ആർ കെ നഗർ: തെരഞ്ഞെടുപ്പ്‌ ജനാധിപത്യത്തിന്റെ ദുരന്തപർവം

April 11 04:55 2017

നാളെ, ഏപ്രിൽ 12ന്‌, തമിഴ്‌നാട്‌ നിയമസഭയിലേക്ക്‌ ചെന്നൈയിലെ ആർ കെ നഗർ അസംബ്ലി മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പ്‌ ഇലക്ഷൻ കമ്മിഷൻ റദ്ദാക്കിയിരിക്കുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ 89 കോടി രൂപ തമിഴ്‌നാട്‌ മന്ത്രിമാരടക്കം രാഷ്ട്രീയ നേതാക്കൾവഴി വിതരണം ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്നതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ തന്നെ അപൂർവ നടപടി. നിരവധി പരാതികളെ തുടർന്ന്‌ ആദായനികുതി വകുപ്പ്‌ അധികൃതർ നടത്തിയ തിരച്ചിലിലാണ്‌ വോട്ടിനുവേണ്ടി വൻതോതിൽ കൈക്കൂലി നൽകിയതിന്റെ തെളിവുകൾ പുറത്തുകൊണ്ടുവന്നത്‌. തമിഴ്‌നാട്ടിൽ എഐഎഡിഎംകെ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായ സി വിജയ ഭാസ്കറിന്റെ നേതൃത്വത്തിലാണ്‌ വോട്ടർമാർക്കിടയിൽ പണം വിതരണം ചെയ്തിട്ടുളളത്‌. ജയലളിതയുടെ മരണത്തെ തുടർന്ന്‌ മുഖ്യമന്ത്രിയായ പനീർശെൽവത്തെ സ്ഥാനഭ്രഷ്ടനാക്കി അധികാരം കയ്യാളിയ ശശികല വിഭാഗത്തിന്റെ നേതാവും മുഖ്യമന്ത്രിയുമായ കെ പളനിസ്വാമിയടക്കം നിരവധി മന്ത്രിമാരും എം പിമാരും ഉൾപ്പെട്ട സംഘമാണ്‌ പണം നൽകി വോട്ടുനേടാനായുള്ള ഗൂഢാലോചനയിൽ പങ്കാളികളായത്‌ എന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. തമിഴ്‌നാട്‌ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ വോട്ടിന്‌ കൈക്കൂലി നൽകുന്നതിൽ ആരും പുതുമയൊന്നും ദർശിക്കില്ല. തെരഞ്ഞെടുപ്പു കാലത്ത്‌ വൻതോതിൽ വോട്ടിനായി പണം ചെലവഴിക്കുന്നതും ഭീമമായ തുക അധികൃതർ പിടിച്ചെടുക്കുന്നതുമായ വാർത്തകൾ അവിടെനിന്നും പതിവാണ്‌. വോട്ട്‌ ലക്ഷ്യമാക്കി ആനുകൂല്യങ്ങളും പാരിതോഷികങ്ങളും പ്രഖ്യാപിക്കുന്നതും അവ വിതരണം ചെയ്യുന്നതും ഒരു കലയാക്കി മാറ്റിയ സംസ്ഥാനമാണ്‌ തമിഴ്‌നാട്‌. രാജ്യത്ത്‌ മറ്റ്‌ പല സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ മാതൃകയും തമിഴ്‌നാടുതന്നെ. തെരഞ്ഞെടുപ്പു ജനാധിപത്യത്തെ ഏറെ പരിഹാസ്യവും അർഥശൂന്യവുമാക്കി മാറ്റിയ പണക്കൊഴൂപ്പ്‌ പേശിബലത്തോടൊപ്പം തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെ പറ്റിയുള്ള ചർച്ചയിൽ മുഖ്യ ഇനമായി സ്ഥാനംപിടിച്ചിട്ട്‌ ദശകങ്ങളായി. എന്നാൽ അതിനെതിരെ കർക്കശമായ നടപടികൾ അസാധ്യമാകുന്നത്‌ അതിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കുള്ള പങ്ക്‌ തന്നെയാണ്‌.
ആർ കെ നഗർ സംഭവവികാസത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിൽ പണക്കൊഴുപ്പിന്റെയും കള്ളപ്പണത്തിന്റെയും സ്വാധീനം അവസാനിപ്പിക്കാൻ കേന്ദ്ര ഭരണകൂടവും തെരഞ്ഞെടുപ്പ്‌ കമ്മിഷനടക്കം ഉത്തരവാദപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളും എന്തുചെയ്യുന്നുവെന്നത്‌ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങൾ ഉറ്റുനോക്കുകയാണ്‌. ആർ കെ നഗർ തെരഞ്ഞെടുപ്പിനെ പണമൊഴുക്കി അട്ടിമറിക്കാനും അതുവഴി