ആ കഥ സാങ്കൽപ്പികമായിരുന്നില്ല

ആ കഥ സാങ്കൽപ്പികമായിരുന്നില്ല
May 19 04:45 2017

ജീവചരിത്രം കഥാതന്തുവാക്കിയെടുത്ത ഒഡിയ ചിത്രമാണ്‌ ‘തുളസി ആപ്പ’. കഴിഞ്ഞ നാൽപ്പത്‌ വർഷങ്ങളായി ഒട്ടേറെപ്പേർക്ക്‌ അറിവ്‌ പകർന്നു കൊടുത്ത ഒഡിഷക്കാരിയായ തുളസി മുണ്ടയുടെ കീഴിൽ അഭ്യസ്തവിദ്യരായവർ ഇരുപതിനായിരത്തിലധികം വരും. ഗോത്രവർഗത്തിന്റെ ഉന്നമനത്തിന്‌ വേണ്ടി നിരന്തരം പദ്ധതികൾ രൂപപ്പെടുന്ന കാലത്താണ്‌ വിദ്യാസമ്പന്നരുടെ ചൂഷണത്തിനെതിരെ ഗോത്ര വിഭാഗത്തിൽപ്പെട്ട തുളസി സ്വയം മുന്നോട്ടുവന്നത്‌

