ആവശ്യകതയും യാദൃച്ഛികതയും

ആവശ്യകതയും യാദൃച്ഛികതയും
July 12 04:55 2017

കാര്യവിചാരം
യു വിക്രമൻ

ഒരുപക്ഷേ നടന്നേക്കാം, അല്ലെങ്കിൽ നടക്കാതിരിന്നേക്കാം, ഈ വിധത്തിലോ ആ വിധത്തിലോ നടന്നേക്കാം- ഇത്തരം സംഭവത്തെയാണ്‌ യാദൃച്ഛികം എന്ന്‌ പറയുന്നത്‌. നേരെമറിച്ച്‌ അവശ്യം നടന്നേ പറ്റൂ എന്നതരത്തിലുള്ള സംഭവത്തെ ആവശ്യകത എന്ന്‌ പറയുന്നു. നമുക്ക്‌ ചുറ്റുമുള്ള ലോകത്തിൽ ആവശ്യകതയും യാദൃച്ഛികതയും തമ്മിലുള്ള പരസ്പരബന്ധം എന്താണ്‌?
അവശ്യം നടന്നേ പറ്റൂ എന്നോ നടക്കാൻ പാടില്ലെന്നോ ഉള്ള യാതൊന്നുമില്ലെന്നായിരിക്കും ഇതിനുള്ള ഒരു ഉത്തരം. എന്തും, എത്ര അവിശ്വസനീയമെന്ന്‌ തോന്നിയേക്കാവുന്നതും, സംഭവിച്ചേക്കാം. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അത്‌ സംഭവിക്കും. ഈ നിലപാടിൽ നിന്ന്‌ നോക്കിയാൽ അസംഭവ്യമായ യാതൊന്നുമില്ല. ആവശ്യകത എന്നൊന്ന്‌ ഇല്ലേയില്ല. ലോകത്തിൽ നടക്കുന്നതെല്ലാം യാദൃച്ഛികതയുടെ ഫലമായുള്ളതാണ്‌.
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുപ്രസിദ്ധ ഫ്രഞ്ച്‌ സാഹിത്യകാരനായ ഫ്രാൻസ്വാ റബ്ലേ തന്റെ ഒരു പുസ്തകത്തിൽ ഇതിന്റെ നല്ലൊരു ഹാസ്യ ചിത്രീകരണം നടത്തുകയുണ്ടായി. ഗർഗാന്ത്വാ എന്നൊരു ഭീമനെപ്പറ്റിയുള്ളതാണ്‌ ഈ പുസ്തകം. അമ്മയുടെ ചെവിയിൽക്കൂടിയാണ്‌ ഈ ഭീമന്റെ ജനനം. ഇതിന്റെ സാധ്യതയെപ്പറ്റി വായനക്കാർക്ക്‌ അവിശ്വാസം തോന്നിയേക്കുമെന്ന്‌ കണ്ടുകൊണ്ട്‌ റബ്ലേ പറയുന്നത്‌ ആ വിധത്തിലുള്ള ഒരു ശിശുവിന്റെ ജനനത്തിൽ സത്യത്തിന്റെ കണിക പോലുമില്ലെങ്കിലും ദൈവത്തിന്‌ അസാധ്യമായ യാതൊന്നുമില്ലെന്നതിനോട്‌ എല്ലാവരും യോജിക്കുമല്ലോ എന്നാണ്‌. ദൈവഹിതം അതാണെങ്കിൽ മേലിൽ എല്ലാ സ്ത്രീകളും ചെവിയിൽക്കൂടി ആയിരിക്കും പ്രസവിക്കുകയത്രെ.
