ആരതിയുടെ സഖി

ആരതിയുടെ സഖി
April 14 04:50 2017

ആർച്ച ബി ജയകുമാർ
സഖി എന്ന വാക്കിനർഥം പ്രിയപ്പെട്ട കൂട്ടുകാരി എന്നാണ്‌. പദത്തിന്‌ വഴിക്കാട്ടിയെന്നും അർഥമുണ്ട്‌. മുംബൈ നഗരങ്ങളിലെ ചേരികളിൽ വളർന്നുവരുന്ന എണ്ണമറ്റ പെൺകുട്ടികൾക്ക്‌ അക്ഷരാർഥത്തിൽ ഒരു സഖിയാവുകയാണ്‌ ആരതി നായിക്ക്‌ എന്ന പെൺകുട്ടി.
തന്റെ ചുറ്റുപാടിലുമുള്ള പെൺക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തുടക്കം കുറിച്ച ‘സഖി ഫോർ ഗേൾസ്‌ എഡ്യൂക്കേഷൻ’ എന്ന സംഘടനയുടെ സ്ഥാപകയാണ്‌ ആരതി നായിക്ക്‌.
മുംബൈയ്ക്കടുത്തുള്ള പ്രാന്തപ്രദേശമായ മുളന്തിൽ ജനിച്ചു വളർന്ന ആരതിയ്ക്കു പട്ടിണിയും ദാരിദ്ര്യവും ഏറെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. കൃത്യമായ മാർഗ്ഗോപദേശങ്ങൾ ഇല്ലാത്തതിനാലും ദാരിദ്ര്യവും പട്ടിണിയും മൂലം അവൾ പത്താം ക്ലാസ്‌ പരീക്ഷയിൽ തോറ്റു. പക്ഷേ ആ തോൽവി ഒരു തരത്തിലും അവളെ ബാധിച്ചില്ല. തുടർന്നു പഠിക്കണമെന്നുള്ള ആഗ്രഹം അവളിൽ തീഷ്ണമായി. പക്ഷേ വീട്ടിലെ സാമ്പത്തിക സ്ഥിതി ആലോചിച്ചപ്പോൾ സ്വയംതൊഴിൽ ചെയ്തു തന്റെ പഠനത്തിനു ആവശ്യമുള്ള പണം സമാഹരിക്കാൻ അവൾ തീരുമാനിച്ചു.
വീട്ടിലിരുന്നു തന്നെ ആഭരണങ്ങൾ നിർമ്മിച്ചു ആവശ്യക്കാർക്കു നൽകി. ദിനംപ്രതി ഒൻപത്‌ രൂപ വെച്ചായിരുന്നു ആരതിയ്ക്കു ലഭിച്ചിരുന്നത്‌. മൂന്നു വർഷത്തോളം ജോലി ചെയ്തു പഠനത്തിനു ആവശ്യമായ പണം സമ്പാദിച്ചപ്പോൾ സ്കൂളിൽ ചേരാൻ തീരുമാനിച്ചു. പത്താം ക്ലാസ്‌ പരീക്ഷ വിജയിച്ചുവെന്നു മാത്രമല്ല കുറച്ചു വർഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ യശ്വനന്ത്‌റാവോ ചവൻ മഹാരാഷ്ട്രാ യൂണിവേഴ്സിറ്റിയിൽ സാമൂഹ്യശാസ്ത്രത്തിനു ചേരുകയും ചെയ്തു.
ചേരിയിൽ താമസിക്കുന്ന ഓരോ പെൺകുട്ടിയും ഞാൻ അനുഭവിച്ച അതേ വേദനകൾ അനുഭവിക്കുന്നുണ്ട്‌. പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനെപ്പറ്റി ആരും അധികം ചിന്തിക്കാറില്ല. ഇതൊക്കെകാരണം അടിസ്ഥാനവിദ്യാഭ്യാസം പോലും പെൺകുട്ടികൾക്ക്‌ ലഭിക്കുന്നില്ല. ഈ ചിന്തകളാണ്‌ പെൺകുട്ടികളുടെ പഠനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്‌ എന്നെ ചിന്തിപ്പിച്ചത്‌ – ആരതി പറയുന്നു.
