ആ ദളിത്‌ വിദ്യാർഥിയുടെ ഓർമയ്ക്ക്‌ മുന്നിൽ

ആ ദളിത്‌ വിദ്യാർഥിയുടെ ഓർമയ്ക്ക്‌ മുന്നിൽ
March 20 04:55 2017

ബിനോയ്‌ വിശ്വം
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിന്റെ (എഐഐഎംഎസ്‌) മോർച്ചറിക്കു മുമ്പിൽ ഞാൻ മുത്തുകൃഷ്ണന്റെ അച്ഛനെ കാണുമ്പോൾ ആ മനുഷ്യൻ അനന്തതയിലേക്ക്‌ കണ്ണുംനട്ട്‌ ഒരു കോൺക്രീറ്റ്‌ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. ഉള്ളിൽ അലയടിക്കുന്ന അടക്കാനാവാത്ത ദുഃഖത്തിന്റെ ആഴം ആ മുഖത്ത്‌ കാണാമായിരുന്നു. നിനച്ചിരിക്കാത്ത വേളയിൽ സ്വന്തം പുത്രൻ നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ മുഖത്ത്‌ അതല്ലാതെ മേറ്റ്ന്തുഭാവമാണുണ്ടാകുക. ജീവാനന്ദം എന്നാണ്‌ ആ മനുഷ്യന്റെ പേര്‌. സേലത്ത്‌ ഒരു സ്വകാര്യ സ്ഥാപനത്തിലെ വാച്ച്മാനാണ്‌ അദ്ദേഹം. അടക്കാനാത്ത ദുഃഖം കടിച്ചമർത്തിക്കൊണ്ട്‌ ആ പിതാവ്‌ അകത്ത്‌ മോർച്ചറിയിൽ കിടക്കുന്ന തന്റെ മകനെപ്പറ്റിയും മൂന്നു പെൺമക്കളെപ്പറ്റിയും എന്നോട്‌ പറഞ്ഞു. തുച്ഛമായ വരുമാനം കൊണ്ട്‌ ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെട്ടപ്പോഴും തന്റെ മക്കളെ നല്ലവണ്ണം പഠിപ്പിക്കണമെന്ന്‌ ജീവാനന്ദന്‌ നിർബന്ധമുണ്ടായിരുന്നു. സാമൂഹികമായ പിന്നാക്കാവസ്ഥമൂലം തനിക്ക്‌ പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും മക്കൾക്ക്‌ ആ ഗതി വരരുതെന്ന്‌ ജീവാനന്ദത്തിനു വാശി ഉണ്ടായിരുന്നു. അഭിമാനിയായ ആ അച്ഛൻ പറഞ്ഞു: “എന്റെ മക്കളെല്ലാം നല്ലവണ്ണം പഠിച്ചു. മുത്തുകൃഷ്ണൻ ആയിരുന്നു അവരിൽ ഏറ്റവും മിടുക്കൻ.”
മുത്തുകൃഷ്ണന്‌ ജെഎൻയു ഒരു സ്വപ്നമായിരുന്നു. ഹൈദരാബാദ്‌ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ (എച്ച്സിയു) വിദ്യാഭ്യാസത്തിനുശേഷം തന്റെ സ്വപ്നസ്ഥാപനത്തിലെ വിദ്യാർഥിയാകാൻ അവനത്രമേൽ പാടുപെട്ടു. ഹൈദരാബാദിൽ പഠിക്കുമ്പോൾ മുത്തുകൃഷ്ണൻ രോഹിത്‌ വെമുലയുടെ ഉറ്റചങ്ങാതിയായി. രോഹിതിന്റെ സസ്പെൻഷനെ തുടർന്ന്‌ അവിടെ ഉണ്ടായ വിദ്യാർഥി പ്രക്ഷോഭത്തിലും മുത്തുകൃഷ്ണൻ സജീവമായിരുന്നു. നാല്‌ തവണ പ്രവേശന പരീക്ഷ എഴുതിയപ്പോഴാണ്‌ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ജെഎൻയുവിന്റെ കവാടങ്ങൾ അവനുമുമ്പിൽ തുറന്നത്‌. മുത്തുകൃഷ്ണന്‌ ജെഎൻയു എന്തായിരുന്നുവെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. അവിടെ എത്തിയതിനുശേഷം ജസ്റ്റിസ്‌ ഫോർ വെമുല പ്രസ്ഥാനത്തിൽ മുത്തു താൽപര്യപൂർവം പങ്കെടുത്തു. മനസിലെ വലിയ കിനാവായി താൻ കൊണ്ടുനടന്ന ജെഎൻയു ക്യാമ്പസിൽ മുത്തുവിന്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ ആർക്കുമറിയില്ല. ഹോളി ആഘോഷത്തിന്റെ ദിവസം വൈകുന്നേരം ക്യാമ്പസിനടുത്തുള്ള മുനീർക്കയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ അവൻ തൂങ്ങിനിൽക്കുന്നതാണ്‌ കാണപ്പെട്ടത്‌. അന്ന്‌ രാവിലെ പ്രഭാതഭക്ഷണവേളയിൽ മുത്തുവിനോടൊപ്പം ഉണ്ടായിരുന്ന അവന്റെ ഒരടുത്ത സുഹൃത്ത്‌ കുറേനേരം എന്നോട്‌ സംസാരിച്ചു. ആ പ്രഭാതത്തിൽ മുത്തു സാധാരണപോലെയാണ്‌ പെരുമാറിയത്‌. അവൻ ഉത്സാഹവാനായിരുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട രജനികാന്തിനെക്കുറിച്ച്‌ മുത്തു ആവേശപൂർവം സംസാരിച്ചിരുന്നുവത്രെ. കബാലി സിനിമയിലെ ഏതാനും രജനി ഡയലോഗുകൾ കൂട്ടുകാർക്ക്‌ മുമ്പിൽ അവൻ അവതരിപ്പിക്കുകയും ചെയ്തു. രജനികാന്തിനോടുള്ള ആരാധന മൂലമാകാം തന്റെ ഫേസ്ബുക്ക്‌-ബ്ലോഗ്‌ പേജുകളിൽ മുത്തുകൃഷ്ണൻ തനിയെ പേരിട്ടത്‌ രജനികൃഷ്‌ എന്നായിരുന്നു. സന്തോഷകരമായ ആ പ്രഭാത കൂടിക്കാഴ്ചയ്ക്കുശേഷം ദക്ഷിണ കൊറിയക്കാരനായ സുഹൃത്തിന്റെ വീട്ടിലേക്ക്‌ പോയതായിരുന്നു മുത്തു.
ദുഃഖകരമായ ആ വേർപാടിന്റെ കാരണങ്ങൾ ആർക്കുമറിയില്ല. സമഗ്രവും കുറ്റമറ്റതുമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഈ മരണത്തിനു പിറകിലുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിയു. മുത്തുവിന്റെ അച്ഛൻ പൊലീസിൽ പരാതി നൽകുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌. മുത്തുകൃഷ്ണൻ അംഗമായിരുന്ന ബാപ്സ (ബാപ്സ-ബിർസ മുണ്ട, അംബേദ്ക്കർഫുലെ സ്റ്റുഡന്റ്സ്‌ അസോസിയേഷൻ), എഐഎസ്‌എഫ്‌, എസ്‌എഫ്‌ഐ, ഐസ എന്നീ വിദ്യാർഥി സംഘടനകളും ജെഎൻയു വിദ്യാർഥി യൂണിയനും ഇതേ ആവശ്യം മുന്നോട്ടുവയ്ക്കുന്നു. ആ മോർച്ചറിക്ക്‌ മുമ്പിൽ അങ്ങിങ്ങായി കൂട്ടം കൂടിനിന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും മുഖത്ത്‌ പ്രതിഫലിച്ച വ്യഥകൾ ജെഎൻയുവിന്റെ ഇന്നത്തെ അവസ്ഥയുടെ പ്രതിഫലനമായിരുന്നു ക്യാമ്പസിൽ നിന്നും കാണാതായ നജീബ്‌ എന്ന വിദ്യാർഥിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ജെഎൻയുവിന്റെ മനസിനെ ഇപ്പോഴും മഥിക്കുന്നുണ്ട്‌. ‘നജീബ്‌ എവിടെ’ എന്ന ചോദ്യം അവിടെ നിലയ്ക്കാതെ മാറ്റൊലികൊള്ളുകയാണ്‌. ജെഎൻയു അധികൃതർക്കും ഗവൺമെന്റിനും ആ ചോദ്യത്തിന്‌ ഉത്തരം കൊടുക്കാൻ കഴിയുന്നില്ല.