Sunday
24 Jun 2018

ആഗോള രാഷ്ട്രീയത്തെ നിർവചിക്കുന്ന ഉച്ചകോടി

By: Web Desk | Monday 10 July 2017 5:00 AM IST

ഹാംബർഗിൽ സമാപിച്ച ജി 20 രാഷ്ട്ര ഉച്ചകോടി ഒരുപക്ഷെ നവഉദാരീകരണോത്തര ലോക രാഷ്ട്രീയത്തെ നിർവചിക്കുന്ന ഒന്നായി ചരിത്രം വിലയിരുത്തിയേക്കാം. രണ്ടാം ലോകയുദ്ധാനന്തര ആഗോള രാഷ്ട്രീയത്തിൽ യുഎസ്‌ ഇത്രയേറെ ലോകവേദികളിൽ ഒറ്റപ്പെട്ട മറ്റൊരവസരം കണ്ടേക്കില്ല. ജി 20 ഉച്ചകോടിയുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അന്തിമ വിജ്ഞാപനത്തിൽ ഒപ്പുവയ്ക്കാൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രമ്പ്‌ വിസമ്മതിച്ചതോടെ യുഎസിന്റെ ലോകരംഗത്തെ ഒറ്റപ്പെടൽ ഏതാണ്ട്‌ പൂർത്തിയായി എന്നുവേണം കരുതാൻ. ഫോസിൽ ഇന്ധനങ്ങളുടെ കാര്യത്തിലും ഉരുക്കിന്റെ അമിതോൽപാദനത്തിലും കയറ്റുമതിയിലും ലോകരാഷ്ട്രങ്ങൾക്കുള്ള അതൃപ്തി ഉച്ചകോടിയിൽ വ്യക്തമായതോടെ യുഎസ്‌ ഭരണകൂടം സമകാലിക ലോകത്തല്ല ജീവിക്കുന്നതെന്ന ബോധ്യം കൂടുതൽ ശക്തമായി. ഡൊണാൾഡ്‌ ട്രംപിന്റെ ഇക്കാര്യങ്ങളിലെല്ലാം ഉള്ള പിടിവാശി ഒരുപക്ഷെ യുഎസിലെ അദ്ദേഹത്തിന്റെ അതിവേഗം ചുരുങ്ങിവരുന്ന ആരാധക വൃന്ദത്തെ ആഹ്ലാദിപ്പിച്ചേക്കാം. എന്നാൽ യുഎസിലും ലോകത്തും യുഎസ്‌ ഭരണകൂടത്തിനുള്ള സ്വാധീനത്തിലും പിന്തുണയിലും അത്‌ വൻ ഇടിവിനാണ്‌ വഴിവയ്ക്കുക. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെ തുടർന്ന്‌ ഉദാരവൽക്കരണ യുഗത്തിൽ യുഎസ്‌ ആസ്വദിച്ചുപോന്ന ഏകധ്രുവലോകത്തിന്റെ കേന്ദ്രമെന്ന സ്വയം അവരോധിത സ്ഥാനം ആ രാജ്യത്തിന്‌ പൂർണമായി നഷ്ടമായിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിന്‌ അടിവരയിടുന്നതായി ഹാംബർഗ്ഗ്‌ ഉച്ചകോടി. ജി 20 എന്നത്‌ ജി 19 എന്നായി ചുരുങ്ങിയതായി പ്രമുഖ ആഗോള മാധ്യമങ്ങൾ എല്ലാം തന്നെ തങ്ങളുടെ വാർത്തകളിൽ വ്യക്തമാക്കുന്നു. അതാവട്ടെ തന്നെ വിമർശിക്കുന്ന മാധ്യമങ്ങൾക്കെതിരെ പരസ്യമായി ഉറഞ്ഞുതുള്ളാൻ ട്രംപിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ആഗോളരംഗത്തെ ഒറ്റപ്പെടലിനൊപ്പം ആഭ്യന്തര രംഗത്തും ട്രമ്പ്‌ കനത്ത വെല്ലുവിളികളെയാണ്‌ നേരിടുന്നത്‌. ട്രമ്പ്‌ ഭരണം യുഎസിന്റെ തകർച്ചയ്ക്ക്‌ തന്നെ വഴിതെളിക്കുമെന്ന്‌ യുഎസിൽ ഇതിനകം നടന്ന അഭിപ്രായ പഠനങ്ങൾ വ്യക്തമാക്കുന്നു.
