അശാന്തിയുടെ നിഴൽ വീഴ്ത്തുന്ന യുഎസ്‌ നടപടി

April 17 04:55 2017

ഡൊണാൾഡ്‌ ട്രമ്പ്‌ യുഎസ്‌ പ്രസിഡന്റായി അധികാരമേറ്റ്‌ മൂന്ന്‌ മാസം പിന്നിടുമ്പോഴേയ്ക്കും ആ ഭരണകൂടം അപകടകരമായ ദിശയിലേയ്ക്കാണ്‌ നീങ്ങുന്നതെന്ന സൂചനകൾ ശക്തമാണ്‌. കഴിഞ്ഞ ദിവസം ഉത്തരകൊറിയയുടെ തലസ്ഥാനത്ത്‌ അരങ്ങേറിയ വൻ സൈനിക പ്രകടനം അത്തരത്തിൽ കടുത്ത ആപൽസൂചനയാണ്‌ നൽകുന്നത്‌. യുഎസ്‌ നാവികസേനാ വ്യൂഹം കൊറിയൻ ഉപഭൂഖണ്ഡത്തിലേയ്ക്ക്‌ നീങ്ങിയതും ട്രമ്പ്‌ ഭരണകൂടം പ്യോങ്ങ്‌യാങ്ങിന്‌ നേരെ ഉയർത്തുന്ന നിരന്തര ഭീഷണിയും അതിനോടുള്ള ഉത്തരകൊറിയൻ പ്രതികരണവും ലോകരാഷ്ട്രങ്ങളിൽ അസ്വസ്ഥത പരത്താൻ മതിയായതാണ്‌. ട്രമ്പ്‌ അധികാരമേറ്റശേഷം സിറിയയിലും അഫ്ഗാനിസ്ഥാനിലും ഇതിനകം നടത്തിയ ഇടപെടലുകൾ ലക്കുകെട്ട ഒരു ഭരണാധികാരിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തനശൈലിയാണ്‌. യുഎസ്‌ മുമ്പും ലോകാഭിപ്രായത്തെ മാനിക്കാതെ വിനാശകരമായ സൈനിക ഇടപെടലുകൾ നടത്തിയിട്ടുണ്ട്‌. എന്നാൽ അപ്പോഴെല്ലാം അനിവാര്യമായ രാഷ്ട്രീയ-സൈനിക മുന്നൊരുക്കങ്ങളോടെയാണ്‌ അവ നടത്തിയതെന്ന ന്യായീകരണം നിരത്താൻ അവർക്കായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനിൽ വൻ നാശം വിതച്ച ‘ബോംബുകളുടെ മാതാവി’നെ ഇട്ടപ്പോഴും അതിന്‌ മുമ്പ്‌ സിറിയൻ വായുസേനാ താവളത്തിനു നേരെ 59 ടേംഹോക്‌ മിസെയിലുകൾ വർഷിച്ചപ്പോഴും എല്ലാ അന്താരാഷ്ട്ര-സൈനിക മര്യാദകളും കാറ്റിൽ പറത്തിയാണ്‌ യുഎസ്‌ ഭരണകൂടം പെരുമാറിയത്‌. സമാനമായ നീക്കമാണ്‌ ഇപ്പോൾ ഉത്തരകൊറിയയ്ക്ക്‌ നേരെയും നടക്കുന്നതെന്നുവേണം കരുതാൻ. അത്‌ ലോകത്തെ ഒരിക്കൽക്കൂടി വിനാശകരമായ യുദ്ധത്തിന്റെയും അശാന്തിയുടെയും ദിനങ്ങളിലേയ്ക്ക്‌ തള്ളിനീക്കാൻ സഹായിക്കുമെന്ന്‌ ലോകജനത ഒന്നടങ്കം ആശങ്കപ്പെടുന്നു. ഇത്തരുണത്തിൽ ലോകസമാധാനത്തിനുവേണ്ടി ഇടപെടേണ്ട ഐക്യരാഷ്ട്ര സംഘടന യുഎസ്‌ പാവയായ ഒരു നോക്കുകുത്തിയായി മാറിയിരിക്കുന്നുവെന്നതും ഉൽക്കണ്ഠാജനകമാണ്‌.
നാളിതുവരെ ലോകം കണ്ട ഏറ്റവും ശക്തമായ ആണവേതര ബോംബാണ്‌ യുഎസ്‌ അഫ്ഗാനിസ്ഥാനിൽ പ്രയോഗിച്ചത്‌. അഫ്ഗാനിലെ ഐഎസ്‌ താവളത്തിനുനേരെ നടന്ന ആ ബോംബാക്രമണം അർഹമായ രീതിയിലും തോതിലും അപലപിക്കപ്പെടുകയുണ്ടായില്ല. അത്‌ യഥാർത്ഥത്തിൽ ഐഎസിനെതിരെ എന്നതിനെക്കാൾ ഉത്തരകൊറിയയ്ക്കെതിരെയുള്ള താക്കീതായാണ്‌ ട്രമ്പ്‌ പ്രയോഗിച്ചതെന്നുവേണം കരുതാൻ. ഫലത്തിൽ അത്‌ ആ ബോംബിന്റെ മാരകശേഷി പരീക്ഷിച്ച്‌ ഉറപ്പാക്കലായിരുന്നു. ട്രമ്പ്‌ ‘വിജയകര’മെന്ന്‌ വിശേഷിപ്പിച്ച ബോംബിങ്‌ യുഎസ്‌ ഭരണകൂടം ആഗ്രഹിച്ചവിധം ഏതെങ്കിലും സന്ദേശം ഉത്തരകൊറിയയ്ക്ക്‌ നൽകിയെന്നു കരുതാനാവില്ല. അതാണ്‌ കഴിഞ്ഞ ദിവസത്തെ പ്യോങ്ങ്‌യാങ്ങ്‌ സൈനിക