Sunday
24 Jun 2018

ആരോഗ്യ, ആതുരശുശ്രൂഷ രംഗത്ത്‌ സമഗ്ര നിയമനിർമാണം അനിവാര്യം

By: Web Desk | Tuesday 18 July 2017 5:00 AM IST

തികച്ചും ന്യായമായ സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ട്‌ കേരളത്തിലെ നഴ്സുമാർ നടത്തിവരുന്ന സമരത്തോട്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇന്നലെ ചേർന്ന യോഗം സ്വീകരിച്ച നിലപാട്‌ ഏറെ പ്രതീക്ഷയോടെയാണ്‌ നഴ്സുമാരും അവരുടെ സംഘടനകളും കേരളീയ സമൂഹം പൊതുവിലും നോക്കിക്കാണുന്നത്‌. കണ്ണൂർ ജില്ലയിൽ നഴ്സുമാരുടെ സമരത്തെ നേരിടാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 144-ാ‍ം വകുപ്പുപയോഗിച്ച്‌ ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ്‌ സംസ്ഥാന സമിതിയുടെ സമരത്തോടുള്ള സമീപനം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ആതുരശുശ്രൂഷ രംഗത്ത്‌ സ്വകാര്യ മേഖലയിൽ പലപ്പോഴും തുച്ഛമായ വേതനത്തിന്‌ അടിമസമാനമായി ജോലിചെയ്യേണ്ടിവരുന്ന നഴ്സുമാരടക്കം ആശുപത്രി ജീവനക്കാരുടെ ദുരിതകഥകൾ ഇന്ന്‌ കേരളീയ സമൂഹത്തിന്‌ ബോധ്യമുള്ള വസ്തുതയാണ്‌. അവയ്ക്ക്‌ പരിഹാരം കാണാൻ എൽഡിഎഫ്‌ സർക്കാർ ആത്മാർഥമായ ശ്രമങ്ങളാണ്‌ നടത്തിവരുന്നത്‌. ആതുര ശുശ്രൂഷയുടെ പേരിൽ ആരോഗ്യരംഗത്തെ കച്ചവടമാക്കി മാറ്റിയ ഒരുപറ്റം തൊഴിലുടമകളെ നിയമത്തിന്റെയും നീതിയുടെയും വഴിയിൽ കൊണ്ടുവരാനുള്ള ശ്രമം ശക്തമായ ചെറുത്തുനിൽപ്പിനെയാണ്‌ നേരിടേണ്ടിവരുന്നത്‌. എന്നിരിക്കിലും ട്രേഡ്‌ യൂണിയൻ പ്രതിനിധികളടക്കം തൊഴിൽബന്ധ സമിതികൾക്ക്‌ രൂപം നൽകി പ്രശ്നപരിഹാരത്തിനായി ആത്മാർഥ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളതായാണ്‌ മനസിലാക്കാൻ കഴിയുന്നത്‌. കേരളത്തിലാകെ പകർച്ചപ്പനി പടർന്നുപിടിക്കുമ്പോൾ ആശുപത്രികൾ അപ്പാടെ നിശ്ചലമാകുന്നത്‌ സർക്കാരിന്‌ കാഴ്ചക്കാരായി നോക്കിനിൽക്കാനാവില്ല. എന്നിട്ടും ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ പോലും അവശ്യ സേവന പരിപാലന നിയമം (എസ്മ) വിവേചന രഹിതമായി പ്രയോഗിക്കാൻ എൽഡിഎഫ്‌ സർക്കാർ മുതിർന്നില്ലെന്നത്‌ ശ്രദ്ധേയമാണ്‌. പണിയെടുക്കുന്നവരുടെ കൂട്ടായ വിലപേശൽഅവകാശത്തെ കരിനിയമങ്ങൾ ഉപയോഗിച്ച്‌ നേരിടുകയെന്നത്‌ തങ്ങളുടെ നയമല്ലെന്നു വ്യക്തമാക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ ചെയ്തത്‌. മാത്രമല്ല മുഖ്യമന്ത്രിതന്നെ പ്രശ്നത്തിൽ നേരിട്ട്‌ ഇടപെട്ട്‌ വ്യാഴാഴ്ച ചർച്ചകൾക്ക്‌ മുൻകൈ എടുത്തിട്ടുമുണ്ട്‌.
