ആറളത്ത്‌ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന്‌ അഞ്ച്‌ ലക്ഷം രൂപ നൽകും: മന്ത്രി രാജു

ആറളത്ത്‌ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന്‌ അഞ്ച്‌ ലക്ഷം രൂപ നൽകും: മന്ത്രി രാജു
January 12 04:45 2017

തിരുവനന്തപുരം: ആറളം നരിക്കടവ്‌ ഭാഗത്ത്‌ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ബിജുവിന്റെ കുടുംബത്തിന്‌ അഞ്ച്‌ ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന്‌ വനം മന്ത്രി അഡ്വ. കെ രാജു അറിയിച്ചു. വന്യജീവി സങ്കേതത്തിനോട്‌ ചേർന്ന ഭാഗത്ത്‌ കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ്‌ അപകടം നടന്നത്‌. വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നത്‌ തടയാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആനപ്രതിരോധ മതിൽ നിർമ്മിച്ചിട്ടുണ്ട്‌. എന്നാൽ ഒരു ഭൂവുടമ സഹകരിക്കാത്തതിനാൽ ഒരു ഭാഗം മതിൽ കെട്ടാൻ കഴിഞ്ഞിരുന്നില്ല. ഈ ഭാഗത്ത്‌ കൂടെ ആനക്കൂട്ടം നാട്ടിലേക്കിറങ്ങുകയായിരുന്നു. ഭാര്യയും രണ്ട്‌ മക്കളുമുള്ള ബിജുവിന്റെ മരണാനന്തര ചടങ്ങുകളുടെ ചെലവ്‌ സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
കണ്ണൂർ ജില്ലയിലെ വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന്‌ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഈ മാസം ഏഴിന്‌ യോഗം ചേർന്നിരുന്നു. യോഗതീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപ അനുവദിക്കും
തിരുവനന്തപുരം: തൃശ്ശൂർ പാമ്പാടി നെഹ്രുകോളജ്‌ വിദ്യാർത്ഥിയായിരിക്കെ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മാനസിക പീഡനങ്ങളെ തുടർന്ന്‌ വിദ്യാർത്ഥി മരിച്ച സാഹചര്യത്തിൽ സ്വാശ്രയസ്ഥാപനങ്ങളുടെ നടത്തിപ്പ്‌ പരിശോധിക്കാൻ സ്ഥിരം സമിതി രൂപികരിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ അറിയിച്ചു.

  Categories:
view more articles

About Article Author