ഇടപാടുകാരുടെ കഴുത്തറുത്ത്‌ എസ്ബിഐ ബ്ലേഡ്‌ കമ്പനിയാകരുത്‌

ഇടപാടുകാരുടെ കഴുത്തറുത്ത്‌ എസ്ബിഐ ബ്ലേഡ്‌ കമ്പനിയാകരുത്‌
May 16 04:45 2017

അഡ്വ. ആർ സജിലാൽ
2017 ഏപ്രിൽ ഒന്നാം തീയതി മലയാളികളുടെ സ്വന്തം ബാങ്കായ എസ്ബിടിയുൾപ്പെടെ അഞ്ച്‌ അസോസിയേറ്റ്‌ ബാങ്കുകളെ ഇല്ലാതാക്കി എസ്ബിഐ യിൽ ലയിപ്പിച്ചപ്പോൾ കേരളം പങ്കുവച്ച ആശങ്കകളും അഭിപ്രായങ്ങളും അക്ഷരാർഥത്തിൽ ശരിയാണ്‌ എന്ന്‌ തെളിയിക്കുന്ന പരിഷ്കാരങ്ങളാണ്‌ കേന്ദ്ര സർക്കാരും എസ്ബിഐയും കൈക്കൊണ്ടിരിക്കുന്നത്‌. ഇടപാടുകാർക്ക്‌ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ്‌ ശ്രേണിയിൽ സുഗമമായി ഇടപെടുവാനുളള അവസരമെന്ന വാഗ്ദാനം എസ്ബിഐ അട്ടിമറിച്ചിരിക്കുകയാണ്‌. പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇന്ന്‌ വൻകിട കോർപ്പറേറ്റുകളുടെ താൽപര്യാർഥമാണ്‌ പ്രവർത്തിച്ചുവരുന്നത്‌. ബാങ്കിന്റെ 95 ശതമാനം പ്രവർത്തനങ്ങളും കോർപ്പറേറ്റ്‌ കമ്പനിയായ റിലയൻസ്‌ വഴിയാണ്‌ നടക്കുന്നത്‌. അതിനുള്ള കരാർ എസ്ബിഐയും റിലയൻസ്‌ മണി ഇൻഫ്രാസ്ട്രക്ചറും തമ്മിൽ നേരത്തേ രൂപപ്പെട്ടുകഴിഞ്ഞു. അതിന്റെ ഭാഗമായിട്ടാണ്‌ സേവനങ്ങൾക്കായി എസ്ബിഐ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്‌.
കരാർ പ്രകാരം റിലയൻസാണ്‌ എസ്ബിഐയുടെ സേവനദാതാവായി പ്രവർത്തിക്കുക. വായ്പ ആവശ്യമുള്ളവരെ കണ്ടെത്തുക, രേഖകൾ പരിശോധിക്കുക, അനുബന്ധ നടപടികൾ പൂർത്തീകരിക്കുക, വായ്പാ തുക തിരിച്ചുപിടിക്കുക, വായ്പയെടുത്തവരിൽ നിന്നും മുതലും പലിശയും ശേഖരിക്കുക തുടങ്ങി ബാങ്കിങ്‌ സേവനങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്‌ റിലയൻസാണ്‌. സേവനങ്ങൾക്ക്‌ ഇടപാടുകാരിൽ നിന്നും ഫീസ്‌ ഈടാക്കാമെന്നും റിലയൻസുമായി ഒപ്പിട്ട കരാറിൽ എസ്ബിഐ സമ്മതിച്ചുകൊടുത്തിരുന്നു. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള പൊതുമേഖലാ ബാങ്കിനെയാണ്‌ ഇങ്ങനെ റിലയൻസ്‌ കൈയടക്കിയിരിക്കുന്നത്‌. പുതിയ ബാങ്ക്‌ തുടങ്ങുവാനുള്ള റിലയൻസിന്റെ ശ്രമം നട ക്കാതിരുന്നപ്പോഴാണ്‌ മുതൽമുടക്കില്ലാതെ എസ്ബിഐയുടെ പ്രവർത്തനമൊന്നടങ്കം തങ്ങളുടെ താൽപര്യാർഥമാക്കുന്ന വഴി റിലയൻസ്‌ സ്വീകരിച്ചിരിക്കുന്നത്‌.
