ഇടം നാടകം

ഇടം നാടകം
March 19 04:45 2017

കുളക്കട പ്രസന്നൻ
നാടകങ്ങൾക്ക്‌ വളക്കൂറുള്ള മണ്ണാണ്‌ മലയാളിയുടേത്‌. തലസ്ഥാന നഗരിയിലെ ദേശീയ നാടകോത്സവം അത്‌ വീണ്ടും തെളിയിക്കുന്നുണ്ട്‌.മലയാളിയുടെ സാമൂഹ്യ അവബോധ വളർച്ചയെ കാര്യമായി സ്വാധീനിച്ച നാടകശ്രമങ്ങൾ നിരവധിയാണ്‌. ദേശീയ തലത്തിൽ അത്തരം തെളിച്ചം ഉണരും മുമ്പേ തന്നെ നമ്മുടെ മണ്ണിൽ പാട്ടബാക്കി പോലുള്ള അത്ഭുത നാടക യത്നങ്ങൾ സംഭവിച്ചു. കേരളത്തിന്റെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതാൻ പോന്നതായി പിന്നീട്‌ വന്ന കെപിഎസിയിലൂടെ വന്ന നാടകങ്ങൾ. ആധുനിക മലയാളിയുടെ ശരിയായ ജീവിതാവസ്ഥയെ അക്ഷരാർത്ഥത്തിൽ സ്റ്റേജിൽ വിരിയിക്കുകയായിരുന്നു തോപ്പിൽ ഭാസിയും സംഘവും.

കാർഷിക വിളവെടുപ്പിന്റെ സന്തോഷം പങ്കിടലായി തുടങ്ങിയ നാടകത്തിന്റെ ഉത്ഭവം അനുഷ്ഠാന കലകളിൽ നിന്നുമാണെന്ന്‌ അനുമാനിക്കാൻ യവന നാടകവും വെള്ളരിനാടകവും കൂട്ടിവായിച്ചാൽ മതിയാവും. യവന നാടകത്തെപ്പറ്റി സൂചിപ്പിക്കുന്നതു ക്രിസ്തുവിനു അഞ്ഞൂറ്‌ വർഷം മുൻപ്‌ രൂപംകൊണ്ടുവെന്നാണ്‌. പ്രകൃതിദേവതയായ ഡയനീഷ്യസിനെ പ്രീതിപ്പെടുത്താൻ അമ്പതുപേരുള്ള സംഘഗാനോത്സവമായ ഡിതിറാംബിൽ അവതരണാംഗങ്ങളിൽ നിന്നും ഉയർന്ന ചോദ്യവും അതിന്റെ രസകരമായ ഉത്തരവും ഒരു നാടകരീതിയിലേയ്ക്ക്‌ വഴിമാറുകയായിരുന്നു. ഇതു പിൽക്കാലത്തു യവനനാടകമായി അറിയപ്പെട്ടു. മലയാളക്കരയിൽ നടന്നിരുന്ന വെള്ളരിനാടകവും ഇതിനു സമാനമാണെന്ന്‌ കണക്കാക്കാം.