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അഭിമാനകേന്ദ്രമായ ജെഎൻയു 2016 ഫെബ്രുവരി 16 മുതൽ സംഘർഷങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ദേശീയതയുടെ മറവിൽ ജെഎൻയുവിനെ ശ്വാസംമുട്ടിക്കാനും കുറ്റപ്പെടുത്താനും തന്ത്രങ്ങൾ മെനയുന്ന സംഘപരിവാർ ശക്തികൾ വിവരണാതീതമായ സമ്മർദ്ദങ്ങളാണ്‌ അവിടുത്തെ അധ്യാപകരുടെയും വിദ്യാർഥികളുടയും മേൽ അടിച്ചേൽപ്പിക്കുന്നത്‌. ജെഎൻയു വിദ്യാർഥി യൂണിയന്റെ പ്രസിഡന്റായിരുന്ന എഐഎസ്‌എഫ്‌ നേതാവ്‌ കനയ്യ കുമാറിനെ അവർ പിന്തുടർന്നു വേട്ടയാടി. ജെഎൻയുവിന്റെ വ്യതിരിക്തതയായി കരുതപ്പെടുന്ന ഉദ്ബുദ്ധമായ അന്വേഷണ ത്വരയുടെ നേർക്ക്‌ അവർ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. തങ്ങളുടെ ഫാസിസ്റ്റ്‌ വിചാരധാരയ്ക്ക്‌ ഇണങ്ങും വിധത്തിൽ ദേശാഭിമാനത്തെയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയും അവർ പുനർനിർവചിച്ചു. ഇടതുപക്ഷാഭിമുഖ്യമുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും സാന്നിധ്യം ക്യാമ്പസിനെ അപകടത്തിലാക്കുന്ന വിപത്താണെന്ന്‌ അവർ പ്രചരിപ്പിച്ചു.
ക്യാമ്പസുകളിൽ എസ്സി/എസ്ടി/ഒബിസി വിദ്യാർഥികളുടെ കൂടിയ അളവിലുള്ള പ്രവേശനത്തിന്‌ കളമൊരുക്കിയ സാഹചര്യങ്ങളോട്‌ പൊരുത്തപ്പെടാൻ ആർഎസ്‌എസിനും എബിവിപിക്കും എന്നും വൈമനസ്യമായിരുന്നു. അവരുടെ പ്രത്യയശാസ്ത്ര ചിന്താഗതി വാദിക്കുന്നത്‌ സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികളെ അന്യരായി പരിഗണിക്കണമെന്നാണ്‌. ഈ വൈരുദ്ധ്യം മൂർച്ഛിച്ചപ്പോഴാണ്‌ ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിലെ രോഹിത്‌ വെമുല തന്റെ ജീവൻ അവസാനിപ്പിക്കാൻ നിർബന്ധിതനായത്‌. രണ്ടു കേന്ദ്രമന്ത്രിമാരുടെ ഒത്താശയോടെ എബിവിപി നടത്തിയ ക്രൂരമായ ഇടപെടലുകളാണ്‌ രോഹിത്‌ വെമുലയുടെ സസ്പെൻഷന്‌ വഴിതെളിച്ചത്‌. നിരന്തരമായ ഇത്തരം പീഡാനുഭവങ്ങൾക്ക്‌ ഒടുവിലാണ്‌ വെമുല ജീവിതത്തോട്‌ വിട പറഞ്ഞത്‌. സ്ഥാപനത്തിന്റെ കാർമികത്വത്തിൽ നടന്ന കൊലപാതകമെന്ന്‌ അതിനെ വിശേഷിപ്പിച്ചാൽ അത്‌ പൂർണമായി ശരിയായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ മഹനീയ കേന്ദ്രങ്ങളിൽ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ ദുഃഖങ്ങളുടേയും ദുരിതങ്ങളുടെയും കഥകളാണ്‌ വെമുലയുടെ ദുഃഖസാന്ദ്രമായ അനുഭവം പറയുന്നത്‌. ഈ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്‌ ജനാധിപത്യ വിദ്യാർഥി പ്രസ്ഥാനം ‘രോഹിത്‌ വെമുല ആക്ട്‌’ എന്ന മുദ്രാവാക്യത്തിന്‌ രൂപം കൊടുത്തത്‌. ദുരിതപൂർണമായ പശ്ചാത്തലത്തിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക്‌ മാനംമര്യാദയായി ക്യാമ്പസുകളിൽ തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള അന്തരീക്ഷമുണ്ടാകണമെന്ന്‌ ‘രോഹിത്‌ വെമുല ആക്ട്‌’ വിഭാവന ചെയ്യുന്നു.
