ഇടുപ്പ്‌, കാൽമുട്ട്‌ തേയ്മാന രോഗം വ്യാപകമാകുന്നുവെന്ന്‌ പഠനം

ഇടുപ്പ്‌, കാൽമുട്ട്‌ തേയ്മാന രോഗം വ്യാപകമാകുന്നുവെന്ന്‌ പഠനം
December 16 04:50 2016

കൊച്ചി:സന്ധികളിലെ തരുണാസ്ഥിക്ക്‌ (കാർട്ടിലേജ്‌) തേയ്മാനം സംഭവിച്ചുണ്ടാകുന്ന സന്ധിവാതമാണ്‌ ഇന്ത്യൻ ജനതയുടെ മേലുള്ള ഏറ്റവും വലിയ രോഗഭാരമെന്നും, ആരോഗ്യരംഗത്ത്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്നും ബ്രിട്ടീഷ്‌ ഓർത്തോപീഡിക്‌ സർജനും, ഹിപ്‌ റീപ്ലേയ്സ്മെന്റ്‌ വിദഗ്ധനുമായ ഡോ. റോബർട്ട്‌ മിഡിൽട്ടൺ പറഞ്ഞു. ഇന്ത്യൻ ഓർത്തോപീഡിക്‌ അസോസിയേഷന്റെ അറുപത്തിയൊന്നാമത്‌ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത്‌ മുതൽ അൻപത്‌ വരെ പ്രായമുള്ളവരിൽ ഇടുപ്പ്‌, കാൽമുട്ട്‌ എന്നിവയുടെ തേയ്മാനത്തിന്‌ ക്രമാതീതമായ വർദ്ധന ഉണ്ടായതായാണ്‌ കണക്കുകൾ. അറുപത്‌ വയസ്സിനു മുകളിലുള്ളവരിൽ വലിയൊരു വിഭാഗം രോഗത്തിന്‌ അടിമപ്പെടുന്നു. പ്രായമായ സ്ത്രീകളിൽ എൺപത്‌ ശതമാനം പേർക്കും രോഗാവസ്ഥയുണ്ട്‌. 2025-ഓടെ രാജ്യത്ത്‌ ആറ്‌ കോടി ജനങ്ങൾ സന്ധിവാത സംബന്ധമായ രോഗങ്ങളുടെ പിടിയിലാവും. നേരിട്ട്‌ മരണത്തിലേക്ക്‌ നയിക്കുന്ന രോഗമല്ല എന്ന കാരണത്താൽ അവഗണിക്കപ്പെടുന്നതാണ്‌ ഇന്ത്യയിൽ ഏറ്റവും വലിയ രോഗഭാരമായി ഇത്‌ മാറാനിടയാക്കിയതെന്ന്‌ ഡോ.റോബർട്ട്‌ മിഡിൽട്ടൺ പറഞ്ഞു.
ഇടുപ്പ്‌, കാൽമുട്ട്‌ എന്നിവ മറ്റീവ്ക്കൽ ശസ്ത്രക്രിയയുടെ വിവിധ വശങ്ങൾ പ്രഫ: ജാക്വിസ്‌ കാട്ടൺ (ഫ്രാൻസ്‌) ,ഡോ. യൊൻ സിക്‌ യൂ കൊറിയ, പ്രഫ.ഇയാൻ സ്റ്റോക്ലി (യുകെ,) ക്രിസ്‌ സിസാക്‌ (ഹംഗറി,) ജെറി മെകോയ്‌ (അയർലണ്ട്‌), പ്രഫ: ഗ്രെയ്ഷൻ (ജെർമ്മനി) എന്നിവർ സമ്മേളനത്തിൽ വിശദീകരിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം ചിട്ടയായ വ്യായാമ മുറകളിലൂടെ പുതുതായി ഘടിപ്പിച്ച സന്ധിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്ന രീതികളും ചർച്ചാവിഷയമായി.

  Categories:
view more articles

About Article Author