ജി 20 ഉച്ചകോടി ആഗോള രാഷ്ട്രീയത്തിലെ വരേണ്യരുടെ കൂട്ടായ്മ എന്ന നിലയിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയും വിള്ളലും പ്രകടമാക്കിയാണ്‌ അവസാനിച്ചത്‌. അതോടൊപ്പം ഉച്ചകോടിയുടെ വേദിയായ ഹാംബർഗ്ഗ്‌ ജി 20 സമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത ജനകീയ പ്രതിഷേധത്തിന്റെ വേദിയായും മാറിയിരുന്നു. ഉച്ചകോടിയുടെ മൂന്ന്‌ ദിവസങ്ങളിൽ പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങളാണ്‌ ഹാംബർഗിൽ നടന്നത്‌. ജർമ്മൻ ചാൻസ്ലർ മെർക്കലിന്റെ ജന്മനഗരമാണെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ട്രേഡ്‌ യൂണിയനുകൾക്കും വൻ സ്വാധീനവും ജനപിന്തുണയുമുള്ള തുറമുഖ നഗരമാണത്‌. ഇടതുപക്ഷത്തിനും ട്രേഡ്‌ യൂണിയനുകൾക്കും പുറമെ പരിസ്ഥിതി സംഘടനകൾ മുതൽ മുതലാളിത്തവിരുദ്ധ തീവ്രനിലപാടുകൾ പിന്തുടരുന്ന നൂറുകണക്കിന്‌ സംഘടനകളുടെ പ്രവർത്തകർ വരെ പ്രതിഷേധ പ്രകടനങ്ങളിലും റാലികളിലും അണിനിരന്നിരുന്നു. ഹാംബർഗിനും ജർമ്മനിക്കും പുറത്തുനിന്ന്‌ ആയിരക്കണക്കിന്‌ വിദേശികളും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഹാംബർഗിൽ എത്തിയിരുന്നു. ഉച്ചകോടിക്ക്‌ സുരക്ഷയൊരുക്കാൻ യൂണിഫോംധാരികളും അല്ലാത്തവരുമായി പതിനായിരക്കണക്കിന്‌ പൊലീസ്‌ സുരക്ഷാസേനാംഗങ്ങളെ വിന്യസിക്കേണ്ടി വന്നു. ലോകനേതാക്കൾക്ക്‌ അഭൂതപൂർവമായ സുരക്ഷയിൽ മാത്രമേ സമ്മേളനം നടത്താനായുള്ളു എന്നത്‌ ഉദാരവൽകൃത ലോകത്തെ രാഷ്ട്രനേതാക്കൾ ജനങ്ങളിൽ നിന്നും എത്രത്തോളം ഒറ്റപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്‌.
കഴിഞ്ഞ മൂന്ന്‌, നാല്‌ ദശകങ്ങളായി ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന നവഉദാരീകരണ ആശയങ്ങളും പദ്ധതികളും അതിന്റെ അസ്തമയ ദശയിലാണെന്ന വസ്തുതയ്ക്കാണ്‌ ഹാംബർഗ്ഗ്‌ ഉച്ചകോടി അടിവരയിടുന്നത്‌. ലോകത്തിന്റെയും ജനതകളുടെയും നിലനിൽപിനെക്കാൾ തങ്ങൾക്ക്‌ പ്രധാനം സാമ്പത്തിക ലാഭമാണെന്ന മുതലാളിത്ത ശക്തികളുടെ തുറന്ന പ്രഖ്യാപനമാണ്‌ ജി 20 ലെ ആശയപരമായ ഭിന്നിപ്പിന്റെ അടിസ്ഥാനം. യുഎസ്‌ സാമ്രാജ്യത്വം നേതൃത്വം നൽകുന്ന മൂലധനശക്തികളുടെ താൽപര്യങ്ങൾക്ക്‌ ഇപ്പോഴും വഴങ്ങിക്കൊടുക്കാൻ മറ്റ്‌ 19 അംഗരാഷ്ട്രങ്ങളും നിർബന്ധിതമാകുന്നതിന്റെ സൂചനയും ഉച്ചകോടി നൽകുന്നുണ്ട്‌. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഹേതുവായ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിന്റെയും കച്ചവടത്തിന്റെയും കാര്യത്തിൽ യുഎസ്‌ താൽപര്യങ്ങൾക്ക്‌ വഴങ്ങിക്കൊടുക്കാൻ മറ്റ്‌ 19 രാജ്യങ്ങളും ഹാംബർഗിൽ നിർബന്ധിതമായി. എന്നിരിക്കിലും ഹാംബർഗ്ഗ്‌ നൽകുന്ന സൂചനകൾ ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിക്കാൻ പോന്നതാണ്‌.