ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും

ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും
January 04 04:55 2017

കാര്യവിചാരം
യു വിക്രമൻ
“നോട്ടുനിരോധനം മൂലമുണ്ടായ പ്രതിസന്ധിക്കെതിരെ കേന്ദ്രസർക്കാരിനെ പഴിപറയാൻ എം ടി വാസുദേവൻ നായർക്കെന്താണ്‌ അർഹത?”-ചോദ്യം ഒരു ബിജെപി സംസ്ഥാന നേതാവിന്റേതാണ്‌. കടുത്ത പ്രതിഷേധം വിവിധ കോണുകളിൽ നിന്ന്‌ ഉയർന്നുവന്നിട്ടും തന്റെ പ്രസ്താവന പിൻവലിക്കാൻ ആ നേതാവ്‌ കൂട്ടാക്കിയില്ല. ബിജെപി സംസ്ഥാന അധ്യക്ഷനാകട്ടെ പ്രസ്താവനയെ ന്യായീകരിക്കുകയും ചെയ്തു.
മവോയിസ്റ്റുകൾക്കനുകൂലമായി ലേഖനമെഴുതിയെന്ന കുറ്റത്തിന്‌ ഒരു സാഹിത്യകാരൻ അറസ്റ്റ്‌ ചെയ്യപ്പെടുന്നു. ആശുപത്രിയിലായ സാഹിത്യകാരനെ കാണാൻ പോയ സാമൂഹ്യപ്രവർത്തകനെ അറസ്റ്റ്‌ ചെയ്യുന്നു. പ്രതിഷേധം ഉയർന്നപ്പോൾ വിട്ടയക്കുന്നു. യുഎപിഎ ചുമത്തി ഒരു സർക്കാർ ജീവനക്കാരനെ സസ്പെന്റ്‌ ചെയ്യുന്നു. ഇതെല്ലാം നടക്കുന്നത്‌ കേരളത്തിലാണ്‌.
ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പരിമിതി ഉണ്ടെന്നും ആവശ്യമെന്നുകണ്ടാൽ പ്രസ്തുത സ്വാതന്ത്ര്യങ്ങളെ തടയണമെന്നുമുള്ള വാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചാർവാകന്മാരുടെയും ആജീവകന്മാരുടെയും യാതൊരു ഗ്രന്ഥവും ഭാരതത്തിൽ ലഭിക്കാതെ പോയത്‌ എന്തുകൊണ്ടാണ്‌? അവരാരും തങ്ങളുടെ ആശയങ്ങൾ ആവിഷ്ക്കരിക്കാത്തതുകൊണ്ടാണോ? ആണെന്നു തോന്നുന്നില്ല. അവർ നാസ്തികരും ഭൗതികവാദികളുമായിരുന്നു. കർമ്മസിദ്ധാന്തത്തിൽ വിശ്വസിക്കാത്ത രണ്ട്‌ ഭാരതീയ ദർശനശാഖകളുടെ ഉപജ്ഞാതാക്കളാണവർ. ആസ്തികന്മാരുടെ നിരോധനവും ഇവരുടെ അലഭ്യതയ്ക്ക്‌ കാരണമാണ്‌.
ഈശ്വര വിശ്വാസത്തെ വ്രണപ്പെടുത്തുകയോ രാജ്യദ്രോഹം പ്രചരിപ്പിക്കുകയോ അശ്ലീലം പ്രചരിപ്പിക്കുകയോ ചെയ്യുന്ന സർഗപ്രക്രിയയെ പ്രോത്സാഹിപ്പിച്ചുകൂടാ എന്നതാണ്‌ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ വാദം. പുതിയ പുതിയ രൂപത്തിൽ ഈ ആശയം തേട്ടിത്തേട്ടിവരുന്നുണ്ടെന്നത്‌ സത്യമാണ്‌. പക്ഷേ, അൽപം ക്ഷമയോടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ നടപടികൾ പരിശോധിച്ചാൽ അവ യുക്തിഭദ്രമല്ലെന്നു കാണാം.
