ഇന്ത്യാ പാകിസ്ഥാൻ ബന്ധങ്ങൾ

April 16 04:55 2017

ഇന്ത്യൻ ചാരനെന്നാരോപിച്ച്‌ മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷണൻ ജാദവിന്‌ വധശിക്ഷ വിധിച്ച സൈനിക കോടതിവിധി പുറത്തുവന്നതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറ്റവും മോശപ്പെട്ട അവസ്ഥയിലെത്തി. ബലൂചിസ്ഥാനിൽ ചാരപ്രവർത്തനം നടത്തിയെന്നും വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയെന്നും ആരോപിച്ചാണ്‌ വധശിക്ഷ വിധിച്ചത്‌. ഇതിനെതിരെ രാജ്യം വളരെ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. വധശിക്ഷയെ എല്ലാ രാഷ്ട്രീയ പാർട്ടികളും പാർലമെന്റിൽ ശക്തമായി അപലപിച്ചു. ജാദവിന്റെ ജീവൻ രക്ഷിക്കുന്നതിന്‌ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്‌ മോഡി പാക്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇത്‌ ഒരു സ്വാഭാവിക പ്രതികരണമാണ്‌.
പാകിസ്ഥാനിൽ സൈനിക കോടതികൾ പുനരുജ്ജീവിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ ഗൗരവമേറിയ ചർച്ചകൾ നടക്കുന്നതിനിടെയാണ്‌ കുൽഭൂഷൺ ജാദവിന്‌ വധശിക്ഷ വിധിച്ചത്‌. നേരത്തേയും സൈനിക കോടതികളുമായി ബന്ധപ്പെട്ട്‌ നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികളെന്ന നിലയിൽ ആൾക്കാരെ തിരഞ്ഞുപിടിച്ച്‌ തൂക്കികൊല്ലുന്നതിനുള്ള ഒരു മാർഗമായി സൈനിക കോടതികളെ പാകിസ്ഥാൻ സർക്കാർ ഉപയോഗിച്ചിരുന്നു. സൈനിക കോടതികളുടെ വിധിക്കെതിരെ അപ്പീൽ പോകാനുള്ള സാഹചര്യം നേരത്തെ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ സുപ്രിംകോടതിയിൽ അപ്പീൽ നൽകാൻ കഴിയുമെന്നാണ്‌ ഏറെ ചർച്ചകൾക്കുശേഷം പാകിസ്ഥാൻ അറിയിച്ചിരിക്കുന്നത്‌.
സിവിൽ ഭരണസംവിധാനത്തിന്റെ മേൽ മേൽക്കോയ്മ അടിച്ചേൽപ്പിക്കാനുള്ള നയങ്ങൾക്ക്‌ പാകിസ്ഥാനിലെ സൈനിക സംവിധാനം എന്നും ശ്രമിച്ചിരുന്നു. ഭീകരതയേയും മതഭ്രാന്തിനേയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ റുദ്ധ്‌-ഉൽ-ഫിസദ്‌ എന്ന സംവിധാനം പാകിസ്ഥാൻ സർക്കാർ നടപ്പാക്കി. കഴിഞ്ഞ കാലത്തും തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന്റെ പേരിൽ സൈന്യം ഇത്തരം പ്രചരണങ്ങൾ നടത്തിയിരുന്നു. എന്നാൽ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന്‌ കഴിഞ്ഞില്ലെന്നു മാത്രമല്ല പാകിസ്ഥാന്റെ എല്ലാ പ്രവിശ്യകളിലും തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു. പാകിസ്ഥാൻ സൈന്യം എന്നും വിഭാഗീയ നിലപാടുകളാണ്‌ സ്വീകരിക്കുന്നതെന്ന്‌ പാകിസ്ഥാനിലെ ജനങ്ങൾക്കും ബോധ്യമുണ്ട്‌. സൈനിക കോടതികളുടെ വിധികൾ സംബന്ധിച്ച വിശദാംശങ്ങൾ പലപ്പോഴും ലഭ്യമാകാറില്ല. അതുകൊണ്ടുതന്നെ സൈനിക കോടതികൾ എന്നും വിവാദമായിതന്നെ നിലകൊണ്ടു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിച്ചുകൊണ്ടാണ്‌ ഇന്ത്യൻ ചാരനെന്ന്‌ ആരോപിച്ച്‌ കുൽഭൂഷണൻ ജാദവിന്‌ വധശിക്ഷ വിധിച്ചത്‌. ഈ സന്ദർഭത്തിൽ ഇത്‌ ഏറെ പ്രധാനപ്പെട്ട കാര്യമാണ്‌. എല്ലാ തരത്തിലുള്ള വീരവാദങ്ങളും നമ്മുടെ രാജ്യത്ത്‌ ഉയർന്നുവരുന്നു. ജാദവിന്‌ വധശിക്ഷ വിധിച്ച നടപടിയെ ഉപയോഗിച്ച്‌ വീരവാദങ്ങൾ നടത്താനും വളച്ചൊടിക്കപ്പെട്ട ദേശീയതയുടെ അജൻഡകൾ നടപ്പാക്കാനുമാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ജാദവിന്റെ കേസിൽ ട്രമ്പ്‌ ഭരണത്തിന്റെ സഹായം തേടണമെന്നുപോലും ഇതിൽ ചിലർ ആവശ്യപ്പെട്ടു. ഇത്‌ തികച്ചും അപകടകരമായ നിർദേശമാണ്‌.