ആസന്നമായ വരൾച്ചയും ജലസംരക്ഷണവും

ആസന്നമായ വരൾച്ചയും ജലസംരക്ഷണവും
March 18 04:45 2017

വലിയശാല രാജു
മഹാരാഷ്ട്രയിലെ കൊടുംവരൾച്ച ബാധിച്ച ലത്തൂരിലേക്ക്‌ കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ അയച്ച വെള്ളം നിറച്ച ജലതീവണ്ടി അവിടെയെത്തിക്കാൻ അതുകൊണ്ടുപോയ സ്ഥലങ്ങളിലൊക്കെ 144 പ്രഖ്യാപിക്കേണ്ടി വന്നു. ഒരിടത്ത്‌ ജനക്കൂട്ടം ജലം കൊള്ളയടിക്കാൻ ശ്രമിച്ചതിന്റെ ഫലമായി പൊലീസിന്‌ ലാത്തിചാർജ്ജ്‌ ചെയ്യേണ്ടി വന്നു. ഇതൊക്കെ വായിക്കുമ്പോൾ അതൊരു അത്ഭുതമായി തോന്നാമെങ്കിലും നാളെയിത്‌ ഇവിടെയും സംഭവിക്കാം. അങ്ങനെയൊരു വേനലും ജലദാരിദ്ര്യവുമാണ്‌ കേരളീയരെ ഉറ്റുനോക്കുന്നത്‌. മുന്നിൽ കാണുമ്പോഴാണ്‌ പല യാഥാർഥ്യങ്ങളും കെട്ടുകഥകളല്ലെന്ന്‌ നമുക്ക്‌ ബോധ്യപ്പെടുക.
കഴിഞ്ഞ അഞ്ചാറ്‌ വർഷങ്ങളായി കേരളത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്‌ ജലസംരക്ഷണം. പക്ഷേ ജലദൗർലഭ്യം എന്തുകൊണ്ടുണ്ടാകുന്നുവെന്ന്‌ നാം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു. 1983 വരെ കേരളത്തിൽ ജലക്ഷാമം കേട്ടുകേൾവി മാത്രമായിരുന്നു. ആ വർഷമാണ്‌ വരൾച്ച കേരളത്തെ ആദ്യമായി ഗ്രസിച്ചത്‌. മഴ അൽപം കുറഞ്ഞു. അതാണ്‌ ജലക്ഷാമത്തിലേയ്ക്ക്‌ എത്തിച്ചത്‌. ജലസംരക്ഷണത്തെക്കുറിച്ച്‌ കുറച്ചു ചർച്ചകളും നടന്നു. പക്ഷേ ആ വർഷം കഴിഞ്ഞപ്പോൾ ജലസംരക്ഷണം നാം മറന്നു.
ലോകത്ത്‌ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണ്‌ നമ്മുടേത്‌. 3000 മില്ലിമീറ്ററാണ്‌ ശരാശരി ഒരു വർഷം നമുക്ക്‌ കിട്ടുന്ന മഴയുടെ തോത്‌. ഇത്‌ ഇന്ത്യയിൽ ശരാശരി 1190 മില്ലിമീറ്ററും ലോകത്ത്‌ മൊത്തം കണക്കാക്കുമ്പോൾ 80 മില്ലിമീറ്ററുമാണെന്നോർക്കണം. ജല സുഭിക്ഷതയിലും വരാൻ പോകുന്ന അപകടങ്ങളെ പരിസ്ഥിതി വിദഗ്ധർ മൂന്നാര്റിയിപ്പ്‌ നൽകിയിരുന്നുവെങ്കിലും നാമത്‌ മുഖവിലയ്ക്കെടുത്തില്ല. കഴിഞ്ഞ നൂറ്‌ വർഷത്തെ കേരളത്തിലെ മഴയെക്കുറിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത്‌ പരമാവധി അഞ്ച്‌ ശതമാനത്തിന്റെ വ്യതിയാനം ചില സീസണുകളിൽ കണ്ടേക്കാമെങ്കിലും കാര്യമായ മഴക്കുറവ്‌ നമുക്ക്‌ അനുഭവപ്പെട്ടിട്ടില്ല എന്നാണ്‌. എന്നിട്ടുപോലും രൂക്ഷമായ ജലക്ഷാമമാണ്‌ നാം നേരിട്ടത്‌. എന്നാൽ കഴിഞ്ഞ വർഷം ഇതല്ല സംഭവിച്ചത്‌. കേരളത്തിന്റെ 115 വർഷത്തെ ചരിത്രത്തിൽ ഭീമമായ മഴക്കുറവാണ്‌ ഉണ്ടായത്‌. വേനൽമഴ 18 ശതമാനവും ഇടവപ്പാതി 34 ശതമാനവും തുലാമഴ 66 ശതമാനവുമാണ്‌ കുറഞ്ഞത്‌. ഇത്‌ ഞെട്ടിക്കുന്ന കുറവാണ്‌. ഇപ്രാവശ്യം ചരിത്രത്തിലില്ലാത്തവണ്ണം ജലക്ഷാമം കൂടുമെന്നതിൽ തർക്കമില്ല.