മകരം കൊയ്ത്തിനുശേഷം പാടം ഉഴുതുമറിച്ച്‌ വെള്ളരിവിത്തിട്ട്‌ വിത്തുകൾ മുളപൊട്ടി അത്‌ വളർന്ന്‌ പീവിട്ട്‌ വെള്ളരിയായി അതു പാകമാകുമ്പോൾ വെള്ളരി സംരക്ഷിക്കാനും ആരും മോഷ്ടിക്കാതിരിക്കാനും കാവലുണ്ടാവും. ഈ സമയം രസകരമാക്കുന്നതിന്‌ കർഷകർ രൂപപ്പെടുത്തിയതാണ്‌ വെള്ളരി നാടകം. മെടഞ്ഞ തെങ്ങോലകൾ കൊണ്ടു മൂന്നുവശവും മറച്ചുണ്ടാക്കുന്ന വേദിക്ക്‌ മുന്നിൽ വെളിച്ചം നൽകുന്ന തുണിപ്പന്തത്തിൽ എള്ളെണ്ണയും ആവണക്കെണ്ണയും വേപ്പെണ്ണയും ചേർന്ന മിശ്രിതമാണ്‌ ഉപയോഗിക്കുന്നത്‌. പഴയ തുണികൾക്കൊണ്ടുണ്ടാക്കിയ കർട്ടനുമുണ്ടാവും. വയലുകളിൽ തയ്യാറാക്കുന്ന വേദിക്ക്‌ മേൽക്കൂരയുണ്ടാവില്ല. ഇക്കാലയളവിൽ മഴ പെയ്യാറില്ല എന്നതുകൊണ്ടാവും മേൽക്കൂര കെട്ടാത്തത്‌. വെള്ളരി നാടകത്തിൽ രാജസ്തുതികളും രാജ്യസ്തുതികൾക്കും പ്രാധാന്യം നൽകിയാണ്‌ അവതരണമെങ്കിലും എഴുതി തയ്യാറാക്കിയ ഒരു കഥയുണ്ടാവില്ല. മഹാരാജാവ്‌, മന്ത്രി, വൈദ്യർ, കച്ചവടക്കാർ, വിദൂഷകൻ തുടങ്ങിയ കഥാപാത്രങ്ങളുള്ള ഈ നാടകത്തെ രസകരമാക്കുന്നതിന്‌ കാണികളുടെ ചോദ്യങ്ങളുണ്ടാവും. എന്നുമാത്രമല്ല, അതതു കാലത്തെ സംഭവങ്ങൾ ഉൾപ്പെടുത്തിയാവും നാടകം പുരോഗമിക്കുക. വിഷുക്കാലത്തു അരങ്ങേറിയിരുന്ന വെള്ളരി നാടകം മലയാളക്കരയുടെ സ്വന്തം കാർഷിക സംസ്കാരത്തിന്റെ ആഘോഷമായിരുന്നു.
നമ്മുടെ മണ്ണിന്റെയും കാലാവസ്ഥയുടെയും സംസ്കാരത്തിന്റെയും സംരക്ഷകരായിരുന്നു ആദ്യകാല നാടകകൂട്ടായ്മകൾ. അധ്വാനിക്കുന്നവരുടെ കൂട്ടായ്മയിൽ നിന്ന്‌ അവരുടെ ആനന്ദത്തിനുവേണ്ടി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴചേരലായിരുന്നു യവനനാടകവും വെള്ളരി നാടകവും എന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
പ്രപഞ്ചശക്തികളെ ആദരിച്ചുകൊണ്ടും അനുകരിച്ചുകൊണ്ടുമാണ്‌ ആദ്യകാലങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്‌. കേരളത്തെ സംബന്ധിച്ച്‌ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ തെയ്യം, പടയണി, മുടിയേറ്റ്‌ മുതലായ അനുഷ്ഠാനകലകളിൽ നിന്നും നിയന്ത്രിതമായ ഒരു ചട്ടക്കൂട്‌ നാടകത്തിനുണ്ടായില്ല. കാലാനുസൃതമായ വികാസം എപ്പോഴും നാടകങ്ങൾക്കുണ്ടായി. അതായത്‌ അനുഷ്ഠാന കലകളുടെ വികസിത രൂപമാണ്‌ നാടകമെന്ന്‌ പറയുമ്പോൾ അതു നൂറുശതമാനം ശരിയാവുന്നു. കാരണം മിക്ക അനുഷ്ഠാനകലകളും ഏതു കാലഘട്ടത്തിൽ രൂപംകൊണ്ടോ, അന്നത്തെ വിശ്വാസങ്ങൾക്ക്‌ അനുസരിച്ച്‌ ആ സംസ്കാരത്തിൽ നിന്നും വേറിടാതെ നിലനിന്നുപോകുന്നു. എന്നാൽ നാടകമെന്ന കല അങ്ങനെയല്ല. വിളവെടുപ്പ്‌, വിളവിറക്ക്‌ കാലങ്ങളെ ഓർമ്മപ്പെടുത്തുന്ന ആദ്യകാല രീതിയിൽ നിന്നും വേറിട്ട പാതയിലൂടെ നാടക സങ്കേതങ്ങൾ സഞ്ചരിക്കുന്നു. അനുഷ്ഠാനകലകളുടെ പുറന്തോട്‌ പൊട്ടിച്ച്‌ പുറത്തുവന്നതാണ്‌ പിൽക്കാലത്തു കാണുന്ന നാടകങ്ങളെന്ന്‌ രത്നചുരുക്കം.