2008ലാണ്‌ ആരതി സഖി എന്ന സംഘടന സ്ഥാപിക്കുന്നത്‌. സാമ്പത്തിക ബുദ്ധിമുട്ടും പെൺക്കുട്ടികൾക്ക്‌ നൽകുന്ന നിസാരമായ പരിഗണനയും കാരണം പലപ്പോഴും പ്രാഥമികവിദ്യാഭ്യാസം പോലും അവർക്ക്‌ നിഷേധിക്കപ്പെടുന്നു. അതിന്റെ ഫലമായി സ്വന്തം പേരെഴുതാനോ വായിക്കാനോ പോലും അവർക്ക്‌ കഴിയാതെവരുന്നു. നിസ്സാരകണക്കുകൾ പോലും കൂട്ടാൻ പറ്റുന്നില്ല.
സഖിയുടെ പ്രധാന ഉദ്ദ്യേശം തന്നെ പെൺക്കുട്ടികൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഉറപ്പ്‌ വരുത്തുന്നതു വഴി അവരെ സമൂഹത്തിന്റെ മുൻധാരയിലേക്ക്‌ കൂട്ടികൊണ്ടുവരുക എന്നതാണ്‌.
കൂടാതെ വ്യക്തിഗത പരിശീലനവും സഖിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
തുടക്കം അത്ര എളുപ്പമായിരുന്നില്ല. പെൺകുട്ടികളുടെ മാതാപിതാക്കളെ ഞാൻ വീട്ടിൽപോയി കണ്ടു അവരുമായി സംസാരിച്ചു. പ്രത്യേകിച്ചും അമ്മമാരെ. വിദ്യാഭ്യാസമില്ലാത്തതുകൊണ്ടു അവർക്ക്‌ ജോലി ലഭിക്കാതെ പോയത്‌ ഞാൻ ചൂണ്ടിക്കാട്ടി. ഞാൻ പറയുന്നത്‌ മനസ്സിലാക്കി അവർ കുട്ടികളെ എന്റെയടുത്ത്‌ പഠിക്കാൻ വിട്ടു. ആരംഭത്തിൽ ആറു കുട്ടികൾ മാത്രമായിരുന്നു. ക്രമേണ അത്‌ ഇരുപത്തിമൂന്നായി. അങ്ങനെ ഞാൻ വായനയ്ക്കും എഴുത്തിനുമായി പ്രത്യേകം ക്ലാസുകൾ നടത്തി തുടങ്ങി. ഉയർന്ന ക്ലാസുകളിൽ ഭാഷയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കി ആഴ്ചയിലൊരിക്കൽ പ്രത്യേക ഭാഷാപരിശീലന ക്ലാസുകൾ നടത്തുന്നു. – ആരതി ഓർമ്മിക്കുന്നു.
2010ൽ ചേരി പെൺകുട്ടികൾക്കായി സഖി ഇംഗ്ലീഷ്‌ പുസ്തകങ്ങളുടെ ഒരു വായനശാല ആരംഭിച്ചു. അതു പിന്നെ പെൺകുട്ടികൾക്ക്‌ പുസ്തകങ്ങൾ അവരുടെ വീട്ടിൽ എത്തിച്ചുകൊടുക്കാൻ തുടങ്ങി. കൂടാതെ കൗമാരക്കാരായ പെൺകുട്ടികൾക്കും യുവതികൾക്കും വേണ്ടി തൊഴിലധിഷ്ഠിതമായ പരിശീലനവും നൽകിവരുന്നു. 2013ൽ ഒരു അന്താരാഷ്ട്ര വേതനത്തിന്റെ സഹായത്തോടെ കുട്ടികളെ പഠിപ്പിക്കാൻ ഒരു സ്ഥലം വാടകയ്ക്കു കണ്ടെത്താൻ കഴിഞ്ഞു.
പെൺകുട്ടികൾക്ക്‌ പൂർണ്ണ വിദ്യഭ്യാസം എന്ന സ്വപ്നം ഇന്നും വിദൂരമായി നിൽക്കുന്ന ഇന്ത്യയിൽ ആരതിയുടെ ഈ പ്രയത്നം ഏവർക്കും പ്രചോദനമാണ്‌.

view more articles

About Article Author