപ്പിലാക്കാൻ തുനിയുന്നത്‌ നിയമങ്ങളെയും ഫെഡറൽ സംവിധാനത്തെതന്നെയും അവഹേളിക്കുന്നതിന്‌ തുല്യമാണ്‌. ഇതൊരു അസാധാരണ വിജ്ഞാപനമായാണ്‌ പുറപ്പെടുവിച്ചിരിക്കുന്നതെങ്കിലും നിയമത്തിന്‌ തുല്യമാണിതെന്നുള്ളതുകൊണ്ട്‌ കേന്ദ്രം സംസ്ഥാനങ്ങളുടെ മേൽ നിയമം അടിച്ചേൽപ്പിച്ചിരിക്കുന്നു എന്നതാണ്‌ വസ്തുത.
ലോകത്തെ 125 രാജ്യങ്ങളിലായി 2500-ൽപ്പരം അലങ്കാരമത്സ്യങ്ങളുടെ വ്യാപാരമാണ്‌ നടക്കുന്നത്‌. ഏതാണ്ട്‌ 1500 കോടി രൂപ വരുമാനമുണ്ടാക്കുന്ന ഈ വ്യാപാരത്തിൽ വർഷംതോറും 15 ശതമാനം വർധനവുണ്ടാകുന്നുണ്ട്‌. ഒരിക്കലും ഇടിവ്‌ സംഭവിക്കാത്ത ഒരു വിപണനമേഖലയാണ്‌ ആഗോളതലത്തിൽ അലങ്കാര മത്സ്യവിപണി. ഇന്ത്യയിൽ ഇത്‌ കൂടുതലായും നടക്കുന്നത്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലുമാണ്‌. ഏതാണ്ട്‌ മൊത്തം കയറ്റുമതിയുടെ 85 ശതമാനം ഈ സംസ്ഥാനങ്ങളിൽ നിന്നാണ്‌. പ്രകൃതിയുടെ പ്രത്യേകതകളാണ്‌ ഈ പ്രത്യേകതരം വിപണനത്തിന്‌ അനുകൂലമായി ഇവിടങ്ങളിൽ കണ്ടുവരുന്ന ഘടകം. ശുദ്ധജലസ്ത്രോതസുകൾ ഇവയുടെ പ്രജനനത്തിനും വളർച്ചയ്ക്കും കാരണമാകുന്നുണ്ട്‌. പശ്ചിമഘട്ട മലനിരകളിൽ നിന്നുത്ഭവിക്കുന്ന നീർത്തടങ്ങളിൽ സമൃദ്ധമായാണ്‌ ഇത്തരം മത്സ്യങ്ങൾ കാണപ്പെടുന്നത്‌. നാട്ടിൻപുറത്ത്‌ തോടുകളിൽ നിന്നും മറ്റും പിടികൂടുന്ന ഗപ്പികളെ കുട്ടികൾ കൗതുകത്തോടെ കുപ്പികളിലും പാളകൾകൊണ്ടുണ്ടാക്കിയ വട്ടികളിലും മറ്റും വളർത്തുക പതിവാണ്‌. തോർത്തുകൊണ്ടും മറ്റും ഇവയെ പിടികൂടുന്നരംഗങ്ങൾ മഴക്കാലത്ത്‌ നാട്ടിൻപുറങ്ങളിൽ പതിവാണ്‌.
ഇന്ന്‌ ഇതൊരു വിപണനസാധ്യതയുള്ള മേഖലയായി മാറി. കേരളത്തിൽ ഈ മേഖലയിലെ സംരംഭകരിൽ ഏറെയും സ്ത്രീകളാണ്‌. ചെറുകിട അക്വേറിയം ഏതാണ്ടു രണ്ടായിരത്തോളം വരും. ഓരോ പഞ്ചായത്തിലും രണ്ടും അതിൽ കൂടുതലും ചെറുകിട അക്വേറിയം നടത്തിപ്പുകാരുണ്ട്‌. സ്വയംതൊഴിൽ എന്ന നിലയിൽ അക്വേറിയം ആരംഭിക്കുന്നവർക്ക്‌ സർക്കാർ സബ്സിഡിയും നൽകുന്നുമുണ്ട്‌. പഞ്ചായത്ത്‌ പദ്ധതിയിൽപ്പെടുത്തിയാണ്‌ ഇത്‌ നൽകുന്നത്‌. സംസ്ഥാന സർക്കാർ ഇതിനായി തുക വകയിരുത്തുന്നുമുണ്ട്‌.