നമുക്ക്‌ ആവശ്യമായ ശുദ്ധജലത്തിന്റെ പ്രാഥമിക സ്രോതസ്‌ മഴയാണെങ്കിലും നമ്മൾ കൂടുതലായി ഉപയോഗിക്കുന്നത്‌ രണ്ടാം സ്രോതസായ പുഴ, കുളം, തടാകം, കിണറുകൾ എന്നിവയിൽ നിന്നാണ്‌. ഈ രണ്ടാം സ്രോതസിനെ നാം അമിതമായി ചൂഷണം ചെയ്തു. അതോടൊപ്പം ഈ സ്രോതസിലേയ്ക്ക്‌ എത്തേണ്ട മഴവെള്ളത്തെ നാം അതിനനുവദിക്കുകയും ചെയ്തില്ല. ഒന്നാം സ്രോതസിൽ നിന്നും രണ്ടാം സ്രോതസിലേയ്ക്കുള്ള റീചാർജിങ്‌ പ്രകൃതിയുടെ ഒരു സ്വാഭാവിക പ്രക്രിയയാണ്‌. ഇതിനെ നാം തകിടം മറിച്ചു. നമ്മുടെ ജീവിതരീതിയിലുണ്ടായ ഭീമമായ മാറ്റം തന്നെയാണ്‌ ഇതിന്‌ കാരണം.
നമ്മുടെ വീട്‌ നിർമാണ രീതിതന്നെ കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ വലിയ രീതിയിൽ മാറിപ്പോയി. വീടിന്റെ മുറ്റവും ചുറ്റുപാടുമെല്ലാം കോൺക്രീറ്റ്‌ ചെയ്ത്‌ ‘വൃത്തി’യാക്കി. തുള്ളിവെള്ളം പോലും മണ്ണിലേക്കിറങ്ങാൻ അനുവദിച്ചില്ല. നഗരവൽക്കരണം കൂടിയതോടെ ഇത്‌ ഉച്ചാവസ്ഥയിലായി. കാണുന്നിടമെല്ലാംറോഡുകളും കോൺക്രീറ്റുകളുമായി. തുറസായ സ്ഥലങ്ങളെല്ലാം ടെയിൽസിട്ട്‌ മോടി പിടിപ്പിച്ചു. നഗരവൽക്കരണം ദേശീയ ശരാശരി അഞ്ച്‌ ശതമാനമാണെങ്കിൽ കേരളത്തിലത്‌ 17 ശതമാനമാണ്‌. കേരളത്തിൽ 49 ശതമാനം ജനങ്ങളും നഗരവാസികളാണ്‌.
