Monday
25 Jun 2018

ആടലോടകവും ചിറ്റാടലോടകവും

By: Web Desk | Saturday 29 July 2017 4:50 AM IST

പണ്ടൊക്കെ പനിയും ജലദോഷവും വന്നാൽ ഉടനേ ആശുപത്രിയിലേക്കോ മെഡിക്കൽ സ്റ്റോറിലേക്കോ ആരും ഓടില്ല. ആടലോടകം ഇട്ട്‌ നല്ലൊരു ആവി പിടിക്കും. അതോടെതീരും അസുഖം. ഇന്ന്‌ ആടലോടകവും ചിറ്റാടലോടകവും എന്തെന്ന്‌ കൂടി ആളുകൾക്ക്‌ അറിയാത്ത അവസ്ഥയാണ്‌. കേരളത്തിലുപയോഗിച്ചു വരുന്ന രണ്ട്‌ പ്രധാന ഔഷധികളാണ്‌ ആടലോടകം, ചിറ്റാടലോടകം എന്നിവ. ചുമ, കഫക്കെട്ട്‌, ആസ്മ തുടങ്ങിയ ശ്വാസകോശരോഗങ്ങൾക്ക്‌ പ്രത്യൗഷധമാണ്‌ ആടലോടകം. കഫം ദ്രവമാക്കി പുറത്തു കളയാൻ കഴിവുളളതിനാൽ ആടലോടകത്തിന്റെ ഇലയുടെ നീര്‌ തേനോ ഇഞ്ചിനീരോ ചേർത്ത്‌ ചുമശമനത്തിനു നന്ന്‌. ഛർദി, പനി, മഞ്ഞപ്പിത്തം, ത്വക്ക്‌ രോഗങ്ങൾ, രക്തപിത്തം എന്നിവയുടെ ചികിത്സയിലും ഇതു ഫലപ്രദം.
ഇലയുടെ നീര്‌ തേൻ ചേർത്തു കൊടുക്കുന്നത്‌ എല്ലാവിധ രക്തസ്രാവത്തിനും നല്ലതാണ്‌. ആടലോടക വേര്‌ ഒറ്റയ്ക്കും മറ്റ്‌ ഔഷധങ്ങളോടു ചേർത്തും കഷായമായും നെയ്യായും സേവിച്ചാൽ വിഷബാധ മൂലമുളള രക്തദൂഷ്യത്തിന്‌ ശമനം കിട്ടും. ഇലയരച്ച്‌ വെണ്ണ ചേർത്ത്‌ സേവിക്കുന്നതും രക്തദൂഷ്യത്തിനു പരിഹാരമാണ്‌. വാശാരിഷ്ടം, ഗുൽഗുലു തിക്തക ഘൃതം, വലിയ രാസ്നാദി കഷായം, ച്യവനപ്രാശം എന്നിവ ഈ ഔഷധി ചേരുന്ന ചില പ്രധാന മരുന്നുകളാണ്‌.
ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന, നിറയെ ഇലകളുളള കുറ്റിച്ചെടിയാണ്‌ ചിറ്റാടലോടകം. ഏതാണ്ട്‌ 20 സെമീ വരെ നീളവും 6 സെമീ വരെ വീതിയുമുളള, രണ്ടറ്റവും കൂർത്ത ഇലകൾ രണ്ടെണ്ണം ഓരോ മുട്ടിലും പരസ്പരാഭിമുഖമായി ഉണ്ടാകുന്നു. വെളുത്ത പൂക്കൾ ഇവകളുടെ കുറുകിയ പൂങ്കുലത്തണ്ടിൽ അടുത്തടുത്തായി ക്രമീകരിച്ചിരിക്കുന്നു.
വേലിയരികിലും, തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും വളർത്താം. 15-20 സെന്റീമീറ്ററോളം നീളമുളള ഇളം തലപ്പാണ്‌ നടീൽ വസ്തു. സ്ഥലത്തിനനുസരിച്ച്‌ ആടലോടകം മൂന്നു രീതിയിൽ കൃഷിചെയ്യാം. തെങ്ങിൻ തോട്ടങ്ങളിൽ കൂനകളെടുത്തൂം ജലസേചന സൗകര്യമുളള സ്ഥലങ്ങളിൽ തവാരണകളെടുത്തും കുഴികളെടുത്തും കൃഷി ചെയ്യാം.
