ഇത്‌ ഓർമ്മിക്കേണ്ട ചരിത്രം

ഇത്‌ ഓർമ്മിക്കേണ്ട ചരിത്രം
March 17 04:45 2017

അനുകൃഷ്ണ എസ്‌
മനുഷ്യനും ചിന്താഗതികളും കാലത്തെക്കെടുത്തി കോലംകെട്ടുകയാണ്‌. സമൂഹത്തിന്റെ അടിത്തറതന്നെ ചിന്നഭിന്നമായി തകർന്നു. പെങ്ങന്മാരുടെ മാനംകാക്കാൻ ചട്ടംകെട്ടിയ സഹോദരങ്ങൾ തന്നെ അത്‌ കവർന്നെടുത്ത്‌ അവളെ തെരുവിൽ ഉപേക്ഷിച്ചു. കഴുകനും തെരുവുനായ്ക്കളുംകൂടി അവശിഷ്ടം ഭക്ഷിച്ചു. തീർന്നില്ല.. ഒടുവിൽ ചർച്ചയിലും ഒന്നോ രണ്ടോ കോളം വാർത്തയിലും ഒതുക്കി തീർക്കുന്നതായി സ്ത്രീയുടെ മാനം. ഇത്‌ ഇന്ന്‌ തുടങ്ങിയതല്ല. ഇന്നലെ മുളപൊട്ടിയതുമല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ ഈ വിത്തുകൾക്ക്‌. സ്വന്തം ശരീരഭാഗം മറയ്ക്കാൻ അവകാശം നിഷേധിച്ച പെറ്റമ്മമാരുടെ നാടാണിത്‌. അവർണ്ണന്റെ വിയർപ്പുണ്ട്‌ അവന്റെ മാനത്തിനു വിലപറഞ്ഞ സവർണ്ണമേധാവിത്വം ഇവിടെ സ്വഛന്ദം വാണിരുന്നു. ചരിത്രങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പലരീതിയിൽ, പലഭാവത്തിൽ… സമൂഹം അറിഞ്ഞിരിക്കേണ്ട ചില അമൂല്യ ചരിത്രനിമിഷങ്ങൾ നമുക്ക്‌ മുന്നിൽ അവതരിപ്പിക്കുകയാണ്‌ അഡ്വ. ഇ രാജന്റെ ‘കേരളത്തിലെ മാറിടം മറയ്ക്കൽ കലാപം’ എന്ന പുസ്തകം. സമകാലീന ജീവിതത്തിൽ നാം അറിഞ്ഞിരിക്കേണ്ട പലതും ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു. ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിന്റെ അധ്യായമാണ്‌ ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്‌. അയിത്തവും ജന്മിത്തവാഴ്ച്ചയും ഉച്ചസ്ഥായിയിലായ കാലത്ത്‌, മാറുമറച്ചു നടക്കാൻ അനുവാദമില്ലാതിരുന്ന കേരളത്തിലെ സ്ത്രീകൾ നടത്തിയ ഐതിഹാസിക പോരാട്ടമാണ്‌ ഈ ഗ്രന്ഥത്തിൽ ആലേഖനം ചെയ്യപ്പെടുന്നത്‌. മുലക്കരം എന്ന പൈശാചികതക്കെതിരെ പോരാടി വീരമൃത്യുവരിച്ച നങ്ങേലി എന്ന സ്ത്രീ നേടിത്തന്നത്‌ മാനം മറയ്ക്കാനുള്ള അവകാശമാണ്‌. 200 വർഷങ്ങൾക്ക്‌ മുമ്പാണ്‌ ഈ ചരിത്രം തുടങ്ങിയത്‌. കേരളത്തിൽ 11-ാ‍ം നൂറ്റാണ്ടോടുകൂടിയാണ്‌ സവർണമേധാവിത്വം സാമൂഹ്യ ജീവിതത്തിൽ പിടിമുറുക്കുന്നത്‌. രാജഭരണത്തെപ്പോലും നിയന്ത്രിക്കാൻ കഴിവുള്ളവരായി സാമ്പത്തികമായും രാഷ്ട്രീയപരമായും വളർന്നതോടെയാണ്‌ ഉച്ചനീചത്വം കൊടുംപിരികൊള്ളാൻ തുടങ്ങിയത്‌. മുലക്കച്ച അഴിച്ചുമാറ്റപ്പെടുന്നതും ഇവിടെനിന്നാണ്‌. അയിത്തം സമൂഹത്തിലെ അലംഘ്യമായ ജീവിതരീതി ആയതോടെ ജാതിതിരിച്ചറിയൽ പത്രമെന്നോളമായി മാറിടം മറയ്ക്കാനുള്ള അവകാശം. പ്രതിഷേധിച്ച്‌ മാറു മറച്ച്‌ പ്രത്യക്ഷപ്പെട്ടവരെ പൊതുനിരത്തിൽ തുണിയുരിഞ്ഞ്‌ നഗ്നരാക്കി തെരുവിലൂടെ പരേഡ്‌ നടത്തിച്ചു സവർണ്ണ മേധാവിത്വം. അകത്തളത്തിലെ അന്തർജനങ്ങൾക്ക്‌ മൂടികെട്ടിയേ പുറത്തിറങ്ങാൻ പാടുള്ളു എന്ന കാലത്ത്‌ ഒരുതുണ്ട്‌ ചേലകൊണ്ട്‌ മാറുമറക്കാൻ വെമ്പുകയായിരുന്നു അവർണ്ണ സ്ത്രീകൾ. ലൈംഗിക അരാജകത്വത്തിന്റെ മറ്റൊരു രീതിയായിരുന്നു അത്‌. സവർണ്ണനു കാഴ്ച്ച വസ്തുവാകാത്ത ശരീരങ്ങളെ കൊന്നെറിഞ്ഞിരുന്നു അന്നും. പോരാട്ടം ഇന്നു തുടങ്ങിയതല്ല… അനേകം പെറ്റമ്മമാർ ഉടുവസ്ത്രം അഴിച്ചുമാറ്റാതിരിക്കാൻ ത്യാഗങ്ങൾ സഹിച്ചു, പോരാടി. സ്ത്രീകൾക്കെതിരെയുള്ള അനീതിയ്ക്കെതിരെയുണ്ടായ ഏറ്റവും വലിയ കലാപമാണ്‌ ചേർത്തലയിലെ നങ്ങേലിയുടെ രക്തസാക്ഷിത്വം. തിരുവിതാംകൂർ എന്ന ധർമരാജ്യം ഏർപ്പെടുത്തിയിരുന്ന മുലക്കരത്തെ നങ്ങേലി പ്രതിരോധിച്ചത്‌ സ്വന്തം മുലകൾ അറുത്തെടുത്ത്‌ നൽകിക്കൊണ്ടാണ്‌. 19-ാ‍ം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ ഈ സംഭവം ഈഴവ ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ മാത്രമല്ല, കേരളീയ പ്രബുദ്ധതയുടെയും ഉദ്ഘാടന സംഭവമാണ്‌. ആത്മാഭിമാനത്തിനും ശരീരസ്വാതന്ത്ര്യത്തിനും വേണ്ടി നങ്ങേലി നടത്തിയ രക്തസാക്ഷിത്വത്തിന്‌ ലോകചരിത്ര പ്രാധാന്യമുണ്ട്‌. കാരണം നങ്ങേലിയുടെ രക്തസാക്ഷിത്വം ലോകഫെമിനിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപക സംഭവങ്ങളിൽ ഒന്നാണ്‌. മേൽവസ്ത്രം ധരിക്കാൻ അവകാശമില്ലാതിരുന്ന അവർണ ജനവിഭാഗങ്ങൾക്കു വേണ്ടി നങ്ങേലി എന്ന ഈഴവ സ്ത്രീ നടത്തിയ മഹാ പ്രക്ഷോഭം ലോകത്തെവിടെയുമുള്ള സ്ത്രീ സ്വാതന്ത്ര്യ പ്രക്ഷോഭചരിത്രത്തിന്റെ ഭാഗമാണ്‌.
നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വലിയ പാഠമാണിത്‌. കേരളത്തിലെ മാറിടം മറയ്ക്കൽ കലാപം എന്ന പുസ്തകത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല ഈ ചരിത്രം. ഓരോ പൗരനും ഓരോ മലയാളിയും ഓരോ ഇന്ത്യക്കാരനും ഇത്‌ അറിഞ്ഞിരിക്കേണ്ടതാണ്‌. പുരാണത്തിൽ കണ്ണകിക്കു നൽകിയ പ്രാധാന്യംതന്നെ നങ്ങേലിക്കും നൽകേണ്ടതുണ്ട്‌. നമ്മുടെ കുട്ടികളുടെ പാഠ്യവിഷയത്തിൽ നങ്ങേലി എത്തേണ്ടതുണ്ട്‌.
അറിയണം കുഞ്ഞുങ്ങൾ, ത്യാഗത്തിന്റെ, പോരാട്ടത്തിന്റെ, കരളുറപ്പിന്റെ മാഹാത്മ്യം. പെറ്റുപെരുകി വരുന്ന പീഡനവാർത്തകൾ കെടുത്തുന്നതല്ല സ്ത്രീയുടെ മാനം എന്ന്‌ ലോകം അറിയണം. സ്ത്രീയുടെ ശരീരത്തിനുവേണ്ടി കടിപിടികൂടുന്ന പേപ്പട്ടികളെ തല്ലിക്കൊല്ലാൻ സമൂഹം ഒന്നടങ്കം കൈകോർക്കണം. അതിന്‌ പ്രേരകമാകുന്നതാണ്‌ ഈ പുസ്തകവും.

view more articles

About Article Author