ആത്മവിദ്യാസംഘത്തിന്റെ നൂറാം വർഷം 1917-2017

ആത്മവിദ്യാസംഘത്തിന്റെ നൂറാം വർഷം 1917-2017
May 06 04:50 2017

പി കെ സബിത്ത്‌
ഭൂതകാലം വൈജ്ഞാനികമായി സമ്പന്നമായ സമൂഹത്തിന്റെയും സാംസ്കാരികമായ മുന്നേറ്റത്തിന്റെയും സ്വാഭാവിക പ്രയാണമായിരുന്നു. കേരളത്തിന്റെ ഇന്നലെകൾ പുത്തനുണർവിന്‌ ഉന്നതമായ സ്ഥാനം കൊടുത്തിരുന്നു. നവോത്ഥാന പ്രക്രിയ കേരളീയ സമൂഹത്തിൽ ചിലയിടങ്ങളിൽ നിന്നുമാത്രം ഉത്ഭവിച്ച്‌ അലയൊലികൾ സൃഷ്ടിച്ചു എന്ന വ്യാഖ്യാനം തികച്ചും അപ്രസക്തമാണ്‌. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ അതിസൂക്ഷ്മമായ തലത്തിൽ നവോത്ഥാന പ്രക്രിയ നടക്കുന്നുണ്ടായിരുന്നു. ഈ യാഥാർഥ്യം പിൽകാലത്ത്‌ വിസ്മരിക്കപ്പെടുകയായിരുന്നു. വർധിച്ച ആവേശത്തോടെ അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും വെല്ലുവിളിച്ച സാമൂഹിക പരിഷ്കർത്താക്കൾ നടത്തിയ നവോത്ഥാന പ്രക്രിയ ചരിത്രരേഖകളിൽ നിന്നും തമസ്കരിക്കപ്പെടുകയായിരുന്നു. ചരിത്രരേഖകളിൽ സൂചിപ്പിക്കുന്നുണ്ടെങ്കിൽത്തന്നെ അത്‌ കേവല പരാമർശങ്ങളിൽ മാത്രം ഒതുങ്ങുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളും ധാരാളമുണ്ട്‌. സാമൂഹികമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ അരക്ഷിതത്വം അനുഭവിക്കുന്ന സമൂഹത്തിന്‌ ആത്മബലം നൽകുന്നതായിരുന്നു കേരളത്തിന്റെ ഗ്രാമാന്തരങ്ങൾ തോറും ഉയർന്നുവന്ന സൂക്ഷ്മതലങ്ങളിലുള്ള നവോത്ഥാനം. ഇത്തരത്തിൽ അതിസൂക്ഷ്മവും ഭാവിഭാഗധേയത്തെ നിർണയിക്കുന്നതുമായിരുന്നു വാക്ഭടാനന്ദനും അദ്ദേഹം രൂപം നൽകിയ ആത്മവിദ്യാസംഘവും നടത്തിയത്‌.
സാമൂഹിക പരിവർത്തനം എന്നത്‌ സ്ഥായിയായ ഒന്നാകണം അത്‌ വിദൂരഭാവിയെ സാർഥകമാക്കുന്നതായിരിക്കണം എന്ന ചിന്തയിലൂന്നിയ വാഗ്ഭടാനന്ദന്റെ കർമപദ്ധതികൾ ഫലം കണ്ടു. ഇന്നും കേരളത്തിൽ തൊഴിലാളികളുടെ സംഘബലത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി എന്ന സ്ഥാപനം വാഗ്ഭടാനന്ദന്റെ ക്രാന്തദർശിത്വമാണ്‌. കേരളത്തിന്റെ സാമൂഹികാവസ്ഥയെ അടുത്തറിഞ്ഞുകൊണ്ടുള്ള സമീപനമായിരുന്നു ഇദ്ദേഹത്തിന്റേത്‌. തൊഴിലാളികൾക്കിടയിലെ ഐക്യവും സ്ഥാപനവൽകരണവും ഒരുഭാഗത്ത്‌ നടക്കുമ്പോൾ തന്നെ വിദ്യാഭ്യാസമുന്നേറ്റത്തിന്‌ മേറ്റ്ന്തിനേക്കാൾ പ്രാധാന്യം നൽകി. തദ്ദേശീയമായ വികസന കാഴ്ചപ്പാടുകൾക്ക്‌ ചിറകുമുളയ്ക്കണമെങ്കിൽ വിദ്യാഭ്യാസ പുരോഗതിയുണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു എന്ന്‌ മനസിലാക്കിയുള്ള പ്രവർത്തനത്തിന്റെ ബാക്കിപത്രമാണ്‌ വാക്ഭടാനന്ദൻ സ്ഥാപിച്ച വിദ്യാലയങ്ങൾ. സംസ്കൃതത്തോടൊപ്പം പൊതുവിദ്യാഭ്യാസവും വളർത്താൻ ഇദ്ദേഹം പരിശ്രമിച്ചു. മലബാറിലുടനീളം വിദ്യാലയങ്ങൾ സ്ഥാപിച്ചുകൊണ്ടായിരുന്നു അത്‌. കിഴക്കേക്കര