താൻ ഇരിപ്പുറപ്പിച്ചിട്ടുള്ള കല്ല്‌ തൽക്കാലം മിണ്ടുന്നില്ലെങ്കിലും ഏത്‌ നിമിഷത്തിലും അത്‌ പാട്ട്‌ പാടാൻ തുടങ്ങിയേക്കാമെന്നും സാധാരണ പട്ടി നാൽക്കാലിയാണെങ്കിലും ഒരു പട്ടി ഇരുപത്‌ കാലുള്ള ഒരു പട്ടിക്കുട്ടിയെ പ്രസവിച്ചുകൂടില്ലെന്നും ഇപ്പോൾ വരെ രണ്ടും രണ്ടും കൂടിയാൽ നാലാണെങ്കിലും രാത്രിയാകുമ്പോഴേയ്ക്ക്‌ അത്‌ ഒന്നായി തീർന്നേക്കാമെന്നും അങ്ങനെ അങ്ങനെ പലതും ആവശ്യകതയെ നിഷേധിച്ചുകൊണ്ട്‌ എന്തും സാധ്യമാണെന്ന്‌ വിശ്വസിക്കുന്നവർക്ക്‌ (അകാരണവാദികൾക്ക്‌) സമ്മതിക്കേണ്ടി വരും.
അകാരണവാദികൾ വാക്കിൽ മാത്രമേ ആവശ്യകതയേയും പ്രകൃതി നിയമങ്ങളേയും നിഷേധിക്കുന്നുള്ളു. വാസ്തവത്തിൽ അവർ രണ്ടിനേയും അംഗീകരിക്കുന്നുണ്ട്‌. ഈ ഒരൊറ്റ വസ്തുതയിൽ നിന്നു തന്നെ അവരുടെ സിദ്ധാന്തം എത്ര ജീവനില്ലാത്തതാണെന്ന്‌ തെളിയും. ദൈവത്തെ സംബന്ധിച്ചിടത്തോളം ആവശ്യകത എന്നൊന്നില്ലെന്നും ഈശ്വരന്‌ സാധ്യമല്ലാത്ത ഒന്നുമില്ലെന്നും ആവർത്തിച്ചുരുവിടുന്ന ക്രിസ്തീയ ‘സഭാപിതാക്കൾ’ പോലും ഓരോ ചുവടുവയ്പിലും അവരുടെ അകാരണ വാദത്തിൽ നിന്ന്‌ വ്യതിചലിക്കുന്നുണ്ട്‌. റോമൻ കത്തോലിക്കാ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രമാണികൻ ആയി അംഗീകരിക്കപ്പെട്ടിട്ടുള്ള ആളാണ്‌ പണ്ടത്തെ ഒരു പ്രമുഖ വൈദിക പണ്ഡിതനായ തോമസ്‌ അക്വിനാസ്‌. യാഥാർത്ഥ്യത്തിന്റെ പല മണ്ഡലങ്ങളും ആവശ്യകതയുടെ നിയമങ്ങൾക്ക്‌ വിധേയമാണെന്നും ‘സർവശക്തനായ’ ഈശ്വരൻ പോലും ആ നിയമങ്ങൾക്കെതിരായി ഒന്നും ചെയ്യാൻ ശക്തനല്ലെന്നും അദ്ദേഹത്തിനുപോലും സമ്മതിക്കേണ്ടിവന്നിരുന്നു. ഉദാഹരണമായി, ദൈവത്തിന്‌ ഭൂതകാലത്തെ ഇല്ലായ്മ ചെയ്യാനോ ഒരു ത്രികോണത്തിന്റെ മൂന്ന്‌ കോണങ്ങളുടെയും കൂടിയുള്ള ആകെത്തുക രണ്ട്‌ സമകോണങ്ങൾക്ക്‌ സമമാണെന്ന വസ്തുതയെ മാറ്റാനോ അസത്യത്തെ സത്യമാക്കാനോ ഒന്നും സാധ്യമല്ല.