രാജ്യത്തെ കോർപ്പറേറ്റ്‌ കമ്പനികൾ വൻതുക വായ്പയായി എടുത്ത്‌ തിരിച്ചടയ്ക്കാതിരിക്കുകയും പലതും എഴുതിത്തള്ളുകയും ചെയ്തപ്പോൾ സാധാരണക്കാരായ കർഷകരുടെ വായ്പാ തുകകളും വിദ്യാർഥികൾ എടുത്ത വിദ്യാഭ്യാസ വായ്പയും തിരിച്ചുപിടിക്കുവാൻ റിലയൻസിനെ ഏൽപ്പിച്ചതും റിലയൻസിന്റെ ഗുണ്ടകൾ നിർബന്ധിത പിരിവിനായി ഇറങ്ങിത്തിരിച്ചതും ഈ സന്ദർഭത്തിൽ ഓർമിക്കേണ്ടിയിരിക്കുന്നു. ബ്ലേഡ്‌ കമ്പനികളെ പോലെയും വാഹനങ്ങളുടെ സി സി പിടുത്തക്കാരെപോലെയും ആയുധങ്ങളുമായി കവർച്ച നടത്തുന്ന കൊള്ളക്കാരെ പോലെയും പൊതുമേഖലാ ബാങ്ക്‌ എന്ന്‌ അവകാശവാദമുന്നയിക്കുന്ന എസ്ബിഐ ഇറങ്ങിത്തിരിക്കുന്നത്‌ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്‌.
ബാങ്ക്‌ സേവനങ്ങൾക്ക്‌ സർവീസ്‌ ചാർജ്ജ്‌ ഈടാക്കുവാനും അക്കൗണ്ടിൽ മിനിമം ബാലൻസ്‌ ഇല്ലാത്തവരിൽ നിന്നും പിഴ ഈടാക്കുവാനും എടുത്ത തീരുമാനം റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ നിലവിലുള്ള മാർഗനിർദേശങ്ങൾക്ക്‌ വിധേയമായിട്ടാണോ എന്ന്‌ പരിശോധിക്കപ്പെടേണ്ടതാണ്‌. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ രാജ്യത്തെ ജനങ്ങളോട്‌ മറുപടി പറയുവാൻ ബാധ്യസ്ഥരാണ്‌. സീറോ ബാലൻസ്‌ അക്കൗണ്ട്‌ തുടങ്ങുവാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി അങ്ങനെ ആരംഭിച്ച സാധാരണക്കാരുടെ അക്കൗണ്ടിൽ മിനിമം ബാലൻസ്‌ ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്ന തീരുമാനത്തെക്കുറിച്ച്‌ അഭിപ്രായം പറയണം.
രാജ്യത്തെ സ്വകാര്യ-ന്യൂജനറേഷൻ ബാങ്കുകൾക്ക്‌ ഇനി പിന്തുടരുവാൻ സഹായകരമായ ജനവിരുദ്ധ പരിഷ്കാരങ്ങൾക്കാണ്‌ എസ്ബിഐ തുടക്കം കുറിച്ചത്‌. അധ്വാനിച്ച്‌ ഉണ്ടാക്കുന്ന സ്വന്തം പണം നിക്ഷേപിക്കുന്നതിനും നിക്ഷേപിച്ച പണം തിരിച്ചെടുക്കുന്നതിനും ഫീസ്‌ നൽകണമെന്ന തീരുമാനം ജനങ്ങളെ എസ്ബിഐയിൽ നിന്നും അകറ്റുന്നതിന്‌ മാത്രമേ സഹായിക്കൂ. മിനിമം ബാലൻസ്‌ ഇല്ലെങ്കിൽ പിഴ നൽകണമെന്നതിലൂടെ ഇടപാടുകാരന്റെ പണം അയാളറിയാതെ തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നു.
എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന്‌ ജൂൺ ഒന്ന്‌ മുതൽ 25 രൂപ ഫീസ്‌ ഈടാക്കുമെന്ന മെയ്‌ 15ന്‌ പുറത്തിറക്കിയ സർക്കുലർ വ്യാപകമായ പ്രതിഷേധമാണ്‌ ഉണ്ടാക്കിയത്‌. തുടർന്ന്‌ ഈ ഫീസ്‌ മാത്രം പിൻവലിച്ച്‌ ജനങ്ങളുടെ മേൽ മറ്റിതര ഫീസുകൾ അടിച്ചേൽപ്പിച്ചുകൊണ്ട്‌ കപട നാടകം കളിക്കുകയായിരുന്നു എസ്ബിഐ.
