‘ആറന്മുളഅരി’ വിപണിയിലേക്ക്‌

‘ആറന്മുളഅരി’ വിപണിയിലേക്ക്‌
May 19 03:45 2017

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത്‌ കൃഷിചെയ്തെടുത്ത ആറന്മുള അരി ഇന്നു മുതൽ വിപണിയിലെത്തും. നെൽകൃഷി പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട്‌ ആറന്മുള ബ്രാന്റ്‌ അരിയുടെ വിപണന ഉദ്ഘാടനം ഇന്ന്‌ ഉച്ചയ്ക്ക്‌ രണ്ടിന്‌ ആറന്മുള ഐക്കര ജംഗ്ഷനിൽ കൃഷി മന്ത്രി അഡ്വ.വി എസ്‌ സുനിൽകുമാർ നിർവ്വഹിക്കും. ആറന്മുള എംഎൽഎ വീണാ ജോർജ്ജ്‌ അധ്യക്ഷയാകും.
ഓയിൽ പാം ഇന്ത്യ തയ്യാറാക്കിയ ആറന്മുള ബ്രാന്റ്‌ അരി വിപണനകേന്ദ്രം ആറൻമുള ഐക്കര ജംഗ്ഷനിലെ കടമുറിയിലാണ്‌ ആരംഭിക്കുന്നത്‌. ആറന്മുള സമരത്തിലെ നിറസാന്നിധ്യമായിരുന്ന സ്ത്രീ കൂട്ടായ്മയിൽ നിന്നുളളവരാണ്‌ അരിക്കട നിയന്ത്രിക്കുന്നതും വിപണനത്തിന്‌ നേതൃത്വം നൽകുന്നതും. ഈ വർഷം 250 ഹെക്ടറിലേക്ക്‌ നെൽകൃഷി വ്യാപിപ്പിക്കുന്നതിനാണ്‌ ലക്ഷ്യമിട്ടിട്ടുളളത്‌. കൂടാതെ നെൽകൃഷി കഴിഞ്ഞ പാടശേഖരങ്ങളിൽ പയർ, ഉഴുന്ന്‌ മുതലായവ കൃഷി ചെയ്യുന്നതിനും പരമ്പരാഗത കൃഷികൾ തിരികെ കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ട്‌.
ആറന്മുള പ്രദേശത്ത്‌ വർഷങ്ങളായി തരിശിട്ടിരുന്ന നിലങ്ങളിൽ നെൽകൃഷി പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ തുടക്കമിട്ട പദ്ധതിയാണ്‌ ആറന്മുള നെൽകൃഷി പുനരുജ്ജീവന പദ്ധതി. മന്ത്രി അഡ്വ. വി എസ്‌ സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട യോഗം ജൂലൈ 14 ന്‌ ചേരുകയും ആറന്മുള പുഞ്ചയിൽ കൃഷി പുനഃസ്ഥാപിക്കുന്നതിന്‌ പ്രോജക്ട്‌ തയ്യാറാക്കുന്നതിന്‌ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന്‌ പൊതുജനങ്ങളുടെയും കർഷകരുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട മറ്റ്‌ വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ വിളിച്ചുകൂട്ടി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 2016-17 വർഷം 101.02 ഹെക്ടർ നിലത്തിൽ നെൽകൃഷി നടപ്പിലാക്കാൻ കഴിഞ്ഞു. പദ്ധതിയുടെ വിത്ത്‌ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുള പുഞ്ചയിൽ വിത്തെറിഞ്ഞു കൊണ്ട്‌ നിർവ്വഹിച്ചു. പദ്ധതി നടത്തിപ്പിനായി ജില്ലാ കളക്ടർ ചെയർമാനായും ആറൻമുള എംഎൽഎ എക്സ്‌ ഒഫിഷ്യോ അംഗമായും, പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറായും ജില്ലാതല എക്സിക്യൂട്ടീവ്‌ കമ്മറ്റി രൂപീകരിക്കുകയും പദ്ധതി പുരോഗതി യഥാസമയങ്ങളിൽ വിലയിരുത്തുകയും ചെയ്തു. പദ്ധതിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനം ഫെബ്രുവരി 20 ന്‌ മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ പുന്നയ്ക്കാട്‌ പാടശേഖരത്തിൽ കൃഷി വകുപ്പ്‌ മന്ത്രി നിർവ്വഹിക്കുകയുണ്ടായി.
കൃഷിയിറക്കിയ 101.02 ഹെക്ടർ നിലത്തിൽ നിന്നും ആകെ 147.4 ടൺ നെല്ല്‌ ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞു. നെല്ല്‌ സംഭരിച്ച്‌ സംസ്ക്കരിച്ച്‌ വിതരണം ചെയ്യുന്നതിന്‌ ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിനെ സർക്കാർ ചുമതലപ്പെടുത്തി. കൃഷിയിറക്കിയ കർഷകർക്ക്‌ നെല്ല്‌ ഉത്പ്പാദനത്തിൽ നിന്നും 40.04 ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്‌. നശിച്ചു കിടന്ന നീർച്ചാലുകൾ പുന:സൃഷ്ടിച്ചും ജലനിർഗ്ഗമന മാർഗ്ഗങ്ങൾ ഒരുക്കിയും ഹിറ്റാച്ചി പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച്‌ അണ്ടലുകൾ നീക്കിയുമാണ്‌ കൃഷിയോഗ്യമാക്കിയത്‌. ആറൻമുള പുഞ്ചയിലെ തൂമ്പാടി, കറ്റാറ്റുവയൽ, പുന്നയ്ക്കാട്‌, നീർവിളാകം എന്നിവിടങ്ങളിലാണ്‌ ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്‌. തെച്ചിക്കാവ്‌, പന്നിവേലമൂല, ചൂരക്കുന്ന്‌ നടുവാടി ഏല, കരിയ്ക്കകം, കുറുന്താർ എന്നീ പ്രദേശങ്ങളിൽ അടുത്ത സീസണിൽ കൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ കൃഷി വകുപ്പ്‌ സ്വീകരിക്കുകയും ചെയ്തു.

  Categories:
view more articles

About Article Author