അഷ്‌റഫ്‌ ഗുരുക്കളുടെ തനിവഴികൾ

അഷ്‌റഫ്‌ ഗുരുക്കളുടെ തനിവഴികൾ
April 16 04:45 2017

റഹീം പനവൂർ

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവം നേരിട്ട്‌ വിജയക്കൊടി പാറിച്ചവരുടെ അനുഭവ സാക്ഷ്യത്തിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ്‌ സിനിമയുടെ വിവിധ മേഖലകളിൽ വിജയമുദ്ര തെളിയിച്ച അഷ്‌റഫ്‌ ഗുരുക്കൾ.

നടൻ, സംവിധായകൻ, സംഘാടകൻ, പ്രൊഡക്ഷൻ കൺട്രോളർ, സംഘട്ടന സംവിധായകൻ, തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ രേഖപ്പെടുത്തലുകൾ നടത്തിയ അഷറഫ്‌ ഗുരുക്കൾ മൂന്ന്‌ പതിറ്റാണ്ടുകൾ പിന്നിടുന്നു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവം നേരിട്ട്‌ വിജയക്കൊടി പാറിക്കാമെന്ന വിജയികളുടെ അനുഭവ സാക്ഷ്യത്തിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ്‌ ഗുരുക്കൾ. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ, നാട്ടുകാരുടെയും സിനിമാക്കാരുടെയും പ്രിയപ്പെട്ട ഗുരുക്കൾ 60 വയസ്സിൽ എത്തിനിൽക്കുന്നെങ്കിലും യുവത്വത്തിന്റെ ചുറുചുറുക്കാണ്‌ ഗുരുക്കളുടെ പ്രത്യേകത.
ഉപജീവനത്തിനായി ചെറുപ്രായത്തിൽ നാടുവിട്ട അഷറഫ്‌ കാലങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയത്‌ തികഞ്ഞ ഒരു കളരി അഭ്യാസി ആയിട്ടായിരുന്നു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ കളരി ക്ലാസ്സുകളും കളരിയുടെ പ്രചാരണത്തിനായി പൊതു പ്രദർശനങ്ങളും ഗുരുക്കൾ നടത്തി. ചലച്ചിത്ര സംവിധായകനും നാട്ടുകാരനുമായ കമലിന്റെ ക്ഷണപ്രകാരം പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിൽ സംഘട്ടന നിർദ്ദേശങ്ങൾ നൽകാൻ അവസരം ലഭിച്ചത്‌ ജീവിതത്തിൽ വഴിത്തിരിവായി.
പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവും സംവിധായകനുമായ എം.രജ്ഞിത്തിനോടൊപ്പം പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി ഗുരുക്കൾ കുറേ സിനിമകളിൽ ജോലി ചെയ്തു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ചിത്രീകരണത്തിനു വേണ്ടി ചുക്കാൻ പിടിച്ച ഗുരുക്കൾ വിശ്രമമില്ലാതെ ലൊക്കേഷനുകളിൽ നിന്ന്‌ ലൊക്കേഷനുകളിലേക്ക്‌ യാത്ര ചെയ്യുമായിരുന്നു. പെട്ടെന്ന്‌ ഒരു ദിവസം നാവിന്റെ ഒരു ഭാഗത്ത്‌ ഒരു തടിപ്പ്‌ അനുഭവപ്പെട്ടതിനെ തുടർന്ന്‌ സുഹൃത്തും ഡോക്ടറുമായ ജിജോ പോളിനെ കണ്ടു പരിശോധിച്ചു. നാവിൽ അർബുദം എന്ന രോഗം ബാധിച്ചുവെന്ന്‌ അറിഞ്ഞപ്പോൾ, തന്നിൽ പ്രതീക്ഷ അർപ്പിച്ച്‌ ജീവിക്കുന്ന കുടുംബത്തിനെ ഓർത്ത്‌ ഗുരുക്കൾ ഒരു നിമിഷം തളർന്നു പോയി. പക്ഷേ, മനോധൈര്യം വീണ്ടെടുത്ത ഗുരുക്കൾ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സതേടി. അവിടെ എല്ലാവിധ സഹായവും നൽകി ഗുരുക്കളുടെ കുടുംബവും എം.രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു. സർജറി കഴിഞ്ഞു നാവിന്റെ ഒരു ഭാഗം മുറിച്ചു മാറ്റി. ആഹാരം മൂക്കിലൂടെ ആയിരുന്നു നൽകിയത്‌. ഫോണിലൂടെ സംസാരിക്കുമ്പോൾ തടസ്സമുണ്ടായത്‌ ഗുരുക്കളെ വിഷമിപ്പിച്ചു. പക്ഷേ, ഗുരുക്കൾക്ക്‌ സിനിമാ ലോകത്തുനിന്ന്‌ പിൻമാറാൻ കഴിയുമായിരുന്നില്ല. സംഘട്ടന സംവിധാനത്തിലേക്ക്‌ വീണ്ടും കടന്നു. തസ്കര സംഘത്തിന്റെ കഥ പറഞ്ഞ കായംകുളം കൊച്ചുണ്ണി എന്ന മെഗാ സീരിയലിൽ മകൻ സൽമാനുൽ ഫാരിസിയും ചേർന്ന്‌ ഗുരുക്കൾ സംഘട്ടന സംവിധാനം നിർവഹിച്ചു. കായംകുളം കൊച്ചുണ്ണിയിൽ തുടങ്ങി കുങ്കുമപ്പൂവ്‌ ഉൾപ്പെടെ നിരവധി മെഗാ സീരിയലുകളിൽ ഗുരുക്കൾ സംഘട്ടന സംവിധായകനായി തിളങ്ങി.