അക്കൗണ്ടിൽ പ്രതിമാസം മിനിമം ബാലൻസ്‌ മെട്രോ നഗരങ്ങളിൽ 5000 രൂപയും നഗരങ്ങളിൽ 3000 രൂപയും അർധനഗരങ്ങളിൽ 2000 രൂപയും ഗ്രാമങ്ങളിൽ 1000 രൂപയും ഇല്ലാത്തവർ പിഴയടക്കേണ്ടി വരുന്നു. ശരാശരി ഈ തുകയില്ലെങ്കിൽ സേവിങ്ങ്സ്‌ ബാങ്ക്‌ അക്കൗണ്ടുകളിൽ 20 രൂപ മുതൽ 100 രൂപ വരെയും കറന്റ്‌ അക്കൗണ്ടുകളിൽ 500 രൂപയും ഒരു മാസത്തെ പിഴയായി നൽകണം. ഇതിന്‌ പുറമേ സേവന നികുതിയും ഈടാക്കും. എസ്ബിഐ അക്കൗണ്ടുകളിൽ ഓരോ മൂന്ന്‌ മാസക്കാലത്തേയും ശരാശരി ബാലൻസ്‌ 15000 രൂപയിൽ താഴെയായാൽ 30 രൂപ ഡെബിറ്റ്‌ കാർഡ്‌ ചാർജ്ജ്‌ ഇനത്തിൽ നൽകണം. കറന്റ്‌ അക്കൗണ്ട്‌ ഉടമകൾക്ക്‌ വ്യത്യസ്ത കാർഡുകൾക്കനുസരിച്ച്‌ 1000-5000 രൂപ നിരക്കിൽ ബാലൻസ്‌ കാത്തുസൂക്ഷിച്ചില്ലെങ്കിൽ 170 മുതൽ 190 രൂപ വരെ ഡെബിറ്റ്‌ കാർഡ്‌ നിരക്കായി നൽകണം.
സേവിങ്ങ്സ്‌ ബാങ്ക്‌ അക്കൗണ്ടിൽ മൂന്ന്‌ തവണയിൽ കൂടുതലുള്ള ഓരോ നിക്ഷേപത്തിനും 50 രൂപയും ഒരു മാസത്തിൽ ഒരു ലക്ഷത്തിലധികമുള്ള നിക്ഷേപം നടത്തിയാൽ ഓരോ ആയിരം രൂപയ്ക്കും 1.25 രൂപ സേവനനിരക്ക്‌ നൽകണം. ചെറിയ നോട്ടുകളുടെ കെട്ടുകൾ ശാഖകളിൽ ഇടപാടിനായി കൊടുത്താൽ കെട്ടൊന്നിന്‌ 50 രൂപ കൈകാര്യ ചെലവായി ഈടാക്കും. മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ മാറുന്നതിന്‌ ഇരുപത്‌ നോട്ടുകൾക്കേ 5000 രൂപയ്ക്ക്‌ മുകളിലോ മാറുവാൻ ഒരു നോട്ടിന്‌ രണ്ട്‌ രൂപയോ 1000 രൂപയ്ക്ക്‌ അഞ്ച്‌ രൂപ വച്ചോ ഈടാക്കുന്നു.
എസ്ബിഐയുടെ ഗോൾഡ്‌ ഡെബിറ്റ്കാർഡിന്‌ 100 രൂപയും പ്ലാറ്റിനം ഡെബിറ്റ്‌ കാർഡിന്‌ 300 രൂപയും വിലയായി നൽകണം. ഡെബിറ്റ്‌ കാർഡുകളുടെ വാർഷിക മെയിന്റനൻസ്‌ ചാർജും ഈടാക്കും. ക്ലാസിക്‌ ഡെബിറ്റ്‌ കാർഡിന്‌ 125 രൂപയും സിൽവർ-യുവ-ഗ്ലോബൽ ഡെബിറ്റ്‌ കാർഡുകൾക്ക്‌ 175 രൂപയും പ്ലാറ്റിനം ഡെബിറ്റ്‌ കാർഡുകൾക്ക്‌ 250 രൂപയും ബിസിനസ്‌ ഡെബിറ്റ്‌ കാർഡുകൾക്ക്‌ 350 രൂപയുമാണ്‌ മെയിന്റനൻസ്‌ ചാർജ്ജ്‌.