അകാരണവാദത്തെ എതിർക്കുന്നവരുടെ കൂട്ടത്തിൽ യാന്ത്രികകാരണവാദക്കാരും ഉണ്ട്‌. പ്രകൃതിനിയമങ്ങളുടെ ഏത്‌ വിധത്തിലുളള ഉല്ലംഘനത്തേയും ഏത്‌ മഹാത്ഭുതങ്ങളേയും ദൈവവിശ്വാസം തുണയ്ക്കുന്നുണ്ട്‌. നേരേമറിച്ച്‌, സർവതും പ്രകൃതിനിയമങ്ങൾക്ക്‌ വിധേയമാണെന്നും ഒഴിവാക്കാനാവാത്ത ആവശ്യകതയാണ്‌ സർവതിനേയും നിയന്ത്രിക്കുന്നതെന്നും ശാസ്ത്രം സമർഥിക്കുന്നു. ഒരു കാര്യം സംഭവിക്കുന്നത്‌ ഏത്‌ വിധത്തിലാണോ അതിൽനിന്ന്‌ വ്യത്യസ്തമായി അത്‌ സംഭവിക്കുക സാധ്യമല്ല. ക്രിയാത്മക നിയമത്തിന്‌ വിപരീതമായി ഒരു സംഭവം നടന്നുവെന്നുതന്നെ വയ്ക്കുക- നടക്കാൻ പാടില്ലാത്ത ഒരു സംഭവം, യാദൃച്ഛിക സംഭവം. ആ സംഭവം കാരണരഹിതമായിരിക്കും, അതൊരു മഹാത്ഭുതമായിരിക്കും. എന്നാൽ മഹാത്ഭുതങ്ങൾ നടക്കുന്നില്ല, നടക്കാൻ സാധ്യമല്ല. ഈ ചിന്താസരണിയെ പിന്തുടർന്നുകൊണ്ട്‌ പ്രകൃതിയിൽ യാതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നില്ല എന്നും സർവതും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്‌ എന്നുമുള്ള നിഗമനത്തിലാണ്‌ ഭൗതിക തത്വചിന്തകനായ സ്പിനോസ എത്തിച്ചേരുന്നത്‌.
ക്ലാസിക്കൽ ബലതന്ത്രം ഈ വീക്ഷണഗതിക്ക്‌ സാധുത നൽകി. സ്പേസിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു ഇന്ന സമയത്ത്‌ ഇന്നിടത്തായിരിക്കുമെന്ന്‌ കിറുകൃത്യമായി പറയാൻ ഇതിന്റെ നിയമങ്ങൾ- ഒറ്റപ്പെട്ട വസ്തുക്കളുടെ പ്രക്ഷേപപഥം ഇവ കൃത്യമായി നിശ്ചയിക്കുന്ന- ശാസ്ത്രജ്ഞരെ സഹായിച്ചു. എന്നാൽ ഒറ്റപ്പെട്ട വസ്തുക്കളുടെ പ്രക്ഷേപപഥത്തേക്കാൾ കൂടുതൽ സങ്കീർണമായ സംഗതികളെ ശാസ്ത്രത്തിന്‌ നേരിടേണ്ടി വന്നതോടെ യാന്ത്രിക കാരണ വാദത്തിന്റെ അടിത്തറ അപ്പാടെ പൊളിഞ്ഞുപോയി.
ചരക്കുൽപാദകരുടെ ഒരു സമുദായത്തിൽ വിലയാണ്‌ ‘ഒരു ചരക്കിന്റെ മൂല്യ പരിണാമത്തിന്റെ ഘാതാങ്കം’ എന്ന്‌ മാർക്ക്സ്‌ എഴുതി. ഇതൊരു നിയമമാണ്‌. എങ്കിൽപോലും ഓരോ ക്രേതാവും കൊടുക്കാൻ തയാറുള്ള വില എത്രയെന്ന്‌ ഇത്‌ മുൻകൂട്ടി നിശ്ചയിക്കുന്നില്ല. ഓരോ വ്യാപാര ഇടപാടിലും വില മൂല്യത്തെക്കാൾ കൂടുതലോ കുറവോ ആയിരിക്കും. മറ്റൊരു ഉദാഹരണം എടുത്താൽ ഒരു വർഗത്തിന്‌ ഉൽപാദനബന്ധ ക്രമത്തിലുള്ള സ്ഥാനമാണ്‌ ഒരു വർഗത്തിന്റെ പ്രത്യയശാസ്ത്രം എന്തെന്ന്‌ നിർണയിക്കുന്നത്‌. നാടുവാഴി വ്യവസ്ഥയുടെ കാലത്ത്‌ അടിയാള സമ്പ്രദായം വളരെ സാധാരണരീതിയിലുള്ള ഒരു സംഗതിയായിട്ടാണ്‌ അന്നത്തെ ഇടപ്രഭുക്കൾ കരുതിയത്‌. എന്നാൽപോലും ഒരു വർഗത്തിൽപെട്ട ഓരോ ആളിന്റെയും അഭിപ്രായം എന്തായിരിക്കുമെന്ന്‌ ഈ നിയമം മുൻകൂട്ടി നിശ്ചയിക്കുന്നില്ല.