കാലവർഷം തുടങ്ങിയതിനു ശേഷമാണ്‌ ആടലോടകം നടേണ്ടത്‌. സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന്‌ അഞ്ച്‌ ടൺ എന്ന തോതിൽ ചാണകപ്പൊടി ചേർത്ത്‌, ചെടികൾ തമ്മിൽ ഒരടിയെങ്കിലും അകലം വരത്തക്കവണ്ണം അടുപ്പിച്ചടുപ്പിച്ച്‌ കൂനകൾ എടുക്കുക. ഓരോ കൂനയുടെ നടുവിലും മൂന്നു തലപ്പുകൾ വീതം നടാം. ആദ്യകാലത്തു മാത്രം ഇടയ്ക്ക്‌ കളകൾ നീക്കണം. ചെടി വളർന്ന്‌ വലുതാകുന്നതോടെ കളകൾ നിയന്ത്രണ വിധേയമാകുന്നു. തെങ്ങിൻ തോപ്പിലെ ഒരേക്കർ കൃഷിയിൽ നിന്ന്‌ ഏകദേശം 15,000 കിലോഗ്രാം ആടലോടകം ലഭിക്കുന്നു. കിലോഗ്രാമിന്‌ 10 മുതൽ 12 രൂപ വരെ വിലയുളള ഈ ഔഷധി പ്രതിവർഷം രണ്ടുലക്ഷത്തോളം കിലോഗ്രാം കേരളത്തിൽ മാത്രം ഉപയോഗിച്ചു വരുന്നു.
തവാരണകളെടുത്താണ്‌ നടുന്നതെങ്കിൽ, ഭൂമി നന്നായി കിളച്ചൊരുക്കി, ചാണകപ്പൊടി ചേർത്തിളക്കിയതിനു ശേഷം ഏതാണ്ട്‌ അര മീറ്റർ വീതിയിലും മൂന്നോ നാലോ മീറ്റർ നീളത്തിലും 30 സെന്റിമീറ്റർ ഉയരത്തിലുമുളള വാരങ്ങളെടുത്ത്‌, ഒരടി അകലത്തിൽ തലപ്പുകൾ നട്ടു കൊടുക്കണം. മഴക്കാലത്തല്ല നടുന്നതല്ലെങ്കിൽ 1:1:1 എന്ന അനുപാതത്തിൽ മണ്ണ്‌, മണൽ, ചാണകപ്പൊടി എന്നിവയുടെ മിശ്രിതം നിറച്ച പോളിത്തീൻ കവറുകളിൽ തലപ്പുകൾ നട്ട്‌ വേരു പിടിപ്പിച്ചതിനു ശേഷം ഭൂമിയിലേക്ക്‌ നടുന്നതാവും നല്ലത്‌. നനയ്ക്കലും ക്രമമായ കളയെടുക്കലും നടത്തി ജൈവവളവും നൽകിയാൽ രണ്ടാം വർഷാവസാനത്തോടെ വിളവെടുക്കാം. ഭൂമി കിളച്ച്‌ ചെടികൾ വേരോടു കൂടി പറിക്കണം. ചെടി സമൂലമായും വേരു തനിച്ചും ഔഷധ നിർമ്മാണത്തിനുപയോഗിക്കുന്നു.
കുഴിയെടുത്തു നട്ടാൽ കൂടുതൽ വിളവ്‌ കിട്ടുമെന്ന്‌ കണ്ടിട്ടുണ്ട്‌. ഏപ്രിൽ-മെയ്‌ മാസങ്ങളിൽ ആദ്യത്തെ മഴ ലഭിക്കുന്നതോടെ കുഴികൾ എടുക്കാം. 30 സെന്റിമീറ്റർ നീളവും വീതിയും ആഴവുമുളള കുഴികളാണ്‌ എടുക്കേണ്ടത്‌. ഇവ തമ്മിൽ 40 സെന്റിമീറ്റർ അകലം വേണം. കുഴികളിൽ മേൽമണ്ണും ചാണകപ്പൊടിയും തുല്യഅളവിൽ കൂട്ടിച്ചേർത്ത്‌ അതിനു മുകളിൽ കൂനകൾ എടുക്കണം. തുടർച്ചയായ മഴ ലഭിക്കുന്നതോടെ, അതായത്‌ ജൂൺ-ജൂലൈ മാസങ്ങളിൽ, ഓരോ കൂനയിലും മൂന്നു തലപ്പുകൾ വീതം നടാം. പോളിത്തീൻ കവറുകളിൽ വേരു പിടിപ്പിച്ച തലപ്പുകൾ നടുന്നത്‌ വളരെ നന്ന്‌.