ഇന്ന്‌ നീലം സഞ്ജീവ റെഡ്ഡിയുടെ ചരമദിനം

ഇന്ന്‌ നീലം സഞ്ജീവ റെഡ്ഡിയുടെ ചരമദിനം
June 01 04:45 2017

നീലം സഞ്ജീവ റെഡ്ഡി സ്വതന്ത്ര ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി ആയിരുന്നു. 1977 മുതൽ 1982 വരെയാണ്‌ ഇദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്‌. ഐകകണ്ഠേന രാഷ്ട്രപതിയായ ഒരു വ്യക്തിയും കൂടിയാണ്‌ റെഡ്ഡി. അദ്ദേഹം രണ്ടു തവണ സ്പീക്കറായിരുന്നിട്ടുണ്ട്‌ (1967 മാർച്ച്‌ 17 മുതൽ 1969 ജൂലൈ 19 വരെയായിരുന്നു ആദ്യ ഘട്ടം. പിന്നീട്‌ 1977 മാർച്ച്‌ 22 മുതൽ ജൂലൈ 13 വരെയും സ്പീക്കറായി സേവനമനുഷ്ഠിച്ചു.). ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി എന്ന ബഹുമതിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി എന്ന്‌ ബഹുമതിയും അദ്ദേഹത്തിന്‌ സ്വന്തമായിട്ടുണ്ട്‌. സംസ്ഥാന മുഖ്യമന്ത്രി (ആന്ധ്രാപ്രദേശ്‌), കേന്ദ്രമന്ത്രി, ലോക്സഭാ സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തി, ഒരു തവണ പരാജയപ്പെട്ടശേഷം പിന്നീട്‌ രാഷ്ട്രപതിയായ വ്യക്തി, ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി എന്നീ പ്രത്യേകതകളും സഞ്ജീവ റെഡ്ഡിയ്ക്കുണ്ട്‌. ചേരിചേരാ പ്രസ്ഥാനത്തിന്റെ എട്ടാം സെക്രട്ടറി ജനറൽ എന്ന സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്‌.
1913 മെയ്‌ 19ന്‌ ആന്ധ്രാപ്രദേശ്‌ സംസ്ഥാനത്ത്‌ അനന്ത്പൂർ ജില്ലയിലെ ഇല്ലൂരിൽ നീലം ചിന്നപ്പ റെഡ്ഡിയുടെ മകനായി ജനിച്ചു. മദ്രാസിലെ അടയാറിൽ തിയോസഫിക്കൽ സൊസൈറ്റി നടത്തിയിരുന്ന ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അനന്തപൂരിലെ ഗവൺമെന്റ്‌ ആർട്ട്സ്‌ കോളജിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നു. 1958ൽ തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര സർവ്വകലാശാല നിയമത്തിൽ ഓണററി ഡോക്ടറേറ്റ്‌ നൽകി ആദരിച്ചു. ഗാന്ധിജിയുടെ 1929ലെ അനന്ത്പൂർ സന്ദർശനം നീലം സഞ്ജീവ റെഡ്ഡിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഗാന്ധിജിയുടെ വാക്കുകളും പ്രവർത്തികളും റെഡ്ഡിയെ ആഴത്തിൽ സ്വാധീനിച്ചു. വിദേശ വസ്ത്രങ്ങൾ ത്യജിച്ച്‌ ഖാദി വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പഠനമുപേക്ഷിച്ച്‌ സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയ റെഡ്ഡി 1931ൽ കോൺഗ്രസ്‌ പാർട്ടിയിൽ അംഗമായി. 1946ൽ മദ്രാസ്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായി. അതിനുശേഷം മദ്രാസ്‌ കോൺഗ്രസ്‌ ലെജിസ്ലേച്ചർ പാർട്ടി സെക്രട്ടറിയായി. 1947ൽ ഇന്ത്യൻ കോൺസ്റ്റിറ്റുവന്റ്‌ കമ്മറ്റിയിൽ അംഗമായ ഇദ്ദേഹം വനം, ഭവനനിർമ്മാണം, എക്സൈസ്‌ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി. 1956ൽ ഐക്യ ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. 1967ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം റെഡ്ഡി ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
1969ൽ ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്‌ അദ്ദേഹം സ്പീക്കർ സ്ഥാനം രാജിവച്ചു. കോൺഗ്രസ്‌ പാർട്ടി രണ്ടായി പിളർന്നപ്പോൾ റെഡ്ഡി, സംഘടനാ പക്ഷത്തായിരുന്നു. ഡോ. സാക്കീർ ഹുസൈന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന്‌ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംഘടനക്കാരുടെ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും എതിർസ്ഥാനാർഥിയും മുൻ ഉപരാഷ്ട്രപതിയുമായിരുന്ന വി വി ഗിരിയോട്‌ അദ്ദേഹം പരാജയപ്പെട്ടു. തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം 1975ൽ ജനതാ പാർട്ടിയിൽ അംഗമായി. 1977ലെ തെരഞ്ഞെടുപ്പിൽ ജനതാപാർട്ടി വൻ ഭൂരിപക്ഷം നേടിയപ്പോൾ റെഡ്ഡി വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. അതിനിടെ അപ്രതീക്ഷിതമായി അന്തരിച്ച രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ഒഴിവിൽ രാഷ്ട്രപതി സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത്തരത്തിൽ അധികാരത്തിലേറിയ ഏക രാഷ്ട്രപതിയാണ്‌ അദ്ദേഹം. 64-ാ‍ം വയസിൽ ഈ സ്ഥാനത്തെത്തിയ അദ്ദേഹം തന്നെയാണ്‌ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ പദവിയിലെത്തിയതും. അഞ്ചുവർഷം അധികാരത്തിൽ തുടർന്ന്‌ അദ്ദേഹം 1982ൽ സ്ഥാനമൊഴിഞ്ഞു. 1996 ജൂൺ 1ന്‌ തന്റെ 83-ാ‍ം വയസിൽ അദ്ദേഹം അന്തരിച്ചു. പ്രധാനമന്ത്രിമാരായ മൊറാർജിദേശായി, ചരൺസിങ്‌, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിമാരായിരുന്ന കാലത്ത്‌ റെഡ്ഡി രാഷ്ട്രപതിയായിരുന്നു. ‘വിത്തൗട്ട്‌ ഫിയർ ആന്റ്‌ ഫേവർ: റെംനിസിയൻസ്‌ ആന്റ്‌ റിഫ്ലക്ഷൻസ്‌ ഓഫ്‌ എ പ്രസിഡന്റ്‌
(Without Fear and Favour: Reminiscences and Reflections of a President)  എന്ന പുസ്തകം അദ്ദേഹം 1989ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

  Categories:
view more articles

About Article Author