സസ്യ-ജന്തു ലോകത്തിൽ ഒരു സസ്യവും ഒരു ജന്തുവും ശാശ്വതമായി ജീവിക്കുന്നില്ലെന്ന്‌ നമുക്കറിയാം. അതാണ്‌ പ്രകൃതിനിയമം. ഓരോരോ സ്പീഷിസിൽ പെട്ട ജീവികളുടെ ആയുസ്‌ പരമാവധി എത്രയായിരിക്കുമെന്ന്‌ നിശ്ചയിക്കുന്ന നിയമങ്ങളുണ്ട്‌. ഓക്ക്‌ വൃക്ഷങ്ങൾ ആയിരം വർഷം വരെ നിലനിന്നേക്കും. പക്ഷേ, ഒരു പ്രത്യേക ഓക്ക്‌ ചെടിയുടെ കാര്യത്തിൽ പലതും സംഭവിച്ചേക്കാം. അത്‌ മുളച്ച്‌ രണ്ട്‌ ദിവസം കഴിഞ്ഞോ ഇരുപത്‌ ദിവസം കഴിഞ്ഞോ രണ്ടായിരം ദിവസം കഴിഞ്ഞോ നശിച്ചുപോയേക്കാം. നമ്മുടെ വീടിന്റെ മുമ്പിൽ നിൽക്കുന്ന ഒരു വൃക്ഷം ഇന്നേ ദിവസം ഇത്ര മണിക്ക്‌ നശിച്ചുപോകുമെന്ന്‌ കൃത്യമായി നിശ്ചയിക്കുന്ന യാതൊരു നിയമവുമില്ല. എല്ലാ സസ്യജാലങ്ങളേയും ജന്തുജീവികളേയും സംബന്ധിച്ചിടത്തോളവും ഇത്‌ തന്നെയാണ്‌ സ്ഥിതി.
ഓരോ സംഭവവും യാതൊരു മാറ്റവും ഇല്ലാത്ത രീതിയിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതാണെന്നും ഒഴിച്ചുകൂടാനാവാത്തതാണെന്നും സമ്മതിക്കുന്നതുവഴി നാം വിധിവാദത്തിലായിരിക്കും ചെന്നെത്തുന്നത്‌. ലേർയൊന്തൊവിന്റെ ‘നമ്മുടെ കാലത്തെ വീര പുരുഷൻ’ എന്ന പുസ്തകത്തിലെ വൂലിച്ച്‌ എന്ന കഥാപാത്രം തന്റെ ചെന്നിക്കെതിരായി കൈത്തോക്ക്‌ തിരിച്ചുപിടിച്ചുകൊണ്ട്‌ ചെയ്യുന്ന ന്യായവാദം ഇത്തരത്തിലുള്ളതാണ്‌. അയാൾ പറയുന്നു: “ഞാൻ ഈ നിമിഷത്തിൽ മരിക്കണമെന്നാണ്‌ വിധിയെങ്കിൽ ഞാൻ ഈ കൈത്തോക്കിന്റെ നിറയൊഴിച്ചാലും ഇല്ലെങ്കിലും അത്‌ സംഭവിക്കും. ഞാൻ ഇന്ന്‌ ജീവിച്ചിരിക്കണമെന്നാണ്‌ വിധിയെങ്കിൽ ഞാൻ തോക്കിന്റെ കാഞ്ചി വലിച്ചാലും ഇല്ലെങ്കിലും ഞാൻ ജീവനോടെയിരിക്കും.” എറ്റവും പ്രമുഖരായ യാന്ത്രിക കാരണവാദികൾക്കുപോലും തിരസ്കരിക്കേണ്ടി വരത്തക്കരീതിയിൽ സ്പഷ്ടമായും നിത്യാനുഭവങ്ങൾക്കെതിരായിട്ടുള്ളതാണ്‌ വിധിവാദം.

  Categories:
view more articles

About Article Author