ബി സി 534 തുടങ്ങിയ ഗ്രീക്ക്‌ നാടക കാലഘട്ടവും ബി സി 200 നുശേഷം ആധിപത്യം നേടിയ റോമൻ നാടകത്തിനും ഇതേ കാലയളവിൽ അവതരിപ്പിക്കപ്പെട്ട ഭാരതീയ നാടകത്തിനുശേഷവും യൂറോപ്പിലെ നവോത്ഥാന നാടകരംഗവും കഴിഞ്ഞാൽ 1580 മുതൽ 1642 വരെയുള്ള കാലയളവിൽ ശ്രദ്ധേയമായ എലിസബത്തൻ, ജക്കോബിയൻ, കരോലിൻ നാടകങ്ങളുടെ യുഗവും 1887-ൽ പാരീസിൽ സ്ഥാപിച്ച സ്വതന്ത്ര തിയേറ്റർ പ്രസ്ഥാനവും പുത്തൻ വഴികൾ തേടി. ഇതിൽനിന്നും വേറിട്ട പാത സമ്മാനിച്ചത്‌ ജർമ്മൻ നാടകകൃത്ത്‌ ബർത്തോൾദ്‌ ബ്രഹ്താണ്‌. തെരുവു നാടകമെന്ന ആശയം മുന്നോട്ടുവച്ചതു ഇദ്ദേഹമാണ്‌. തെരുവു നാടകങ്ങളുടെ ലക്ഷ്യം ചൂഷണവർഗങ്ങളെ ചോദ്യം ചെയ്യാൻ സമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ്‌.
തെരുവുനാടകം എന്നതു ലോക നാടകവേദിയുടെ ആത്മാവാണ്‌. ഇങ്ങനെ സൂചിപ്പിക്കാൻ കാരണം, ഭാരതീയ നാടകം, ഗ്രീക്ക്‌ നാടകം, റോമൻ നാടകം, യൂറോപ്പിലെ നവോത്ഥാന നാടകം, ഇംഗ്ലണ്ടിലെ ദേശീയ നാടകങ്ങൾ (എലിസബത്തൻ, ജക്കോബിയൻ, കരോലിൻ നാടകങ്ങൾ) എന്നിങ്ങനെ വേർതിരിക്കപ്പെടുമ്പോൾ തെരുവുനാടകത്തിന്‌ അങ്ങനെയൊരു ദേശത്തിന്റെയോ കാലഘട്ടത്തിന്റെയോ അടയാളങ്ങളിൽപ്പെടാതെ ലോകമൊട്ടുക്ക്‌ സ്വീകാര്യമായി എന്നതുകൊണ്ടാണ്‌. ലോകമുള്ളിടത്തോളം കാലം തെരുവുനാടകം, ഭാഷ, ദേശം, ഭരണകൂടം, സംസ്കാരം, കാർഷികം തുടങ്ങിയ സർവതലസ്പർശിയായ മാധ്യമമായി തുടരും. മാന്ത്രികശക്തിയുള്ള അവതരണമാണ്‌ തെരുവുനാടകത്തിന്റേത്‌.
ഇന്ത്യയിൽ ഒരു തെരുവുനാടക കലാകാരൻ രക്തസാക്ഷിത്വം വരിച്ച സംഭവമുണ്ട്‌. 1989 ജനുവരി ഒന്നിന്‌ ദൽഹിക്കടുത്തുള്ള സാഹിദാബാദിലെ ജന്ധാപൂരിൽ ‘ഹല്ലാബോൽ’ എന്ന നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ്‌ സഫ്ദർ ഹാശ്മി ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. മരണപ്പെടുമ്പോൾ 35 വയസ്‌ മാത്രമുണ്ടായിരുന്ന ഹാശ്മി ജനനാട്യമഞ്ചിന്റെ പ്രവർത്തകൻ, അധ്യാപകൻ, നാടകസംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. ഹാശ്മി കൊല്ലപ്പെട്ട്‌ രണ്ടു ദിവസം കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ ഭാര്യ മാലേയ്ശ്രീ അതേസ്ഥലത്തുവച്ച്‌ ഹല്ലാബോൽ നാടകം അവതരിപ്പിച്ചു. മാലേയ്‌ ശ്രീ ഇപ്പോഴും ജനനാട്യമഞ്ചിന്റെ സാരഥിയാണ്‌. ബദൽ സർക്കാർ, അൽക്കാസി, പ്രളയൻ, പ്രസന്ന എന്നിവരും തെരുവുനാടകത്തെ ജനകീയമാക്കുന്നതിൽ നിർണായക സ്ഥാനം നേടി.