രമ്യ മേനോൻ
ജീവചരിത്രം കഥാതന്തുവാക്കിയെടുത്ത ഒഡിയ ചിത്രമാണ്‌ തുളസി ആപ്പ. ഈ ചിത്രത്തിൽ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തുളസി ആപ്പ എന്ന സ്ത്രീയുടെ പോരാട്ടങ്ങളാണ്‌ ഇതിവൃത്തമാക്കിയിരിക്കുന്നത്‌. അക്ഷരാഭ്യാസമില്ലാത്ത ഖാനിത്തൊഴിലാളികൾക്കും മറ്റും തുണയായി നിന്ന തുളസി ആപ്പ എന്ന സ്ത്രീ ഒരു സാങ്കൽപ്പിക കഥാപാത്രമല്ല. പദ്മശ്രീ അവാർഡ്‌ ജേതാവായ തുളസി മുണ്ട എന്ന സ്ത്രീയാണ്‌ ഈ സിനിമയ്ക്ക്‌ പിന്നിലെ പ്രചോദനം.
കഴിഞ്ഞ നാൽപ്പത്‌ വർഷങ്ങളായി ഒട്ടേറെപ്പേർക്ക്‌ അറിവ്‌ പകർന്നുകൊടുത്ത ഒഡിഷക്കാരിയായ തുളസി മുണ്ടയുടെ കീഴിൽ അഭ്യസ്തവിദ്യരായവർ ഇരുപതിനായിരത്തിലധികം വരും. ഗോത്രവർഗത്തിന്റെ ഉന്നമനത്തിന്‌ വേണ്ടി നിരന്തരം പദ്ധതികൾ രൂപപ്പെടുന്ന കാലത്താണ്‌ വിദ്യാസമ്പന്നരുടെ ചൂഷണത്തിനെതിരെ ഗോത്ര വിഭാഗത്തിൽപ്പെട്ട തുളസി സ്വയം മുന്നോട്ടുവന്നത്‌.
ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടി കുറച്ച്‌ മാസങ്ങളെയായിട്ടുള്ളു. അപ്പോഴാണ്‌ തുളസി മുണ്ട ജനിക്കുന്നത്‌. സ്വാതന്ത്ര്യത്തിനും തീരുമാനങ്ങൾക്കും ചെറുപ്പത്തിലേ സ്വന്തമായി ഒരു മാനമുണ്ടായിരുന്ന തുളസി സമൂഹത്തിലെ എല്ലാ ഉച്ചനീചത്വങ്ങൾക്കുമെതിരായിരുന്നു. പഠിക്കാൻ ഏറെ തത്പരയായിരുന്ന തുളസിയുടെയും ജീവിതത്തിൽ പഠനത്തിനുള്ള സൗകര്യങ്ങൾ തീരെയില്ലായിരുന്നുവെന്നുവേണം പറയാൻ. ഇളയകുട്ടികളെ നോക്കിയും വീട്ടുകാര്യങ്ങൾ ചെയ്തും അവളുടെ ബാല്യകാലവും പഠനത്തിൽനിന്ന്‌ ഏറെ അകലെയായിരുന്നു. അടുത്തെങ്ങും സ്കൂളുകളില്ലാത്ത ഇടമായിരുന്നതിനാൽ പഠനം തുളസിക്ക്‌ ഒരു സ്വപ്നമായിത്തന്നെ തുടർന്നു. വിധവയായ തന്റെ അമ്മ ജോലിക്ക്‌ പോയി ഉണ്ടാക്കുന്ന ചെറിയ വരുമാനത്തിൽ തന്റെ സഹോദരങ്ങളെ നോക്കലും തുളസിയുടെ ചുമതലയായിരുന്നു.
പന്ത്രണ്ട്‌ വയസായപ്പോൾ സെരെന്റയിലെ തന്റെ സഹോദരിക്കൊപ്പം ഇരുമ്പ്‌ ഖാനനത്തിന്‌ പോയതിൽ നിന്നാണ്‌ തുളസിയുടെ വിദ്യാഭ്യാസത്തിന്റെ സ്വപ്നങ്ങൾക്ക്‌ ചിറക്‌ മുളയ്ക്കുന്നത്‌. തനിക്കറിയാവുന്ന അക്കങ്ങളും അക്ഷരങ്ങളും സഹോദരി തുളസിയ്ക്ക്‌ പറഞ്ഞു കൊടുത്തു. കുറച്ച്‌ നാളുകൾക്ക്‌ ശേഷം തുളസി വിനോബ ബാവെയെ പരിചയപ്പെട്ടു. ഭൂദാൻ ആന്തോളൻ യാത്രയ്ക്കിടയിലെ ആ കാഴ്ച തുളസിയുടെ ജീവിതത്തിൽ വഴിത്തിരിവായി. വിനോബ ബാവെയുടെ ആശയങ്ങളിൽ പ്രചോദനമുൾക്കൊണ്ട്‌ അന്നുമുതൽ സാമൂഹിക സേവനങ്ങൾക്കായി തുളസിയും മുന്നിട്ട്‌ തുടങ്ങി.