സുമൻ റെഡ്ഡി സംവിധാനം ചെയ്ത എക്ത്താ എന്ന ഹിന്ദി സിനിമയിലും സംഘട്ടന സംവിധാനം നിർവഹിച്ചു. ക്രാന്തി സംവിധാനം ചെയ്ത തെലുങ്ക്‌ ചിത്രം ഉങ്കരാലരാമബാബുവിലും സംഘട്ടന സംവിധാനം നിർവഹിച്ചത്‌ ഗുരുക്കളും മകൻ സൽമാനും ചേർന്നാണ്‌. കേരള സിനി സ്റ്റണ്ട്‌ ആക്ടേഴ്സ്‌ ഡയറക്ടേഴ്സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ കൂടിയാണ്‌ അഷറഫ്‌ ഗുരുക്കൾ. ദയ എന്ന ചിത്രത്തിനു വേണ്ടി മഞ്ജു വാര്യരേയും ഒരു പരസ്യ ചിത്രത്തിനു വേണ്ടി ക്രിക്കറ്റ്‌ താരം സൗരവ്‌ ഗാംഗൂലിയേയും കളരി പഠിപ്പിക്കാൻ കഴിഞ്ഞത്‌ ഏറെ അഭിമാനത്തോടെ ഗുരുക്കൾ ഓർക്കുന്നു.
നാവിൽ കാർന്നു കയറിയ കാൻസറിനെ ഗുരുക്കൾ മനോധൈര്യത്തിൽ തോൽപ്പിച്ച്‌ സിനിമാ, ടിവി രംഗത്ത്‌ സജീവമാവുകയായിരുന്നു. അഭിനയവും ഫൈറ്റും സിനിമയിൽ വീണ്ടും നടത്താൻ കഴിഞ്ഞത്‌ ദൈവാനുഗ്രഹമാണെന്ന്‌ ഗുരുക്കൾ പറയുന്നു.
തെരുവ്‌ നായ്‌ ശല്യത്തെക്കുറിച്ച്‌ 14 മിനിട്ട്‌ ദൈർഘ്യമുള്ള അസ്തമയം എന്ന ഹ്രസ്വ ചിത്രം ഗുരുക്കൾ സംവിധാനം ചെയ്തു. ജിറ്റി ജോസഫ്‌ നായകനായ ഈ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ റൈറ്റ്‌ ആൻഡ്‌ ഡാർക്ക്‌ എന്ന ഒരു സിനിമയും ഗുരുക്കൾ കഥയെഴുതി സംവിധാനം ചെയ്തു. വെറ്റില ബഷീർ, മജീദ്‌, യവനിക ഗോപാലകൃഷ്ണൻ, കോഴിക്കോട്‌ ശാരദ, ഗായകൻ ജാഫർ വടകര തുടങ്ങിയവരാണ്‌ ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
35 കോടിയോളം രൂപ ചെലവിൽ ഹിന്ദി, മലയാളം, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിൽ ജയരാജ്‌ ഒരുക്കിയ വീരം എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടേയും ആരോമൽ ചേകവരുടേയും പിതാവായ കണ്ണപ്പചേകവർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത്‌ സിനിമാ ജീവിതത്തിലെ വലിയ സൗഭാഗ്യമാണെന്ന്‌ ഗുരുക്കൾ പറയുന്നു. ഈ കഥാപാത്രത്തെ നൽകിയ സംവിധായകനോട്‌ ഏറെ നന്ദിയുണ്ടെന്നും ഗുരുക്കൾ.
ഡോ.എസ്‌.ജനാർദ്ദനന്റെ ചന്ദ്രകാന്തത്തിലെ സുബ്രഹ്മണ്യം പോറ്റി, കായംകുളം കൊച്ചുണ്ണിയുടെ മകനിലെ റൊണാൾഡ്‌ എന്നിവ അഷറഫ്‌ ഗുരുക്കളുടെ മികച്ച സീരിയൽ കഥാപാത്രങ്ങളാണ്‌. ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്ത ചക്കരമാവിൻ കൊമ്പത്ത്‌ എന്ന ചിത്രത്തിൽ സെയ്ദാലി എന്ന വളരെ പ്രധാനപ്പെട്ട ഒരു മുസ്ലീം കഥാപത്രത്തെ അഷറഫ്‌ ഗുരുക്കൾ അവതരിപ്പിച്ചിട്ടുണ്ട്‌. കമൽ, എം.രഞ്ജിത്ത്‌, ഡോ.ജിജോ പോൾ, ജയരാജ്‌ തുടങ്ങി നിരവധി പേരുടെ പിന്തുണയാണ്‌ തനിക്ക്‌ പ്രചോദനമെന്നും ഗുരുക്കൾ പറയുന്നു. സിനിമയുടെ വിവിധ മേഖലകളിൽ സജീവമാവുകയാണ്‌ ഗുരുക്കൾ. ഭാര്യ ഷംസാബി, മക്കൾ ശിമ, ജുവൈരിയ, അഫ്‌റാ, നിലൂഫർ, സൽമാനുൽ ഫാരിസി എന്നിവരും മരുമക്കളും 10 പേരക്കുട്ടികളും അടങ്ങുന്നതാണ്‌ അഷറഫ്‌ ഗുരുക്കളുടെ കുടുംബം.

  Categories:
view more articles

About Article Author