ആർദ്രമീ ധനുമാസ രാവിൽ: എൻ എൻ കക്കാട്‌ ഓർമ്മ- ജനുവരി 6

ആർദ്രമീ ധനുമാസ രാവിൽ: എൻ എൻ കക്കാട്‌ ഓർമ്മ- ജനുവരി 6
January 03 04:45 2017

ആധുനിക മലയാളത്തിലെ പ്രമുഖനായ കവി എൻ എൻ കക്കാട്‌ നിര്യാതനായിട്ട്‌ ജനുവരി ആറിന്‌ 29 വർഷം പൂർത്തിയാകുകയാണ്‌. കാൽപനികത അരങ്ങുവാഴുന്ന കാലത്തും ജീവിതത്തെ പ്രമേയമാക്കിയ കവിയായിരുന്നു നാരായണൻ നമ്പൂതിരി കക്കാട്‌ എന്ന എൻ എൻ കക്കാട്‌. മനുഷ്യ സ്നേഹവും ജീവിത ദുഃഖങ്ങളും അദ്ദേഹത്തിന്റെ കവിതയുടെ മുഖമുദ്രയായി നിലക്കൊണ്ടു.
കോഴിക്കോട്‌ ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14 ജനിച്ച അദ്ദേഹത്തിൽ ബാല്യത്തിൽ തന്നെ കവിതയുടെ വെളിച്ചമുണ്ടായിരുന്നു. പാരമ്പര്യ രീതിയിലുള്ള സംസ്കൃത പഠനവും തന്ത്രവും മറ്റും കുടുംബത്തിൽ നിന്ന്‌ പഠിച്ച ശേഷമാണ്‌ കോഴിക്കോട്‌ സാമൂതിരി ഹൈസ്കൂളിലും തൃശൂർ കേരളവർമ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. വീട്ടിൽ നിന്നുപഠിച്ച സംസ്കൃതവും തന്ത്രങ്ങളും അടിത്തറയായിരുന്നിരിക്കാമെങ്കിലും ആ രണ്ടു സ്ഥാപനങ്ങളിലേയും വിദ്യാഭ്യാസവും ജീവിതവുമാണ്‌ തന്നെ ജീവിതഗന്ധിയായ കവിതകളിലേയ്ക്ക്‌ നയിച്ചിരിക്കാനിടയുള്ളതെന്ന്‌ കക്കാട്‌ പറഞ്ഞുവച്ചിട്ടുണ്ട്‌. ചിത്രമെഴുത്ത്‌, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട്‌ എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു
അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട്‌ ആകാശവാണിയിലാണ്‌ ജോലിചെയ്തത്‌. സോഷ്യലിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക്‌ ചേർന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ കവിതകൾക്ക്‌ ഇടതുപക്ഷഛായ നൽകിയെന്നു കരുതിയാൽ തെറ്റാകില്ല.
നടുവണ്ണൂർ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാനേജുമെന്റുമായുണ്ടായ തർക്കത്തെത്തുടർന്ന്‌ അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട്‌ ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാർ ഡിസ്ട്രിക്റ്റ്‌ ബോർഡ്‌ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പിന്തുണയോടെ ബാലുശ്ശേരിയിൽ നിന്ന്‌ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാരന്മാരുടെ അസോസിയേഷൻ ഉണ്ടാക്കി സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളാണ്‌. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന്‌ വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്‌.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗം കലുഷിതമായിരുന്ന കാലഘട്ടത്തിലായിരുന്നു കക്കാടിന്റെ കവിതകൾ പുറത്തുവന്നത്‌. ഗ്രാമത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോസരപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളിൽ വിഹ്വലനായിരുന്നു അദ്ദേഹം. ഒരു കവിതയിൽ നഗരജീവിതത്തെ ഒരുവൻ തന്റെ ഞരമ്പുകൾ കൊണ്ട്‌ വലിച്ചു കെട്ടിയ ഒരു കൂടാരവുമായി അദ്ദേഹം ഉപമിക്കുന്നു. എങ്കിലും ഗ്രാമം നന്മകൾ മാത്രം നിറഞ്ഞതാണെന്ന മൗഢ്യവും അദ്ദേഹത്തിനില്ലായിരുന്നു.
ഭയം കൊണ്ട്‌ മരവിച്ച്‌ ഘോഷയാത്രയായി നീങ്ങുന്ന അരക്ഷിതരുടെ ഒരു കൂട്ടമായി അദ്ദേഹം മനുഷ്യവർഗ്ഗത്തെ കരുതി. ഇതിഹാസങ്ങളിൽ നിന്ന്‌ രൂപകങ്ങൾ കടം കൊണ്ട്‌ അദ്ദേഹം ആധുനിക മനുഷ്യന്റെ അവസ്ഥയെ വർണ്ണിച്ചു. അങ്ങനെ ഭൂതവും വർത്തമാന കാലവുമായി അദ്ദേഹം പാലങ്ങൾ തീർത്തു. മനുഷ്യന്റെ അവസ്ഥയായിരുന്നു കക്കാടിന്റെ കവിതകളുടെ പ്രധാന വിഷയം.
ശലഭഗീതം, പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീ യാത്ര, നന്ദി തിരുവോണമേ നന്ദി, ഇതാ ആശ്രമമൃഗം കൊല്ല്‌ കൊല്ല്‌, പകലറുതിക്കു മുൻപ്‌, നാടൻചിന്തുകൾ തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങൾ.
സഫലമീ യാത്ര എന്ന കൃതിയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്‌. ഓടക്കുഴൽ അവാർഡ്‌, ആശാൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.
നിരവധി കവിതകൾ രചിച്ച കക്കാടിന്റെ എക്കാലത്തേയും മാസ്റ്റർപീസ്‌ എന്ന്‌ പറയാവുന്നത്‌ സഫലമീയാത്ര എന്ന കവിതയാണ്‌.
ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തു തന്നെ നിൽക്കൂ
………………………………………………
കാലമിനിയുമുരുളും..
വിഷുവരും വർഷം വരും
പിന്നെയൊരോതളിരിന്നും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ്‌ സ്മ്യരായ്‌
എതിരേൽക്കാം
വരിക സഖി
അരികത്തു ചേർന്നു നിൽക്കൂ
പഴയൊരു മന്ത്രം സ്മരിക്ക നാം
അന്യോന്യം ഊന്നു
വടികളായ്‌ നിൽക്കാം
ഹാ! സഫലമീ യാത്ര…
ഈ വരികൾ മാത്രം മതി അദ്ദേഹം കാലാതിവർത്തിയായി
തുടരുന്നതിന്‌ എന്ന കാര്യത്തിൽ സംശയമില്ല.

  Categories:
view more articles

About Article Author