ആര്യമാല ആട്ടം: വിസ്മൃതിയിലാകുന്ന കേരളത്തിന്റെ പ്രാചീനകലാരൂപം

ആര്യമാല ആട്ടം: വിസ്മൃതിയിലാകുന്ന കേരളത്തിന്റെ പ്രാചീനകലാരൂപം
January 07 04:45 2017

വലിയശാല രാജു
നാഗരികതയുടെ കുത്തൊഴുക്കിൽ നമുക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്ന പ്രാചീന നൃത്തകലാരൂപങ്ങളിൽ ഒന്നാണ്‌ ആര്യമാല ആട്ടം. തലമുറകൾ കൈമാറിവന്ന ഒട്ടനവധി പ്രാചീന കലാരൂപങ്ങൾ നമുക്കുണ്ടായിരുന്നു. സമ്പന്നമായൊരു സംസ്കൃതിയുടെ ചരിത്രം പേറുന്നവയായിരുന്നു എവയെല്ലാം. വേരറ്റ്‌ പോകുന്ന കലാരൂപങ്ങൾ സംരക്ഷിക്കപ്പെടേണ്ടത്‌ നമ്മുടെ വംശത്തിന്റെ പാരമ്പര്യം നിലനിർത്തേണ്ടതിന്റെ കൂടി ഭാഗമാണ്‌.
ഇരുന്നൂറോളം വർഷം പഴക്കമുള്ള ആര്യമാല ആട്ടം കൂത്തിനും കഥകളിക്കും പ്രചാരം ഉണ്ടാകുന്നതിന്‌ വളരെ മുമ്പ്‌ തന്നെ ക്ഷേത്രകല എന്ന നിലയിൽ പ്രചാരം നേടിയിരുന്നു. തമിഴും മലയാളവും ഇഴചേർന്ന ഭാഷയിലാണ്‌ ആട്ടക്കഥ രചിച്ചിട്ടുള്ളത്‌. കഥകളിക്കും യക്ഷഗാനത്തിനും സദൃശമാണ്‌ ഈ കലാരൂപം. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട്‌ തവണ ആര്യമാല ആടിയിരുന്നു. ഇന്ന്‌ ഈ കല ഏറെക്കുറെ നിർജീവമാണ്‌.
തീവ്രമായ പ്രണയത്തിന്റെ കഥ പറയുന്ന കലയാണ്‌ ആര്യമാല ആട്ടം. സ്കന്ദപുരാണം പതിനെട്ടാം സർഗത്തിൽ സുബ്രഹ്മണ്യന്റെ യൗവനകാലം പരാമർശിക്കപ്പെടുന്നിടത്ത്‌ നിന്നുമാണ്‌ ഈ കലാരൂപത്തിന്റെ ഉത്ഭവം. പൗർണമിനാളിൽ ശിവപാർവതിമാരെ ഭജിക്കാൻ കൈലാസത്തിലെത്തുന്ന സപ്തകന്യകമാരിൽ സുന്ദരിയായ ഇളാകുമാരിയിൽ അനുരക്തനായ സുബ്രഹ്മണ്യൻ കുമാരിയോട്‌ കാട്ടുന്ന പ്രണയ ചേഷ്ടകൾ പാർവതി ആസ്വദിക്കുന്നു. ഇതിൽ കോപിഷ്ഠനായ പരമശിവൻ ഭാര്യയെയും മകനെയും ഇളാകുമാരിയെയും ശപിക്കുന്നു. ഭൂമിയിൽ പിറന്ന്‌ വന്നാൽ ശാപമോക്ഷം കിട്ടുമെന്ന പരിഹാരവും നിർദ്ദേശിച്ചു.
