ഇന്ത്യയുടെ നയതന്ത്ര വിജയം

ഇന്ത്യയുടെ നയതന്ത്ര വിജയം
May 19 03:00 2017
  • കുൽഭൂഷൺ ജാദവിന്റെ വധശിക്ഷയ്ക്ക്‌ സ്റ്റേ
  • അന്തിമവിധിവരെ വധശിക്ഷ പാടില്ല
  • വിചാരണ സ്വതന്ത്ര കോടതിയിൽ പൂർത്തിയാക്കണം
  • പാക്‌ നടപടി വിയന്ന ഉടമ്പടിയുടെ ലംഘനം
  • 11 അംഗ ബെഞ്ചിന്റെ വിധി ഐകകണ്ഠേന
  • ഇന്ത്യയുടെ നയതന്ത്ര വിജയം

ഹേഗ്‌: ചാരവൃത്തി ആരോപിച്ച്‌ മുൻ ഇന്ത്യൻ സൈനികൻ കുൽഭൂഷൺ ജാദവിന്‌ പാക്‌ സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.
അന്തിമ വിധി പ്രഖ്യാപിക്കുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന്‌ നിർദേശിക്കുന്ന വിധി പാകിസ്ഥാന്‌ കനത്ത തിരിച്ചടിയായി. ഫ്രഞ്ച്‌ ജഡ്ജി റോണി എബ്രഹാമിന്റെ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ്‌ വിധി പ്രസ്താവിച്ചത്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വൻ നയതന്ത്ര വിജയംകൂടിയാണ്‌ കോടതി വിധി.
കേസുമായി ബന്ധപ്പെട്ട്‌ പാകിസ്ഥാൻ ഉയർത്തിയ വാദങ്ങളെല്ലാം കോടതി തള്ളി. ഇന്ത്യയുടെയും ജാദവിന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്‌ വ്യക്തമാക്കിയ കോടതി അന്തിമവിചാരണ സ്വതന്ത്ര കോടതിയിൽ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു. അതുവരെ വിധി നടപ്പാക്കില്ലെന്ന്‌ പാകിസ്ഥാൻ ഉറപ്പ്‌ വരുത്തണം. നിയമസഹായം അനുവദിക്കണമെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. കുൽഭൂഷണെ കാണാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക്‌ അവകാശമുണ്ട്‌. ഇത്‌ അനുവദിക്കാതിരുന്നത്‌ വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ പാകിസ്ഥാൻ മുൻവിധിയോടെയാണ്‌ പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.ജാദവിനെതിരേ ഭീകരക്കുറ്റം ചുമത്തിയ നടപടി അന്താരാഷ്ട്ര കോടതി വിശദമായി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട്‌ പാകിസ്ഥാൻ സ്വീകരിക്കുന്ന തുടർ നടപടികൾ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്‌.
കേസ്‌ പരിഗണിക്കാൻ അന്താരാഷ്ട്ര കോടതിക്ക്‌ അധികാരമില്ലെന്ന പാകിസ്ഥാന്റെ വാദം കോടതി തള്ളി. വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ അപ്പീലിൽ കോടതി ഈ മാസം 10 ന്‌ താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നു. കേസിന്റെ ഇതുവരെയുള്ള ഘട്ടങ്ങൾ വിലയിരുത്തിയ കോടതി, ഇന്ത്യയുടെയും പാകിസ്ഥാന്റെയും വാദങ്ങൾ വായിച്ചതിനു ശേഷമാണ്‌ വിധിപ്രസ്താവം നടത്തിയത്‌. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ സംഘവും വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു.
ആന്റോണിയോ ട്രിൻഡാഡെ(ബ്രസിൽ), ഹിസാഷി ഒവാദ(ജപ്പാൻ), സു ഹാൻക്വിൻ(ചൈന), ജിയോർജിയോ ഗാജ(ഇറ്റലി), ജൂലിയ സെബുറ്റിൻഡെ(ഉഗാണ്ട), പാട്രിക്‌ ലിപ്റ്റൺ റോബിൻസൺ(ജമൈക്ക), ജെയിംസ്‌ റിച്ചാർഡ്‌ ക്രോഫോർഡ്‌(ഓസ്ട്രേലിയ), കിറിൽ ജിവോർജിയാൻ(റഷ്യ), ജോവാൻ ഇ ഡൊണാഗ്‌ (യുഎസ്‌എ), ദൽവീർ ഭണ്ഡാരി(ഇന്ത്യ) എന്നിവർ ഉൾപ്പെടുന്ന 11 അംഗ ബെഞ്ച്‌ ഐകകണ്ഠേനയാണ്‌ വിധി പുറപ്പെടുവിച്ചത്‌. ജസ്റ്റിസ്‌ ട്രിൻഡാഡേയുടെ പത്ത്‌ ഖണ്ഡികകളുള്ള പ്രത്യേക അഭിപ്രായക്കുറിപ്പും ജസ്റ്റിസ്‌ ഭണ്ഡാരിയുടെ പ്രത്യേക സാക്ഷ്യപത്രവും ഉത്തരവിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്‌.
വ്യാപാര ആവശ്യത്തിന്‌ ഇറാനിലെത്തിയ ജാദവിനെ ബലൂചിസ്ഥാനിലേക്ക്‌ തട്ടിക്കൊണ്ടുവന്നതാണെന്നും പാക്‌ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ്‌ ഇന്ത്യ വാദിച്ചിരുന്നത്‌. കുൽഭൂഷണു സ്വയം പ്രതിരോധിക്കാൻ നിയമസഹായം ലഭ്യമാക്കിയില്ലെന്നും സൈനിക കോടതിയാണ്‌ സാധാരണക്കാരനായ പൗരനു ശിക്ഷവിധിച്ചതെന്നും ഇതുവഴി കടുത്ത മനുഷ്യാവകാശലംഘനങ്ങൾ നടന്നുവെന്നും ഇന്ത്യയ്ക്ക്‌ വേണ്ടി ഹാജരായ ഹരീഷ്‌ സാൽവേ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം അംഗീകരിക്കുന്ന വിധിപ്രസ്താവമാണ്‌ കോടതിയിൽ നിന്നുണ്ടായത്‌.
ജാദവ്‌ ഇന്ത്യൻ ചാരനാണെന്നും ഇക്കാര്യം ജാദവ്‌ സമ്മതിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ വാദിച്ചു. എന്നാൽ ജാദവിന്റെ കുറ്റസമ്മത വീഡിയോ പ്രദർശിപ്പിക്കാൻ കോടതി അനുവാദം ലഭിക്കാത്തത്‌ പാകിസ്ഥാന്‌ കനത്ത തിരിച്ചടി ആയിരുന്നു. ജാദവിന്റെ മുസ്ലിം പേരുള്ള പാസ്പോർട്ടിന്റെ കാര്യത്തിൽ വ്യക്തത നൽകാൻ ഇന്ത്യക്ക്‌ സാധിച്ചില്ലെന്ന്‌ പാകിസ്ഥാൻ വിദേശകാര്യ പ്രതിനിധി മുഹമ്മദ്‌ ഫൈസൽ ആരോപിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ അന്താരാഷ്ട്ര കോടതിക്ക്‌ ഇടപെടാൻ കഴിയില്ലെന്നും പാകിസ്ഥാനുവേണ്ടി ഹാജരായ ജനറൽ ഖവാർ ഖുറേഷി വാദിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി. അതേസമയം, ഇറാനിൽനിന്നു തട്ടിയെടുത്താണ്‌ അറസ്റ്റു ചെയ്തത്‌ എന്ന വാദത്തിന്‌ ഇന്ത്യയ്ക്ക്‌ തെളിവ്‌ നൽകാനായിട്ടില്ല.
മഹാരാഷ്ട്രയിലെ സാംഗൽ സ്വദേശിയാണ്‌ 47 കാരനായ കുൽഭൂഷൺ ജാദവ്‌. പിതാവ്‌ മുംബൈയിൽ പൊലീസ്‌ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ട്‌. മുംബൈയിലെ പൊവായിലാണ്‌ കുടുംബം ഇപ്പോൾ താമസം. നാവികസേനയിൽ നിന്ന്‌ വിരമിച്ച ശേഷം ബിസിനസുകാരനായി. റോ ഏജന്റാണ്‌ ജാദവ്‌ എന്നാണ്‌ പാകിസ്ഥാന്റെ ആരോപണം. 2016 മാർച്ചിലാണ്‌ ഇറാൻ-പാകിസ്ഥാൻ അതിർത്തിയിൽവെച്ച്‌ പാകിസ്ഥാൻ രഹസ്യാന്വേഷകർ അദ്ദേഹത്തെ പിടികൂടിയത്‌.