അക്ഷരാഭ്യാസമില്ലാത്തവർക്ക്‌ ഏൽക്കേണ്ടിവരുന്ന ചൂഷണങ്ങളെക്കുറിച്ച്‌ നന്നായി അറിയാമായിരുന്ന തുളസി, തന്റെ ഗ്രാമവാസികൾക്ക്‌ വിദ്യാഭ്യാസം പകർന്നുകൊടുക്കാനും തീരുമാനിച്ചു. മറ്റുള്ളവർക്ക്‌ പറഞ്ഞുകൊടുക്കാൻതക്ക വിദ്യാഭ്യാസമില്ലാത്തതിനാൽ പ്രൈമറി വിദ്യാഭ്യാസം നേടിയിട്ടുള്ള യുവാക്കളെ കണ്ടെത്തി അവരിലൂടെയാണ്‌ തുളസി തന്റെ വിദ്യാലയം നടത്തി വന്നത്‌. അവർ സേവനമെന്ന രീതിയിൽ ഇവിടെയെത്തി കുട്ടികൾക്ക്‌ അറിവ്‌ പകർന്നുനൽകി.
ആൺകുട്ടികൾക്ക്‌ സമയം പോക്കലിനായിരുന്നു വിദ്യാഭ്യാസമെന്ന ധാരണ പതിയെ അവൾ മാറ്റിത്തുടങ്ങുകയായിരുന്നു. ഭക്ഷണ സാമഗ്രികൾ വിറ്റുണ്ടാക്കുന്ന പണം കൊണ്ട്‌ ഗ്രാമവാസികളെ വിദ്യയുടെ വഴിയിലേയ്ക്ക്‌ തെളിക്കാനും തുളസി ശ്രമിച്ചു. വൈകുന്നേര ക്ലാസുകളും മറ്റും നടത്തുകയും ചെയ്തു. വീടുതോറും കയറിയിറങ്ങി കുട്ടികളെ പഠിപ്പിക്കാൻ അയയ്ക്കണമെന്നും രക്ഷാകർത്താക്കളോട്‌ അവൾ ആവശ്യപ്പെട്ടു. എത്രയൊക്കെ തടസങ്ങളുണ്ടായിട്ടും തുളസി തന്റെ ശ്രമങ്ങൾ തുടർന്നു. തനിക്കൊപ്പം വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചവരോടൊപ്പം നിന്ന്‌ പാറകൾ പൊട്ടിച്ചും കല്ലുകൾ ചുമന്നും ഒരു സ്കൂൾ തന്നെ കെട്ടിപ്പടുത്തു. മരച്ചുവട്ടിൽ നിന്ന്‌ കെട്ടിടങ്ങളിലേക്ക്‌ ക്ലാസുകൾ മാറാൻ കാലതാമസം ഉണ്ടായില്ല.
ഇപ്പോൾ 353 കുട്ടികളുള്ള സ്കൂളാണ്‌ തുളസിയുടെത്‌. ഏഴ്‌ അധ്യാപകരാണുള്ളത്‌. കൂടാതെ 81 കുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തി. ഇതിൽ ഹോസ്റ്റൽ ഫീസ്‌ ഈടാക്കുന്നത്‌ സാമ്പത്തിക ശേഷി ഉള്ളവരുടെ കൈയിൽ നിന്ന്‌ മാത്രമാണ്‌. ഗ്രാമീണ വാസികൾക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകി ഇന്നും ആ ടീച്ചർ പ്രായഭേദമന്യേ തന്റെ പോർക്കളത്തിലുണ്ട്‌.
ചലച്ചിത്രങ്ങൾക്ക്‌ കാരണമായേക്കാവുന്ന ഒരു കെട്ടുറപ്പുള്ള കഥയിലെ നായിക തന്നെയാണ്‌ തുളസി. അതുകൊണ്ട്തന്നെയാകാം അവരെക്കുറിച്ച്‌ ചിത്രമെടുക്കാൻ സംവിധായകൻ തയ്യാറായതും.
ആമിയ രാജൻ പട്നായിക്കാണ്‌ തുളസി ആപ്പയുടെ സംവിധായകൻ. ഒഡിഷ സ്റ്റേറ്റ്‌ അവാർഡ്‌ ഉൾപ്പെടെ നിരവധി അവർഡുകൾ കരസ്ഥമാക്കിയ തുളസി ആപ്പ എന്ന ചിത്രം വിദ്യാഭ്യാസ സംബന്ധമായുള്ള പല തെറ്റിദ്ധാരണകളെയും ചൂണ്ടിക്കാണിക്കുന്നു.
യഥാർഥ സാമൂഹിക പ്രവർത്തകർ ജീവിക്കുന്നത്‌ മനുഷ്യ നന്മയ്ക്ക്‌ വേണ്ടിയാകണം. പ്രശസ്തിക്ക്‌ വേണ്ടി സമൂഹിക ശ്രദ്ധ പിടിച്ചുപറ്റാൻ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നവർക്ക്‌ തുളസി മുണ്ടെ താക്കീതും വിദ്യാഭ്യാസം കച്ചവടമാക്കുന്ന ഇന്നത്തെ സമൂഹത്തിൽ തുളസി മുണ്ട നന്മയൂടെ ഉദാഹരണവുമാണ്‌.

view more articles

About Article Author