കാവേരി നദീതീരത്തുള്ള കമ്പവനത്തിൽ കാമാത്തി എന്ന തപസ്വിനിയായി പാർവതിയും പേടമാനിന്റെ വയറ്റിൽ നിന്നും മനുഷ്യക്കുഞ്ഞായി കാത്തവരായൻ എന്ന പേരിൽ സുബ്രഹ്മണ്യനും ജന്മംകൊണ്ടു. ഈ സമയം കാവേരിയുടെ മറുകരയിൽ കുട്ടികളില്ലാതെ വിഷമിച്ച്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ച രണ്ട്‌ ദമ്പതികളായ ആര്യപൂരാജനും മലർമാലക്കും യാഗാഗ്നിയിൽ നിന്നും ഒരു പെൺകുഞ്ഞിനെ ലഭിക്കുന്നു. ഇളാകുമാരിയുടെ അവതാരമായിപ്പിറന്ന ആ കുഞ്ഞ്‌ ആര്യമാലയെന്ന പേരിൽ ‘മാ’ നഗരത്തിൽ രാജ്ഞിയായി. രാജഭരണം ആര്യമാലയ്ക്ക്‌ നൽകി ആര്യ പുരാജനും മലർമാലയും വനവാസത്തിന്‌ പോയി. കാവേരി നദിക്കരയിൽ യാദൃച്ഛികമായി ആര്യമാലയെ കാത്തവരായൻ കണ്ടുമുട്ടുന്നു. ആദ്യ ദർശനത്തിൽത്തന്നെ ഇളാകുമാരിയെന്ന ആര്യമാലയോട്‌ കാത്തവരായന്‌ അനുരാഗമുണ്ടായി. എന്നാൽ ആര്യമാലയുടെ പുരുഷവിരോധം കാത്തവരായന്റെ പ്രണയത്തിന്‌ തടസമായി. അതിശക്തമായ എതിർപ്പുകളെ ഒന്നൊന്നായി പരാജയപ്പെടുത്തി ഒടുവിൽ കാത്തവരായനെന്ന സുബ്രഹ്മണ്യനും ആദ്യമാലയെന്ന ഇളാകുമാരിയും തമ്മിൽ ഒന്നിക്കുന്നതാണ്‌ ആര്യമാല ആട്ടത്തിന്റെ ഇതിവൃത്തം.
പാലക്കാട്‌ സ്വദേശിയായ സുബ്രഹ്മണ്യശാസ്ത്രിയാണ്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള ആര്യമാല ആട്ടം ചിട്ടപ്പെടുത്തിയത്‌. ഇന്നിത്‌ തലമുറകൾ കടന്ന്‌ കഴിഞ്ഞ 30 വർഷമായി കൊല്ലത്തിന്റെ തനത്‌ രൂപമെന്ന നിലയിൽ ലബ്ധപ്രതിഷ്ഠ നേടിയിരിക്കുന്നു.
മുപ്പത്തിയാറ്‌ രംഗങ്ങളുള്ള കഥയിൽ ഇരുപത്തിയാറ്‌ കഥാപാത്രങ്ങളുണ്ട്‌. ആട്ടം ആടിത്തീരുന്നതിന്‌ നാല്‌ രാത്രികൾ വേണം. വൈവിധ്യമായ കഥാപാത്രങ്ങളാണ്‌ ആട്ടത്തിന്റെ മുഖ്യ ആകർഷണം. നല്ല മെയവഴക്കമുണ്ടെങ്കിലേ ആട്ടം കളിക്കാൻ കഴിയു. കൊല്ലം ജില്ലയിൽ മുളങ്കാടകത്താണ്‌ ഈ കലാരൂപത്തിന്റെ ഏക ആസ്ഥാനം. ജീവിച്ചിരിക്കുന്നവരിൽ നടേനശനാശാനാണ്‌ ഈ ആട്ടം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ളത്‌. കൊല്ലം മുളങ്കാടകത്ത്‌ തന്നെ ‘ദേവീവിലാസം ആര്യമാല ആട്ടക്കഥ സമിതി’ എന്ന പേരിൽ ഒരു സംഘടന ഈ കലാരൂപത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നുണ്ട്‌.

  Categories:
view more articles

About Article Author