ആസ്വാദി ഗാനത്തിൽ ആവേശമുയർത്തി കനയ്യ കുമാർ

ആസ്വാദി ഗാനത്തിൽ ആവേശമുയർത്തി കനയ്യ കുമാർ
July 16 04:45 2017

തിരുവനന്തപുരം: കേരളത്തിൽ ജനാധിപത്യ ലംഘനമാണ്‌ നടക്കുന്നതെന്ന്‌ കുപ്രചരണം നടത്തുന്ന ആർഎസ്‌എസിനും കേന്ദ്ര സർക്കാരിനും മറുപടി നൽകി എഐവൈഎഫ്‌ നേതാവ്‌ കനയ്യ കുമാർ. എഐവൈഎഫ്‌ എഐഎസ്‌എഫ്‌ യുവജന വിദ്യാർഥി പ്രസ്ഥാനങ്ങൾ സേവ്‌ ഇന്ത്യ ചെയ്ഞ്ച്‌ ഇന്ത്യ മുദ്രാവാക്യമുയർത്തി നടത്തും ലോങ്ങ്‌ മാർച്ചിന്‌ തിരുവനന്തപുരത്ത്‌ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾ ഗോ മാതാവിനെ കൊല്ലുന്നവരും ഹൈന്ദവ ദേവങ്ങളെ അപമാനിക്കുന്നവരുമാണെന്ന പ്രചാരണമാണ്‌ സംഘപരിവാറുകാർ നടത്തുന്നത്‌.
മോഡി സർക്കാരിനെ രൂക്ഷമായി വിമർശിച്ച കനയ്യ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകളെ പ്രശംസിക്കാനും മറന്നില്ല. കേരളം ഇന്നു ചിന്തിക്കുന്നതാണ്‌ ഇന്ത്യ നാളെ ചിന്തിക്കുന്നത്‌. കേരളത്തിൽ ഗോഹത്യ നടക്കുന്നുവെന്ന്‌ പറയുന്നവർ ഗർഭസ്ഥശിശുക്കളുടെ മരണനിരക്ക്‌ ഇവിടെ കുറവാണെന്ന കാര്യം മറക്കുകയാണ്‌. നാഗ്പൂരിലിരുന്ന്‌ കാവി ട്രൗസറിട്ട്‌ മനുസ്മൃതി വായിക്കുന്നവരാണ്‌ രാജ്യം എങ്ങനെ മുമ്പോട്ടു പോകണമെന്ന്‌ തീരുമാനിക്കുന്നത്‌. രാജ്യത്തെ മുസ്ലിങ്ങളെ രാജ്യദ്രോഹികളും രണ്ടാംതരക്കാരുമായി കാണുന്ന സംഘപരിവാറുകാർ ദളിത്‌ വിഭാഗങ്ങളെ ശ്രദ്ധിക്കുന്നതു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗം തുടരുന്നതിനിടെ പുത്തരിക്കണ്ടം മൈതാനത്തേക്ക്‌ വന്ന ലോങ്ങ്‌ മാർച്ചിനെ തന്റെ പതിവ്‌ ശൈലിയിൽ ഡോലക്ക്‌ കൊട്ടി ആസാദി മുദ്രാവാക്യം പാടിയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. മൈതാനത്ത്‌ കൂടിയ ആയിരകണക്കിന്‌ പാർട്ടി പ്രവർത്തകരും മാർച്ചിലെ വോളന്റിയർമാരും ഏറ്റു ചൊല്ലിയതോടെ നഗരം മുദ്രാവാക്യം വിളികളാൽ മുഖരിതമായി.
മലയാളത്തിൽ നൂറു ചുവപ്പൻ അഭിവാദ്യങ്ങളെന്നു പാടിയാണ്‌ അദ്ദേഹം മുദ്രാവാക്യം വിളി അവസാനിപ്പിച്ചത്‌.

  Categories:
view more articles

About Article Author