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന്‌ ട്രമ്പ്‌ ഭരണത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥ വ്യക്തമാക്കിയത്‌ അടുത്തിടെയാണ്‌. ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തിൽ ട്രമ്പ്‌ വ്യക്തിപരമായി ഇടപെടുമെന്നുപോലും ഇവർ വ്യക്തമാക്കി. എന്നാൽ ഇക്കാര്യം ഇന്ത്യ നിരസിച്ചു. ഉഭയകക്ഷി ചർച്ചകളിലൂടെ ഇന്ത്യ-പാകിസ്ഥാൻ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന നിലപാട്‌ ഇന്ത്യ പ്രഖ്യാപിച്ചു. ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണം. ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ മേൽ മേൽക്കോയ്മ അടിച്ചേൽപ്പിക്കാനുള്ള പാകിസ്ഥാനിലെ സൈനിക സംവിധാനത്തിന്റെ ഗൂഢാലോചനയും ജനങ്ങൾക്ക്‌ ബോധ്യമാകും. അടുത്ത വർഷം പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പും നടക്കും.
ഇതൊക്കെതന്നെ ട്രമ്പ്‌ അധികാരത്തിൽ എത്തിയതോടെ അമേരിക്കയുടെ വിദേശനയത്തിൽ വന്ന മാറ്റത്തിനടിസ്ഥാനമായി വിലയിരുത്തണം. ആദ്യഘട്ടത്തിൽ തന്റെ പരിഷ്കാര അജൻഡ അമേരിക്കയിലേയ്ക്ക്‌ മാത്രം പരിമിതപ്പെടുത്തി ഒരു ദേശീയവാദിയാകാനായിരുന്നു ട്രംപിന്റെ ശ്രമം. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ദശാബ്ദങ്ങളായി അമേരിക്കൻ ഭരണകൂടം സ്വീകരിച്ചുവന്നിരുന്ന നിലപാടുകളിൽ മാറ്റം വരുത്താനുള്ള ട്രംപിന്റെ തീരുമാനം. എന്നാൽ ആഗോള-സാമ്പത്തിക കുത്തകകൾ സൈനിക വ്യവസായ കോംപ്ലക്സുകൾ വിവിധ ലോകരാജ്യങ്ങളിൽ സ്ഥാപിക്കുന്നതിൽ പഴയ നിലപാടുതന്നെ തുടരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ്‌ ട്രമ്പ്‌ ഭരണകൂടം സിറിയയെ ആക്രമിച്ചത്‌. പ്രസിഡന്റ്‌ പദത്തിൽ നിന്നും ബാഷർ അൽ അസദിനെ മാറ്റുക എന്നതാണ്‌ അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നത്‌. പശ്ചിമേഷ്യയിൽ നിന്നും യുദ്ധത്തിന്റെ അരങ്ങ്‌ നമ്മുടെ മേഖലയിലേയ്ക്ക്‌ മാറ്റാനാണ്‌ ട്രംപിന്റെ ഇപ്പോഴത്തെ ശ്രമം. സിറിയയിലെ അമേരിക്കൻ ആക്രമണത്തെ അപലപിച്ച രാജ്യങ്ങൾക്കെതിരെയും ഉത്തരകൊറിയക്കെതിരെയുമാണ്‌ ഇപ്പോഴത്തെ നിലപാട്‌. തങ്ങളുടെ നാവിക വ്യോമ താവളങ്ങൾ കൊറിയൻ ഉപദ്വീപിലേയ്ക്ക്‌ നീങ്ങിത്തുടങ്ങി. വിവിധ രാജ്യങ്ങളിൽ നിലവിലുള്ള പ്രശ്നങ്ങളെ വഷളാക്കി അതിലിടപെടാനുള്ള തന്ത്രമാണ്‌ അമേരിക്ക സ്വീകരിക്കുന്നത്‌. ഇത്‌ തികച്ചും ഗുരുതരമായ സാഹചര്യമാണ്‌.
അമേരിക്കൻ ഗൂഢതന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങുന്ന നിലപാടുകളാണ്‌ മോഡി സർക്കാർ സാവധാനത്തിൽ സ്വീകരിക്കുന്നത്‌. 2008-ൽ ഉണ്ടായ ആഗോള-സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ഏറ്റവും നല്ല മാർഗമാണ്‌ യുദ്ധമെന്ന്‌ ആഗോള-സാമ്പത്തിക കുത്തകകൾക്ക്‌ ബോധ്യമുള്ള കാര്യമാണ്‌. ഈ ആഗോള-സാമ്പത്തിക കുത്തകകളെ സംതൃപ്തിപ്പെടുത്തുകയെന്ന നിലപാടുകളാണ്‌ മോഡി സർക്കാരും സ്വീകരിക്കുന്നത്‌. നമ്മുടെ മേഖലയിൽ മാത്രമല്ല ലോകമാകമാനമുള്ള സ്വേച്ഛാധിപത്യ വിരുദ്ധ ശക്തികൾ ഏഷ്യൻ മേഖലയിൽ വളർന്നുവരുന്ന യുദ്ധഭീഷണി സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടണം. മോഡി സർക്കാരിന്റെ വീരവാദങ്ങൾ ഉപേക്ഷിച്ച്‌ പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാനുള്ള സമ്മർദ്ദം ചെലുത്താൻ രാജ്യത്തെ ജനങ്ങൾ മുന്നോട്ടുവരണം. ഇത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ ചർച്ചകൾക്ക്‌ വഴി തെളിക്കും.

  Categories:
view more articles

About Article Author