ദിവസങ്ങൾ കടന്നുപോയെങ്കിലും മുത്തുകൃഷ്ണന്റെ മരണകാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു. രാജ്യത്തെമ്പാടുമുള്ള വിദ്യാർഥികളും ജനാധിപത്യ ശക്തികളും ആവശ്യപ്പെടുന്നത്‌ നിഷ്പക്ഷവും ഫലപ്രദവുമായ സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നാണ്‌. ജെഎൻയു ക്യാമ്പസിന്‌ അകത്തും പുറത്തുമുള്ള അക്കാദമിക്‌ സമൂഹം പ്രതീക്ഷിക്കുന്നത്‌ ഈ യുവഗവേഷകന്റെ മരണകാരണം എത്രയും വേഗം പുറത്തുവരണമെന്നാണ്‌. ജീവാനന്ദത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നഷ്ടപ്പെട്ടത്‌ തങ്ങൾ സർവസ്വമായി കണ്ട പ്രിയപുത്രനെയാണ്‌. ഒരു കൊല്ലം മുമ്പ്‌ രോഹിത്‌ വെമുലയുടെ അമ്മ രാധികയും ഇതേ ദുഃഖത്തിന്റെ ചുഴികളിലൂടെയാണ്‌ കടന്നുപോയത്‌. സാമൂഹിക വിവേചനത്തിന്റെയും ഇല്ലായ്മകളുടെയും കഠിനപഥങ്ങൾ ചവിട്ടി വന്ന ഈ കുട്ടികൾ കൊതിച്ചത്‌ ഭാവിയിലെ ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും പ്രൊഫസർമാരും ഒക്കെ ആകാനാണ്‌. എന്നാൽ ബൗദ്ധിക അന്വേഷണങ്ങളുടെ പ്രബുദ്ധ കേന്ദ്രങ്ങൾ ആകണമെന്ന്‌ സങ്കൽപിക്കപ്പെടുന്ന നമ്മുടെ സർവകലാശാലകൾ അവരുടെ സ്വപ്നങ്ങളെയെല്ലാം തല്ലിക്കൊഴിക്കുകയാണ്‌. ഇതെന്തുകൊണ്ടാണ്‌?
ജാതി വൈരുദ്ധ്യങ്ങളുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഇന്ത്യയിലെ സാമൂഹിക ബന്ധങ്ങളുടെ സ്വാധീനത്താലാണ്‌ സർവകലാശാലകൾ ഇങ്ങനെയാകുന്നത്‌. ഈ വെല്ലുവിളി അതീവഗൗരവത്തോടെ നേരിടേണ്ടതാണ്‌. എംഫിൽ/പിഎച്ച്ഡി പ്രവേശന നിബന്ധനകൾ പുതുക്കി എഴുതിയപ്പോഴാണ്‌ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്‌ ഇത്തരം സ്ഥാപനങ്ങളിൽ കൂടുതൽ സീറ്റും വർധിച്ച സ്കോളർഷിപ്പും ലഭ്യമായത്‌. ക്യാമ്പസുകളുടെ ഈ മാറിയ മുഖച്ഛായ ഇഷ്ടപ്പെടാത്ത ചാതുർവർണ്യത്തിന്റെ പുത്തൻ സംരക്ഷകരാണ്‌ പിന്നാക്ക പ്രവേശനത്തിന്റെ വാതിൽ കൊട്ടിയടയ്ക്കണമെന്ന്‌ വാദിച്ചു പോരുന്നത്‌. അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ നെറികെട്ട രീതികളാണ്‌ രോഹിത്‌ വെമുലമാരെയും മുത്തുകൃഷ്ണൻമാരെയും സൃഷ്ടിക്കുന്നത്‌. ഉന്നത വിദ്യാകേന്ദ്രങ്ങളിൽ സാമൂഹിക നീതി നടപ്പിലാക്കുന്നതിന്റെ സിദ്ധാന്തപരവും പ്രായോഗികവുമായ പ്രശ്നങ്ങളെപ്പറ്റി ഗൗരവപൂർവമായ ചർച്ചകൾ അടിയന്തരമായി ഉണ്ടാകണം. ജാതി വ്യവസ്ഥയുടെ പീഡനങ്ങൾക്കിരയായ സാമൂഹിക വിഭാഗങ്ങളിലെ ഇളംതലമുറക്കാർക്ക്‌ മുന്നിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിലുകൾ കൂടുതൽ മലർക്കെ തുറന്നുവയ്ക്കുകയാണ്‌ വേണ്ടത്‌; കൊട്ടിയടയ്ക്കുകയല്ല.

  Categories:
view more articles

About Article Author