ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന്‌ പഠനം

ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന്‌ പഠനം
April 29 04:45 2017

ന്യൂഡൽഹി: 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന്‌ പഠനം. യുണൈറ്റഡ്‌ സ്റ്റേറ്റ്‌ ഡിപ്പാർട്ട്മെന്റ്‌ ഓഫ്‌ അഗ്രിക്കൾച്ചറൽ എകണോമിക്‌ റിസർച്ച്‌ സർവീസ്‌ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പ്രവചനം. സാമ്പത്തിക വളർച്ച 7.4 ശതമാനം ശരാശരി വാർഷിക വളർച്ചയോടെ 439 ലക്ഷം കോടിയാകുമെന്നാണ്‌ പ്രവചനം.
കൂടാതെ ജപ്പാൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ്‌ എന്നീ വികസിത രാജ്യങ്ങളെ പിന്തള്ളിയായിരിക്കും ഇന്ത്യയുടെ മുന്നേറ്റം. ഇതിനെ സാധൂകരിക്കുന്നതാണ്‌ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തൽ. ‘ബ്രൈറ്റ്‌ സ്പോട്ട’ എന്നാണ്‌ ഐഎംഎഫ്‌ മാനേജിങ്‌ ഡയറക്ടർ ക്രിസ്റ്റിന ലഗാഡെ ഇന്ത്യയെ വിശേഷിപ്പിച്ചത്‌. 2030 ഓടെ ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ജർമനിയെ മറികടക്കുമെന്നും അവർ പറഞ്ഞു.
അതിവേഗത്തിൽ വളരുന്ന ഇന്ത്യയുടെ യുവ ജനസംഖ്യ സാമ്പത്തിക വളർച്ചയ്ക്ക്‌ ശക്തിപകരും. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ മൊബെയിൽ ഫോണുകൾ, ഇലക്ട്രോണിക്‌ സാധനങ്ങൾ, കാറുകൾ, വീടുകൾ എന്നിവക്ക്‌ ആവശ്യകത കൂടുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

view more articles

About Article Author