ഇടുക്കിയിലെ ഭൂമി സംരക്ഷണം എൽഡിഎഫ്‌ സർക്കാരിന്റെ ഉത്തരവാദിത്വം

April 14 04:55 2017

ദേവികുളം പൊലീസ്‌ സ്റ്റേഷനു മുന്നിലെ റവന്യു ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കളക്ടർ അടക്കം ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും അവരെ കയ്യേറ്റം ചെയ്തതും നിയമവാഴ്ചയോടുളള കടുത്ത വെല്ലുവിളിയാണ്‌. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ്‌ അത്‌ നടന്നതെന്നത്‌ ഏറെ ഉൽക്കണ്ഠാജനകവും പരിഹാസ്യവുമാണ്‌. മുഖ്യമന്ത്രി തന്നെ വിളിച്ചുചേർത്ത മാർച്ച്‌ 27ലെ യോഗ തീരുമാന പ്രകാരമാണ്‌ റവന്യു അധികൃതർ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചത്‌. അത്‌ തടയാനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ഭരണമുന്നണിയിൽപ്പെട്ട ജനപ്രതിനിധികളടക്കം നേതൃത്വം നൽകിയെന്നത്‌ ജനങ്ങൾക്ക്‌ തികച്ചും തെറ്റായ സന്ദേശമാണ്‌ നൽകുന്നത്‌. അത്‌ കയ്യേറ്റക്കാർക്കും റിസോർട്ട്‌ മാഫിയയ്ക്കും നൽകുന്ന ഒത്താശയും പ്രോത്സാഹനവുമാണ്‌. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയവരെ അറസ്റ്റ്‌ ചെയ്തു നീക്കാൻ എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌ കൂടിയായ സബ്കളക്ടർ നിർദേശം നൽകിയിട്ടും അത്‌ അനുസരിക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ്‌ ഉദ്യോഗസ്ഥർ തയാറായില്ലെന്നത്‌ ഗുരുതരമായ കൃത്യവിലോപമാണ്‌. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ്‌ ഗൗരവമായ അന്വേഷണം നടത്തി കൃത്യവിലോപം കാട്ടിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ്‌ പൊതുസമൂഹം പ്രതീക്ഷിക്കുന്നത്‌. അതിന്‌ വിസമ്മതിക്കുന്നത്‌ നിയമവാഴ്ചയ്ക്കുപകരം ഭരണപരമായ അരാചകത്വത്തിനാണ്‌ വഴിതെളിക്കുക. മൂന്നാറിലെയും ഇടുക്കിയിലെയും കുടിയേറ്റങ്ങളെയും കയ്യേറ്റങ്ങളെയും വേർതിരിച്ചു കാണുകയെന്നത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്‌. പരിസ്ഥിതി ലോലപ്രദേശമായ ഇടുക്കിയിലെ കയ്യേറ്റങ്ങൾ അതീവഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. യുഡിഎഫ്‌ അധികാരം കയ്യാളിയ ഘട്ടങ്ങളിലെല്ലാം ഭൂ-റിസോർട്ട്‌ മാഫിയകൾ ഇടുക്കി ജില്ലയിൽ ഭരണകൂട ഒത്താശയോടെ വൻതോതിലുള്ള ഭൂമി കയ്യേറ്റങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. അവ ഒഴിപ്പിച്ച്‌ പാരിസ്ഥിതിക സന്തുലനവും സർക്കാർ ഭൂമി സംരക്ഷണവും ഉറപ്പുവരുത്തുക എന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌. അതിൽ നിന്നും പിന്നോട്ടുപോവുക എന്നതും കയ്യേറ്റക്കാർക്ക്‌ വഴങ്ങുകയെന്നതും വിനാശകരമായ കീഴ്‌വഴക്കമായി മാറിക്കൂട.
ഇടുക്കി ജില്ലയിലെ കുടിയേറ്റക്കാരുടെ ഭൂമിയുടെമേലുള്ള അവകാശം അംഗീകരിച്ച്‌ അവർക്ക്‌ പട്ടയം നൽകുകയെന്നത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനവും നയവുമാണ്‌. ഈ ഗവൺമെന്റ്‌ അതിൽ നിന്നും പിന്നോട്ടുപോകില്ലെന്ന്‌ മുഖ്യമന്ത്രിയും ഗവൺമെന്റും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്‌. വി എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിൽ അധികാരത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ്‌ ഈ ദിശയിൽ ഏറെ മുന്നേറ്റം നടത്തിയിരുന്നു. ആ ഗവൺമെന്റിന്റെ കാലത്ത്‌ 13,000 ത്തിൽപ്പരം പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു. 