ഇന്ത്യയുടെ സൈനയ്ക്ക്‌ ഇന്ന്‌ പിറന്നാൾ

ഇന്ത്യയുടെ സൈനയ്ക്ക്‌ ഇന്ന്‌ പിറന്നാൾ
March 17 04:45 2017

ഇന്ന്‌ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജന്മദിനം. പ്രകാശ്‌ പദുകോൺ, ഗോപിചന്ദ്‌ എന്നിവർക്ക്‌ ശേഷം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിക്കാട്ടിയ പെൺ രത്നമാണ്‌ സൈന നെഹ്വാൾ.
2008ൽ നടന്ന കോമൺവെൽത്ത്‌ ഗെയിംസിലും 2009 ജൂണിൽ ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യൻ ഓപ്പണിലും വിജയി ആയതോടെയാണ്‌ സൈന ലോകത്തിനു മുന്നിൽ ശ്രദ്ധാകേന്ദ്രമാകുന്നത്‌. 2008ൽ തന്നെ ലോക ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിലും സൈന വിജയിയായിരുന്നു.
2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ ആണ്‌ സൈനയുടെ അത്ഭുത പ്രകടനം ലോകം കാണുന്നത്‌. ചരിത്രം കുറിച്ചുകൊണ്ട്‌ ആദ്യമായി ഒരു ഇന്ത്യൻ വനിത ബാഡ്മിന്റനിൽ സെമിയിൽ കടന്നു. സെമിയിൽ പരാജയപ്പെട്ടെങ്കിലും സൈന ഇന്ത്യക്കായി ഒരു വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. ബാഡ്മിന്റനിൽ ഇന്ത്യ നേടുന്ന ആദ്യ ഒളിമ്പിക്സ്‌ മെഡൽ. കർണം മല്ലേശ്വരിക്കു ശേഷം ഒളിമ്പിക്സിൽ വ്യക്തിഗതയിനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ വനിതയായി സൈന.
ഒളിമ്പിക്സ്‌ മെഡൽ നേട്ടത്തിനുമപ്പുറത്തേക്കും സൈന എന്ന താരം വളരുന്നതാണ്‌ പിന്നീട്‌ ഇന്ത്യൻ കായികലോകം കണ്ടത്‌. 2015 ൽ സൈന ബാഡ്മിന്റനിൽ ലോക ഒന്നാം നമ്പർ താരമായി. അതുമൊരു ചരിത്രം.
ഒളിമ്പിക്സിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ ബാഡ്മിന്റൺ കളിക്കാരിയായ ഇന്ത്യയുടെ സൈന നെഹ്‌വാളിന്റെ ആത്മകഥ ‘പ്ലെയിംഗ്‌ ടു വിൻ മൈ ലൈഫ്‌ ഓൺ ആന്റ്‌ ഓഫ്‌ കോർട്ട്‌’ പുറത്തിറങ്ങിയതും വാർത്തയായിരുന്നു. ഷൂട്ടിംഗിൽ ലോക റെക്കോഡിന്‌ ഉടമയായ ഗഗൻ നാരംഗിന്‌ പുസ്തകം നൽകിക്കൊണ്ടായിരുന്നു പുസ്തകം പുറത്തിറക്കിയത്‌. രാജ്യത്തിന്‌ ഒളിംപിക്‌ മെഡൽ നേടിത്തന്ന ബാഡ്മിന്റൺ താരം സൈനയ്ക്ക്‌ ക്രിക്കറ്റ്‌ താരം സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു കാർ സമ്മാനമായി നൽകിയിരുന്നു.
സൈന നെഹ്വാൾ എന്ന ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈക്ക്‌ ഇനിയും കൂടുതൽ ഉയരത്തിൽ പറന്നുപൊങ്ങാമെന്ന്‌ രാജ്യം വിശ്വസിക്കുന്നുണ്ട്‌.
1990 മാർച്ച്‌ 17 ന്‌ ഹരിയാനയിലെ ഹിസാർ ജില്ലയിലാണ്‌ സൈനയുടെ ജനനം. പക്ഷേ സൈന തന്റെ ഇതുവരെയുള്ള ജീവിതം ഹൈദരാബാദിലാണ്‌ കഴിച്ചുകൂട്ടിയത്‌. ബാഡ്മിന്റൻ ലോകത്തിലേക്കുള്ള സൈനയുടെ കടന്നു വരവിന്‌ ഏറെ സ്വാധീനിച്ചത്‌ പിതാവായ ഡോ. ഹൻവീർ സിംഗാണ്‌. ഇദ്ദേഹം ഹൈദരാബാദിലെ ഓയിൽസീഡ്സ്‌ റിസർച്ച്‌ എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞനാണ്‌. ഉഷ നേവാൾ ആണ്‌ സൈനയുടെ അമ്മ. ഇരുവരും ഹരിയാനയിലെ മുൻകാല ബാഡ്മിന്റൻ കളിക്കാരാണ്‌. സൈനയുടെ ആദ്യ പരിശീലകൻ ദ്രോണാചാര്യ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള എസ്‌ എം ആരിഫ്‌ ആയിരുന്നു. 2008 ഓഗസ്റ്റ്‌ മുതൽ സൈനയുടെ പരിശീലകൻ പ്രശസ്ത ഇന്തോനേഷ്യൻ ബാഡ്മിന്റൻ കളിക്കാരനായ അതിക്‌ ജൗഹരിയാണ്‌. ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ്‌ സൈനയെ വിശേഷിപ്പിക്കുന്നത്‌.

view more articles

About Article Author