വിജയത്തിൽ സംതൃപ്തി: പ്രധാനമന്ത്രി
ന്യൂഡൽഹി: കുൽഭൂഷൺ ജാദവ്‌ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലുണ്ടായ വിജയത്തിൽ സംതൃപ്തി പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി പ്രധാനമന്ത്രി സംസാരിച്ചു. കേസിൽ ഇന്ത്യക്കുണ്ടായ വിജയത്തിൽ സുഷമയോട്‌ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യക്ക്‌ വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ്‌ സാൽവെയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
കുൽഭൂഷന്റെ കുടുംബത്തിനും രാജ്യത്തിനും ഏറെ ആശ്വാസം നൽകുന്നതാണ്‌ കോടതി വിധിയെന്ന്‌ സുഷമ സ്വരാജ്‌ ട്വീറ്റ്‌ ചെയ്തു. വിധി ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന്‌ അറ്റോർണി ജനറൽ മുകുൾ റോത്തഗി പറഞ്ഞു. കേസിൽ അന്തിമ വിജയവും ഇന്ത്യയ്ക്ക്‌ തന്നെയായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


വിധി അംഗീകരിക്കില്ലെന്ന്‌ പാകിസ്ഥാൻ
ഇസ്ലാമാബാദ്‌: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ, അന്തിമ വിധിവരെ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന്‌ പാകിസ്ഥാൻ. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിലാണെന്നും ഇത്‌ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിൽ വരില്ലെന്നും പാക്‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. യഥാർഥ മുഖം മറച്ചുവയ്ക്കാനുള്ള ശ്രമമാണ്‌ ജാദവിന്റെ കേസ്‌ രാജ്യാന്തര കോടതിയിൽ ഉന്നയിച്ചതിലൂടെ ഇന്ത്യ നടത്തുന്നതെന്നും പാക്‌ വിദേശകാര്യ വക്താവ്‌ നഫീസ്‌ സഖറിയ പറഞ്ഞു.
ദേശീയ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. ഇന്ത്യയുടെ യഥാർഥ മുഖം ലോകത്തിനു മുമ്പിൽ തുറന്നുകാണിക്കുമെന്നും നഫീസ്‌ സഖറിയ പറഞ്ഞു. ഭീകരവാദ പ്രവർത്തനവും വിധ്വംസക പ്രവർത്തനവും നടത്തിയെന്ന്‌ ജാദവ്‌ രണ്ടുതവണ ഏറ്റുപറഞ്ഞതാണ്‌. ജാദവിനെതിരായ കൂടുതൽ ശക്തമായ തെളിവുകൾ കോടതിക്കു മുന്നിൽ ഹാജരാക്കുമെന്നും നഫീസ്‌ അറിയിച്ചു.

  Categories:
view more articles

About Article Author