ചെക്ക്ബുക്കിന്‌ ചെക്ക്ലീഫിന്റെ എണ്ണമനുസരിച്ച്‌ ഫീസ്‌ നൽകേണ്ടി വരും. കറന്റ്‌, ക്യാഷ്‌, ക്രഡിറ്റ്‌ അക്കൗണ്ടുകളിൽ ആദ്യ 50 ചെക്ക്‌ ലീഫിനുശേഷം പിന്നീടുള്ള 10 ചെക്ക്‌ ലീഫിന്‌ 30 രൂപയും സർവീസ്‌ ചാർജും 25 ലീഫിന്‌ 75 രൂപയും സർവീസ്‌ ചാർജും 50 ലീഫിന്‌ 150 രൂപയും സർവീസ്‌ ചാർജും നൽകണം. ചെക്ക്‌ കളക്ഷനും നിരക്കുകൾ വർധിപ്പിച്ചു.
ഇന്റർനെറ്റ്‌ പണമിടപാടുകൾക്ക്‌ ഒരു ലക്ഷം വരെ അഞ്ച്‌ രൂപയും സർവീസ്‌ ചാർജും ഒരു ലക്ഷത്തിനുമുകളിൽ രണ്ട്‌ ലക്ഷം വരെ 15 രൂപയും സർവീസ്‌ ചാർജും രണ്ട്‌ ലക്ഷം മുതൽ അഞ്ച്‌ ലക്ഷം വരെ 25 രൂപയും സർവീസ്‌ ചാർജും എസ്ബിഐ ഏർപ്പെടുത്തി. സേവിങ്ങ്സ്‌ ബാങ്ക്‌ അക്കൗണ്ടിൽ ഒരു മാസം മൂന്ന്‌ തവണയിൽ കൂടുതലുള്ള ഓരോ നിക്ഷേപത്തിനും 50 രൂപ വീതം നൽകേണ്ടി വരുന്നു. സേഫ്‌ ലോക്കർ വാടകനിരക്കും വർധിപ്പിച്ചു.
എടിഎം ഉപയോഗം ഇപ്പോൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്‌. സാധാരണ സേവിങ്ങ്സ്‌ ബാങ്ക്‌ അക്കൗണ്ടുകളിൽ പ്രതിമാസ സൗജന്യ ഉപയോഗം, മെട്രോ നഗരങ്ങളിൽ മൂന്നും മറ്റ്‌ ബാങ്ക്‌ എടിഎം ഉൾപ്പെടെ എട്ടും മറ്റ്‌ പ്രദേശങ്ങളിൽ അഞ്ചും മറ്റ്‌ ബാങ്ക്‌ എടിഎം ഉൾപ്പെടെ പത്തും ആയി പരിമിതപ്പെടുത്തി. സൗജന്യ പരിധി കഴിഞ്ഞ്‌ എടിഎം ഉപയോഗത്തിന്‌ സ്റ്റേറ്റ്ബാങ്ക്‌ എടിഎമ്മിന്‌ 11.50 രൂപയും മറ്റ്‌ ബാങ്ക്‌ എടിഎമ്മിന്‌ 23 രൂപയുമാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌.
തിരിച്ചടയ്ക്കുവാനുള്ള വൻ തുകകൾ കോർപ്പറേറ്റുകളിൽ നിന്നും ഈടാക്കാതെ അവരെ സഹായിക്കുകയും ബാങ്കിന്റെ വരുമാനം വർധിപ്പിക്കുവാൻ ‘മറ്റ്‌ വരുമാനമാർഗങ്ങൾ’ എന്ന ലക്ഷ്യത്തോടെ സേവന നിരക്കുകളും ഫീസും പിഴയും ഈടാക്കി വരുമാനം വർധിപ്പിക്കുക എന്ന കുറുക്കുവഴി തേടുകയും ചെയ്യുന്ന എസ്ബിഐയുടെ മാർഗം വരും ദിവസങ്ങളിൽ മറ്റ്‌ ബാങ്കുകളും സ്വീകരിച്ചേക്കും. ജനങ്ങളുടെ ബാങ്കാണെന്ന്‌ അവകാശവാദമുന്നയിക്കുകയും ജനങ്ങളുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന എസ്ബിഐയുടെ നടപടി കൊടിയ വഞ്ചനയും നീതിനിഷേധവുമാണ്‌. ഇടപാടുകാരുടെ കഴുത്തറുക്കുന്ന ബ്ലേഡ്‌ കമ്പനിയായി എസ്ബിഐ അധപതിക്കരുത്‌. തെറ്റ്‌ തിരുത്തിയില്ലെങ്കിൽ ഇടപാടുകാർ കൂട്ടത്തോടെ ബഹിഷ്കരിക്കുന്ന സ്ഥാപനമായി അധികം താമസിയാതെ എസ്ബിഐ മാറും.
(ലേഖകൻ എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്റാണ്‌)

  Categories:
view more articles

About Article Author