ഇപ്പോൾ വന്നിരിക്കുന്ന നിരോധനം ഈ ചെറുകിട തൊഴിൽമേഖലയെ പൂർണമായും തകർക്കാനുദ്ദേശിച്ചാണ്‌. അക്വേറിയവുമായി ബന്ധപ്പെട്ട്‌ മീനിന്റെ ഭക്ഷണം, മരുന്ന്‌, കൂടുകൾ തുടങ്ങിയുള്ള അനുബന്ധമേഖലകളും ഇതോടെ തകർച്ച നേരിടും. ഏതാണ്ട്‌ 30,000 പേർക്ക്‌ തൊഴിൽ നഷ്ടമാകും.
അക്വേറിയത്തിന്‌ 60 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കുകൾ വേണം, മുഴുവൻ സമയ വെറ്ററിനറി ഡോക്ടറോ മത്സ്യവിദഗ്ധനോ വേണം, സഹായി വേണം എന്നൊക്കെയുള്ള നിബന്ധനകൾ ലക്ഷ്യം വയ്ക്കുന്നത്‌ ചെറുകിട സംരംഭകരെ തന്നെയാണ്‌. സ്ഫടിക ഭരണികളിൽ മത്സ്യം വളർത്തുന്ന കുഞ്ഞുങ്ങൾ അറിയുന്നില്ല, അതിനവർ തുനിഞ്ഞാൽ ഇനി അത്‌ ശിക്ഷാർഹമാണെന്ന്‌. സ്ഫടികഭരണിയിൽ മത്സ്യം നിരോധിക്കുക മാത്രമല്ല, ഭരണിതന്നെ നിരോധിച്ചിരിക്കുന്നു. അലങ്കാര മത്സ്യങ്ങളെ വളർത്തി പരിപാലിക്കുന്നവർ എന്ത്‌ മൃഗക്രൂരതയാണ്‌ നടപ്പിലാക്കുന്നത്‌ എന്നത്‌ നിരോധിച്ചവർ വ്യക്തമാക്കണം. ആനയ്ക്കെതിരെ നടക്കുന്ന ക്രൂരത തടയാൻ കഴിയാത്തവർ ചെറുകിട സംരംഭകരുടെ നിരുപദ്രവകരമായ വിനോദം കൂടിയായ വരുമാനമാർഗത്തെ തകർത്തതെന്തിനെന്ന്‌ നിരോധനവിജ്ഞാപനം പുറപ്പെടുവിച്ചവർ വ്യക്തമാക്കണം. ഈ രംഗത്തെ വൻകിടക്കാർക്ക്‌ ഇവയുടെ കുത്തക പൂർണമായും ചാർത്തിക്കൊടുക്കാൻ പാവപ്പെട്ട കുറേ സ്ത്രീകളുടെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതമോഹങ്ങൾ തല്ലിക്കെടുത്തുകയാണ്‌ കേന്ദ്രസർക്കാർ. വൻകിട കോർപ്പറേറ്റുകളെ പ്രീണിപ്പിച്ച്‌ സഹായിക്കാൻ മൃഗസ്നേഹം പറയാനും വിശ്വാസങ്ങളെ വിൽക്കാനും ബിജെപി സർക്കാർ നടത്തിവരുന്ന നയങ്ങളുടെ മറ്റൊരു പതിപ്പ്‌ മാത്രമാണ്‌ അലങ്കാര മത്സ്യവിപണനകേന്ദ്രത്തിൽ നടപ്പിലാക്കുന്നത്‌. സംസ്ഥാനത്തിന്റെ അധികാരങ്ങളെ മറികടന്നും അത്‌ ചെയ്യാൻ ബിജെപി ഭരണകൂടം തയ്യാറാവുന്നു എന്നുള്ളതും അപകടകരംതന്നെ.
തൊഴിൽ സൃഷ്ടിക്കില്ലെന്ന്‌ മാത്രമല്ല, സംസ്ഥാനത്തെ മുപ്പതിനായിരം പേർക്ക്‌ തൊഴിൽ നഷ്ടമാക്കാൻ കേന്ദ്രം തുനിഞ്ഞിരിക്കുന്നു. ബിജെപി മറുപടി പറയേണ്ടിവരും.