Saturday
18 Nov 2017

ആയിരം പൂർണചന്ദ്രന്മാരെ കണ്ട്‌ എംടി

By: Web Desk | Sunday 16 July 2017 4:45 AM IST

കോഴിക്കോട്‌: മലയാളത്തിന്റെ സ്വന്തം എം ടിക്ക്‌ വയസ്സ്‌ എൺപത്തിനാല്‌. ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട മലയാളത്തിന്റെ അക്ഷരസുകൃതത്തിന്‌ ആശംസയുമായി രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും ആരാധകരും കോഴിക്കോട്‌ നഗരത്തിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പിറന്നാൾ ആഘോഷങ്ങളോട്‌ താത്പര്യമില്ലെങ്കിലും എം ടി വാസുദേവൻ നായർ എല്ലാവരെയും പുഞ്ചിരിയോടെ വരവേറ്റു. ഒരു ചെറുപുഞ്ചിരിയിലും ചെറുവാക്കുകളിലും മറുപടി ഒതുക്കിയെങ്കിലും വാക്കുകളിൽ സ്നേഹം നിറച്ചുകൊണ്ടാണ്‌ അദ്ദേഹം എല്ലാവരെയും യാത്രയാക്കിയത്‌.
എൺപത്തിനാല്‌ വർഷം തനിക്കനുവദിച്ച കാലത്തിന്‌ എം ടി നന്ദി പറഞ്ഞു. ഇത്രയും സമയം കാലം തനിക്ക്‌ അനുവദിച്ച്‌ തന്നു. അതിന്‌ കാലത്തിനും പ്രകൃതിക്കും നന്ദി പറയുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
മലയാള സാഹിത്യ-സിനിമാ രംഗത്ത്‌ പുതിയ പരീക്ഷണങ്ങൾ നടത്തിയും ഭാഷയിൽ പുതുഭാവുകത്വത്തിന്റെ മഞ്ഞുപൊഴിച്ചും വായനക്കാർക്കും പ്രേക്ഷകർക്കും പുതിയ അനുഭൂതികൾ പകർന്നു നൽകിയ പ്രിയപ്പെട്ട എഴുത്തുകാരൻ ശതാഭിഷിക്തനായെങ്കിലും പ്രത്യേകിച്ച്‌ ആഘോഷ പരിപാടികളൊന്നും ഒരുക്കിയിരുന്നില്ല. നടക്കാവ്‌ കൊട്ടാരം റോഡിലെ ‘സിതാര’യിൽ പതിവ്‌ പോലെ കസേരയിലിരുന്ന്‌ എം ടി അതിഥികളെ സ്വീകരിച്ചു. കർക്കടകത്തിലെ ഉതൃട്ടാതി (ഓഗസ്റ്റ്‌ 11)യാണ്‌ ജന്മനാൾ. എന്നാൽ ഇംഗ്ലീഷ്‌ തീയതി അനുസരിച്ച്‌ ഇന്നലെയായിരുന്നു എൺപത്തിനാലാം പിറന്നാൾ. വീട്ടിൽ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും കൊച്ചുമകൻ മാധവുമുൾപ്പെടെയുള്ളവർക്കൊപ്പം സന്തോഷം പങ്കിട്ട്‌, സദ്യയുണ്ട്‌ വലിയ ബഹളമില്ലാതെ അദ്ദേഹം പിറന്നാൾ ആഘോഷിച്ചു. ഒരു പിറന്നാളിന്റെ ഓർമ്മ എന്ന കഥയിൽ പറഞ്ഞതുപോലെ തന്നെയാണ്‌ എംടിയുടെ ജന്മദിനവും. ആഘോഷം പതിവില്ല. മുമ്പൊക്കെ മൂകാംബിക ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും ഉണ്ടാവാറില്ല. ഉമ്മൻചാണ്ടി, എം കെ രാഘവൻ എം പി, പുരുഷൻ കടലുണ്ടി എം എൽ എ, പി വി ഗംഗാധരൻ, കഥാകൃത്ത്‌ വി ആർ സുധീഷ്‌, കെ എസ്‌ വെങ്കിടാചലം, കെ ടി സി അബ്ദുള്ള തുടങ്ങിയവരെല്ലാം എം ടിയുടെ വീട്ടിലെത്തി ആശംസകൾ അറിയിച്ചു.
കാളാണ്ടിത്താഴം ദർശനം സാംസ്ക്കാരിക വേദി പ്രവർത്തകരും എം ടിക്ക്‌ ആശംസ അറിയിക്കാനെത്തി. ദർശനം സെക്രട്ടറി എം എ ജോൺസൺ, പ്രസിഡന്റ്‌ എ വിഷ്ണു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തകരെത്തിയത്‌. രണ്ടാമൂഴത്തിന്റെ പതിപ്പ്‌ ഒപ്പിട്ട്‌ എം ടി ദർശനം പ്രവർത്തകർക്ക്‌ കൈമാറി. നേരിട്ട്‌ വരാൻ കഴിയാത്ത പലരും ഫോണിൽ വിളിച്ച്‌ എം ടിയെ ആശംസകൾ അറിയിച്ചു.