ഇടമലക്കുടിയുടെ വികസനത്തിന്‌ സമഗ്ര പദ്ധതി

ഇടമലക്കുടിയുടെ വികസനത്തിന്‌ സമഗ്ര പദ്ധതി
April 21 04:45 2017

തിരുവനന്തപുരം: കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച്‌ 13ന്‌ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്‌ പദ്ധതി. ഓരോ വകുപ്പിനും ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകും.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ അടിയന്തരമായി ഇടമലക്കുടിയിലേക്ക്‌ മാറ്റും. കഴിയുന്നതും പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കണം ഇവിടെ കെട്ടിടങ്ങൾ നിർമിക്കേണ്ടത്‌. ഇടമലക്കുടിയിൽ പുതിയ ഹെൽത്ത്‌ സെന്റർ സ്ഥാപിക്കും. നിലവിലുള്ള എൽപി സ്കൂൾ യുപി ആയി ഉയർത്തും.
പത്താം ക്ലാസ്‌ പാസായ തദ്ദേശവാസികൾക്ക്‌ തൊഴിൽ പരിശീലനം നൽകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും. മോഡൽ റസിഡൻഷ്യൽ സ്കൂൾ ആരംഭിക്കും. ശുദ്ധജലം, റോഡ്‌, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനും പദ്ധതികളുണ്ട്‌. എല്ലാ അങ്കണവാടി കെട്ടിടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും. അങ്കണവാടികളിൽ തദ്ദേശവാസികളായ ആദിവാസികളെ വർക്കർമാരായി നിയമിക്കും.
ലൈഫ്‌ മിഷന്റെ ഭാഗമായി ഇടമലക്കുടിയിൽ സമ്പൂർണ ഭവന പദ്ധതി നടപ്പാക്കാനും വിവിധ പദ്ധതികൾ ഏകോപിപ്പിച്ച്‌ നടപ്പാക്കുന്നതിന്‌ ദേവികുളം സബ്‌ കളക്ടറെ സ്പെഷൽ ഓഫീസറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

  Categories:
view more articles

About Article Author