ആദ്യ മന്ത്രിസഭയുടെ 60-ാ‍ം വാർഷിക ആഘോഷം; ഉപസമിതി രൂപീകരിക്കും

ആദ്യ മന്ത്രിസഭയുടെ 60-ാ‍ം വാർഷിക ആഘോഷം; ഉപസമിതി രൂപീകരിക്കും
January 12 04:50 2017

തിരുവനന്തപുരം: കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60-ാ‍ം വാർഷികം ആഘോഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീൻ കൺവീനറായി ഉപസമിതി രൂപീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ കെ ബാലൻ, പ്രൊഫ. സി രവീന്ദ്രനാഥ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, അഡ്വ. മാത്യു ടി തോമസ്‌ എന്നിവർ സമിതി അംഗങ്ങളാണ്‌.
2017-18 സാമ്പത്തിക വർഷം മുതൽ പദ്ധതിപ്രവർത്തനങ്ങൾക്ക്‌ ഭരണാനുമതി നൽകുന്നതിനുള്ള വകുപ്പുതല വർക്കിങ്‌ ഗ്രൂപ്പിന്റെ അധികാരപരിധി നിലവിലുളള 5 കോടി രൂപയിൽ നിന്നും 10 കോടി രൂപയായി ഉയർത്തി. 10 കോടി രൂപാവരെ ചെലവ്‌ വരുന്ന പദ്ധതികൾക്ക്‌ ഭരണാനുമതി നൽകുന്നതിന്‌ വകുപ്പുതല കർമ്മസമിതികളേയും 10 കോടി രൂപക്കുമുകളിൽ ചെലവുവരുന്ന പദ്ധതികൾക്ക്‌ ഭരണാനുമതി നൽകുവാൻ പ്രത്യേക കർമ്മസമിതിയേയും ചുമതലപ്പെടുത്താനും സർക്കാർ തീരുമാനിച്ചു.
യുഡിഎഫ്‌ സർക്കാരിന്റെകാലത്ത്‌ തലസ്ഥാന നഗരവികസനത്തിന്റെ മറവിൽ അട്ടക്കുളങ്ങര സ്കൂൾ പൊളിച്ചുമാറ്റി ഷോപ്പിംങ്ങ്‌ കോംപ്ലെക്സ്‌ പണിയാനുള്ള ഉത്തരവ്‌ റദ്ദാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അട്ടക്കുളങ്ങര ഗവൺമെന്ര്‌ സെൻട്രൽ ഹൈസ്കൂളിന്റെ കൈവശമുള്ള ഭൂമിയിൽ ട്രിഡ മുഖേന ബസ്ബേ, ഷോപ്പിംഗ്‌ കോംപ്ലക്സ്‌ എന്നിവ നിർമ്മിക്കുന്നതിനു കഴിഞ്ഞ സർക്കാർ അനുവദിച്ച ഉത്തരവാണ്‌ റദ്ദാക്കിയത്‌.

നിയമസഭാ വജ്രജൂബിലി: സെമിനാർ പരമ്പര ഉദ്ഘാടനം 18 ന്‌
തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കേരളത്തിന്റെ സാമൂഹ്യ പരിവർത്തനത്തെ ആഴത്തിൽ സ്വാധീനിച്ച നിയമ നിർമ്മാണങ്ങൾ സംബന്ധിച്ച്‌ സെമിനാർ പരമ്പര നടത്തുന്നു.
വിവിധ ജില്ലകളിൽ നടക്കുന്ന സെമിനാർ പരമ്പരയുടെ ഉദ്ഘാടനം ജനുവരി 18ന്‌ ഉച്ചയ്ക്ക്‌ 2.30 ന്‌ നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്‌ ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന്‌ കേരള നിയമസഭ- നിയമനിർമ്മാണത്തിന്റെ ആറ്‌ പതിറ്റാണ്ടുകൾ എന്ന വിഷയത്തിൽ പരമ്പരയിലെ ആദ്യ സെമിനാർ സംഘടിപ്പിക്കും.
സെമിനാറിൽ മന്ത്രി ജി സുധാകരൻ വിഷയം അവതരിപ്പിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ ബി കെമാൽ പാഷ, മുൻ സംസ്ഥാന പ്ലാനിംഗ്‌ ബോർഡ്‌ അംഗങ്ങളായ സി പി ജോൺ, ജി വിജയരാഘവൻ എന്നിവർ പങ്കെടുക്കും.
സെമിനാറിൽ മുൻ നിയമസഭാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ്‌ സെക്രട്ടറിയുമായ ഡോ. എൻ കെ ജയകുമാർ മോഡറേറ്റർ ആകും.

  Categories:
view more articles

About Article Author