പ്രശസ്ത കവിയായിരുന്ന ജി ശങ്കരക്കുറുപ്പിന്റെ ‘നാളെ’ എന്ന കവിതയിൽ രാജ്യദ്രോഹത്തിന്റെ അംശം ഉണ്ടെന്നായിരുന്നു വിദേശ ഭരണാധികാരികളുടെ അഭിപ്രായം. തന്മൂലം ആ കവിയെ താക്കീത്‌ ചെയ്യുകയുണ്ടായി. എന്നാൽ പ്രസ്തുത കവിത ദേശഭക്തി ഗാനമാണെന്ന്‌ അംഗീകരിക്കാൻ, ദശകക്കാലമേ വേണ്ടിവന്നുള്ളൂ.
സുന്ദരമായൊരു ദേശീയഗാനം എഴുതിയതിനു സുബ്രഹ്മണ്യം തിരുമുമ്പിനെ 1930 കളിൽ ശിക്ഷിച്ച സംഭവം സ്മരണീയമാണ്‌. വന്ദേമാതര ഗാനവും ബങ്കിം ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലും നിരോധിച്ചപ്പോൾ ബംഗാളിൽ വലിയ കോളിളക്കം തന്നെ ഉണ്ടായി.
യാഥാസ്ഥിതിക സാഹിത്യകാരന്മാർ പോലും പ്രസ്തുത നിരോധനത്തെ അപലപിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിനു ഏറ്റവുമധികം ആഘാതം സംഭവിച്ചത്‌ ബംഗാളിലാണ്‌. ദീനബന്ധുമിത്ര തൂലികാനാമം വെച്ച്‌ പ്രസിദ്ധപ്പെടുത്തിയ ‘നീലദർപ്പണം’ എന്ന നാടകം ബ്രിട്ടീഷ്‌ ഭരണാധികാരികളെ വല്ലാതെ പരിഭ്രമിപ്പിച്ചു. ബംഗാൾ, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളി (അവയെല്ലാം അന്ന്‌ ഒറ്റ സംസ്ഥാനമാണ്‌)ലെ മിക്ക ഗ്രാമങ്ങളിലും നാടകം പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയധികം തവണ രംഗത്തവതരിപ്പിച്ച മറ്റൊരു നാടകം ഉണ്ടായിട്ടില്ല. മധുസൂദന ദത്ത്‌ ഈ നാടകം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി. പക്ഷേ, റവറന്റ്‌ ലോങ്ങ്‌ എന്ന പാതിരിയുടെ പേരിലാണ്‌ അത്‌ പ്രസിദ്ധപ്പെടുത്തിയത്‌.
അധികാരത്തിന്റെ ദുർവിനിയോഗത്തിനെതിരായ അവബോധം ജനങ്ങളിൽ ഉണ്ടാക്കുംവിധമുള്ള സാഹിത്യസൃഷ്ടികളും പ്രസംഗങ്ങളും രാജ്യദ്രോഹമാണെന്നാണ്‌ ദുർഭരണക്കാരുടെ വാദം. അപ്പോൾ സാഹിത്യസൃഷ്ടികൾക്കും പ്രസംഗങ്ങൾക്കും കടിഞ്ഞാണിടണമെന്നവർ കരുതുന്നു. ആവിധം പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ ജനങ്ങളുടെ അവബോധം തിളച്ചുപൊങ്ങുമ്പോൾ നിരോധനങ്ങൾ നിരാകരിക്കുന്നു. രാജ്യദ്രോഹ കൃതികൾ ദേശാഭിമാന സാഹിത്യമായി മാറുന്നത്‌ ആ അവസരത്തിലാണ്‌.