ഇക്കൂട്ടത്തിൽ ചവിട്ടുനാടകത്തെ കുറിച്ച്‌ സൂചിപ്പിക്കാതെ പോകുന്നതു ശരിയാവില്ല. യൂറോപ്യൻ മിഷണറിമാർ മതപ്രചരണത്തിനായി ഉപയോഗിച്ചിരുന്ന ദൃശ്യമാധ്യമമാണ്‌ ചവിട്ടുനാടകം. വിദ്യാസമ്പന്നരല്ലാത്തവരെ ക്രിസ്തുമത വിശ്വാസികളാക്കുന്നതിനായി രൂപപ്പെടുത്തിയ ചവിട്ടുനാടകം 16-ാ‍ം നൂറ്റാണ്ടിൽ കേരളത്തിലെത്തിച്ചതു പോർച്ചുഗീസ്‌ മിഷണറിമാരാണ്‌. ഈ നാടകരീതി മതപ്രചരണത്തിനായിരുന്നതുകൊണ്ടാവാം ഇതര അനുഷ്ഠാന കലകളെപ്പോലെ ജനകീയത കൈവരിക്കാതെ പോയത്‌.
നാടിന്റെ അകം എന്നതാണ്‌ നാടകമെന്ന്‌ മലയാളികൾ പറയുന്നു. എന്നാൽ നാടകം എന്ന സംസ്കൃത പദത്തിന്റെ അർത്ഥം നടിച്ചുകാണിക്കുന്നതു എന്നാണ്‌. നാടകം എന്നതിന്റെ ഗ്രീക്ക്‌ പദമാണ്‌ ഡ്രാമ. ഈ പദത്തിനർഥം നടത്തപ്പെടുന്ന കാര്യം. ഡു എന്ന ക്രിയയിൽ നിന്നുണ്ടായ വാക്കാണ്‌ ഡ്രാമ എന്നും പറയപ്പെടുന്നു. എന്തുതന്നെയായാലും മനുഷ്യരേവരും ഇഷ്ടപ്പെടുന്ന ഒരു കലാസൃഷ്ടിയാണ്‌ നാടകമെന്നതിൽ രണ്ടഭിപ്രായമില്ല. മാർച്ച്‌ 27 ലോക നാടകദിനമെന്നിരിക്കെ ഓരോ വർഷവും നാടകത്തിനുണ്ടാവുന്ന മാറ്റങ്ങളും പരീക്ഷണങ്ങളും നേരാംവണ്ണം ചർച്ചചെയ്യപ്പെടുന്നുണ്ടോ എന്നാണ്‌ വിലയിരുത്തേണ്ടത്‌. അത്തരമൊരു ചർച്ചയുണ്ടാവേണ്ടത്‌ ഈ കാലഘട്ടത്തിനാവശ്യമാണ്‌. ആഗോളതാപനം കൂടുന്ന സാഹചര്യത്തിൽ, വികസനമെന്ന പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്ന സന്ദർഭത്തിൽ, കാർഷികവൃത്തിയോടു പുതുതലമുറ വിമുഖത കാട്ടുന്ന വേളയിൽ ആദ്യകാല നാടക സങ്കൽപ്പത്തിലേയ്ക്ക്‌ തീർച്ചയായും കണ്ണോടിക്കേണ്ടതുണ്ട്‌. യവനനാടകത്തിന്റെയും വെള്ളരി നാടകത്തിന്റെയും പ്രസക്തി അപ്പോഴെ നമ്മൾക്ക്‌ മനസിലാവുകയുള്ളു.

  Categories:
view more articles

About Article Author