1977 ജനുവരി ഒന്നിനു മുമ്പുള്ള ബാക്കി കുടിയേറ്റക്കാർക്ക്‌ ജോയിന്റ്‌ വെരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ പട്ടയം നൽകാൻ എൽഡിഎഫ്‌ ഗവൺമെന്റ്‌ തീവ്രശ്രമങ്ങളാണ്‌ നടത്തിവരുന്നത്‌. ഇക്കൊല്ലം മെയ്‌ മാസത്തോടെ ഏതാണ്ട്‌ 7000 കുടിയേറ്റക്കാർക്ക്‌ പട്ടയം നൽകാനാവുമെന്ന ആത്മവിശ്വാസമാണ്‌ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പ്രകടിപ്പിക്കുന്നത്‌. ബാക്കിയുള്ള പട്ടയങ്ങളും ആറുമാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ നൽകാനുള്ള ശ്രമമാണ്‌ റവന്യൂവകുപ്പ്‌ നടത്തിവരുന്നത്‌. ഇതെല്ലാംതന്നെ നിയമാനുസൃതവും കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ തീരുമാനപ്രകാരവുമാണ്‌ നടന്നുവരുന്നത്‌. അർഹരായ കുടിയേറ്റക്കാർക്ക്‌ ഭൂമിയുടെമേൽ അവകാശം നൽകാതെ കയ്യേറ്റക്കാർക്ക്‌ ഒത്താശയും പ്രോത്സാഹനവും നൽകിയിരുന്ന യുഡിഎഫ്‌ ഭരണ നയങ്ങളിൽ നിന്നു വ്യത്യസ്തമായ ജനകീയ നിലപാടും സമീപനവുമാണ്‌ എൽഡിഎഫ്‌ അവലംബിച്ചുവരുന്നത്‌. കയ്യേറ്റക്കാർക്ക്‌ എതിരെ ഓരോഘട്ടത്തിലും ഇടതുപക്ഷ ഭരണകൂടവും ഹൈക്കോടതിയും സ്വീകരിച്ച കർക്കശ നിലപാടുകൾക്ക്‌ അനുരോധമായാണ്‌ റവന്യൂവകുപ്പിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികൾ.
സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള നിർധനരും ഭൂരഹിതരുമായവരുടെ കാര്യത്തിൽ റവന്യൂവകുപ്പ്‌ സഹാനുഭൂതിയോടെയും കരുതലോടെയുമുള്ള സമീപനമാണ്‌ അവലംബിച്ചുപോന്നിട്ടുള്ളത്‌. മൂന്നും നാലും അഞ്ചും സെന്റുവീതം കൈവശം വച്ചിരിക്കുന്ന ഭവനരഹിതരുടെ അപേക്ഷകൾ പരിശോധിച്ച്‌ അവർക്ക്‌ വീടുവയ്ക്കാൻ ഹൈക്കോടതി നിർദേശമനുസരിച്ച്‌ റവന്യു വകുപ്പ്‌ നടപടി സ്വീകരിച്ചിട്ടുമുണ്ട്‌. ഇന്ദിരാ അവാസ്‌ യോജനപോലുള്ള പദ്ധതികളിൽപ്പെട്ട 125 അപേക്ഷകളിൽ റവന്യു വകുപ്പ്‌ ഇതിനോടകം അനുകൂലമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്‌. ആകെ ലഭിച്ച 129 അപേക്ഷകളിലാണ്‌ ഇതെന്നതും ശ്രദ്ധേയമാണ്‌. യുഡിഎഫ്‌ സർക്കാരുകളുടെ ഭരണകാലത്ത്‌ ജില്ലയ്ക്കു പുറത്തുനിന്നുമെത്തി സംഘടിത കയ്യേറ്റം നടത്തിയ ഭൂ-റിസോർട്ട്‌ മാഫിയകളെ ഒഴിപ്പിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചിട്ടുള്ളത്‌. യുഡിഎഫ്‌ സർക്കാരിന്റെ നയവൈകൃതങ്ങളുടെ മറവിൽ തദ്ദേശവാസികളും പ്രബലരുമായ ചിലർ നടത്തിയ കയ്യേറ്റങ്ങളും ഒഴിപ്പിക്കുകയെന്നത്‌ സ്വാഭാവികം മാത്രമാണ്‌. അത്തരം നിയമവിരുദ്ധ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളെയാണ്‌ സംഘടിത അക്രമങ്ങളിലൂടെ ചെറുക്കാൻ ചില ശക്തികൾ ശ്രമം നടത്തുന്നത്‌. അത്‌ എൽഡിഎഫ്‌ നയങ്ങളോടുള്ള വെല്ലുവിളിയാണ്‌. നിയമവാഴ്ചയോടുള്ള അവഹേളനമാണ്‌. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ്‌ അത്തരം നിയമ നിഷേധങ്ങളെയും വെല്ലുവിളികളെയും അർഹിക്കുന്ന ഗൗരവത്തോടെ നേരിട്ട്‌ ഇടുക്കിയിലെ സർക്കാർ ഭൂമിയും അവിടത്തെ പരിസ്ഥിതിയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്‌ കേരളം പ്രതീക്ഷിക്കുന്നു.

  Categories:
view more articles

About Article Author