കേരളീയർക്ക്‌ ഒരു വർഷം ആവശ്യമായ കുടിവെള്ളം 88.3 കോടി ഘനമീറ്ററാണ്‌. എന്നാൽകേരളത്തിലെ കിഴക്ക്‌ നിന്നും പടിഞ്ഞാറോട്ട്‌ ഒഴുകുന്ന 41 നദികളിലൂടെ അറബിക്കടലിലേയ്ക്ക്‌ ഒഴുകിപ്പോകുന്നത്‌ 4000 കോടി ഘനമീറ്റർ വെള്ളമാണ്‌. നമുക്ക്‌ കുടിക്കാൻ വേണ്ടതിന്റെ 45 ഇരട്ടി. കുറ്റകരമായ അനാസ്ഥ മൂലം വെള്ളം മുഴുവൻ ഒഴുക്കിക്കളഞ്ഞിട്ട്‌ വെള്ളത്തിനായി നാം കേഴുന്നു. അതോടൊപ്പം കിണർ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണവും കുറഞ്ഞുവരുകയാണ്‌. ജല അതോറിറ്റിയുടെ പൈപ്പ്‌ വെള്ളം കണക്ഷൻ എടുത്തവരാണ്‌ കിണറിനെ അവഗണിക്കുന്നത്‌. ഇങ്ങനെ സംസ്ഥാനത്ത്‌ ഏകദേശം ആറര ലക്ഷം കിണറുകളാണ്‌ ഉപയോഗശൂന്യമായത്‌. വർഷം തോറും വലിയതോതിൽ മഴവെള്ളം സംഭരിക്കുന്ന കിണറുകൾ നശിക്കുന്നത്‌ പ്രകൃതിയുടെ റീചാർജിങ്ങിന്റെ സാധ്യത വീണ്ടും കുറയുകയാണ്‌. 2001-ലെ സെൻസസ്‌ അനുസരിച്ച്‌ കേരളത്തിലെ 72 ശതമാനം കുടുംബങ്ങൾ കിണർ വെള്ളത്തെയാണ്‌ ആശ്രയിച്ചിരുന്നതെങ്കിൽ 2011ലെ സെൻസസ്‌ റിപ്പോർട്ട്‌ പ്രകാരം അത്‌ 62 ശതമാനമായി കുറഞ്ഞു. ഇപ്പോൾ മാലിന്യക്കുഴിയായും സെപ്റ്റിക്‌ ടാങ്കായും കിണറുകളെ മാറ്റുകയാണ്‌. കുന്നുകൾ ഇടിക്കുന്നതും തണ്ണീർത്തടങ്ങൾ മണ്ണിട്ട്‌ മൂടുന്നതും വയലുകൾ നികത്തുന്നതുമെല്ലാം ഭൂമിയുടെ ജലപോഷണശേഷിയെ പതിന്മടങ്ങ്‌ പിന്നെയും കുറച്ചു.
കേരളത്തിൽ പ്രധാനമായും ആറ്‌ മാസമാണ്‌ മഴ. ബാക്കിവരുന്ന ആറ്‌ മാസം നമ്മുടെ ആവശ്യത്തിന്‌ വെള്ളം ചുരത്തിത്തന്നത്‌ ജലം സംഭരിച്ച്‌ വച്ചിരുന്ന ഈ മണ്ണാണ്‌. അതുകൊണ്ടാണ്‌ ഇത്രയും കാലം ജലദൗർലഭ്യം വലിയ തോതിൽ ഉണ്ടാകാത്തത്‌. മഴയിലൂടെ മറുനാട്ടുകാരെ കൊതിപ്പിക്കുന്ന രീതിയിൽ ശുദ്ധജലം കിട്ടുന്ന കേരളത്തിൽ ഇന്ന്‌ ജലദൗർലഭ്യം അനുഭവിക്കുന്നത്‌ മറ്റ്‌ സംസ്ഥാനത്തുള്ളവർക്ക്‌ അതിശയകരമായ വാർത്തയാണ്‌. അടുത്തിടെ ഒരു പഠനത്തിൽ കേരളത്തിലെ ശരാശരി ജലലഭ്യത മരുഭൂമി സംസ്ഥാനമായ രാജസ്ഥാനെക്കാൾ നാം പിറകിൽപോയി എന്ന്‌ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതോടൊപ്പം നാം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത പ്രതിശീർഷ ജലഉപയോഗം കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ വളരെയധികം വർധിച്ചുവെന്നതാണ്‌. ജലധാരാളിത്തത്തിൽ മതിമറന്ന്‌ നാം ജലം ദുരുപയോഗം ചെയ്യുകയായിരുന്നു.
