Saturday
23 Jun 2018

ഇന്ത്യയിലെ മുഗൾ ഭരണവും പ്രത്യേകതകളും സ്വാതന്ത്ര്യസമര ചരിത്രത്തിലൂടെ…

By: Web Desk | Wednesday 28 June 2017 4:45 AM IST

മുഗൾഭരണകാലത്ത്‌ ഇന്ത്യയിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു. അക്കാലത്ത്‌ ഇന്ത്യ സന്ദർശിച്ചിരുന്ന വിദേശികളുടെ ഓർമക്കുറിപ്പുകളിൽ നിന്നും ആത്മകഥയിൽ നിന്നുമാണ്‌ അന്ന്‌ നിലനിന്നിരുന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ചരിത്രം നമുക്ക്‌ ലഭിക്കുന്നത്‌. എടുത്തുപറയേണ്ട സംഗതി ആ ഭരണാധികാരികളിൽ ഒന്നു രണ്ടുപേരൊഴികെ എല്ലാവരും സുഖലോലുപരായിരുന്നു എന്നതാണ്‌. ദുരിതപൂർണമായ ജീവിതം നയിച്ചിരുന്ന സാധാരണക്കാർക്ക്‌ കൃഷിയും കരകൗശലജോലിയും കന്നുകാലി വളർത്തലുമായിരുന്നു ഉപജീവനമാർഗം.
മുഗൾരാജാക്കന്മാരുടെ ചൂഷണത്തിന്‌ താങ്ങും തണലുമായിരുന്നത്‌ അഫ്ഗാൻ വംശജർ മുതൽ രജപുത്രർ വരെയുള്ള ഭൂപ്രഭുക്കളായിരുന്നു. അന്ന്‌ കച്ചവടം പ്രധാനമായിരുന്നു. ഗുജറാത്തായിരുന്നു ഇക്കാര്യത്തിൽ മുമ്പൻ. അരി, ഗോതമ്പ്‌, പയറുവർഗങ്ങൾ, പരുത്തി, പട്ടുവസ്ത്രങ്ങൾ, കരിമ്പ്‌, നീലം തുടങ്ങിയവ കയറ്റി അയയ്ക്കുകയും പകരം കുതിരകൾ, സ്വർണം, വെള്ളി, വെടിമരുന്ന്‌ തുടങ്ങിയവ ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാലത്ത്‌ കലാ സാംസ്കാരിക രംഗങ്ങളിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായി ധാരാളം കോട്ടകളും കൊട്ടാരങ്ങളുമുണ്ടായി. താജ്മഹൽ മുഗൾഭരണാധികാരിയായിരുന്ന ഷാജഹാന്റെ സംഭാവനയാണെന്നതെല്ലാവർക്കുമറിയാവുന്നതാണല്ലോ.
ഷാജഹാന്റെ മകൻ ദാരാഷുക്കോവ്‌ പല ഇന്ത്യൻ കൃതികളും പേർഷ്യൻ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തുകയുണ്ടായി. ആദ്യമായി ഉപനിഷത്തുകൾ മറ്റൊരു ഭാഷയിലേക്ക്‌ മൊഴിമാറ്റിയത്‌ അദ്ദേഹമായിരുന്നു. താൻസെനെപ്പോലെയുള്ളവർ സംഗീത ലോകത്തിന്‌ അനേകം സംഭാവനകൾ നൽകിയത്‌ ഈ കാലഘട്ടത്തിലാണ്‌. മതപരമായ കാര്യങ്ങളിൽ മുൻകാലത്തെ അപേക്ഷിച്ച്‌ കൂടുതൽ ശ്രദ്ധ നൽകിയിരുന്നു. എന്നാൽ ഹിന്ദുക്കളും മുസ്ലിങ്ങളും വളരെ സഹവർത്തിത്വത്തോടെയാണ്‌ കഴിഞ്ഞിരുന്നത്‌. എല്ലാ മതങ്ങളുടെയും അന്തഃസത്ത ഉൾക്കൊണ്ട്‌ അക്ബർ ചക്രവർത്തി ‘ദിൻ-ഇ-ലാഹി’ എന്നൊരു മതംതന്നെ സ്ഥാപിച്ചു.
മുഗൾ ഭരണാധികാരികളിൽ ആദ്യത്തെ ആറു പേർ പ്രതാപശാലികളായിരുന്നു. അവരിൽ അക്ബറിനെ മഹാനായ ചക്രവർത്തി (അസയമൃ വേല ഏൃ‍ലമി‍) എന്ന്‌ പ്രകീർത്തിച്ചു. ലോകം മുഴുവൻ അവരുടെ കീർത്തി വ്യാപിച്ചിരുന്നു. മുഗൾഭരണ ചക്രത്തിലെ അവസാന ചക്രവർത്തിയായിരുന്ന ബഹദൂർഷാ ‘സഫർ’ എന്ന തൂലികാനാമത്തിൽ ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്‌.
ഇന്ത്യയുമായുള്ള വാണിജ്യ ബന്ധത്തിന്‌ വന്ന വിദേശികളിൽ പ്രധാനികൾ പേർഷ്യക്കാരും അറബികളുമാണ്‌. സുഗന്ധ വ്യജ്ഞനങ്ങളുടെ വ്യാപാരത്തിനായി എത്തിയ യൂറോപ്യന്മാർ പതുക്കെ ഇന്ത്യക്ക്‌ മേൽ ആധിപത്യമുറപ്പിക്കുകയാണുണ്ടായത്‌. പിന്നീടത്‌ ഇന്ത്യയെ കീഴടക്കുന്നതുവരെ എത്തുകയായിരുന്നു.
1857 വരെ മുന്നൂറ്റിമുപ്പത്തൊന്നു വർഷം മുഗൾ ചക്രവർത്തിമാർ ഇന്ത്യയുടെ ഭരണചക്രം തിരിക്കുകയുണ്ടായി.
ഗൗതം എസ്‌ എം
ക്ലാസ്‌: 5 ബി
ഇന്ത്യൻ സ്കൂൾ,
അൽഗൂബ്ര, മസ്കറ്റ്‌