വടക്ക്‌, ചെറുവണ്ണൂർ, തലക്കുളത്തൂർ, ചേളന്നൂർ, കാരക്കാട്‌, എടച്ചേരി, കാരപറമ്പ്‌, ത്വപ്രകാശിക ഗേൾസ്‌ സ്കൂൾ, പാട്യം, പാനൂർ, കണ്ണൂർ തത്വപ്രകാശ സംസ്കൃത പാഠശാല ഇങ്ങനെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ വാഗ്ഭടാനന്ദൻ നേതൃത്വം നൽകി. വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനം സൃഷ്ടിച്ച മഹത്‌വ്യക്തി എന്ന നിലയിൽ വാഗ്ഭടാനന്ദനെ വിലയിരുത്തുന്ന പഠനങ്ങൾ വിരളമാണ്‌. അധ്യാപക പ്രസ്ഥാനങ്ങൾ സംഘടിതരൂപം പ്രാപിക്കുന്നതിനു മുൻപ്‌ വടക്കൻ കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിന്‌ പ്രോത്ഘാടനം കുറിച്ചത്‌ വാഗഭടാനന്ദൻ ഉൾപ്പെടെയുള്ള അതുല്യഗുരുക്കന്മാരാണെന്നതിൽ തർക്കമില്ല. നമ്മുടെ പൊതുവിദ്യാലയ സംരക്ഷണത്തിന്‌ പ്രാധാന്യം കൊടുക്കുന്നത്‌ സമകാലീന സാഹചര്യത്തിൽ ഇത്തരം അതുല്യ ഗുരുക്കന്മാരുടെ ആത്മസമർപ്പണം ഓർമിക്കപ്പെടേണ്ടതാണ്‌. എകെഎസ്ടിയുവിന്റെ കോഴിക്കോട്‌ ജില്ലയിൽ നടന്ന യാത്രയയപ്പ്‌ സമ്മേളനത്തിൽ വാഗ്ഭടാനന്ദനെ ഗുരുനാഥൻ എന്ന നിലയിൽ വിശകലനം ചെയ്തത്‌ കാലോചിതമായ ഒരു ദൗത്യമാണ്‌.
മാനവികതയുടെ സാമാന്യ യുക്തി അനീതിക്കെതിരെയുള്ള മുന്നേറ്റമാണെന്ന്‌ നമ്മുടെ ഭൂതകാലവും വർത്തമാന കാലവും സാക്ഷ്യപ്പെടുത്തുന്നു. വാഗ്ഭടാനന്ദന്റെ ദർശനങ്ങൾ നീതിയിൽ അധിഷ്ഠിതമായ സമൂഹത്തെ വാർത്തെടുക്കാൻ ആഹ്വാനം ചെയ്യുന്നു. പ്രാന്തവൽക്കരിക്കപ്പെടുന്ന സമൂഹത്തിനെ മുഖ്യധാരയിലേക്ക്‌ ഉയർത്തുക എന്ന നിയമസംഹിത അദ്ദേഹം അവസാനം വരെ വെച്ചുപുലർത്തി. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” എന്ന വാഗ്ഭടാനന്ദന്റെ വചനം ഏറെ പ്രസക്തമാണ്‌. സമൂഹത്തിൽ അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോൾ അതിന്റെ മോചനം സാധ്യമാക്കുന്നത്‌ ചില വൈയക്തികമായ ഇടപെടലുകളാണ്‌. കാലത്തിന്റെയും ദേശത്തിന്റെയും സ്പന്ദനം ഉൾക്കൊള്ളുന്നതായിരിക്കണം അത്തരം ഇടപെടലുകൾ വാഗ്ഭടാനന്ദൻ വ്യക്തി എന്ന നിലയിൽ ഇതു നടത്തിയിരുന്നു. ഇവിടെ മാർഗദർശിയായ വ്യക്തി ഒരിക്കലും സമൂഹത്തിന്റെ അഭിലാഷം ചോദ്യം ചെയ്യുന്ന വിധം സമാന്തരമായ പാത തിരഞ്ഞെടുത്തില്ല. മറ്റൊരു സാഹചര്യത്തിൽ വാഗ്ഭടാനന്ദൻ പറഞ്ഞ കാര്യം സമൂഹത്തിലെ ഓരോ വ്യക്തിയെയും നൈതികമായി ഉണർത്തുന്നു. “അനീതിയുള്ളപ്പോഴും നിങ്ങളുള്ളപ്പോഴും അടങ്ങിയിരിക്കരുത്‌, ആന്തം പൊരുതുക” എന്ന ആഹ്വാനം ഒരു ദൃഷ്ടാന്തമാണ്‌. സമൂഹത്തിന്റെ സ്പന്ദനം സ്വന്തം ഹൃദയതാളമായി മാറുമ്പോഴാണ്‌ സാമൂഹിക പരിഷ്കർത്താക്കൾ ഉണ്ടാകുന്നത്‌. വാഗ്ഭടാനന്ദന്റെ ചിന്തയും മറിച്ചല്ലായിരുന്നു. കാലത്തെയും ദേശത്തെയും ഉല്ലംഘിക്കുന്നവിധം അത്‌ നിലനിൽക്കുന്നതിനുള്ള കാരണവും ഇതുതന്നെയാണ്‌.

  Categories:
view more articles

About Article Author