ഒരു സമൂഹത്തിനാകെ ഉത്തമ ബോധ്യമുള്ള ദൈന്യതയർഹിക്കുന്ന പ്രശ്നമാണ്‌ നഴ്സുമാരുടെ സമരത്തിന്‌ ആധാരം. അതിന്‌ പരിഹാരം കാണാൻ ഊർജിത ശ്രമങ്ങൾ നടക്കവെ സമരത്തെ നേരിടാൻ കണ്ണൂർ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ്‌ അവശ്യം ആവശ്യമായി ഗൃഹപാഠം കൂടാതെയുള്ള അപക്വ നടപടിയായെ വിലയിരുത്താനാവു. അത്‌ അനിവാര്യമായി മാറിയ അവകാശ സമരത്തെ ഫലത്തിൽ അട്ടിമറിക്കുന്നതിന്‌ തുല്യമായി. അതിലുപരി നിയമപരമായും ധാർമികമായും സാധൂകരിക്കാൻ കഴിയാത്ത അപകടകരമായ ഒന്നായി വ്യാഖ്യാനിക്കപ്പെട്ടാൽ അതും നിഷേധിക്കാൻ കഴിയില്ല. എൽഡിഎഫ്‌ സർക്കാർ പണിയെടുക്കുന്നവരോടും അവരുടെ ന്യായമായ അവകാശ സമരങ്ങളോടും അവലംബിച്ചുപോന്ന സമീപനവുമായി ആ ഉത്തരവ്‌ പൊരുത്തപ്പെടുന്നില്ല. ഫലത്തിൽ ആ ഉത്തരവ്‌ നഴ്സുമാരുടെ സമരത്തെ തളർത്തുന്നതിന്‌ പകരം അതിന്‌ കരുത്തുപകരുകയാണ്‌ ചെയ്തത്‌. സമരത്തിന്‌ ജനപിന്തുണ വർധിപ്പിക്കാനും അത്‌ വ്യാപകമാക്കാനുമുള്ള അന്തരീക്ഷമാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
ആതുര ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാർ ഉൾപ്പെടെ ജീവനക്കാരുടെ അടിസ്ഥാനപരമായ സേവന വേതന വ്യവസ്ഥകൾ നിയമവിധേയമാക്കുക മാത്രമാണ്‌ ഈ രംഗത്ത്‌ കഴിഞ്ഞ കുറേയേറെക്കാലമായി നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക്‌ വിരാമമിടാനുള്ള മാർഗം. വ്യക്തമായി നിർവചിക്കപ്പെട്ട നിയമ വ്യവസ്ഥകൾ കൂടാതെ അതിവിപുലമായി വികസിച്ചുകഴിഞ്ഞിരിക്കുന്ന ഈ മേഖലയെ നിയന്ത്രിക്കാനാവില്ല. പൊതു ആരോഗ്യരംഗത്തോടൊപ്പമോ അതിലേറെയോ വികസിച്ചുകഴിഞ്ഞിരിക്കുന്ന സ്വകാര്യ ചികിത്സാ വ്യവസായത്തിൽ പണിയെടുക്കുന്ന ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഇപ്പോഴും ഷോപ്‌ ആൻഡ്‌ എസ്റ്റാബ്ലിഷ്മെന്റ്‌ ആക്ടിന്റെ പരിധിയിലാണ്‌. അത്‌ ആധുനിക സാമൂഹ്യ യാഥാർഥ്യങ്ങളുമായോ ഈ മേഖലയിലെ ബിസിനസ്‌ അന്തരീക്ഷവുമായോ പൊരുത്തപ്പെടുന്നതല്ല. ഇക്കാര്യത്തിൽ സമരരംഗത്തുള്ള നഴ്സുമാർ ഉയർത്തിപ്പിടിക്കുന്ന സുപ്രിം കോടതി നിർദ്ദേശം പോലും പ്രശ്നത്തിനു ശാശ്വത പരിഹാരവുമല്ല. രാജ്യത്ത്‌ ഏറ്റവുമധികം ആളുകൾ സംഘടിത ചികിത്സാ സംവിധാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയിലും വിനോദസഞ്ചാര മേഖലയിലെ കേരളത്തിന്റെ സവിശേഷതകളിൽ ഒന്നായി ഹെൽത്ത്‌ ടൂറിസത്തെ ഉയർത്തിക്കാട്ടാൻ നാം ശ്രമിക്കുന്നുവെന്ന വസ്തുത കണക്കിലെടുത്തും ഈ മേഖലയെയും അതിലെ തൊഴിലവസരങ്ങളെയും നിയമാധിഷ്ഠിതമായി ക്രമീകരിക്കാനും നിയന്ത്രിക്കാനും സമഗ്ര നിയമനിർമാണം കൂടിയെ തീരു. ഇപ്പോൾ സംജാതമായിട്ടുള്ള അന്തരീക്ഷം ആ ദിശയിൽ ചിന്തിക്കാൻ എൽഡിഎഫ്‌ സർക്കാരിന്‌ പ്രേരകമാകണം.