ആവിഷ്കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടാനുള്ള ശ്രമം വ്യർഥവും അർഥശൂന്യവുമാണ്‌. അതതുകാലത്തെ സമൂഹികാവബോധത്തിൽ നിന്നുദിക്കുന്ന നീതിബോധമോ ധാർമ്മികബോധമോ ആസ്പദമാക്കി സർഗപ്രക്രിയയ്ക്കു നിയന്ത്രണം ഏർപ്പെടുത്താൻ അധികാരികൾ തുനിയുന്നു, ചിലപ്പോൾ മതാധികാരികൾ, ചിലപ്പോൾ ഭരണാധികാരികൾ, ചിലപ്പോൾ ഇതുരണ്ടും ചേർന്നുള്ളവർ. പക്ഷേ, അവബോധത്തിൽ മാറ്റം വരുമ്പോൾ നിയന്ത്രണം പൊട്ടിത്തകരുകയും സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി വർധിക്കുകയും ചെയ്യുന്നു.
ഗലീലിയോയുടെ സിദ്ധാന്തത്തെ മതനിന്ദയായും നാസ്തികതയായും നാന്നൂറുകൊല്ലം ക്രിസ്തീയ വൈദികപീഠം മുദ്രയടിക്കുകയും വർജ്ജിക്കുകയും ചെയ്ത ചരിത്രം ഇപ്പോൾ തിരുത്തിയെഴുതിയിരിക്കുകയാണ്‌. ഗലീലിയോയുടെ സിദ്ധാന്തത്തെ എതിർത്തത്‌ പരമാബദ്ധമായിപ്പോയി എന്നാണ്‌ വൈദികപീഠം ഇപ്പോൾ പറയുന്നത്‌. ചെറിയൊരു ശാസ്ത്രീയസത്യം കാണാൻ നാന്നൂറുവർഷം പിടിച്ചു.
അതാത്‌ കാലത്തെ അവബോധത്തിനെതിരായി, മതാവബോധം, ധാർമ്മികാവബോധം, സദാചാരാവബോധം തുടങ്ങിയവയ്ക്കെതിരായി, കലാസൃഷ്ടി നടത്തുന്നത്‌ ന്യായമാണോ എന്ന ചോദ്യം സ്വാഭാവികമായി ഉന്നയിക്കാം. ഒരുകാര്യം ഓർക്കണം: സഹിത്യം, കല, സംസ്കാരം, ശാസ്ത്രം (എല്ലാ ശാഖകളും) ദർശനം തുടങ്ങിയവയല്ലേ നമ്മുടെ അവബോധത്തിന്റെ ചക്രവാളം വികസിപ്പിച്ചിരുന്നത്‌. അവയെ കടിഞ്ഞാണിട്ടു പിടിച്ചാൽ അവബോധമണ്ഡലം വികസിക്കുമോ? വികസിക്കുകയില്ല.
സമൂഹത്തിലും പ്രകൃതിയിലും പ്രതിനിമിഷം ഉണ്ടാകുന്ന നൂതന പ്രതിഭാസങ്ങളിൽ നിന്നാണ്‌ സാഹിത്യവും ശാസ്ത്രവും ദർശനവും നമ്മുടെ അവബോധത്തിനു പുതിയ മാനം നൽകുന്നത്‌. അതുകൊണ്ട്‌ നിയന്ത്രണത്തിന്റെ മാർഗ്ഗം തീരെ വർജിക്കേണ്ടതാണ്‌. ദൈനംദിന ജീവിതത്തിന്‌ അലോസരമുണ്ടാകുന്നവയോ പുറകോട്ടു വലിച്ചുപിടിക്കുന്നവയോ ആയ രചനകൾ ഉപേക്ഷിക്കേണ്ട ഉത്തരവാദിത്വം സാഹിത്യകാരന്മാർക്കുള്ളതാണ്‌. ആത്മീനിയന്ത്രണം കൊണ്ടാണവർ ആ കർത്തവ്യം നിർവഹിക്കേണ്ടത്‌. അല്ലാതെ, അന്യരുടെ ഹിതമനുസരിച്ച്‌ ആവിഷ്കാരസ്വാതന്ത്ര്യത്തിന്‌ വിലങ്ങിടുന്നത്‌ പുരോഗമിക്കുന്ന ഒരു സമൂഹത്തിനു കൊള്ളില്ല. ഒരു ചങ്ങലകൊണ്ടും പ്രതിഭയെ വരിഞ്ഞുകെട്ടാൻ കഴിയില്ല.

  Categories:
view more articles

About Article Author