പരേഡ്‌ സൂചിപ്പിക്കുന്നത്‌. ഉത്തരകൊറിയയെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞ എഴുപത്‌ വർഷങ്ങളായി യുഎസ്‌ നടത്തുന്ന ഓരോ ശ്രമത്തോടും കൂടുതൽ നിശ്ചയദാർഢ്യത്തോടെ തീവ്രമായി പ്രതികരിക്കുന്ന ഒരു ഭരണകൂടവും ജനങ്ങളുമാണ്‌ അവിടത്തേത്‌. ഏഴ്‌ പതിറ്റാണ്ടായി യുഎസിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും അതിശക്തമായ ഭീഷണിയിലും ഉപരോധത്തിലൂടെയുമാണ്‌ ഉത്തരകൊറിയ കടന്നുപോന്നിട്ടുള്ളത്‌. അവർ ലോകരംഗത്ത്‌ അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടലും നിരന്തരമായ ഭീഷണിയുമാണ്‌ ആ രാജ്യത്തെ ജനാധിപത്യരാഹിത്യത്തിന്റെയും സേച്ഛാധികാര പ്രവണതകളുടെയും പിന്നാക്കാവസ്ഥയുടെയും മൂലകാരണം. ഇറാഖിൽ സദ്ദാംഹുസൈനെയും ലിബിയയിൽ കേണൽ മുഅമർഗദ്ദാഫിയെയും കൈകാര്യം ചെയ്ത രീതിയിൽ ഉത്തരകൊറിയയെയും നേരിടാനാണ്‌ യുഎസ്‌ ശ്രമം. അതിനെതിരെ പ്രതിരോധമാർഗം ആരായാൻ ആത്മാഭിമാനമുള്ള ഏതൊരു ജനതയും നിർബന്ധിതമാകും. അതാണ്‌ ഉത്തരകൊറിയയിലെ യുദ്ധസന്നാഹങ്ങളുടെ മൂലകാരണം.
ക്രിസ്തുമത വിശ്വാസികൾ യഹോവയായ ദൈവം തന്റെ രൂപത്തിൽ ആദിമ മനുഷ്യനെ സൃഷ്ടിച്ചുവെന്ന്‌ വിശ്വസിക്കുംപോലെ യുഎസ്‌ മാതൃകയിൽ ലോകത്തെ ആകെ പുനഃസൃഷ്ടിക്കാനും അത്തരമൊരു ലോകത്തിന്റെ അധീശത്വം ഉറപ്പിക്കാനുമാണ്‌ യുഎസ്‌ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്‌. തങ്ങൾ പിന്തുടരുന്ന മൂലധന ചൂഷണത്തിൽ അധിഷ്ഠിതമായ ഒരു അടിമലോകത്തെയാണ്‌ അവർ വിഭാവനം ചെയ്യുന്നത്‌. തങ്ങളുടെ അധീശത്വം അംഗീകരിച്ച്‌ ആ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക മാതൃക പിന്തുടരാൻ വിസമ്മതിക്കുന്നവരെല്ലാം അവർക്ക്‌ അനഭിമതരാണ്‌. അവരെയെല്ലാം അധികാരത്തിൽ നിന്ന്‌ നിഷ്കാസനം ചെയ്ത്‌ തങ്ങൾക്ക്‌ വിധേയമായ അടിമ മാതൃകകൾ സ്ഥാപിക്കാനുള്ള ദിവ്യാവകാശം തങ്ങൾക്കുണ്ടെന്ന ധാരണയാണ്‌ സാമ്രാജ്യത്വത്തെ ഭരിക്കുന്നത്‌. അത്‌ അംഗീകരിക്കാൻ ആത്മാഭിമാനമുള്ള ഒരു ജനതയ്ക്കും കഴിയില്ല. അതാണ്‌ അഫ്ഗാനിസ്ഥാനിലും മധ്യപൂർവേഷ്യയിലും അശാന്തിക്ക്‌ കാരണം. അതുതന്നെയായിരുന്നു വിയറ്റ്നാമിലും ഇൻഡോചൈനയിലും കൊറിയൻ ഉപദ്വീപിലും കഴിഞ്ഞ നൂറ്റാണ്ടിൽ പതിനായിരങ്ങളുടെ ജീവൻ കവർന്നത്‌. ട്രംപിന്റെ നേതൃത്വത്തിൽ ആ ദിവ്യാവകാശം പുനഃസ്ഥാപിക്കാനുള്ള പുതിയ ശ്രമമാണ്‌ ഏഷ്യൻ ഭൂഖണ്ഡത്തിൽ തലയുയർത്തുന്നത്‌. അതിനെതിരെ ഏഷ്യൻ ജനതയും ലോകമന:സാക്ഷിയും ഉണർന്നേ മതിയാവൂ. തങ്ങളുടെ സാംസ്കാരിക വൈവിധ്യവും ജീവിതശൈലിയും രാഷ്ട്രീയ സ്വാതന്ത്ര്യവും അവയുടെ തനിമയും സംരക്ഷിച്ചു നിലനിർത്താൻ ഓരോ ജനതയ്ക്കുമുള്ള അവകാശമാണ്‌ ഇവിടെ വെല്ലുവിളിക്കപ്പെടുന്നത്‌.

  Categories:
view more articles

About Article Author