ആദ്യ കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ അറുപതാം വാര്‍ഷികാഘോഷം പൊതുസമ്മേളനം 23ന്; ഉദ്ഘാടനം കാനം

May 20 01:24 2017

 

കോട്ടയം:കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ 1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
23ന് വൈകുന്നേരം അഞ്ചിന് പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് സമ്മേളനം ആരംഭിക്കും. ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അധ്യക്ഷത വഹിക്കും.
ലോകശ്രദ്ധ ആകര്‍ഷിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭയുടെ ധീരമായ ഇടപെടലാണ് ആധുനിക കേരളത്തിന്റെ രൂപീകരണത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചത്. ഭൂപരിഷ്‌കരണ പരിപാടികള്‍ ആരംഭിച്ച് ജന്മിത്തത്തിന്റെ കടയ്ക്കല്‍ കത്തിവച്ചു എന്നത് 1957 ലെ സര്‍ക്കാരിന്റെ ഉജ്വല സംഭാവനയാണ്.
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രിസഭ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളാണ് കേരളത്തിന്റെ വികസനത്തിന് വ്യക്തമായ തുടക്കം നല്‍കിയത്. കാര്‍ഷിക ബന്ധ നിയമം, വിദ്യാഭ്യാസനിയമം, ജനകീയ മുഖമുള്ള പൊലീസ്- ജയില്‍ നയം, ക്ഷേമപരിപാടികള്‍, ആരോഗ്യമേഖലയിലെ ഇടപെടല്‍, പിന്നാക്ക പ്രദേശങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതികള്‍,തൊഴിലാളി ഉന്മുഖ നിയമങ്ങള്‍ തുടങ്ങിയ പരിപാടികളാണ് യഥാര്‍ത്ഥത്തില്‍ കേരളാ മോഡല്‍ എന്ന് പില്‍ക്കാലത്ത് പ്രസിദ്ധമായ കേരള വികസന മാതൃകയ്ക്ക് തുടക്കമായത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ ഫലമായി വലിയ മാറ്റം കേരളീയ സമൂഹത്തിലുണ്ടായി. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍, മിനിമം കൂലി, ജന്മിത്വത്തിന്റെ ജനവിരുദ്ധ സാംസ്‌കാരിക രൂപങ്ങള്‍ ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയവയെല്ലാം ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയിലാണ് ഉണ്ടായത്.
ഇത്തരം നിയമങ്ങള്‍ നടപ്പാക്കാനുള്ള ജനകീയ അടിത്തറ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്.മൂന്നുഭാഗമായി കിടന്ന കേരളത്തെ ഐക്യകേരള മുദ്രാവാക്യമുയര്‍ത്തി യോജിപ്പിച്ച് കൊണ്ടുവരുന്നതിന് ഇടപെട്ടത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ്.
ഭാവികേരളമെന്നത് ഇവിടത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സാധാരണക്കാരുടെയും താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കണം എന്ന നിലപാടായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടി എക്കാലവും സ്വീകരിച്ചത്. ഭരണവുമായി ബന്ധപ്പെട്ടും പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും സൂചിപ്പിരുന്നു. പാര്‍ട്ടി പ്രമേയം ഇങ്ങനെ പറഞ്ഞു:
‘ഭരണകക്ഷിയായതോടുകൂടി ഈ രാജ്യത്തുള്ള എല്ലാവരുടെയും ന്യായമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള ചുമതല പാര്‍ടിക്കുണ്ട്. ഈ ഉത്തരവാദിത്വത്തില്‍ അഹങ്കരിക്കുകയോ ഈ തക്കം മറ്റുള്ളവരോട് പ്രതികാരം ചെയ്യുവാന്‍ ഉപയോഗിക്കുകയോ ചെയ്യരുത്. നമ്മുടെ ചുമതലയുടെ ഭാരം കൊണ്ട് തല കുനിയുകയാണ് വേണ്ടത്.”
നിലവിലുള്ള വ്യവസ്ഥയെ വിപ്‌ളവകരമായി മാറ്റിമറിക്കാന്‍ ഇടപെടുമ്പോള്‍ തന്നെ ചുറ്റുമുള്ള ലോകത്ത് ഇടപെട്ടുകൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്ന നയം പാര്‍ട്ടി ആശയവ്യക്തതയോടെ കേരള സംസ്ഥാന രൂപീകരണ ഘട്ടത്തില്‍തന്ന സ്വീകരിച്ചിരുന്നു. ഇതിന്റെ തികവാര്‍ന്ന പ്രതിഫലനം ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളെ നയിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

  Categories:
view more articles

About Article Author