ലോകാരോഗ്യസംഘടന ഒരു വ്യക്തിക്ക്‌ കുടിവെള്ളമുൾപ്പെടെ പ്രതിദിനം വേണ്ട വെള്ളം 135 ലിറ്റർ ആയാണ്‌ കണക്കാക്കിയിരിക്കുന്നത്‌. എന്നാൽ ഇന്ത്യൻ സ്റ്റാൻഡേർഡ്‌ മതിപ്പ്‌ പ്രകാരം കേരളത്തിൽ നഗരപ്രദേശത്ത്‌ 200 ലിറ്ററും ഗ്രാമപ്രദേശത്ത്‌ 150 ലിറ്ററുമായാണ്‌ കണക്കാക്കിയിരിക്കുന്നത്‌. നമ്മുടെ അമിത ജലഉപയോഗത്തിന്റെ കണക്കാണ്‌ ഇതിൽ പ്രതിഫലിക്കുന്നത്‌. കാർഷികവൃത്തിയിൽ നാം പിറകോട്ട്‌ പോയത്‌ ജല ഉപയോഗം അൽപമൊന്ന്‌ കുറച്ചെങ്കിലും നിർമാണപ്രവർത്തനങ്ങളുടെ ആധിക്യം മലയാളിക്ക്‌ ജലഉപയോഗം കൂട്ടി. അതോടൊപ്പം ജലമലിനീകരണം വർധിപ്പിക്കുകയും ചെയ്തു. മലയാളിയുടെ ജീവിതനിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും മാറ്റിയാലേ ഇവിടെ ജലസംരക്ഷണം സാധ്യമാകൂ. നമുക്ക്‌ വേണ്ടത്‌ ജലസാക്ഷരതയാണ്‌. കർക്കിടകക്കൊയ്ത്തും, തുലാക്കൊയ്ത്തും പുതയിടലുമൊക്കെ പൈതൃകമായ നമ്മുടെ ജലസംരക്ഷണത്തിന്റെയും ജലസാക്ഷരതയുടെയും അടയാളങ്ങളായിരുന്നു. അവയെ ഇനി തിരിച്ചുകൊണ്ട്‌ വരേണ്ടിയിരിക്കുന്നു.
ജലസംരക്ഷണം എങ്ങനെ?
ജലസംരക്ഷണത്തിന്‌ വാതോരാതെ പ്രസംഗിച്ചതുകൊണ്ടോ എഴുതിയതുകൊണ്ടോ കാര്യമില്ല. വലിയ പദ്ധതികൾകൊണ്ടു വന്നതുകൊണ്ടും പ്രയോജനമില്ല. അടിയന്തരമായി വേണ്ടത്‌ ഓരോ മലയാളിക്കും ചെയ്യാൻ കഴിയുന്ന പ്രായോഗിക പദ്ധതികളാണ്‌.
മണ്ണിൽ ജലം താഴാനുള്ള അവസരമൊരുക്കുക. കിണറിന്‌ അടുത്ത്‌ അൽപം സ്ഥലം വിട്ടുമാറി ഒന്നോ രണ്ടോ മീറ്ററിൽ കുട്ടിക്കിണർ നിർമിക്കുക. വീടിന്‌ ചുറ്റും മഴക്കാലത്ത്‌ മൺകൂനകൾ നിർമിക്കുക, പുരയിടങ്ങളിൽ മഴക്കുഴികൾ എടുക്കുക, വീടിന്‌ ചുറ്റും കോൺക്രീറ്റോ ടെയിൽസോകൊണ്ട്‌ മണ്ണ്‌ മൂടാതിരിക്കുക. മഴ കിട്ടുന്ന ആറ്‌ മാസക്കാലം മഴവെള്ളം നേരിട്ട്‌ വീട്ടാവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനുള്ള അവസരം ഉണ്ടാക്കുക. കുറഞ്ഞത്‌ ആയിരം ചതുരശ്ര മീറ്റർ ഉള്ള വീടിന്റെ മേൽക്കൂരയിൽ ഒരു വർഷം ശരാശരി മൂന്ന്‌ ലക്ഷം ലിറ്റർ വെള്ളം വരെ ശേഖരിക്കാൻ കഴിയും. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്‌ ഒരു വർഷം വേണ്ടുവോളം ഉപയോഗിക്കാൻ ഇത്രയും വെള്ളം മതിയാകും. ടാപ്പിൽ നിന്നും നേരിട്ട്‌ ഉപയോഗിക്കാതെ കോരി വച്ച്‌ ഉപയോഗിച്ചാൽ ഉപയോഗം മൂന്നിലൊന്നായി കുറയ്ക്കാം. പാത്രങ്ങളും പച്ചക്കറികളും കഴുകുന്ന വെള്ളം വെറുതെ ഒഴുക്കിക്കളയാതെ ചെടികൾക്ക്‌ നനയ്ക്കാനും ടോയ്‌ലറ്റിൽ ഒഴിക്കാനും ശ്രദ്ധിച്ചാൽ ധാരാളം ജലം ലാഭിക്കാം. വീട്ടിലെ ജലോപയോഗത്തിന്റെ 80 ശതമാനവും കുളിക്കാനും മലമൂത്രവിസർജനാവശ്യങ്ങൾക്കുമാണ്‌ നാം ഉപയോഗിക്കുന്നത്‌. ഇത്‌ അൽപം ശ്രദ്ധിച്ചാൽ ജലത്തിന്റെ ദുരുപയോഗം വളരെയധികം കുറയ്ക്കാൻ കഴിയും.

  Categories:
view more articles

About Article Author