ജനാധിപത്യത്തെതന്നെ കൊലചെയ്യാനും മുതിർന്ന കുറ്റവാളികൾക്കെതിരെ അർഹമായ കാർക്കശ്യത്തോടെ തെരഞ്ഞെടുപ്പ്‌ കമ്മിഷനും നിയമവ്യവസ്ഥയും നീങ്ങണം. ഇപ്പോൾ കേന്ദ്രഭരണം കയ്യാളുന്ന നരേന്ദ്രമോഡിയിൽ നിന്നോ ബിജെപി ഗവൺമെന്റിൽ നിന്നോ അത്തരമൊരു നീക്കത്തിന്‌ പിന്തുണയോ പ്രോത്സാഹനമോ സാമാന്യ ബുദ്ധിയുള്ള ആരും പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള നിയമങ്ങളിൽ തന്നെ വെള്ളം ചേർത്ത്‌ അളവറ്റ കോർപറേറ്റ്‌ പണക്കൊഴുപ്പ്‌ സ്വന്തമാക്കാൻ കുറുക്കുവഴിയിലൂടെ നിയമഭേദഗതി കൊണ്ടുവന്നവരാണ്‌ അവർ. നവംബറിൽ നോട്ട്‌ അസാധൂകരണം പ്രഖ്യാപിച്ച മോഡി സർക്കാർ ആ നടപടിക്ക്‌ നൽകിയ ന്യായീകരണങ്ങളിൽ ഒന്ന്‌ രാഷ്ട്രീയ പാർട്ടികളുടെ കള്ളപ്പണ സ്രോതസുകൾ അടയ്ക്കുക എന്നതായിരുന്നു. നോട്ട്‌ അസാധൂകരണം പ്രഖ്യാപിത ലക്ഷ്യങ്ങൾ എല്ലാം കൈവരിച്ചതായി പ്രധാനമന്ത്രിയും ബിജെപിയും വീമ്പിളക്കിയിരുന്നു. അങ്ങിനെയെങ്കിൽ ആർ കെ നഗർ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ ഒഴുക്കിയ പണം കള്ളപ്പണമാണോ വെള്ളപ്പണമാണോ എന്ന വസ്തുത പുറത്തുകൊണ്ടുവരാനും ഉത്തരവാദികളെ കണ്ടെത്തി അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും മോഡിക്കും കേന്ദ്ര സർക്കാരിനും ബാധ്യതയുണ്ട്‌.
തെരഞ്ഞെടുപ്പുരംഗത്തെ പണക്കൊഴുപ്പിനെപ്പറ്റിയുള്ള ചർച്ചകൾക്ക്‌ ഏറെ പഴക്കമുണ്ട്‌. തെരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങളെപ്പറ്റി നടന്ന എല്ലാ ചർച്ചകളിലും അതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകളിലും ഈ വിഷയം ആഴത്തിൽ പരിശോധിക്കുകയും പരാമർശിക്കുകയും ചെയ്തിട്ടുമുണ്ട്‌. പണക്കൊഴുപ്പും പേശിബലവും കൈമുതലാക്കി അധികാരം നിലനിർത്താൻ ആഗ്രഹിക്കുന്ന ആരുംതന്നെ അവയുടെ ദുസ്വാധീനം തെരഞ്ഞെടുപ്പുകളിൽ നിന്ന്‌ ഒഴിച്ചുനിർത്താൻ സന്നദ്ധമല്ലെന്നതാണ്‌ വസ്തുത. തെരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങളെപ്പറ്റി ഇക്കഴിഞ്ഞ ദിവസം സംസാരിച്ച രാഷ്ട്രപതി പ്രണബ്‌ മുഖർജിയുടേയും ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖേഹറിന്റെയും പ്രസംഗങ്ങളിൽപ്പോലും ഇക്കാര്യം പരാമർശിക്കപ്പെട്ടു കണ്ടില്ലെന്നത്‌ ഖേദകരമാണ്‌. തെരഞ്ഞെടുപ്പുകളിൽ അളവറ്റ പണം ഒഴുക്കുന്നവർ അതിനെ നോക്കിക്കാണുന്നത്‌ സ്വകാര്യ-നിക്ഷിപ്ത ലാഭത്തിനുവേണ്ടിയുള്ള നിക്ഷേപമായിട്ടാണ്‌. അത്‌ ചെറുകിട നിക്ഷേപത്തിൽ നിന്നും അഡാനിമാരും അംബാനിമാരും ഉൾപ്പെട്ട കോർപറേറ്റ്‌ നിക്ഷേപത്തിലാണ്‌ എത്തിനിൽക്കുന്നത്‌. സാധാരണക്കാരായ വോട്ടർമാർ കോർപറേറ്റ്‌ തീൻമേശകളിൽ നിന്ന്‌ വീണുകിട്ടുന്ന എച്ചിൽ കഷ്ണങ്ങൾക്ക്‌ കടിപിടി കൂടുന്ന നായ്ക്കൾക്ക്‌ സമാനമായി മാറിയിരിക്കുന്നു. ഇത്‌ രാജ്യത്തെ തെരഞ്ഞെടുപ്പു ജനാധിപത്യം എത്തിനിൽക്കുന്ന ദുരന്തപർവത്തിന്റെ ചിത്രമാണ്‌. ഇത്‌ അവസാനിപ്പിച്ചേ മതിയാവു. പൗരനും പൗരാവകാശങ്ങളും അർഥപൂർണമാവാൻ തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പിന്‌ അറുതിവരുത്തണം.

  Categories:
view more articles

About Article Author